Friday, January 1, 2010

മുത്തുച്ചാമി ഗൌണ്ടര്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി

ഡാ.. മുത്തുച്ചാമി.. നീ എവിടെയാണേലും നിന്നെ ഞാന്‍ പൊക്കും.
ഡാ.. കോപ്പേ നീ കൊഡൈക്കനാലിലെ വല്ല്യ ദാദായാണെങ്കില്‍  എനിക്ക് പുല്ലാടാ.. നീ കേരളത്തിലോട്ടു വാടാ...

കൊഡൈക്കനാലിലെ  പുതുവര്ഷ രാത്രിയിയുടെ ആഘോഷത്തിമിര്‍പ്പിനിടയില്‍ ഹോട്ടല്‍ മുറിയുടെ ബാല്ക്കണിയില്‍ നിന്ന്‍ സുനില്‍ അലറി വിളിച്ചു

ദേ ലവന്‍ തുടങ്ങീടാ.. നൂറടിച്ചാല്‍ അവനപ്പം പ്രതികാരം വരും.. ആരുമില്ലേടാ അവനെയൊന്നു തളയ്ക്കാന്‍..
പറയുന്നത് ഏതും പോരാത്ത സുരേഷ്.. നാലുകാലേല്‍ നടക്കുന്ന മനുഷ്യരുണ്ടെന്നും അതിനാല്‍ പരിണാമ സിദ്ധാന്തം തെറ്റാണെന്നും വെള്ളമടിച്ച് സ്ഥിരമായി തെളിയിക്കുന്ന മഹാന്‍ . അവനാണ് സുനിലിനെ  ഉപദേശിച്ച്  നേരെയാക്കാന്‍  ഇറങ്ങിയിരിക്കുന്നത്.

ആരും ഒട്ടും മാറിയിട്ടില്ല..സഹീറും നവീനും മാത്യുവും ജയേഷും ഒന്നും. പതിന്നാലു വര്ഷങ്ങള്‍ക്കു ശേഷം പഴയ കോളേജ് മേറ്റ്സ് ഒത്തു ചേര്ന്നപ്പോഴും സ്ഥിതി പഴയത് തന്നെ. സഹീറാണ് ഇങ്ങനെയൊരു കൂടിച്ചേരലിനു വഴിയൊരുക്കിയത്. ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ഒരോരുത്തരെയായി വിളിച്ച് അതൊരു കൂട്ടായ്മയാക്കി വീണ്ടും ഒത്തു  ചേരാനുള്ള അവസരമുണ്ടാക്കിയത് അവനാണ്‍. അടിച്ചു പൂക്കുറ്റിയാണെങ്കിലും ഇപ്പോഴും സ്വബോധം സ്വല്പമെങ്കിലും ബാക്കിയുള്ളതും അവനു മാത്രം. സത്യം പറയാമല്ലോ എനിക്കും  നല്ല ബോധമുണ്ട് പക്ഷേ എന്താണെന്നറിയില്ല കാലിങ്ങനെ നിലത്തു കുത്തിയാലുടന്‍  തീം പാര്‍ക്കിലെ റോളര്‍ കോസ്റ്ററില്‍ കയറിയപോലെ ഒരു ഫീലിംഗ്. പിന്നെ പഴശിരാജ എന്നു പറയുമ്പോള്‍  ശ യ്ക്ക് വരാനൊരു മടി.. അതെന്താണാവോ.. എന്തെങ്കിലുമാകട്ടെ ഇപ്പോ അത്ര ബുദ്ധിമുട്ടി പഴശിരാജ എന്നു പറയാന്‍ അത് കുപ്പീം കൊണ്ടു വരുന്ന ഹോട്ടല്‍ ബോയീടെ പേരൊന്നുമല്ലല്ലോ. തല്ക്കാലം  അങ്ങു പറയാതിരുന്നാലും സംഗതി നടക്കും.. എന്തായാലും ഭാഗ്യത്തിന് സീസര്‍ ജോര്‍ജ്ജ് തുടങ്ങിയ പരദേശി നാമങ്ങള്‍ യാതൊരു പ്രശ്നവുമില്ലാതെ പറയാന്‍ പറ്റുന്നുണ്ട്

കൂടിച്ചേരല്‍  കൊഡൈക്കനാലില്‍  തന്നെ വേണമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഏകാഭിപ്രയം ആയിരുന്നു. അല്ലെങ്കിലും  കോളെജില്‍ പഠിക്കുന്ന കാലത്ത് അന്റാര്‍ട്ടിക്കയിലേക്ക് ടൂര്‍ പ്ലാന്‍ ചെയ്താലും അവസാനം പോകുന്നത് കൊഡൈക്കനാലിലേക്കായിരിക്കും. അഞ്ച് വര്ഷത്തിനിടെ മൂന്നു വര്ഷവും കൊഡക്കനാലിന്റെ തണുപ്പും പുളിപ്പും കുളിര്മ്മയും ലഹരിയും നുകര്ന്നാണ് ഞങ്ങളുടെ വിനോദയാത്രകള്‍ അവസാനിച്ചിരുന്നത്.

ഡാ എന്നാലും എനിക്കു സഹിക്കാന്‍ പറ്റുന്നില്ലെടാ.. ആ മുത്തുച്ചാമി @#$%^&.. അവന്‍ നമുക്കിട്ട് എന്നാ പണിയാടാ പനിഞ്ഞത്. എനിക്കിപ്പം അവനെ കിട്ടണം.. ഈ സുനില്‍ ആരാണെന്ന് ഇന്നവനറിയും.. സുനില്‍ ഒരു രക്ഷയുമില്ലാത്ത ഫോമിലാണ്..

എന്റേടാ സുനീ.. അതൊക്കെ വര്ഷങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞു പോയതല്ലേ.. മുത്തുച്ചാമിയൊക്കെ ഇപ്പോ ചത്തുച്ചാമി ആയിക്കാണും മോനേ..നീ വന്ന്‍ ഇവിടെയിരിക്ക് .. ഞാനൊന്നവനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു നോക്കി.

പോഡാ.. മനുഷ്യരായാ പ്രതികാരം വേണമെടാ പ്രതികാരം.. കോളെജീന്ന് മരിയാദയ്ക്ക് ടൂറ് വന്ന നമ്മളെ എന്തൊക്കെ ശോഭകേടാടാ അവന്‍ ചെയ്തത്.. ഹോ ആ ദിവ്യേടെ കരച്ചില്‍ ..എനിക്കിപ്പഴും അതോര്‍ക്കുമ്പം സങ്കടം വരും.
സുനില്‍ സെന്റിയിലേക്ക് മാറാനുള്ള പുറപ്പാടാണ്‍.. എന്നാല്‍ പ്രശ്നമില്ല ഒരു കെട്ടിപ്പിടിക്കലും കരച്ചിലും .. ഡും.. പിന്നെ നില്ക്കുന്നിടത്തു വീണോളും.

പിന്നെ.. ദിവ്യ കരഞ്ഞതിലാ അവനു സങ്കടം.. അന്നു തമിഴന്മാരുടെ ചവിട്ട് കൊണ്ടത് സ്വല്പം മാറിയിരുന്നെങ്കില്‍ ഇന്ന് വീട്ടിലിരിക്കുന്ന രണ്ട് ചെറുതുകള്‍ ഈ ഭൂമീല്‍ അവതരിക്കുവേലാരുന്നു. എന്നിട്ടും   എന്നെക്കുറിച്ച് ഈ കൊച്ചു കഴുവേറിക്ക് വല്ല ഓര്മ്മയും ഉണ്ടോന്നു നോക്കിക്കേ..മറ്റോള്‍ കരഞ്ഞതിലാ അവന്‍ സങ്കടം . സഹീര്‍  സുനിലിന്റെ പഴയ ദിവ്യാ പ്രണയകാലത്തെ കളിയാക്കിപ്പറഞ്ഞു...

അത്.. അതുപിന്നെ നീയൊക്കെയല്ലേ തോക്കും കത്തിയുമൊക്കെയെടുത്ത് ആ ഡ്രൈവറെ വിരട്ടിയത്..

പോടാ.. നവീനാ ആദ്യം തുടങ്ങിയത്..

അതു  ബസ് ഡ്രൈവര്‍ കരഞ്ഞു വിളിച്ചാല്‍ ഇടപെടാതെയിരിക്കാന്‍ പറ്റുമോ..

പിന്നേ നീയാര്  ബെല്ലാരി രാജയോ .. മൊഡ കണ്ടാല്‍ എടപെടാന്‍..

പോഡാ..അവനെക്കുറിച്ച് അങ്ങിനെ പറയല്ലേ..  അപ്പോ ശെന്തിലിന് ഒരു പിന്‍ഗാമി വേറെയാരുണ്ട്..

ശെന്തില്‍ നിന്റെ..........

കൂട്ടുകാരന്‍ എന്നല്ലേ നീ പറയാന്‍ വന്നത്.. മനസിലായെടാ..

തര്‍ക്കങ്ങളും ചോദ്യങ്ങളുമൊക്കെയായി  കളിയാക്കലുമായി കളം മുറുകി.. എല്ലാവരും പഴയ കോളെജ് കാലത്തിലേക്ക് തിരിച്ചു പോയി.. പതിന്നാലു വര്ഷങ്ങള്‍ പിന്നോട്ട്.

കലാലയത്തിലെ നാലാം വര്ഷം. പതിവുപോലെ ആ വര്ഷവും യാത്ര കൊഡക്കനാലിലേക്ക് തന്നെയായിരുന്നു. തിരുവന്തപുരത്തു നിന്നും കൊല്ലം കൊച്ചി ത്രൃശൂര്‍ പാലക്കാട് എന്നിവിടങ്ങളിലെ ബാറുകള്‍ ഷാപ്പുകള്‍ തുടങ്ങിയ വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പാലക്കാട് വഴി പഴനി. അവിടെ ഭക്തി നിര്‍ഭരമായ കുറെ നിമിഷങ്ങള്‍.പിന്നെ പൂര് വാധികം ശക്തിയോടെ കോഡൈക്കാനാല്‍ ചുരം കയറലും കുപ്പി തുറക്കലും.. അങ്ങിനെ ആട്ടവും പാട്ടുമായി വണ്ടി ചുരം കയറുകയാണ്‍..

സഹീറിന്റെ ഗസലില്‍ തുടങ്ങിയ മേളം.. രശ്മ്മിയുടെ വഞ്ചിപ്പാട്ട്..  ജയേഷിന്റെ തമിഴ് ഹിറ്റ്സ്  ജോസിന്റെ വെസ്റ്റേണ്‍ എന്നിവ കഴീഞ്ഞ് ഞങ്ങളുടെ പൊതു സ്വത്തായ കൊടുങ്ങല്ലൂര്‍ ഹിറ്റ്സില്‍ എത്തി നില്‍ക്കുകയാണ്‍.  ബസ്സില്‍ പെണ്‍കുട്ടികളും  സിഗരറ്റ് പായ്ക്കറ്റില്‍ മുന്നറിയിപ്പ് എഴുതുന്നതു പോലെ നിയമപരമായ കാരണങ്ങളാല്‍ കൂടെ കൂട്ടിയ രണ്ടു സാറന്മാരും ഉള്ളതിനാല്‍ പാടിന്റെ ചില മര്മ്മ ഭാഗങ്ങള്‍ സെന്സര്‍ ചെയ്തും വലിച്ചു നീട്ടിയുമൊക്കെയാണ് പാടുന്നത് എങ്കിലും  സംഗതികളെല്ലാം ക്രൃത്യമായി വരുന്നുണ്ട്.    ബസ്സിന്റെ പിന്‍ഭാഗം സത്യമംഗലം കാട് പോലെ വീരപ്പനും ഹിസ്ര മ്രൃഗങ്ങളും നിറഞ്ഞ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പെണ്‍കുട്ടികള്‍ സാറന്മാര്‍ എന്നിവര്‍ ആ ഭാഗത്തേയ്ക്ക് എത്തി നോക്കുക പോലും ചെയ്യില്ല. അവിടെ വാള്‍ തുടങ്ങിയ മാരകായുധങ്ങള്‍ കയ്യിലുള്ള ധൈര്യ ശാലികള്‍ അവ തലങ്ങും വിലങ്ങും വെച്ച് പാളയം മാര്‍ക്കറ്റില്‍ ചാള അടുക്കി വെച്ചിരിക്കുന്നത് പോലെ കിടപ്പുണ്ട്.  ചുരം കയറും തോറും തണുപ്പും കൂടി വരുന്നതിനാല്‍  ജലസേചന കേന്ദ്രത്തില്‍ ഗംഭീര പോളിംഗാണ് രേഖപ്പെടുത്തുന്നത്.

അങ്ങിനെ കാര്യങ്ങളെല്ലാം ഗുമ്മായി പൊയ്ക്കൊണ്ടിരിക്കുന്നതിനിടയില്‍ ബസ്സ് പെട്ടന്നു നിന്നു. ഡ്രൈവര്‍ ഉറക്കെ ആരോടോ സംസാരിക്കുന്നുണ്ട്. പെട്ടെന്നൊലര്‍ച്ച കൂടെ എന്തൊക്കെയോ ശബ്ദങ്ങള്‍. എന്തോ അടിപിടി മണക്കുന്നുണ്ട്.  ടൂറിന്റെ പ്രധാന സംഘാടകനും ക്ലാസ് പ്രതിനിധിയുമായ നവീന്‍ വാള്‍പയറ്റു നടത്തിയതിന്റെ ക്ഷീണത്തില്‍ പുറകിലെ കളരിയില്‍ വിശ്രമത്തിലായിരുന്നു. ശബ്ദം കേട്ടതും അദ്ദേഹത്തിലെ ഉത്തരവാദിത്ത ബോധം ഉണര്ന്നു.. ഇരിക്കുന്നവരെയും നില്ക്കുന്നവരെയും കിടക്കുന്നവരെയുമെല്ലാം ചവിട്ടി മെതിച്ച് അവന്‍ ബസ്സിന്റെ മുമ്പിലേക്ക് കുതിച്ചു. പുറകെ ഞങ്ങളും.

സാറെ അയാളെന്നെ തല്ലി.. ഞങ്ങള്‍ മുമ്പിലേക്കെത്തിയതും ബസ് ഡ്രൈവര്‍ കരഞ്ഞു കൊണ്ടു പറഞ്ഞു.. ഡ്രൈവറുടെ സൈഡിലെ ഡോറില്‍  ചവിട്ടി ഒരു ഘടാഘടിയന്‍ തമിഴന്‍ നില്ക്കുന്നുണ്ട്.

എന്നെടാ.. തിമിര്‍.. തമിഴന്‍ അലറുന്നുണ്ട്..

റോഡിന്റെ മറുപുറത്ത്  മഞ്ഞനിറത്തില്‍ നാക്കുനീട്ടിയ ചേട്ടന്റെ തലയും  കെട്ടിത്തൂക്കി പാണ്ടിലോറി ഒരെണ്ണം കിടക്കുന്നു. വഴിക്ക്‍ വീതി തീരെ കുറവുള്ളയിടമായതിനാല്‍ ആരെങ്കിലും ഒരാള്‍ പുറകോട്ടൂ മാറ്റണം. ദൂരെ നിന്നേ ലൈറ്റ് അടിച്ചു കാണിച്ചതാണെന്നും  ലോറിക്കാരന്‍ അത് ഗൌനിച്ചില്ലെന്നും വണ്ടി അടുത്ത് കൊണ്ട് നിര്ത്തി ബസ്സ് പുറകോട്ടെടുക്കാന്‍ പറഞ്ഞ് തെറി വിളിച്ചെന്നും അടിച്ചെന്നുമാണ്  നമ്മുടെ ഡ്രൈവര്‍ പറയുന്നത്..

ങാഹാ.. ബ്ലഡി തമിഴന്സ് മലയാളികളോട് കളിക്കാറായോ..  നവീന്‍ ചാടിയിറങ്ങി. കോളെജിലെ പ്രമുഖ കട്ടയെന്ന നിലയിലും മിക്കാവാറും അവിടെയുണ്ടാകുന്ന തല്ലു കേസ്സുകളുടെ അഭിവാജ്യ ഘടകമെന്ന നിലയിലും അദ്ദേഹം പുറത്തിറങ്ങിയാല്‍ എന്തും സംഭവിക്കാം.. പക്ഷെ ഇത് നാട്  തിരുവനന്തപുരമോ.. കേരളമോ അല്ലല്ലോ.. നല്ല കട്ടപ്പാണ്ടികള്‍ വാഴും നാടല്ലേ.. എന്തു പറയാന്‍ കിംഗ് ജോര്‍ജും സീസറും നെപ്പോളിയനുമൊക്കെ തലേല്‍ കയറിയിരിക്കുമ്പോള്‍ എന്തു പാണ്ടി എന്തു  വീരപ്പന്‍ എന്തു രജനീകാന്ത്.

പാഞ്ഞു ചെന്ന് ലോറി ഡ്രൈവറെ ബസ്സിന്റെ ഡോറില്‍ നിന്നും വലിച്ച് താഴെയിട്ട്  മുതുകിനിട്ട് കൊടുത്തു ഒരെണ്ണം... ഇത്ര പുലിക്കുട്ടികള്‍ ഇക്കൂട്ടത്തിലുണ്ടെന്ന് അയാള്‍ കരുതിയില്ലെന്നു തോന്നുന്നു.. ആളാകെ സ്തംഭിച്ചു പോയി.. കണ്ണടച്ചു തുറക്കും മുമ്പ് എവിടെ നിന്നാണെന്നറിയില്ല നവീന്റെ കൈയ്യില്‍ നല്ല അസ്സല്‍ ഒരു മലപ്പുറം കത്തി.. ഹമ്മേ അതു കണ്ടതും ഒരിടത്തും ഉറയ്ക്കാതെ ആടിക്കളിച്ചിരുന്ന എന്റെ കാലും തലയും പെട്ടെന്നു സ്റ്റെഡിയായി.. ഉണ്ടായിരുന്ന കെട്ടെല്ലാം ബലൂണിന്റെ കാറ്റഴിച്ചു വിട്ടപോലെ ഭുമ്മെന്നങ്ങ് ചുങ്ങി വെറും അപ്പാവി പാലാക്കാരനായി..

എഡാ.. നവീ.. നീയെന്നാ ഈ കാണിക്കുന്നത്..
ഒറ്റച്ചാട്ടത്തിനു ഞാനവനെ ഉറുപ്പടങ്കം പിടിച്ചു. അപ്പോഴെക്കും  സുനിലും, ജയേഷും ജോസും മറ്റുള്ളവരും എല്ലാം കളത്തിലെത്തി.. എവിടെ നൂലു പോലിരിക്കുന്ന ഞാന്‍ പിടിച്ചാല്‍ ഷെവാസ്നെഗറിനു പഠിക്കുന്ന നവീന്‍ നില്ല്കുമോ..അവന്‍ കത്തി തമിഴന്‍ ഡ്രൈവറുടെ കഴുത്തിനു നേരെ ചൂണ്ടിയിര്‍ക്കുകയാണ്‍.. അതു വരെ ബാഷയിലെ രജനീകാന്തിനെപ്പോലെ ഒരു തടവ് ശൊല്ലിയാല്‍ നൂറുതടവ് ശൊന്ന മാതിരി  എന്നു പറഞ്ഞ് കൈയും എളിയികുത്തി വില്ലിച്ചു നിന്നിരുന്ന അങ്ങേര്‍ കത്തിയുടെ പൊസിഷനും നവീനിന്റെ നില്പ്പും കണ്ട് കിലുക്കത്തിലെ ജഗതിയെപ്പോലെ ഈ മറുതായെ ആരെങ്കിലും പിടിച്ചു മാറ്റോ എന്ന പരുവത്തില്‍ നില്‍ക്കുകയാണ്‍.

മാറ്റിടാം സാര്‍.. നാനേ മറ്റിടാം.. തമിഴന്‍ വിനയാന്വിതനായി..  അതിനനുസരിച്ച് നവീനിന്റെ വീര്യവും കൂടി..

തന്നെ ഇവന്‍ തല്ലിയോടോ.. ബസ് ഡ്രൈവറോടാണു ചോദ്യം.. അയാള്‍ തല്ലീന്നും ഇല്ലെന്നും അര്ത്ഥം വരുന്ന വിധത്തില്‍ തലയാട്ടി. അത്രയും നേരം ഒന്നു മിണ്ടാതെ മര്യാദാ പുരുഷോത്തമനായി പുറകില്‍ നിന്നുരുന്ന ജോസിന് അപ്പോഴാണ് വെളിപാടുണ്ടായത്.. നീ അവനെ തല്ലുമല്ലേടാ എന്നു പറഞ്ഞ് മുന്നൊട്ടൊരു ചാട്ടം.. ഠപ്പേ.. തമിഴന്റെ കവിളത്ത്  അവന്റെ  ഒണക്കകൈയ്യുടെ  പാട്  രേഖാചിത്രമായി തെളിഞ്ഞു വന്നു. . കത്തി മുനേലുള്ള നില്പ്പിലും അയാള്‍ മുന്നോട്ടൊന്നാഞ്ഞു. അത് പിന്നെ  ചെരുപ്പും ഉടുപ്പും മറ്റ് കിടുപിടികളെല്ലാം സഹിതം തൂക്കിയാലും അയാളുടെ കാലിന്റെയൊപ്പം പോലും  തൂക്കം വരാത്ത ഒരു നത്തോലിപ്പയ്യന്‍ മോന്തയ്ക്കടിച്ചാല്‍  മറ്റേക്കരണം കൂടി കാണിച്ചു കൊടുക്കാന്‍ അയാള്‍ മുന്നാഭായിയിലെ മഹത്മാഗാന്ധി അവേശിച്ച സഞ്ജയ് ദത്ത് ഒന്നുമല്ലല്ലോ.

തമിഴന്‍ മുന്നോട്ട് കാല്‍ വെച്ചതും ജോസ് അരയില്‍ നിന്ന് എന്തോ ഒന്നെടുത്ത് അയാളുടെ നേര്‍ക്ക് ചൂണ്ടീതും പെട്ടെന്നായിരുന്നു.. ഞാന്‍ കണ്ണു തിരുമ്മി നോക്കി.. ഹമ്മേ.. തോക്ക്..ഈശ്വരാ ഇവന്‍ ടൂറിനെന്നും പറഞ്ഞു വന്നത് വല്ല ആന വേട്ടയ്ക്കോ മറ്റോ ആണോ.. വീരപ്പന്‍ ജോസ്.. നക്കീരന്‍ ഗോപാല്‍ എന്നൊക്കെ പറയുന്നതു പോലെ ഒരു ഗുമ്മുണ്ട് കേള്‍ക്കാനൊക്കെ.

ജോസേ.. തോക്കു വേണ്ടടാ.. സുരേഷും മാത്യൂം ഞാനുമ്മൊക്കെ കൂടി അവനെ പിടിച്ചു മാറ്റി.. എന്തായാലും ആ  തോക്കു ചൂണ്ടലില്‍ തമിഴന്‍ ഡ്രൈവറുടെ അവസാന ശ്വാസവും.. കൊഡൈക്കനാല്‍ ചുരം കടന്ന് താഴോട്ടു പോയി.

അണ്ണൈ മന്നിച്ചിടുങ്കോ അണ്ണൈ എന്നു പറഞ്ഞയാള്‍ നവീനിന്റെ കാലില്‍ വീണു.. പിന്നെ ഡ്രൈവറെ നോക്കി തൊഴുതു..

ലോറി പുറകോട്ടു മാറ്റപ്പെട്ടു.. വിജയശ്രീലാളിതരായി വെച്ച കാല്‍ പിന്നോട്ടില്ല എന്ന് പറഞ്ഞ് ഞങ്ങള്‍ മുന്നോട്ടു പോയി..

തമിഴനെ കത്തിമുനയില്‍ നിര്ത്തിയ നവീനും തോക്കു ചൂണ്ടി വിറപ്പിച്ച ജോസും വീര നായകരായി..ജോസിന്റപ്പന്‍ പക്ഷികളെയൊക്കെ വെടിവെയ്ക്കാന്‍ മേടിച്ച ഒരു കുഞ്ഞ് എയര്‍ ഗണ്ണാണ് തമിഴന്റെ മുമ്പില്‍ എ കെ 47 ആയത്. അമ്പട വീരാ എന്ന മട്ടില്‍ പെണ്‍പിള്ളേരൊക്കെ അവരെ നോക്കി അന്തിച്ചിരുന്നു.. 

തമിഴന്‍ വധം വീരകഥകള്‍ പറഞ്ഞിരുന്നതിനാല്‍ പിന്നീട് കൊഡൈക്കനാലില്‍ എത്തിയത് അറിഞ്ഞതേയില്ല. രാത്രി നേരം വൈകിയിരിക്കുന്നു.. പിറ്റേന്ന് പകല്‍ മുഴുവന്‍ കൊഡൈക്കനാലില്‍ കറങ്ങേണ്ടതിനാല്‍ രാവിലെ എഴുന്നേല്ക്കണം .. ലോഡ്ജിലെ റൂമുകളിലേക്ക് എല്ലാവരും ചുരുണ്ടു.

അതിരാവിലെ കൊഡൈക്കനാലിലെ തണുപ്പില്‍ ചൂടു ചായ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതാണ് എന്നതിനാല്‍ ഞാനും ജയേഷും ടീ ഷാപ്പ് അന്വേഷിച്ചിറങ്ങി. അതിരാവിലെ നല്ല തണുപ്പയിട്ടും ഞങ്ങള്‍ താമസിക്കുന്ന ലോഡ്ജിനു ചുറ്റും ധാരാളം ആള്‍ക്കാരുണ്ട്.

ഈ തമിഴന്മാര്‍ക്ക് തണുപ്പൊന്നും ഒരു പ്രശ്നമല്ലെടാ കണ്ടോ.. രാവിലെ തന്നെ പണിക്ക് പോകാന്‍ ഇറങ്ങിയിരിക്കുന്നത്.. അധ്വാനികള്‍ തന്നെ.. ഞങ്ങള്‍ രണ്ടു പേരും പരസ്പരം പറഞ്ഞു ലോഡ്ജിന്റെ വാതില്ക്കലേക്ക് നടന്നു..

ഡാ..$%*&^$# മക്കളേ.. എങ്ങു നിന്നോ അശരീരി പോലെ നല്ല ഒന്നാം തരം തമിഴ് ത്തെറി..

ഞാന്‍ മുകളിലേക്ക് നോക്കി.. ലോഡ്ജിനു കുറച്ച് മുകളിലായി പോകുന്ന റോഡില്‍ നിന്നും ഒരു കൂട്ടം തമിഴന്മാര്‍ തഴേക്ക് നോക്കി തെറി വിളിക്കുന്നു.. ഞങ്ങള് ചുറ്റും നോക്കി.. ലോഡ്ജിന്റെ മുന്‍ വശത്തെങ്ങും വേറെയാരുമില്ല..

ഞങ്ങള്‍ അല്പം കൂടി മുന്നോട്ട് നടന്നു.. തെറിവിളിയുടെ ശക്തി കൂടി.. ഇതാരെയാണ് ഇവന്മാര്‍ തെറി വിളിക്കുന്നതെന്നറിയാന്‍ മുകളിലേക്ക് നോക്കിയ എന്നെ കാണ്ടാമൃഗത്തിന്റെ ലുക്കുള്ള ഒരണ്ണാച്ചി ഉടുതുണി പൊക്കി കാണിച്ചു... ഛേ.. സിനിമയില്‍ മാത്രമേ  ഈ അണ്ണാച്ചിമാര്‍  മുണ്ടിനടിയില്‍ മുട്ടറ്റം നീളമുള്ള നിക്കറിടൂ  എന്ന് അപ്പോള്‍ മനസ്സിലായി.. ഹോ.

സംഗതി എന്തോ പാളിയിട്ടുണ്ട്... ഞങ്ങള്‍ പതിയെ ലോഡ്ജിലേക്ക് വലിഞ്ഞു.. അപ്പോഴതാ ഞങ്ങളേക്കാള്‍ മുന്നേ പുറത്ത് ചായകുടിക്കാന്‍ മുട്ടിപ്പോയ സഹീര്‍ കരഞ്ഞു വിളിച്ച് വരുന്നു..

എടാ.. ആകെ കുഴപ്പമായെടാ.. പാണ്ടി ലോറി തടഞ്ഞു നിര്ത്തി കൊള്ളയടിച്ചെന്നും പറഞ്ഞ്  അവന്മാരെല്ലാം കൂടി എന്നെ പിടിച്ചിടിച്ചെടാ.. അവന്‍ കരയുകയാണ്‍..

അതിനു നീ എപ്പോഴാ കൊള്ള സംഘത്തില്‍ ചേര്ന്നത്..

പോടാ.. ഇത് നമ്മള്‍ ഇന്നലെ പേടിപ്പിച്ചില്ലേ ആ ലോറീടെ ആള്‍ക്കാരാ.. അവര്‍ വല്ല്യ ബഡാ ഗ്രൂപ്പാഡാ..

സംഭവത്തിന്റെ ഗൌരവം അപ്പോഴാണ് പിടികിട്ടിയത്.. നൂറോളം ലോറികളുള്ള മുത്തുച്ചാമി  ഗൌണ്ടര്‍ എന്ന വേദനിക്കുന്ന കോടീശ്വരന്റെ നൂറിലൊരു ലോറിയുടെ അരുമ ഡ്രൈവറെയാണ് നവീനും സംഘവും കത്തി, തോക്കു മുനകളില്‍ നിര്ത്തിയത്.  രാത്രീല്‍ ലോറി തടഞ്ഞു നിര്ത്തി പണം കൊള്ളയറ്റീച്ചെന്നും ലോഡ് കൊക്കയില്‍ തള്ളീന്നും പറഞ്ഞ് കൊഡൈക്കനാല്‍ പോലീസ് സ്റ്റേഷനില്‍ അവര്‍ പരാതി കൊടുത്തിട്ടുമുണ്ട്.. പോരാഞ്ഞിട്ട് പൊന്നമ്പലം  നിലവാരം മുതല്‍ വടിവേലു നിലവാരത്തില്‍ വരെയുള്ള ചെറുതും വലുതുമായ തമിഴ് ശിങ്കങ്ങള്‍ ഞങ്ങള്‍ താമസിക്കുന്ന ലോഡ്ജ് വളഞ്ഞിരിക്കുകയുമാണ്‍..

എന്തു ചെയ്യും.. പെട്ടിരിക്കുന്ന ആസിയാന്‍ കരാറിന്റെ ചുറ്റിക്കെട്ട് അപ്പോഴാണ് ബോധ്യമായത്.. പുറത്തിറങ്ങിയാല്‍ തമിഴ് ഗുണ്ടാസ്.. അകത്തേക്ക് വരാന്‍ തയ്യാറായി പോലീസ്.. സാഗര്‍ ഏലിയാസ് ജാക്കിയുടെയും പട്ടണത്തില്‍ ഭൂതത്തിന്റെയും ഇടയില്‍ പെട്ട പാവം മലയാളി പ്രേക്ഷകനെപ്പോലെ ഞങ്ങള്‍ വട്ടം കറങ്ങി. എന്തായാലും അടി ഉറപ്പ്.. പിന്നെ തമിഴ് അരശാങ്കത്തിന്റെ വേണോ.. അന്‍പുടന്‍ തമിഴ് മക്കളുടെ വേണോ എന്നേ തീരുമാനിക്കാനുള്ളൂ..

സമയം  മുന്നോട്ടു പോയ്ക്കൊണ്ടിരുന്നു..പുറത്തെ ആള്‍ക്കൂട്ടം വലുതായിക്കൊണ്ടും.. തല പുറത്തേക്കിട്ടാല്‍ തെറിവിളി.. പിന്നെ കാണാക്കാഴ്ചകളും.. തലേന്നത്തെ പുലികളൊക്കെ എലികളായി മാളത്തില്‍ ഒളിച്ചിരിക്കുകയാണ്‍..പെണ്‍കുട്ടികളുടെ വാര്‍ഡില്‍ കണ്ണീര്‍ക്കടല്‍..അവിടെ ആശ്വസിപ്പിക്കലിന്റെ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ പരീക്ഷിക്കുന്ന അസ്ഥാന ക്ലാസ് പൂവാലന്മാര്‍..  വാലിനു തീപിടിച്ചപോലെ സുരേഷും ഞനും മറ്റുള്ളവരും.. എങ്ങോട്ടോടിയിട്ടും തെറിവിളിയല്ലാതെ ഒന്നും നടക്കുന്നില്ല. അവസാനം ലോഡ്ജ് ഉടമ തന്നെ രക്ഷകനായി അവതരിച്ചു.. മുത്തുച്ചാമിയുടെ ആള്‍ക്കാരുമായി സംസാരിച്ചു.. ഇരുപതിനായിരം രൂപയാണ് അവര്‍ ആവശ്യപ്പെടുന്നത്.. ഞങ്ങളെ എല്ലാം കൂടി തൂക്കി വിറ്റാല്‍ പോലും അത് കിട്ടില്ല. പിന്നെ അത് പതിനയ്യായിരമായി പതിനായിരമായി.. അവസാനം എണ്ണായിരത്തില്‍ വന്നു നിന്നു..

എണ്ണായിരം രൂപ.. ഒരു പാര്‍ട്ടി നടത്താന്‍ നെഞ്ചത്തടിച്ചു പിരിച്ചാല്‍ നൂറ് രൂപ ത്കഞ്ഞു പിരിയാത്ത ക്ലാസ്സില്‍ നിന്നും എണ്ണായിരം രൂപ പിരിഞ്ഞത് റെക്കാഡ് സമയത്തിലാണ്‍..ലോഡ്ജുടമയുടെ മധ്യസ്ഥതയില്‍ കാര്യങ്ങള്‍ ഒരു വിധം ഒതുക്കിത്തീര്ത്തു.. ഒത്തു തീര്‍പ്പിനു പോയ സുരേഷിനും കിട്ടി രണ്ടുമൂന്ന് തമിഴ് പേച്ചും ചവിട്ടും..

ശീഖ്രമാ ഇടത്തൈ കാലി പണ്ണിടെടാ..&%$*&^$ പയലുകളേ.. ഇനി മേലാല്‍ ഇന്ത ഏരിയാവിലെ കണ്ടാല്‍ ഉയിരോടെ പോകമാട്ടെ.. മുത്തുച്ചാമിയണ്ണന്‍ പോകും മുമ്പ അത്രയും കൂടി പറഞ്ഞു.
സന്തോഷമായി.. അങ്ങിനെ കൊഡൈക്കനാല്‍ കറങ്ങാന്‍ വന്ന ഞങ്ങള്‍ ലോഡിന്റെ മുറ്റത്ത് വട്ടം കറങ്ങി പെട്ടീം സാധനവുമെടുത്ത് സ്ഥലം കാലിയാക്കി.


ഡാ മുത്തുച്ചാമി ഗൌണ്ടരെ.. നിന്നെ കണ്ടിട്ടെ ഇന്ന് ഇന്ന് ഈ സുനിലിനുറക്കമുള്ളൂ... ബാല്ക്കണിയിലെ കമ്പിയില്‍ പിടിച്ച് തൂങ്ങി ഇത്രയും കൂടി പ്രഖ്യാപിച്ച് സുനില്‍ തറയിലേക്ക് വീണു നിദ്രയെ പൂകി.. ഏറെ വര്ഷങ്ങള്‍ക്ക് ശേഷം സുഖമുള്ള കൂടിച്ചേരലിന്റെ രസവും നുണഞ്ഞ് ഞങ്ങള്‍ നേരം പുലരുന്നത് വരെ വെടി പറഞ്ഞിരുന്നു..

പിറ്റേന്ന് ഉച്ചകഴിഞ്ഞു.. കൊഡൈക്കനാലില്‍ നിന്നും ചുരമിറങ്ങി.. ക്വാളിസ് താഴേക്ക് കുതിക്കുന്നു..  സുരേഷാണ് ഡ്രൈവ് ചെയ്യുന്നത്.. വേഗത്തില്‍ ചുരമിറങ്ങിക്കൊണ്ടിരുന്ന വണ്ടി പെട്ടന്നൊരു ലോറിയുടെ മുമ്പില്‍ ചവിട്ടി നിര്ത്തി സുരേഷ് പുറത്തിറങ്ങി... കാര്യമെന്തന്നറിയാതെ ഞങ്ങളും.. അവന്‍ നേരെ ലോറി ഡ്രൈവറുടെ അടുത്തേക്ക് ചെന്നു എന്തോ സംസാരിക്കുന്നു..

ഞാന്‍ ലോറി ശ്രദ്ധിച്ചു.. മുത്തുച്ചാമി ഗൌണ്ടര്‍ ട്രാന്സ്പോര്‍ട്ട് കമ്പനി.. എന്നു പേര്‍ തമിഴില്‍ നീട്ടിയഴുതിയിരിക്കുന്നു.. മഞ്ഞ നിറത്തിലുള്ള നാക്കു നീട്ടിയ ചേട്ടന്റെ തല താഴെ തൂങ്ങിക്കിടക്കുന്നു..

ഇവനിതെന്തിനു പോയതാണോ.. ഇനി പ്രതികാരം ചെയ്യാന്‍.. ഛേ.. അത് കള്ളിന്റെ പുറത്തുള്ള പ്രതികാരമല്ലേ..

സുരേഷ് തിരിച്ചു വന്നു വണ്ടിയെടുത്തു പറഞ്ഞു..

മുത്തുച്ചാമി ഗൌണ്ടര്‍ മരിച്ചു പോയെന്ന് ഇപ്പോള്‍ അങ്ങേരുടെ മകനാണു പോലും... എന്തോ ഒരു ഗൌണ്ടര്‍..

അന്ന് ലോഡജ് വളഞ്ഞ കൂട്ടത്തില്‍ ആ ഡ്രൈവറും ഉണ്ടായിരുന്നെന്ന്.. എണ്ണായിരം രൂപയും  ഗൌണ്ടര്‍ അവര്‍ക്ക് കൊടുത്തു പോലും.. എല്ലാവരും അന്ന് അടിച്ചു പൂക്കുറ്റിയായെന്നു അയാള്‍ പറഞ്ഞു..

വണ്ടി പഴനിയും.. കോയമ്പത്തൂരും കടന്ന് മലയാള നാട്ടിലെത്തി..

പാലക്കാട്ടിലെ കേരള തിര്ത്തി കടന്നപ്പോള്‍ സുരേഷ് വണ്ടി നിര്ത്തി .. എന്നിട്ട് പതിന്നാലു വര്ഷം മുമ്പ് പ്രാണനും കൊണ്ടോടി കേരളാതിര്ത്തി കടന്നപ്പോള്‍ വണ്ടി നിര്ത്തി മുത്തുച്ചാമിയേയും തമിഴന്മാരെയും  വിളിച്ച തെറിയെ അനുസ്മരിപ്പിക്കും വിധം ഉറക്കെ വിളിച്ചു കൂവി..

ഡേയ്.. കേരളാവിലെ വന്ത് വിളയാടാന്‍ ധൈര്യമിരുന്താല്‍ വാടാ..

34 comments:

രഞ്ജിത് വിശ്വം I ranji said...

2010 ലെ ആദ്യ പോസ്റ്റ്. മുത്തുച്ചാമി ഗൌണ്ടര്‍ ട്രാന്സ്പോര്‍ട്ട് കമ്പനി. വായിക്കൂ അനുഗ്രഹിക്കൂ..

വിഷ്ണു | Vishnu said...

മുത്തുച്ചാമി ഗൌണ്ടര്‍ ട്രാന്സ്പോര്‍ട്ട് കമ്പനി തകര്‍ത്തു ;-)
എന്നാലും ആ അറിവ് കെട്ട മുണ്ടങ്ങളുടെ കയ്യില്‍ നിന്ന് നല്ല ഒരു അടിക്കുള്ള സ്കോപ്പ് വെറും എണ്ണായിരം രൂപയ്ക്കു ഒതുക്കിയത് മോശം ആയി പോയി....

ശ്രീവല്ലഭന്‍. said...

ha ha ha :-)

ബിനോയ്//HariNav said...

ഹ ഹ പരിചിതമായ മേഖലയായതുകൊണ്ടാകും, എല്ലാം വിഷ്വലുകളായി മുന്‍പില്‍ വന്നു. പുതുവര്‍ഷത്തിലെ തുടക്കം ഗലക്കി രഞ്ജിത്ത്‌ഭായ്. രസിച്ച് വായിച്ചു. ആശംസകള്‍ :)

"..സിഗരറ്റ് പായ്ക്കറ്റില്‍ മുന്നറിയിപ്പ് എഴുതുന്നതു പോലെ നിയമപരമായ കാരണങ്ങളാല്‍ കൂടെ കൂട്ടിയ രണ്ടു സാറന്മാരും ഉള്ളതിനാല്‍.." ഹി ഹി

pramod charuvil said...

15 വർഷം മൂൻപ് എയർ ഗൺ ഒക്കെ അരയിൽ മറ്റാരും കാണാതെ ചൊരുകി വയ്കാൻ പറ്റുമാരുന്നൊ ചേട്ടാ.. ഒരു തമിശയം... ;p

രഞ്ജിത് വിശ്വം I ranji said...

ആളുകളുടെ പേരൊഴിച്ച് കഥയില്‍ മന്ത്രമില്ല മായമില്ല.അത്ര വലിയ എയര്‍ ഗണ്ണൊന്നുമല്ല. പക്ഷിയേയും മറ്റും വെടിവെച്ചിടാന്‍ കൊള്ളാവുന്ന ഉപയോഗിക്കാന്‍ ലൈസന്സ് വേണ്ടാത്ത ഇനമുണ്ടായിരുന്നണ്ണാ.. നുമ്മള്‍ കണ്മുന്നില്‍ കണ്ടതല്ലേ :)

കണ്ണനുണ്ണി said...

കേരളാവിലെ വന്താല്‍ കാട്ടി കൊടുക്കാം പ്പ...ഇപ്പൊ നീങ്ങ പോയി രണ്ടു ഫുള്‍ വീശി തൂങ്ങിടുങ്കോ ...

ഹാപ്പി ന്യൂ ഇയര്‍

ആര്‍ദ്ര ആസാദ് / Ardra Azad said...

ഒരു മാതിരി എല്ലാ കോളേജ് ടൂറുകളെല്ലാം ആഘോഷിക്കുന്നതും അവസാനിക്കുന്നതും ഇമ്മാതിരിയാണ്.

ബോറടിപ്പിക്കാതെ രസകർമായി പറഞ്ഞിരിക്കുന്നു.

വശംവദൻ said...

"സാഗര്‍ ഏലിയാസ് ജാക്കിയുടെയും പട്ടണത്തില്‍ ഭൂതത്തിന്റെയും ഇടയില്‍ പെട്ട പാവം മലയാളി പ്രേക്ഷകനെപ്പോലെ"

ഹ..ഹ.. കലക്കി.

2010-ലെ ആദ്യപോസ്റ്റ് സൂപ്പർ ഹിറ്റ് തന്നെ.

പുതുവത്സരാശംസകൾ

vinuxavier said...

ശേ .. ഈ പോസ്റ്റ്‌ ഇന്നലെ ഇട്ടിട്ടും ഞാന്‍ അറിഞ്ഞില്ലല്ലോ..!

"ചവിട്ടെങ്ങാനും കൊറച്ചു മാറിയിരുന്നെങ്ങില്‍ വീട്ടിലിരിക്കുന്ന രണ്ടു ചെറുതുകള്‍.." കൊല..

സാഗര്‍ ഏലിയാസ്‌ ജാക്കിയുടെം പട്ടണത്തില്‍ ഭൂതതിന്റെം ഇടയില്‍ പെട്ട മലയാളി പ്രേക്ഷകന്‍ .. അന്തിക്കൊല..!

ramanika said...

ഡേയ്.. കേരളാവിലെ വന്ത് വിളയാടാന്‍ ധൈര്യമിരുന്താല്‍ വാടാ...........
വെല്ലുവിളി സ്റ്റയില്‍ അടിപൊളി

ഹാപ്പി 2010

ജയരാജന്‍ said...

1. പിന്നെ പഴശിരാജ എന്നു പറയുമ്പോള്‍ ശ യ്ക്ക് വരാനൊരു മടി.. അതെന്താണാവോ.. എന്തെങ്കിലുമാകട്ടെ ഇപ്പോ അത്ര ബുദ്ധിമുട്ടി പഴശിരാജ എന്നു പറയാന്‍ അത് കുപ്പീം കൊണ്ടു വരുന്ന ഹോട്ടല്‍ ബോയീടെ പേരൊന്നുമല്ലല്ലോ
2. ബസ്സിന്റെ പിന്‍ഭാഗം സത്യമംഗലം കാട് പോലെ വീരപ്പനും ഹിസ്ര മ്രൃഗങ്ങളും നിറഞ്ഞ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പെണ്‍കുട്ടികള്‍ സാറന്മാര്‍ എന്നിവര്‍ ആ ഭാഗത്തേയ്ക്ക് എത്തി നോക്കുക പോലും ചെയ്യില്ല. അവിടെ വാള്‍ തുടങ്ങിയ മാരകായുധങ്ങള്‍ കയ്യിലുള്ള ധൈര്യ ശാലികള്‍ അവ തലങ്ങും വിലങ്ങും വെച്ച് പാളയം മാര്‍ക്കറ്റില്‍ ചാള അടുക്കി വെച്ചിരിക്കുന്നത് പോലെ കിടപ്പുണ്ട്.
:) :) :) ഹോ എന്തൊരലക്ക്, രഞ്‌ജിത്ത്ജീ.
അരവിന്ദ്ജീയുടെ ഈ ഒരു കമന്റിന്റെ ബലത്തിലാണ് ഇവിടെ എത്തിപ്പെട്ടത്. എന്തിനേറെപ്പറയുന്നു? രഞ്ജിതത്തിലെയും, കഥയില്ലാക്കഥയിലെയും മുഴുവൻ പോസ്റ്റുകളും വായിച്ചു തീർത്തു. നൈസ്!

Anil cheleri kumaran said...

ടൂറിന്റെ പ്രധാന സംഘാടകനും ക്ലാസ് പ്രതിനിധിയുമായ നവീന്‍ വാള്‍പയറ്റു നടത്തിയതിന്റെ ക്ഷീണത്തില്‍ പുറകിലെ കളരിയില്‍ വിശ്രമത്തിലായിരുന്നു.

കലക്കി.. അടിപൊളി പോസ്റ്റ്.
(ചെറിയ ഒരു തെറ്റുണ്ട്. ‘മാളത്തില്‍ ഒലിച്ചിരിക്കുകയായിരുന്നു.’)

ചെലക്കാണ്ട് പോടാ said...

സാഗര്‍ ഏലിയാസ് ജാക്കിയുടെയും പട്ടണത്തില്‍ ഭൂതത്തിന്റെയും ഇടയില്‍ പെട്ട പാവം മലയാളി പ്രേക്ഷകനെപ്പോലെ ഞങ്ങള്‍ വട്ടം കറങ്ങി.

മുത്തുച്ചാമി & കോ.യുടെ കൈയില്‍ നിന്ന് കിട്ടിയതിന്റെ ഓര്‍മ്മ പുതുക്കാനാണോ സാഗര്‍ ഭൂതം ഫാന്‍സിനും ഇട്ട് കൊട്ടിയേ...

രഞ്ജിത് വിശ്വം I ranji said...

വിഷ്ണു : അതേയതേ.. അടികിട്ടുന്നത് കാണാന്‍ എന്താ രസം :)
ശ്രീവല്ലഭവന്‍ : നന്ദി
ബിനോയി: കൊഡൈക്കനാല്‍ നമ്മുടെ സ്വന്തം നാടു പോലെയല്ലേ
കണ്ണനുണ്ണി : ഇല്ലാം നിര്‍ത്തിയാച്ച് :)
ആര്‍ദ്ര ആസാദ്: നന്ദി
വശംവദന്‍ : നന്ദി
വിനു: നിന്നോട് നന്ദി പറഞ്ഞ് ഫോര്‍മല്‍ ആകുന്നില്ല :)
രമണിക: നന്ദി
ജയരാജന്‍: അരവിന്ദ് നമ്മുടെ സ്വന്തം ആളല്ലേ.. എന്നെ വല്ല്യ കാര്യമാ :)
കുമാരന്‍: തെറ്റ് തിരുത്തിയിട്ടുണ്ട് നന്ദി
ചെലയ്ക്കാണ്ട് പോടാ: ഹമ്മേ ഫാന്സിന്റെ ഇടി വാങ്ങേണ്ടി വരുമോ :)

ajeen said...

got a feeling of familiar ground....nice narration
marvellous

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പുതുവര്‍ഷത്തിന്റെ തുടക്കം ഗൌതം ഗംഭീര്‍. തുടരട്ടെ വീരകഥകള്‍...

Jenshia said...

:D :D :D

പുതുവത്സരാശംസകള്‍..

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

kalakki mashe kalakki..
മുത്തുച്ചാമിയൊക്കെ ഇപ്പോ ചത്തുച്ചാമി ആയിക്കാണും

ഡാ മുത്തുച്ചാമി ഗൌണ്ടരെ.. നിന്നെ കണ്ടിട്ടെ ഇന്ന് ഇന്ന് ഈ സുനിലിനുറക്കമുള്ളൂ... ബാല്ക്കണിയിലെ കമ്പിയില്‍ പിടിച്ച് തൂങ്ങി ഇത്രയും കൂടി പ്രഖ്യാപിച്ച് സുനില്‍ തറയിലേക്ക് വീണു നിദ്രയെ പൂകി..

:)

Rakesh R (വേദവ്യാസൻ) said...

ഹ ഹ അടിപൊളി , ഒരു സിനിമയ്ക്കൂള്ള വകുപ്പുണ്ടല്ലോ :)

രാജീവ്‌ .എ . കുറുപ്പ് said...

:):)
അണ്ണാ കിടു സാധനം, ഉപമകള്‍ ഒക്കെ ഗംഭീരം, എന്തായാലും മുത്തുചാമി മരിച്ച സ്ഥിതിക്ക് പ്രതികാരം ഉപേക്ഷിച്ചു കാണും അല്ലെ??

ലംബൻ said...

പണ്ടു ഞങ്ങള്‍ റ്റൂര്‍ പൊയപ്പൊഴും ഇതുപ്പൊലെ ഒരു സംഭവം ഉണ്ടായി. അന്നു തല്ലുകൊള്ളാതെ രഷപെട്ടതു ഊട്ടി പോലീസ് രക്ഷിച്ചതു കൊണ്ടാണ്. പോസ്റ്റ് സൂപ്പര്‍

ദീപ്സ് said...

ഹഹ...ചിരിച്ചൂ....എന്റെ പപ്പനാവാഅ

Ashly said...

അപാ‍രം......എഴുത് സമതിചിരിക്കുന്നു!!!!!

Visala Manaskan said...

ഗംഭീര എഴുത്ത്. ഗാന്ധി കയറിയ സഞ്ജയ് ദത്തൊക്കെയുണ്ടല്ലോ... കിണുകിണുക്കൻ പ്രയോഗം തന്നെ ചുള്ളാ.

സൂപ്പർ പോസ്റ്റ്!

കൂട്ടുകാരൻ said...

രഞ്ജിത്ത് അണ്ണാ, പുതുവത്സരത്തിലെ ആദ്യ പോസ്റ്റ്‌ കലക്കി...തമിള്‍ നാട്ടില്‍ വെച്ച് എനിക്കും ഇത് പോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ....ഈ പ്രയോഗങ്ങള്‍ ഒക്കെ എങ്ങനെ വരുന്നു..കിടുക്കന്‍ ആയിട്ടുണ്ട്‌ കേട്ടോ...:)

:: VM :: said...

ഹും- ഒരു കൊഡൈ വിശേഷം ഓര്‍മ്മ വന്നു :0 സമയം പോലെ അലക്കണം!

മരണഅലക്കു പ്രയോഗങ്ങളുണ്ടല്ലോ!

രഞ്ജിത് വിശ്വം I ranji said...

അജീന്‍ : നന്ദി
കുട്ടിച്ചാത്തന്‍ : നന്ദി
ജെന്ഷിയ: ആശംസകള്‍ തിരിച്ചും
കിഷോര്‍ ലാല്‍: നന്ദി
വ്യാസന്‍ : നന്ദി
കുറുപ്പേ: താങ്ക്സെഡാ
ലംബന്‍, ദീപ്സ്, ക്യാപ്റ്റന്‍ : നന്ദി
സജീവേട്ടന്‍ : ഈ കമന്റിനു മുമ്പില്‍ ഞാന്‍ ശിരസ്സ് നമിക്കുന്നു. നന്ദി.
കൂട്ടുകാരന്‍, വി എം : നന്ദി

ധനേഷ് said...

ഈ പോസ്റ്റിന് കമന്റിട്ടില്ലേല്‍ എങ്ങനെയാ?

“സിനിമയില്‍ മാത്രമേ ഈ അണ്ണാച്ചിമാര്‍ മുണ്ടിനടിയില്‍ മുട്ടറ്റം നീളമുള്ള നിക്കറിടൂ എന്ന് അപ്പോള്‍ മനസ്സിലായി.“

“ആശ്വസിപ്പിക്കലിന്റെ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ പരീക്ഷിക്കുന്ന അസ്ഥാന ക്ലാസ് പൂവാലന്മാര്‍.. “

“നെഞ്ചത്തടിച്ചു പിരിച്ചാല്‍ നൂറ് രൂപ ത്കഞ്ഞു പിരിയാത്ത ക്ലാസ്സില്‍ നിന്നും എണ്ണായിരം രൂപ “

ഒന്നുകൂടി മൊത്തം വായിച്ച് ചിരിച്ചു...;‌-)

Manoraj said...

adipoli post.. vayikkan vaikiyathil kshama chodikkathe tharamilla...

Sreejith said...

വകീലെ കലക്കി, ശരിക്കും ഇഷടമായി. അപ്പൊ ഈ കളി മുഴുവന്‍ കളിചിട്ടാ അവിടെ വന്നു seniorsinte മുന്നില്‍ പന്ജ പാവത്തെ പോലെ നിന്നത്

അരവിന്ദ് :: aravind said...

സീരിയസ്സിലി കലക്കന്‍! അറഞ്ഞു ചിരിച്ചു! :-)

Muralee Mukundan , ബിലാത്തിപട്ടണം said...

കുറച്ചു നീണ്ടതാണെങ്കിലും ഈ മലയാളിവീര്യവും,മുത്തുച്ചാമി ഗൌണ്ടറുടെ കഥകൾ ചിരിച്ചുകൊണ്ടുതന്നെ വായിച്ചു...കേട്ടൊ

പ്രവീണ്‍ said...

ഇതൊക്കെ തകര്‍പ്പന്‍..
വളരെ നന്ദി ചിരിപ്പിച്ചതിനും പഴയ കഥകള്‍ ഓര്‍മ്മിക്കാന്‍ അവസരം തന്നതിനും
എല്ലാ കഥകളും സൂപ്പര്‍.