Sunday, December 13, 2009

ഒരു പാതിരാ പെരുന്നാളിന്റെ കഥ

നിനക്കൊക്കെ എന്നാ അറിയാമെടാ.. ഈ കുരുവിക്കൂടും മഞ്ചക്കുഴിയുമൊക്കെ കൂടിയ കരയിലെ വല്യ പ്രമാണിത്തറവാട്ടുകാരായിരുന്നു ഞങ്ങളുടെ നിലത്തില്‍ കുടുംബം.. എന്റെ വല്ല്യമ്മാവനൊക്കെയുണ്ടല്ലോ ഇവിടുത്തെ കൊച്ചു രാജാവായിരുന്നു., അങ്ങിനെ നോക്കിയാല്‍ ഇപ്പോ ഞാനൊക്കെ ഈ കരേലെ  രാജാവാകേണ്ടതാ.. ഹാ.. കാലം മാറിയില്ലേ.

മഴ തോരാതെ പെയ്യുന്ന കര്‍ക്കിടകത്തിലെ ഒരു നാള്‍ വീടിന്റെ നീളന്‍ വരാന്തയിലിരുന്ന് കൊച്ചേട്ടന്‍ തകര്‍ക്കുകയാണ്‍. കേള്വിക്കാരായി ഞാന്‍ സാജു ഹരിലാല്‍ തുടങ്ങിയവടങ്ങുന്ന പുതു തലമുറ.

പിന്നേ.. നാലിഞ്ച് നീളത്തില്‍ ഉരുളക്കിഴങ്ങിന് ബ്ലാക്കോക്സൈഡ് അടിച്ച രൂപഭംഗിയുള്ള കൊച്ചേട്ടനാണ് താന്‍ രാജാവായേനേ എന്നു പറയുന്നത്.  കൊച്ചേട്ടനെ മഹാഭാരതം സീരിയലിലെ രാജാക്കന്മാരുടെ റോളില്‍ ഞാനൊന്ന് സങ്കല്പ്പിച്ച്നോക്കി.. ഹോ ഭീകരം..

അപ്പുറത്ത് സാജു വന്‍ കോസെന്‍ട്രേഷനില്‍ കഥ സാകൂതം കേക്കുകയാണ്‍. ഇടയ്ക്ക് ഗൌരവത്തില്‍ എന്നെയൊന്നു നോക്കി.. കൊച്ചേട്ടന്‍ ഭയങ്കര സംഭവം തന്നെ എന്ന് മുഖം കൊണ്ട് ഒരു ആക്ഷന്‍ കാണിച്ച് വീണ്ടും കഥയിലേക്ക് മടങ്ങി.

കൊച്ചേട്ടന്‍ നിര്ത്താന്‍ ഭാവമില്ല.. അല്ലെങ്കിലും പെരു മഴ പെയ്യുന്ന ഈ ദിവസത്തില്‍ ഞങ്ങള്‍ക്കുള്ള ഏക നേരമ്പോക്ക് കൊച്ചേട്ടനാണല്ലോ.

എന്റേടേ... അന്നൊക്കെ ഓണത്തിന് അമ്മാവന്‍ ഞങ്ങള്‍ക്കെല്ലാം  സ്വര്ണ്ണക്കോണകം വാങ്ങിത്തരുമായിരുന്നു.

സ്വര്ണ്ണക്കോണകമോ..!!! അതെന്നതാ കൊച്ചേട്ടാ.. ഞാനൊരു സംശയം ചോദിച്ചു.

ഡേയ്.. അത് സ്വര്ണ്ണത്തകിട് കട്ടി കുറച്ച് പരത്തിയെടുക്കുമെടേ.. എന്നിട്ട് വള്ളിയിടും..

ഓഹോ.. അപ്പോള്‍ ലതാണ് ഐറ്റം.. സ്വര്ണ്ണത്തകിട് പരത്തിയെടുത്ത് കോണകം.. എന്നിട്ട് മുകള്‍ വശം മടക്കി വള്ളിയിടുമത്രേ..സംഭവം കൊള്ളാം.. കൊച്ചേട്ടനെക്കുറിച്ച്  പറഞ്ഞു കേട്ടിട്ടുള്ള കഥകള്‍ നോക്കിയാല്‍  കൈയ്യിലിരിപ്പ് വെച്ച് മിനിമം ഉരുക്കുകോണാനും അതിനൊരു ആമത്താഴ് പൂട്ടും ഉണ്ടാക്കി വീട്ടുകാര്‍ ഉടുപ്പിക്കേണ്ടതാണ്‍.

എന്നാലും സ്വര്ണ്ണത്തകിടു കൊണ്ട് കോണകമുണ്ടാക്കിയ സ്ഥിതിക്ക് ഇനി ഉടുമുണ്ട് എന്തു കൊണ്ടുണ്ടാക്കിയിരിക്കും..അതോ ഇനി സ്വര്ണ്ണക്കോണകം ആയത് കാരണം നാലാള്‍ കാണട്ടെ എന്നു കരുതി  ഉടുമുണ്ട് വേണ്ടെന്നു വെച്ചിരുന്നോ ആവോ..  സ്വര്ണ്ണക്കോണകമിട്ടു കിരീടവും വാളുമൊക്കെയായി രാജകലയില്‍ നില്ക്കുന്ന കൊച്ചേട്ടനെ ഞാന്‍  വീണ്ടും മനസ്സിലൊന്നു സങ്കല്പ്പിച്ചു.ഇത്തവണ അറിയാതെ ചിരിപൊട്ടിപ്പോയ്..

അത്ര നേരവും ശ്രദ്ധയോടെ കഥ കേട്ടിരുന്ന സാജുവിലെ സംശയരോഗി അപ്പോഴാണുണര്ന്നത്.

അല്ല കൊച്ചേട്ടാ.. ഈ സ്വര്ണ്ണത്തകിട് കൊണ്ട് കോണകമുണ്ടാക്കിയിട്ടാല്‍ തകിടിന്റെ  അരിക് കൊണ്ട് തുട മുറിയുകേലേ..?

ന്യായമായ ചോദ്യം.. .. അങ്ങേര് രൂക്ഷമായി സാജുവിനെ ഒന്നു നോക്കി.. ..

ഇല്ലഡേ.. അത് കുഞ്ഞുന്നാളിലെ മുതല്‍ ഇട്ട് ശീലമായതിനാല്‍ തുടേലൊക്കെ തഴമ്പാണടേയ്..

കോണകത്തഴമ്പ്..!!!

ഹും.. അപ്പൊ ആ കടമ്പയും കൊച്ചേട്ടന്‍ വിജയകരമായി കടന്നു.. നിരാശനായ സാജു എന്നെ നോക്കി..

ഇതാണ്  നിലത്തില്‍ കൊച്ചേട്ടനെന്ന കുരുവിക്കൂടിന്റെ സ്വന്തം കൊച്ചേട്ടന്‍  അറുപത് വയസ്സിനടുത്ത് പ്രായം..അഞ്ച് വയസ്സുള്ള വടക്കേലെ മിനിമോള്‍ മുതല്‍ സെഞ്ചറി അടിക്കാന്‍ ഇനി ഏതാനും റണ്സു മാത്രം വേണ്ട മുണ്ടയ്ക്കലെ കുഞ്ഞൂട്ടിച്ചേട്ടന്‍ വരെ കൊച്ചേട്ടനെ  കൊച്ചേട്ടാ എന്നെ വിളിക്കൂ. വന്നു വന്ന് പുരുഷോത്തമന്‍ നായര്‍ എന്ന സ്വന്തം ഘടാ ഘടിയന്‍ പേര് കൊച്ചേട്ടന്‍ പോലും മറന്നു കാണും..

പ്രായം അറുപതിലെത്തിയെങ്കിലും ഇത് വരെ കല്യാണം കഴിച്ചിട്ടില്ല.. കല്യാണം കഴിക്കേണ്ട പ്രായത്തിലൊക്കെ നാട്ടിലെ ക്രമസാധന പാലനവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനുകളിലും കുരുവിക്കൂടിന്റെ ദേശീയ വിനോദമായ ചീട്ടുകളിയുടെ പ്രചരണാര്ത്ഥം റബര്‍ തോട്ടങ്ങളിലും പാറമടകളിലും ഒക്കെ ആയി തിരക്കായിപ്പോയതിനാല്‍  പെണ്ണുകാണലും കെട്ടുമൊന്നും നടന്നില്ല. പിന്നെ  വിശാലഹൃദയമുള്ള ചില തരുണീമണികള്‍  നാട്ടിലുണ്ടായിരുന്നത് കൊണ്ട് എക്സ്ട്രാ കരിക്കുലര്‍ ആക്‍റ്റിവിറ്റീസ് സാമാന്യം ഭംഗിയായി നടന്നു പോന്നിരുന്നതിനാല്‍ പെണ്ണു കെട്ടുന്നതിനെക്കുറിച്ച് ചിന്തിച്ചതുമില്ല.

അങ്ങിനെ അടിച്ചുപൊളിച്ച് ആഘോഷിച്ച തട്ടുപൊളിപ്പന്‍ ജീവിത കഥകളുമായി കുരുവിക്കൂട്ടില്‍ മുപ്പത് സെന്റ് സ്ഥലത്ത് ഏകനായി ജീവിച്ചു വരുന്നു.. അവിടത്തെ നിത്യ സന്ദര്‍ശകരായി ഞങ്ങളും. മനസ്സുകൊണ്ടിപ്പോഴും സന്തൂര്‍ ആയതിനാല്‍ കൊച്ചേട്ടനെ കൂടെക്കൂട്ടാന്‍ ഞങ്ങള്‍ക്കും വലിയ താല്പര്യമാണ്.മുക്കാല്‍ ഗ്യാസും ബാക്കി നുണയുമായ വീരകഥകള്‍ ഞങ്ങളോട് വിവരിച്ച് കൊച്ചേട്ടന്‍ സംതൃപ്തിയടയും..  സ്വന്തമായുള്ള ജാംബവാന്‍ മോഡല്‍ വില്ലീസ് ജീപ്പില്‍ വില്ലിച്ചു നടക്കും.കൊച്ചേട്ടന്റെ ജീപ്പെന്നാല്‍ പിന്നെ ഞങ്ങളുടേം കൂടെയല്ലേ.. വില്ലീസ് ജീപ്പ് ഞങ്ങളുടെ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക വാഹനമായി. എത്ര നേരം ഓടുമെന്നും എപ്പോഴാണ് വഴിയില്‍ കിടക്കുന്നതെന്നും യാതൊരുറപ്പുമില്ലാത്ത വില്ലീസില്‍  ഞങ്ങള്‍ നാട്ടിലെ വിവിധ പെരുന്നാളുകള്‍ ഉല്സവങ്ങള്‍ തുടങ്ങി ചെണ്ടപ്പുറത്ത് കോലു വെയ്ക്കുന്ന എല്ലാ അഘോഷ പരിപാടികളുടെയും സജീവ സാന്നിദ്ധ്യമായി.

അങ്ങിനെ ഒരു ഉല്സവക്കാലത്ത് വൈകിട്ടാണ് സാജു ആ വാര്ത്തയുമായി വരുന്നത്. കാളകെട്ടിപ്പള്ളീലെ പെരുന്നാള്‍ പ്രമാണിച്ച് ഇന്നു രാത്രി എയ്ഞ്ചല്‍ വോയ്സിന്റെ ഗാനമേള.  ഏഞ്ചല്‍ വോയ്സിന്റെ കടുത്ത ആരാധകരായ ഞങ്ങള്‍ക്ക് പോകാതിരിക്കാന്‍ പറ്റുമോ.. കുരുവിക്കൂട് നിന്നും അര മണിക്കൂര്‍ യാത്രയുണ്ട് കാളകെട്ടിക്ക് അതു കൊണ്ട് നടരാജ് മോട്ടോഴ്സ് പറ്റില്ല. കൊച്ചേട്ടനെ പിരികേറ്റുക തന്നെ..

ഗാനമേള എന്നുകേട്ടപ്പോഴേ കൊച്ചേട്ടന്‍ സമ്മതിച്ചു. തട്ടുപൊളിപ്പന്‍ തമിഴ് പാട്ടുകളുടെ കടുത്ത ആരാധകനാണ് കൊച്ചേട്ടന്‍. ശിവാജി ഗണേശന്റെയും രജ്നീകാന്തിന്റെയും കടുത്ത രസികന്‍ .കാളകെട്ടീലാണ് പരിപാടി എന്നു കേട്ടപ്പോള്‍ ആവേശം കൂടി.

ഡേയ് എന്റെ പഴയ ഒരു കക്ഷി കാളകെട്ടീലുണ്ട്....അമ്മിണി..

അതൊരു പുതുമയല്ല.. കാളകെട്ടീല്‍ അമ്മിണിയാണെങ്കില്‍ കാഞ്ഞിരപ്പള്ളിയില്‍ ആമിനായും പാലായില്‍ ആലീസും ആയി മാറുമെന്നേ ഉള്ളൂ.. അത്രയ്ക്ക് വിശാലമാണ് കൊച്ചേട്ടന്റെ ക്യാച്ച്മെന്റ് ഏരിയാ.

തീരുമാനിച്ചുറപ്പിച്ചതു പോലെ കാളകെട്ടി യാത്രയ്ക്ക് എല്ലാവരും നേരത്തെ തന്നെയെത്തി. എന്താണെന്നറിയില്ല വില്ലീസ് ഒറ്റ തള്ളിനു തന്നെ സ്റ്റാര്‍ട്ടായി. പിന്നെ സ്ഥിരം പാട്ടും ബഹളവുമായി യാത്ര. കാളകെട്ടി അടുക്കാറാകുന്നു.

കൊച്ചേട്ടാ എന്തോ കരിഞ്ഞ ഒരു മണം.. മുന്‍ സീറ്റില്‍ വിരിഞ്ഞിരുന്ന സാജു പറഞ്ഞു..

ഏയ്.. അതു പള്ളീലെ വെടിക്കെട്ടിന്റെ മണമാഡേ.. വണ്ടി കണ്ടീഷനാ.. ഒന്നും പേടിക്കാനില്ലാ.

കൊച്ചേട്ടന്‍ അതു പറഞ്ഞു കഴിഞ്ഞതും..ബോണറ്റില്‍ നിന്നും എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം....

കൊച്ചേട്ടന്‍  വണ്ടി നിര്ത്തി ചാടിയിറങ്ങി.. ബോണറ്റു പൊക്കി.

കറുത്ത പുകയും തീപ്പൊരിയും..ഏതാണ്ടൊക്കെ പൊട്ടിത്തെറിക്കുന്നുണ്ട്..

ഷോര്‍ട്ട് സര്‍ക്ക്യൂട്ടാഡേയ്  ..തീയണയ്ക്കാന്‍ എന്തെങ്കിലുമെടുക്ക്.. കൊച്ചേട്ടന്‍ വിളിച്ചു പറഞ്ഞു..

ഈ പാതിരാത്രീല്‍.. നാട്ടു വെളിച്ചം പോലുമില്ലാത്ത ഈ വഴി വക്കില്‍ നിന്ന് എന്തെടുക്കാനാ..

ഹരിലാല്‍  കുറെ കാട്ടുചെടി പറിച്ചു കൊണ്ടു വന്നു.. ങേ.. ഹേ.. അതുകൊണ്ടു ഒരു കാര്യവുമുണ്ടായില്ല..

നോക്കി നില്ക്കാന്‍ സമയമില്ല.. തീയെങ്ങാനും പടര്ന്നാല്‍ വണ്ടി പൊടിപോലും കാണില്ല.

ഞാനും സാജും വെള്ളം അന്വേഷിച്ച് പാഞ്ഞു.. എവിടെ വെള്ളം പോയിട്ട് അടുത്തെങ്ങും ഒരു വീടുപോലുമില്ല..

നിരാശരായി തിരിച്ചു വന്ന ഞങ്ങള്‍ ആ കാഴ്ച്ച കണ്ട് അന്തം വിട്ടു നിന്നു..

ജുറാസിക് പാര്‍ക്ക് സിനിമയിലെ ദിനോസര്‍ നില്ക്കുന്നത് പോലെ രണ്ടു കറുത്തകാലുകള്‍ എല്ലാ എക്സ്ട്രാ ഫിറ്റിംഗ്സും പ്രദര്‍ശിപ്പിച്ച് ജീപ്പിന്റെ ബമ്പറില്‍ കയറി ബോണറ്റിലേക്ക്  തിരിഞ്ഞു കുനിഞ്ഞു നില്ക്കുന്നു.

കൊച്ചേട്ടന്‍...
തീയണക്കാനുള്ള ആക്രാന്തത്തില്‍ ഉടുമുണ്ട് അഴിച്ച്  പുകയുന്ന വയറിംഗില്‍ ചുറ്റിപ്പിടിച്ചു നില്ക്കുന്ന നില്പ്പാണ്‍.. 

പട്ടുകോണകം വാങ്ങിക്കാനുള്ള ത്രാണിയില്ലാത്തതിനാലാണോ അതോ വല്ല്യ ഉപയോഗം ഇല്ലാത്ത വസ്തുക്കള്‍ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്നത് കൊണ്ടാണോ എന്തോ.. അണ്ടര് വെയര്‍ എന്നൊരു സാധനമേ ഇല്ല..

എന്തായാലും  കൊച്ചേട്ടന്റെ തന്ത്രം ഫലിച്ചു..തീയണഞ്ഞു.. വണ്ടിക്കും വല്യതകരാറില്ല.. ഒരു ലൈറ്റ് കത്തുന്നില്ലന്നെ ഉള്ളൂ.. പക്ഷേ മറ്റൊരു ഗുരുതര പ്രശ്നം ഉടലെടുത്തു.. തീയണയ്ക്കാന്‍ ചുറ്റിയ പോളിസ്റ്റര്‍ മുണ്ടിന്റെ പ്രധാന ഭാഗം മോശമല്ലാത്ത വലിപ്പത്തില്‍ ഉരുകി വലിയ ഒരു ദ്വാരം രൂപപ്പെട്ടിരിക്കുന്നു..മുണ്ടുടുത്താലും പിന്നീന്നു നോക്കിയാല്‍ വ്രുഷ്ടി പ്രദേശങ്ങള്‍ നഗ്ന ദ്രുഷ്ടിക്ക് ഗോചരമാകുന്ന സ്ഥിതിയാണ്.

തിരിച്ചുടുക്കാനും പറ്റാത്ത വിധത്തിലാണ് ഉരുകിയിരിക്കുന്നത്.

അകെ പ്രശ്നമായി.. ഉടുമുണ്ടില്ലാതെ കൊച്ചേട്ടനെക്കൊണ്ടെങ്ങനെ ഗാനമേളയ്ക്കു പോകും.

ഞങ്ങള്‍ തിരിച്ചുപോകാന്‍ മാനസികമായി തയ്യാറെടുത്തു...

മര്യാദയ്ക്കു മുണ്ടുണ്ടായിട്ടു പോലും തല്ലു വരുന്ന വഴി മനസ്സിലാക്കാന്‍ പറ്റുന്നില്ല പിന്നെ കൊച്ചേട്ടന്‍ വീനസ് വില്ല്യംസിനേപ്പോലെ ചെന്നിറങ്ങിയാലത്തെ കാര്യം പറയണോ.

കൊച്ചേട്ടാ തിരിച്ചു പോയേക്കാം ഞാന്‍ പറഞ്ഞു..

മുണ്ടുടുക്കാന്‍ ഒരു വഴിയുണ്ടടേ.. കൊച്ചേട്ടന് വിട്ടു കൊടുക്കാന്‍ ഭാവമില്ല

കൊച്ചേട്ടന്‍ തുളയുള്ള ഭാഗം മുകളില്‍ വരുന്നതു പോലെ ഉടുത്തു.. എന്നിട്ട് മുണ്ട് മടക്കിക്കുത്തി.. ഇപ്പോ താഴ് ഭാഗം കൊണ്ട് തുള മറഞ്ഞിരിക്കുന്നതിനാല്‍  സംഭവംഒരു തൊണ്ണൂറ് ശതമാനം ഒ ക്കെ  ആണ്‍.. മടക്കിക്കുത്ത് അഴിക്കരുതെന്നു മാത്രം.. ഗാനമേള കേള്‍ക്കാനല്ലേ പോകുന്നത്.. മടക്കികുത്തി അങ്ങു നിന്നാലും കുഴപ്പമൊന്നുമില്ല.

എങ്ങിനെയുണ്ടടേ..  മുണ്ടു മടക്കിക്കുത്തി കൊച്ചേട്ടന്‍ ഞെളിഞ്ഞു നിന്നു..

കൊച്ചേട്ടന്റെ പ്രായോഗിക ബുദ്ധിക്കു മുമ്പില്‍ തല കുനിച്ച് ഞങ്ങള്‍ വീണ്ടും യാത്ര തുടര്ന്നു.

ഗാനമേള തുടങ്ങുന്നതിനു മുന്‍പേ കാളകെട്ടിയിലെത്തി.പെരുന്നാളാണ്.. നാടു മുഴുവന്‍ പള്ളി മുറ്റത്തും പരിസരത്തുമായുണ്ട്. പുതുമഴയക്ക് മീനിറങ്ങിയതു പോലെ പെണ്‍കുട്ടികള്‍. അവര്‍ക്കു പുറകെ ചെറു വലകളും ചൂണ്ടകളുമായി നാട്ടിലെ ചുള്ളന്മാര്‍. പള്ളിമുറ്റത്തേക്കാള്‍ തിരക്കുണ്ട് കാളകെട്ടി ഷാപ്പില്‍.  പെരുന്നാള്‍ സ്പെഷ്യല്‍ തട്ടുകടകളില്‍ കപ്പയും ഇറച്ചീം കഴിക്കുന്നവരുടെ തിരക്ക്. കാളകെട്ടിക്കവലയിലെ ഇരുണ്ട മൂലയില്‍ കിലുക്കിക്കുത്ത് തകര്‍ക്കുന്നു. പെരുന്നാള്‍ വിശേഷങ്ങള്‍ കണ്ടും കേട്ടും ഞങ്ങള്‍  മെല്ലെ മൈതാനത്തേക്ക് നടന്നു. സ്റ്റേജ് അവിടെയാണ്‍.  കൊച്ചേട്ടന്‍ നേരത്തെ തന്നെ മൈതാനത്ത്  സൌകര്യപ്രദമായ ഒരു സ്ഥലത്ത് ഇരിപ്പുറപ്പിച്ചുണ്ട്.

സ്റ്റേജില്‍ ഗാനമേളക്കാര്‍ എന്തൊക്കെയോ തട്ടി മൂളിക്കുന്നുണ്ട്..

പരിപാടി തുടങ്ങെടാ.. കാത്തിരുന്നു സഹികെട്ടയാരോ വിളിച്ചു പറഞ്ഞു.. പിന്നെ അതൊരു കൂവലായി മാറി.. വിവിധരീതികളില്‍ വിചിത്ര ശബ്ദങ്ങളില്‍ അലര്‍ച്ച മൂത്തപ്പോള്‍ വികാരിയച്ചന്‍ സ്റ്റേജിലെത്തി..

പ്രിയമുള്ളവരേ.. അച്ചന്‍ മൈക്കെടുത്തതും കൂവല്‍ ഉച്ചസ്ഥായിയിലായി..

അങ്ങിനെയെങ്കില്‍  നിങ്ങളുടെ കൂവല്‍ കഴിഞ്ഞിട്ടേ പരിപാടി ആരംഭിക്കുകയുള്ളൂ..  നീട്ടിയും കുറുക്കിയും അച്ചന്‍ ഉറച്ചു പറഞ്ഞു..

 എന്നാല്‍ അച്ചന്‍ പാടണം.. കൂട്ടത്തില്‍ നിന്നാരോ വിളിച്ചു കൂവി.. പിന്നതൊരു കോറസായി. അച്ചന്‍ പാടണം.. അച്ചന്‍ പാടണം..

സംഗതി കയ്യീന്നു പോകുവാണെന്ന് അച്ചനു മനസ്സിലായി.. ഗാനമേളക്കാരോടെന്തോ പറഞ്ഞ് അദ്ദേഹം സ്ഥലം കാലിയാക്കി.
എന്തായാലും ഉടനെ തന്നെ ഗാനമേള തുടങ്ങി.. ഭക്തിഗാനങ്ങളുടെയും ശാസ്ത്രീയ ഗാനങ്ങളുടെയുമൊക്കെ ഊഴം കഴിഞ്ഞ് അടിപൊളിപ്പാട്ടുകളുടെ വരവായി..  മൈതാനത്ത് എഴുന്നേറ്റ് നില്ക്കാന്‍ ത്രാണിയുള്ളവരൊക്കെ തുള്ളുന്നുണ്ട്.

അടുത്തത് സൂപ്പര്‍ സ്റ്റാര്‍ രജെനീകാന്തിന്റെ ബാഷ എന്ന ചിത്രത്തിലെ ഓട്ടോക്കാരന്‍ എന്നു തുടങ്ങുന്ന ഗാനം..  പാട്ടു തുടങ്ങിയപ്പോഴേ മൈതാനം ആകെ തുള്ളലില്‍  മുങ്ങി..


ദാണ്ടെ രഞ്ജീ കൊച്ചേട്ടന്‍ സ്റ്റേജിനു താഴെ.. ഹരിലാല്‍ വിളിച്ചു പറഞ്ഞു..

എവിടെ  ഞാന്‍ എത്തി വലിഞ്ഞു നോക്കി..

സംഗതി ശരിയാണ്.. സ്റ്റേജിനു താഴെ കൈയ്യിലൊരു വലിയ ബലൂണുമായി കൊച്ചേട്ടന്‍ നില്ക്കുന്നു..  ബലൂണുമായി സ്റ്റേജിലേക്ക് കയറി പാട്ടു പാടുന്നയാള്‍ക്ക് ബലൂണ്‍ നല്കി അനുമോദിക്കുകയാണ് ലക്ഷ്യം.. പാട്ടു പാടുന്നവര്‍ക്ക് സ്റ്റേജില്‍ കയറി എന്തെങ്കിലും നല്കുക എന്നത് പുള്ളിയുടെ ഒരു വീക്ക്നെസ്സ് ആണ്‍.

സ്റ്റേജില്‍ കയറി പാട്ടുകാരനരികിലെത്തുന്നത് വരെ എല്ലാം ഭംഗിയായി നടന്നു.. ബലൂണ്‍ നല്‍കുന്നതിനു തൊട്ടു മുമ്പ് ബഹുമാന സൂചകമായി കൊച്ചേട്ടന്‍ മുണ്ടിന്റെ മടക്കിക്കുത്ത് അഴിക്കുന്നത് വരെ..

വലിയൊരാരവമാണ് തുടര്ന്നു കേട്ടത്..

ടപ്പ്.. ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു ചെരുപ്പ്  വന്‍പിച്ച  പിന്‍ഭാഗ പ്രദര്‍ശന മഹാമഹം നടത്തി നില്ക്കുന്ന കൊച്ചേട്ടന്റെ പ്രദര്‍ശന നഗരിയിലേക്ക് ക്രുത്യമായി പതിച്ചു..

ഗാനമേളയുടെ ആവേശത്തില്‍ നിന്നിരുന്ന കൊച്ചേട്ടന് കൊള്ളേണ്ടത് കൊള്ളേണ്ടിടത്ത് കൊണ്ടപ്പോഴാണ് ബോധം തെളിഞ്ഞത്. പെട്ടെന്നുണ്ടായ പരിഭ്രമത്തില്‍ കൊച്ചേട്ടന്‍ തിരിഞ്ഞു നിന്നു.. സ്റ്റേജിലുള്ളവരും അപ്പോള്‍ സൌജന്യമായി പ്രദര്‍ശനം കണ്ടു.. പിന്നെയങ്ങോട്ട്  ഒരു കൊട്ടിക്കലാശമായിരുന്നു.. കൊച്ചേട്ടനെ പിന്നെ ഞങ്ങള്‍ കാണുന്നത് സ്ഥലം എസ് ഐയുടെ  ജീപ്പിനു പിന്നിലെ നാലുകെട്ടിലാണ്‍..

മൂടു പോയമുണ്ടുമുടുത്തോണ്ടാണോടാ പെരുന്നാളു കൂടാന്‍ വരുന്നത്.. നീയെന്നാ വല്ല ദോശക്കല്ലേലും പോയിരുന്നോ..?  എസ് ഐയ്യുടെ ചോദ്യം..

കൊച്ചേട്ടന്‍ കാര്യം വിശദീകരിച്ചു.. കേട്ടപ്പോള്‍ എസ് ഐ ക്ക് ചിരി.. കൊച്ചേട്ടനോട് പൊയ്ക്കോളാന്‍ പറഞ്ഞു..

മൂടു പോയ മുണ്ടും.. മാനം പോയ കൊച്ചേട്ടനുമായി ഞങ്ങള്‍ സ്ഥലം കാലിയാക്കി..
കാളകെട്ടിപ്പെരുന്നാളു കഴിഞ്ഞു. പൈക ജുബിലീം ഇളങ്ങുളം ഉല്സവവും വന്നുപോയി.. ഗാനമേളകളും മിമിക്സ് പരേഡും മുറയ്ക്കു നടന്നു.. കൊച്ചേട്ടന്റെ വില്ലീസില്‍ ഞങ്ങള്‍ പിന്നെയും ഉല്സവപ്പറമ്പുകളില്‍ പറന്നു നടന്നു..

അനുഭവത്തില്‍ നിന്നാണല്ലോ മനുഷ്യന്‍ ഓരോന്നു പഠിക്കുന്നത്.. ഉല്സവപ്പറമ്പുകളില്‍  മുണ്ടും മടക്കിക്കുത്തി ഞെളിഞ്ഞു നില്ക്കുന്ന കൊച്ചേട്ടന്റെ മുണ്ടിനടിയിലൂടെ മുട്ടറ്റം വരെ നീളമുള്ള വരയന്‍ നിക്കര്‍ നീണ്ടുകിടന്നു..

26 comments:

രഞ്ജിത് വിശ്വം I ranji said...

കൊച്ചേട്ടന്റെ പല സാഹസങ്ങളില്‍ ഒന്ന്

[vinuxavier]™ said...

പോളിസ്റ്റര്‍ ഒറ്റമുണ്ട്!!
ഒരു പാതിരാ കൊലപാതകത്തിന്റെ കഥ
ന്നു തന്നെയ് ആയിക്കോട്ടെ ടൈറ്റില്..

കൊല വിറ്റ്!

കുരാക്കാരന്‍ ..! said...

കോണകത്തഴമ്പ്..!!!... സംഭവം കലക്കി... കൊച്ചേട്ടനും...
:)

ദീപു said...

സ്വർണക്കോണകം ശരിക്കും ചിരിപ്പിച്ചു..

OAB/ഒഎബി said...

...കൊച്ചേട്ടന്റെ പ്രദര്‍ശന നഗരിയിലേക്ക് ക്രുത്യമായി പതിച്ചു..
ഇവിടെ എത്തും വരെ പിടിച്ചു നിന്നിരുന്നു പിന്നെ പുട്ത്തം വിട്ട് ചിരിച്ചു. നന്ദിയോടെ...

ശ്രീ said...

"കുരുവിക്കൂട് കൊച്ചേട്ടന്‍: ഒരു പാതിരാപ്പെരുന്നാളിന്റെ കഥ" കലക്കി.

കാര്യമെന്തൊക്കെ ആയാലും അതില്‍ പിന്നെ എങ്കിലും കൊച്ചേട്ടന്‍ നിക്കര്‍ ഉപയോഗിച്ച് തുടങ്ങിയല്ലോ... ഭാഗ്യം!
:)

വശംവദൻ said...

"നീയെന്നാ വല്ല ദോശക്കല്ലേലും പോയിരുന്നോ..? എസ് ഐയ്യുടെ ചോദ്യം"

:) കലക്കി

അരവിന്ദ് :: aravind said...

ചിരിച്ചു മറിഞ്ഞു!
:-)

ഒറ്റയാന്‍ | Loner said...

നല്ല വെടിക്കെട്ട്‌ സാധനം!

പകല്‍കിനാവന്‍ | daYdreaMer said...

ഇത്തവണ തകര്‍ത്താടി.. :):)

Sinochan said...

പാവം കൊച്ചേട്ടന്‍, ചില സമയങ്ങളില്‍ നഷ്ടസ്വപ്നങ്ങള്‍ സങ്കല്പകഥകളിലൂടെ അനുഭവിക്കുകയാവാം, കഴുത കാമം കരഞ്ഞുതീര്‍ക്കുന്നപോലെ.

ഞാനും ഓര്‍ക്കുന്നു അദ്ദേഹത്തെ, പുള്ളിക്കാരന് ബ്ലോഗ് വായിക്കാന്‍ അറിയില്ലാത്തതിനാല്‍ ചീത്ത പ്രതീക്ഷിക്കേണ്ട അല്ലേ...?

വിഷ്ണു | Vishnu said...

ഇത്തവണ ട്വിറ്റെരില്‍ കണ്ടാണ്‌ എത്തിയത്...രഞ്ജിത്തേട്ടന്‍ ഇതു ശരിക്കും തകര്‍ത്തു....വിനു പറഞ്ഞ പോലെ അന്യായ കൊല വിറ്റ് !!

കണ്ണനുണ്ണി said...

ഇത്തവണ അലക്കി പൊളിച്ചു മാഷെ...
അന്യായ കോമഡി ആണ് ട്ടോ

:: VM :: said...

വീനസ് വില്യം സ്റ്റൈല്‍, ജീപിന്റെ പുറകിലെ നാലുകെട്ട്.. പുത്തന്‍ വിറ്റുകള്‍;; രസിച്ചു/.ऽ ചിരിച്ചു!

രഘുനാഥന്‍ said...

"സ്വര്‍ണക്കോണകവും അതുടുത്ത കൊച്ചേട്ടന്റെ തുടയിലെ കോണകത്തഴമ്പും"..

അയ്യോ ചിരിച്ചിട്ട് വയ്യ ..

കൊള്ളാം രഞ്ജിത്ത് സാര്‍

ഭായി said...

###അതോ ഇനി സ്വര്ണ്ണക്കോണകം ആയത് കാരണം നാലാള്‍ കാണട്ടെ എന്നു കരുതി ഉടുമുണ്ട് വേണ്ടെന്നു വെച്ചിരുന്നോ ആവോ..###

ഹ ഹ ഹാ...ചിരിച്ചിട്ട് എനിക്ക് വയ്യേ..

മൊത്തം കടിപൊളി പ്രയോഗങളാണല്ലോ..

തകതകര്‍ത്തു..മൊത്തത്തില്‍ ജോറായിട്ടുണ്ട് :-)

നാടകക്കാരന്‍ said...

കൈയ്യിലിരിപ്പ് വെച്ച് മിനിമം ഉരുക്കുകോണാനും അതിനൊരു ആമത്താഴ് പൂട്ടും ഉണ്ടാക്കി വീട്ടുകാര്‍ ഉടുപ്പിക്കേണ്ടതാണ്‍.
കൊള്ളാം തകർത്തിട്ടൂണ്ട്

ബിനോയ്//HariNav said...

രഞ്ജിത്തേ ഇത്തവണ തകര്‍ത്തൂട്ടാ. ശരിക്കും ചിരിച്ച് മറിഞ്ഞു :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:എന്നാലുംകൂടെപ്പോയവരും കാലു മാറിക്കളഞ്ഞില്ലേ :)

Jenshia said...

കൊച്ചേട്ടന്‍ ഒരു സംഭവം തന്നെ ആണു ട്ടോ

VEERU said...

യെന്റെ കൊച്ചേട്ടാ !!!!

Areekkodan | അരീക്കോടന്‍ said...

"പിന്‍ഭാഗ പ്രദര്‍ശന മഹാമഹം നടത്തി നില്ക്കുന്ന കൊച്ചേട്ടന്റെ പ്രദര്‍ശന നഗരിയിലേക്ക് ക്രുത്യമായി പതിച്ചു.."
എന്റമ്മേ...ചിരിച്ച് ചിരിച്ച്...
എന്റെ ഒരു അനുഭവം

Manoraj said...

kidilan

ധനേഷ് said...

നേരത്തെ വായിച്ചെങ്കിലും ഇപൊഴാ കമന്റാന്‍ നല്ല നേരം ആയത്....

സ്വര്‍ണ്ണ കോണകം, വീനസ് വില്യംസ്...
എന്റമ്മേ ചിരിച്ചു മരിച്ചു..

പതിവുപോലെ സൂപ്പര്‍.....

രാജീവ്‌ .എ . കുറുപ്പ് said...

മൂടു പോയമുണ്ടുമുടുത്തോണ്ടാണോടാ പെരുന്നാളു കൂടാന്‍ വരുന്നത്.. നീയെന്നാ വല്ല ദോശക്കല്ലേലും പോയിരുന്നോ..? എസ് ഐയ്യുടെ ചോദ്യം..

അളിയാ തകര്‍ത്തു വാരി മച്ചൂ,


മുണ്ടുടുത്താലും പിന്നീന്നു നോക്കിയാല്‍ വ്രുഷ്ടി പ്രദേശങ്ങള്‍ നഗ്ന ദ്രുഷ്ടിക്ക് ഗോചരമാകുന്ന സ്ഥിതിയാണ്.

അന്യായം ആയി പോയി അണ്ണാ തു, ഹഹഹഹ

ശ്രീവല്ലഭന്‍. said...

ചിരിച്ച് മറിഞ്ഞു :-)