Wednesday, December 28, 2011

ചില കരോൾ കഥകൾ

ഠോരമായശബ്ദത്തിലുള്ള   കരോൾ പാട്ടും കൂടെ ആനയെ ഓടിക്കാൻ പാട്ട കൊട്ടുന്നതു പോലെ ബാന്റു സെറ്റിന്റെ ശബ്ദവും എല്ലാം കേട്ട് ഞെട്ടി എഴുന്നേറ്റു ... കുരുവികൂട്ടെ ക്ലബ്ബിലെ പിള്ളേരു സെറ്റിന്റെ കരോൾ സംഘം ആണ്. വാതിലു തുറന്നതും പാട്ടും കൊട്ടും ഉച്ച്സ്ഥായിയിലായി.. .. നമുക്കറിയാവുന്ന കരോൾ ഗാനമൊന്നുമല്ല .. എന്നാൽ എവിടെയോ കേട്ടപോലെ ഒരു പരിചയവും.. പുൽക്കൂട്ടിനുള്ളിലെ യേശുവെ.. മണ്ണിൽ പിറന്നൊരു രക്ഷകാ.. സംഗതി വരികൾക്കൊന്നും പ്രശ്നമില്ല.. പക്ഷേ ആ ട്യൂൺ.... ഒന്നുകൂടി ശ്രദ്ധിച്ചു കേട്ടു.. എല്ലാവനും നിന്നു വളരെ സീരിയസായി പാടുകയാണ്. പെട്ടന്നാണ് സംഗതി കത്തിയത്.. നമ്മുടെ സൂപ്പർ സ്റ്റാർ സന്തോഷ് പണ്ടിറ്റിന്റെ അംഗനവാടിയിലെ ടീച്ചറേന്നുള്ള പാട്ടിന്റെ പാരഡിയാണ് പുൽക്കൂട്ടിനുള്ളിലെ യേശുവേ.. എന്നായി ജ്ഞാനസ്നാനം ചെയ്യപ്പെട്ടത്. ഇനിയിവന്മാർ മ മ മ മായാവി ന്നുള്ള പാട്ടിനു പാരഡിയായി ഇ ഇ ഇ ഈശോയേന്നു പാടുമോ ആവോ. ഉണ്ണീശോ യുട്യൂബ് കാണാത്തത് നന്നായി.  ക്രിസ്മസ് പപ്പായെ കാണാൻ ശങ്കുവിനെ ഉറക്കത്തിൽ നിന്നും കുത്തിയെഴുന്നേല്പിച്ചു കൊണ്ടുവന്നു... .  ഉറക്കത്തീന്നു എഴുന്നേറ്റ് അല്പം കരഞ്ഞെങ്കിലും കൊട്ടും പാട്ടും എല്ലാം കണ്ടതോടെ ആൾ ഉഷാറായി.. പപ്പാ മിഠായി കൊടുക്കുക കൂടി ചെയ്തതോടെ അവനും കരോൾ സംഘത്തിന്റെ കൂടെ പോകണം എന്നു പറഞ്ഞായി വഴക്ക്.. അതു പിന്നെ ചെണ്ടപ്പുറത്ത് കോലു വെയ്ക്കുന്ന സ്ഥലത്തെല്ലാം പോകുന്ന ഉൽസാഹ കമ്മറ്റിക്കാരനായിരുന്ന അച്ഛന്റെ മകനല്ലേ ആ ഗുണം കാണിക്കാതിരിക്കില്ലല്ലോ.. പിന്നെ അവരുടെ കൂടി അയലത്തെ രണ്ടുമൂന്നു വീടുകളിൽ പോയി ശങ്കുവിന്റെ പരാതി തീർത്തു... തിരിച്ചെത്തി വീണ്ടും ഡിസംബറിന്റെ കുളിരിനു മേൽ കരിമ്പടം പുതച്ചുറങ്ങാൻ കിടന്നപ്പോഴും മനസ്സിൽ പഴയ കരോൾഗാനങ്ങൾ ഒഴുകിവന്നു....

വർഷങ്ങൾക്കു മുമ്പ്.... ക്രിസ്തുവർഷം 90 കളിൽ കരോൾ പാടുന്ന കാലം. .മോഹൻലാൽ  അഭിനയത്തിൽ വീൽ ചെയറിൽ കയറുന്നതിനും മുൻപ് തോളും ചെരിച്ച് വിലസി നടന്നകാലം.. അക്കാലത്തെ ക്രിസ്തുമസ് രാവുകളിൽ കുരുവിക്കൂടും പരിസരപ്രദേശങ്ങളും ഞെട്ടിഉണർന്നിരുന്നത് ഞങ്ങളുടെ കരോൾ പാട്ടു കേട്ടായിരുന്നു.അതിപ്പോൾ ഓണമായാലും ക്രിസ്തുമസ് ആയാലും വിഷു ആയാലും മഴക്കാലത്തു പല പേരുകളിൽ വരുന്ന പകർച്ചപ്പനി പോലെ കരോൾ, മാവേലി, വിഷുക്കണി തുടങ്ങിയ വിവിധപേരുകളിൽ ഞങ്ങൾ നാട്ടുകാരെ പേടിപ്പെടുത്തിക്കൊണ്ടിരുന്നു. നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്നു മോഹൻലാൽ പറയുന്നതിനും മുൻപ്.. പണ്ടാരം എവന്മാരുടെ ശല്യമില്ലാത്ത ഏത്  ആഘോഷം എന്നു കുരുവിക്കൂട്ടുകാർ പറഞ്ഞിരുന്ന സമയം. ഇത്തരം പരിപാടികളിൽ സംഘാടനച്ചിലവ്  ഏറ്റവും കുറവ് വിഷുക്കണിക്കാണ്. ആരുടെയെങ്കിലും വീട്ടിൽ നിന്നും എടുക്കുന്ന ഉരുളിക്കകത്ത് വിഷുച്ചന്തയിൽ നിന്നും വാങ്ങിയ അമ്പത് രൂപയുടെ പച്ചക്കറി വെച്ചാൽ സംഭവം തയ്യാർ. പിന്നെ മേമ്പൊടിക്ക് കണികാണും നേരം.. ആവശ്യത്തിനനുസരിച്ച് ചേർത്താൽ വിഷുക്കണി ജോറാകും.. എന്നാൽ മാവേലിക്കും ക്രിസ്തുമസ് പപ്പായ്ക്കും ഒന്നും അതു പോരാ..മേക്കപ്പ് ,കിരീടം ,മുഖം മൂടി ,ഉടുപ്പ് ഇത്യാദി കൈയ്യീന്നു കാശെറക്കിയുള്ള കളിയാണ് ഇതു രണ്ടും. മാവേലിക്ക് ഷർട്ട് ഇടുന്ന ശീലം ഇല്ലാത്തതിനാൽ മാവേലി വേഷക്കാരനു കുടവയർ നിർബന്ധമായിരുന്നു. എന്നാൽ കാലുവരെ മറയുന്ന കുപ്പായവുമിട്ട് സൈബീരിയായിൽ നിന്നും വരുന്ന ക്രിസ്മസ് പപ്പായുടെ കുടവയർ സീരിയലുകളിലെ സ്ഥിര ഗർഭിണികളെ പ്പോലെ തലയിണയും ചാക്കുനൂലും വെച്ച് അഡ്ജസ്റ്റ് ചെയ്യാം എന്നൊരു സൗകര്യം ഉണ്ട്. 
ചില സംഭവങ്ങളുണ്ടല്ലോ.. സംഭവിക്കുമ്പോൾ നമ്മൾ വളരെ സീരിയസായാവും പ്രതികരിക്കുക. എന്നാൽ ഒക്കെ അവസാനിച്ച് പിന്നീടോർക്കുമ്പോഴോ.. തലയറഞ്ഞ് ചിരിക്കാം.. അത്തരത്തിലുള്ള ചില കരോൾ വിശേഷങ്ങൾ ...

എല്ലാവർഷത്തേയും പോലെ അക്കൊല്ലവും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽകരോൾ ഗംഭീരമാക്കാൻ ഞങ്ങൾ തീരുമാനിച്ചു.  ബാന്റ് സെറ്റ്.. ക്രിസ്മസ് സ്റ്റാർ.. പാട്ടുകാർ അങ്ങിനെ എല്ലാ സെറ്റപ്പും ഉണ്ട്.. പപ്പായായി തുള്ളലിൽ പ്രത്യേക പ്രാവീണ്യം ഉള്ള മൂന്നു നാലു പേരെ സെലക്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ  തുള്ളി മടുക്കുമ്പോൾ അടുത്തയാൾക്ക് മുഖം മൂടിയും കുപ്പായവും തലയിണയും  കൈമാറൂം. അങ്ങിനെ ഷിഫ്റ്റ് വെച്ച് പപ്പായുമായി കരോൾ ആഘോഷപൂർവ്വം മുന്നേറി.. പപ്പായായി വേഷം കെട്ടിയ ജോജോയ്ക്ക് പെൺകുട്ടികളുള്ള വീട്ടിൽ ചെല്ലുമ്പോൾ തുള്ളൽ അല്പം കൂടുതൽ ആണ്. തന്റെ മനോഹരനൃത്തം കണ്ട് നാട്ടിലെ പെൺകൊച്ചുങ്ങൾ മുഴുവൻ തന്റെ ആരാധകർ ആകുമെന്നോർത്ത് വേഷം കെട്ടിയ അവൻ ആ ആവേശത്തിൽ പപ്പായുടെ മുഖം മൂടിയെക്കുറിച്ചോർത്തില്ലെന്നു തോന്നുന്നു. പാദം മൂടുന്ന നീളൻ കുപ്പായവും.. താടി ഫിറ്റ് ചെയ്ത മുഖം മൂടിയും തൊപ്പിയുമായി വേഷം കെട്ടിച്ചെന്ന് പ്രഭുദേവ ഡാൻസു ചെയ്താലും ആരും തിരിച്ചറിയില്ലല്ലോ.. അങ്ങിനെ തുള്ളലിൽ പുതിയ മാനങ്ങൾ സൃഷ്ടിച്ച് ജോജോ മുന്നേറുകയാണ്. അടുത്തതായി കയറുന്ന ജോർജുകുട്ടിച്ചേട്ടന്റെ വീട്ടിൽ വീട്ടിൽ പ്രൈമറി മുതൽ ഡിഗ്രി വരെ തലങ്ങളിലുള്ള 5 പെൺകിടാങ്ങളാണുള്ളത്.ജോജോ തന്റെ സർവ്വ കഴിവും ഉപയോഗിച്ച് തുള്ളുകയാണ്. ഇടയ്ക്കിടെ ആളെ ശബ്ദം കൊണ്ട് അവർക്കു മനസ്സിലാകാനായി ഹാപ്പി ക്രിസ്തുമസ് ജോർജുകുട്ടിച്ചായാ എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്. ആളെ പിടികിട്ടിയ ജോർജുകുട്ടിച്ചേട്ടൻ ഡാ ജോജോ നിന്റെ പപ്പാവേഷം കലക്കീട്ടൊണ്ടെടാ എന്നും കൂടി പറഞ്ഞപ്പോൾ ജോജോയുടെ ആവേശം ഇരട്ടിയായി. അങ്ങിനെ സംഭവം പൊടിപൊടിക്കുന്നതിനിടയിലാണ് അത് സംഭവിച്ചത്.. എൻ എൽ ബാലകൃഷ്ണനെ തോല്പിക്കുന്ന കൊടവയറുമായി ഡാൻസ് ചെയ്തോണ്ടിരുന്ന ജോജോ പെട്ടെന്ന് ഇന്ദ്രൻസ് പപ്പാ വേഷം കെട്ടിയപോലായി..അത്രയും നേരം തുള്ളിക്കളിച്ച് രാജകലയിലിരുന്ന അവന്റെ കൊടവയറിന്റെ ഉള്ളറരഹസ്യം തുള്ളലിന്റെ ശക്തിയിൽ കെട്ടഴിഞ്ഞ് ദോ കെടക്കുന്നു തലയിണയുടെ രൂപത്തിൽ  കാൽചുവട്ടിൽ.. അയ്യോ പപ്പായുടെ വയറു താഴെപോയേന്ന് ആരോ വിളിച്ചു കൂവി. ജോർജുകുട്ടിച്ചേട്ടന്റെ പെൺപിള്ളേർ ചിരിച്ചുമറിഞ്ഞു....സംഭവത്തിന്റെ ഗുരുതരാവസ്ഥ പിടികിട്ടിയ ജോജോ പെട്ടെന്നു തലയിണയെടുത്ത് കുപ്പായത്തിനുള്ളിലേക്ക് തിരുകി വെച്ച് പ്രശ്നപരിഹാരത്തിനൊരു ശ്രമം നടത്തി. എന്നാൽ വെപ്രാളത്തിനിടയിൽ തലയിണ പാന്റിനിടയിൽ തിരുകി വെച്ചത്ആല്പം മുകളിലേക്ക് തള്ളിപ്പോയി.. ഷക്കീല നൈറ്റിയിട്ട പരുവത്തിൽ നിൽക്കുന്ന ജോജോയെ കണ്ട് ജോർജുകുട്ടിച്ചേട്ടനും പുറകെ അതുവരെ ചിരി കടിച്ചമർത്തി നിന്ന ഞങ്ങളും ആർത്തു ചിരിച്ചു.. അന്നു പപ്പാവേഷം അഴിച്ചു വെച്ച ജോജോ പിന്നീട് ആ വേഷം കെട്ടിയത് പെണ്ണുകെട്ടി മൂത്ത സന്തതി പപ്പാന്നു വിളിച്ചപ്പോഴാണ്.
*                        *                                 *                                      *                           *
കരോൾ എന്നു പറഞ്ഞ് ഇറങ്ങുന്നതിന്റെ പ്രധാന ഉദ്ദേശം പിരിവ് ആണല്ലോ.. രാത്രി ആകുന്നതിനും മുൻപ് പൈക ടൗണിൽ ചെന്നാൽ കുറച്ചു കൂടുതൽ പിരിവൊക്കും എന്നു പറഞ്ഞത് ആക്കൊല്ലം പപ്പാവേഷം കെട്ടുന്ന പ്രകാശ് തന്നെയായിരുന്നു..കാശുകിട്ടുന്ന കാര്യമായതിനാൽ എല്ലാവരും റെഡി.. അങ്ങിനെ ആക്കൊല്ലം കരോൾ കൃത്യം 5 മണിക്ക് പൈക ടൗണിലെത്തി.. മറ്റ് കരോൾ സംഘങ്ങൾ ഇറങ്ങുന്നതിനു മുൻപ് ചെന്നതിനാൽ പിരിവ് നന്നായി പുരോഗമിക്കുന്നുണ്ട്. കൊട്ടും പാട്ടുമായി കടകൾ കയറി ഇറങ്ങുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്..  സർവതിനേയും സ്നേഹിക്കണം എന്നു പറഞ്ഞ ക്രിസ്തുദേവന്റെ പിറന്നാളാണല്ലോ അതുകൊണ്ട് ക്രിസ്തുമസിന് കശാപ്പിനായി കൊണ്ടുവന്ന് ചന്തയ്ക്ക് സമീപം റോഡരികിൽ നിർത്തിയിരുന്ന പോത്തിനും കൊടുക്കാം ഒരു ക്രിസ്തുമസ് ആശംസ എന്നു പ്രകാശിനു തോന്നിയത് ഏത് നേരത്താണാവോ.. . തുള്ളിചാടി പോത്തിനു മുമ്പിലൂടെ ചെന്ന  ചുവന്ന കുപ്പായക്കാരനെ കണ്ട് അവനൊന്നു മുരണ്ടു. പിന്നെ കെട്ടിയിരുന്ന കയറും പൊട്ടിച്ച് പപ്പായുടെ നേരെ ഒരു ചാട്ടം.. കർത്താവേ.. എന്നൊരു അലർച്ച കേട്ടു.. പിന്നെ കണ്ടത് പ്രകാശും പോത്തുമായുള്ള മാരത്തോൺ ഓട്ടമൽസരമായിരുന്നു.. പോത്തിനെ ഓടിക്കാൻ പ്രകാശ് വലിച്ചെറിഞ്ഞ പപ്പായുടെ മുഖം മൂടി പോത്തിന്റെ കൊമ്പിൽ തൂങ്ങി കിടന്നു.  ചന്തയ്ക്കപ്പുറത്തെ പെട്രോൾ പമ്പിന്റെ രണ്ടാൾ പൊക്കമുള്ള മതിൽ താൻ എങ്ങിനെ അന്നു ചാടിക്കടന്നുവെന്ന് പ്രകാശിന് പിന്നീടെത്ര ആലോചിച്ചിട്ടും ഇന്നുവരെ പിടികിട്ടിയിട്ടില്ലത്രേ!!.
*                        *                                 *                                      *                           *
കാക്കകുളിച്ചാൽ കൊക്കാകില്ല എന്നും ക്രിസ്തുമസ് പപ്പായുടെ മുഖം മൂടി വെച്ചെന്നു കരുതി പപ്പായാകില്ല എന്നുമൊക്കെ പറയുന്നതിൽ കാര്യമുണ്ട് എങ്കിലും കരോളിൽ പപ്പാവേഷം കെട്ടുമ്പോൾ അതു വരെ ലഭിക്കാത്ത ഒരു ബഹുമാനവും സ്നേഹവുമൊക്കെ നമുക്ക് ലഭിക്കും എന്നത് സത്യമാണ്. ഉദാഹരണത്തിന് അവൻ ഇനി എന്റെ വീടിനെ മുമ്പിൽ കൂടിയെങ്ങാൻ വായിനോക്കാൻ വന്നാൽ അടിച്ചു കാലൊടിക്കും എന്നൊക്കെ പറയുന്ന പെൺപിള്ളേരുടെ കാറുന്നോന്മാരുടെ മുമ്പിൽ ധൈര്യസമേതം നില്ക്കാനും അവരുടെ മുമ്പിൽ വെച്ച് പെൺപിള്ളേർക്ക് കൈ കൊടുക്കാനുമൊക്കെ  പപ്പാ വേഷം വഹിക്കുന്ന പങ്ക് ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണ്. പക്ഷേ കാക്ക കുളിച്ചാൽ കൊക്കാകില്ലല്ലോ... സിബിക്കും അതാണ് സംഭവിച്ചത്..ചെല്ലുന്ന വീടുകളിലെ ആളുകൾക്ക് പപ്പാ മിഠായി നൽകുന്ന പതിവുണ്ടല്ലോ.. ആ അവസരം മുതലെടുത്ത് തന്റെ പ്രിയതമ ലിൻസിക്ക് ഒരു ക്രിസ്മസ് ആശംസ നേരാൻ മിഠായി കവറിനുള്ളിൽ കത്തു വിദഗ്ധമായി ചുരുട്ടി സിബി പ്രത്യേകം സൂക്ഷിച്ചിരുന്നത് ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു. കരോൾ ലിൻസിയുടെ വീട്ടിലെത്തി. ലിൻസിയും അച്ഛനും അമ്മയും എല്ലാരും വീടിനു മുമ്പിൽ ഉണ്ട്. കരോൾ സംഘം പാട്ടു പാടുന്നു.. ഈ സമയത്താണ് മിഠായി വിതരണം.. സിബി കത്തുവെച്ച  മിഠായി പ്രത്യേകം എടുത്തു കൈയ്യിൽ പിടിച്ചു.  ഓരോരുത്തർക്കായി മിഠായി കൊടുക്കാനായിരുന്നു പരിപാടിയെങ്കിലും ലിൻസീടെ അപ്പൻ പണി പറ്റിച്ചു.. സിബീടെ കൈയ്യീന്നു മിഠായി മൊത്തമായി അങ്ങു വാങ്ങി.. വീതം വെച്ചു വന്നപ്പോൾ കത്തുള്ള മിഠായി ലിൻസീടെ അപ്പനു തന്നെ കൃത്യമായി കിട്ടി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
*                        *                                 *                                      *                           *
സണ്ണിക്കുട്ടി പപ്പായായി വേഷം കെട്ടിയ തവണയാണ് അത് സംഭവിച്ചത്. താനാണ് പപ്പാ വേഷം കെട്ടുന്നതെന്ന് നേരത്തെ വീട്ടിൽ അറിയിച്ചിരുന്നതിനാൽ മകന്റെ പെർഫോമൻസ് കാണാൻ വീട്ടുകാരെല്ലാരും റെഡി.. വീട്ടിലെത്തി അപ്പനു അമ്മയ്ക്കും സഹോദരങ്ങൾക്കുമൊക്കെ ഷേക് ഹാന്റ് ഒക്കെ നൽകി സണ്ണിക്കുട്ടി ഫുൾ ഫോമിലാണ്. എല്ലാർക്കും മിഠായി വിതരണം ആണ് അടുത്ത ഐറ്റം. പെങ്ങന്മാർക്കും അമ്മയ്ക്കും ഒക്കെ കൊടുത്ത് അപ്പനു കൊടുക്കാനായി മിഠായി ആണെന്നു കരുതി  പോക്കറ്റിൽ കൈയ്യിട്ട് എടുത്ത് കൊടുത്തത് പൊട്ടിക്കാത്ത ഒരു പാക്കറ്റ് ദിനേശ് ബീഡി.പോരേ പൂരം..
*                        *                                 *                                      *                           *
കാര്യം ക്രിസ്തുമസ് പപ്പായാണെങ്കിലും മനുഷ്യനല്ലേ.. കുറെ നേരം തുള്ളൂമ്പോൾ ആരായാലും മടുക്കും.. അതും നീളൻ കുപ്പായവും മുഖം മൂടിയും വെച്ചാണ് അഭ്യാസം എന്നോർക്കണം. സമയം അർധരാത്രി കഴിഞ്ഞു.. കരോൾ വൻ ആവേശത്തിൽ പുരോമ്മിക്കുന്നുണ്ടെങ്കിലും പപ്പായായി വേഷം കെട്ടിയ ബെന്നി തുള്ളി തളർന്നു.കരോൾ സംഘം കൊട്ടും പാട്ടുമായി അടുത്ത വീട്ടിലേക്ക് നീങ്ങിയ സമയത്ത് കടും കാപ്പീം ബണ്ണൂം കഴിക്കുകയായിരുന്നു ബെന്നി. വിശ്രമം കഴിഞ്ഞപ്പോഴേക്കും കരോൾ സംഘം അടുത്ത് കയറേണ്ട വീടിനടുത്തെത്തി. നേരേ ഉള്ള വഴിയിലൂടെ നടന്ന് അവിടെയെത്താൻ കുറച്ചു സമയം പിടിക്കും.. അതിനാൽ ബെന്നിയും അസിസ്റ്റന്റും കൂടി എളൂപ്പ വഴിയിലൂടെ പോകാൻ തീരുമാനിച്ചു. ചെറിയ നടപ്പു വഴിയേ ഉള്ളൂ.. ഒന്നു രണ്ട് കയ്യാല ചാടിയിറങ്ങുകയും വേണം എങ്കിലും പെട്ടെന്ന് അങ്ങെത്തും. വീടിന്റെ അടുത്തുള്ള കയ്യാലയ്ക്ക് സാമാന്യം ഉയരമുണ്ട്.. കോട്ടും ഒക്കെ ഇട്ട് താഴേക്ക് ചാടുവാൻ പ്രയാസമാണ്. താഴേക്കിറങ്ങാൻ പറ്റിയ സ്ഥലം തിരയുന്നതിനിടയിലാണ് സൈഡിലെ പാറക്കെട്ടു കണ്ടത്. അതിലേക്ക് ചാടിയിറങ്ങിയാൽ പിന്നെ ബാക്കി ഇറങ്ങാൻ എളുപ്പമാണ്. ബെന്നി കുപ്പായം മടക്കിക്കുത്തി പാറയിലേക്ക് എടുത്തു ചാടി.. !!! ബ്ലും!!!..നിലാവെളിച്ചത്തിൽ പാറയാണെന്നു കരുതി ലാന്റ് ചെയ്തത് ചാണക കൂനയിൽ.. നെഞ്ചൊപ്പം ചാണകത്തിൽ കുളിച്ച് ശുദ്ധനായി വന്ന പപ്പായേ  കുപ്പായം സഹിതം അടുത്തുള്ള കുളത്തിൽ മുക്കിപ്പൊക്കി ആ വർഷത്തെ കരോൾ പരിപാടിക്ക് ഞങ്ങൾ മംഗളം പാടി...
"സന്തോഷ സൂചകമായി തന്നതെല്ലാം സ്വീകരിച്ച് ബാലകരാം ഞങ്ങളിതാ പോകുന്നേൻ"

Monday, May 31, 2010

അനാമിക ഉറങ്ങിയുണര്‍ന്നപ്പോള്‍

ഗര ഹ്രുദയത്തിലെ ഭീമന്‍ ഘടികാരത്തിലെ മണി ഉറച്ചുവടോടെ പന്ത്രണ്ട് പ്രാവശ്യം ശബ്ദിച്ച ശേഷം വീണ്ടും ഉറക്കമായി. രാത്രി... ഏറെക്കുറെ വിജനമായ റോഡിലേക്കു നോക്കി അനാമിക ഫ്ലാറ്റിന്റെ ബാല്ക്കണിയില്‍ വെറുതെ നിന്നു..ഉറക്കം തൂങ്ങുന്ന നഗരത്തിന്റെ രാത്രിക്കാഴ്ച്ചകള്‍ അവള്‍ക്കിപ്പോള്‍ ചിരപരിചിതമായിരിക്കുന്നു..  എത്രനാളായി നന്നായി ഒന്നുറങ്ങിയിട്ട് ....മനസ്സു തുറന്ന് ഒന്നു ചിരിച്ചിട്ട്.. ഓര്‍ക്കുംതോറും അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.. ഇന്നും അയാളുടെ ഫോണ്‍ ഉണ്ടായിരുന്നു...  ശരത്തിന്റെ.... നഗരത്തിലേക്ക് വരുന്നെന്ന്.. വന്നിട്ട് നമുക്കൊന്നു കാണണം എന്നുപറഞ്ഞ്  ഫോണ്‍ വെയ്ക്കുന്നതിനു മുന്‍പ് അവനൊന്നു ചിരിച്ചു.. ഈശ്വരാ എന്തു വിധിയാണിത്.. അവള്‍ വിതുമ്പിപ്പോയി..

എന്താ അനു... എന്തുപറ്റീ.. റൂം മേറ്റ് ശാരികയാണ്... നീയെന്താ ഉറങ്ങാതെ മാനം നോക്കി നില്ക്കുന്നത്..

ഒന്നുമില്ല... ശാരു  അനാമിക വേഗം കണ്ണു  തുടച്ചു.. എന്തോ ഉറക്കം വന്നില്ല അതു കൊണ്ട് വെറുതേ...

ഉം.. പെണ്ണുകാണാന്‍ ആരോ വരുന്നുണ്ടെന്നു വീട്ടീന്നു വിളിച്ചു പറഞ്ഞതില്‍ പിന്നെ പെണ്ണിനു ഉറക്കവുമില്ല.. ശാരികയുടെ കളിയാക്കലിനു ചിരി പകരമായി നല്കി അനാമിക കട്ടിലിനരികിലേക്കു നടന്നു..

മനസു ശാന്തമാക്കി ഉറങ്ങാന്‍ ശ്രമിച്ച് അവള്‍ വെറുതെ കട്ടിലില്‍ കമിഴ്ന്നു കിടന്നു.. കണ്ണടയ്ക്കുമ്പോഴൊക്കെ ചെവികളില്‍ ആ ഫോണ്‍കോള്‍ മുഴങ്ങുകയാണ്.. തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ ഫോണ്‍കോള്‍..

ഓഫീസില്‍ നിന്നും കമ്പനി ആവശ്യത്തിനാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ നഗരത്തിലെത്തിയത്..ആദ്യമായൊരു വിദേശ സന്ദര്‍ശനം..അതും ദുബായില്‍ ...  ഒരാഴ്ച  ആ നഗരത്തില്‍ തങ്ങണം.. താമസം കമ്പനിയാണൊരുക്കി തന്നത് നഗരപ്രാന്തത്തിലുള്ള ഒരു വില്ലയില്‍ .. കമ്പനിയുടെ മറ്റു ബ്രാഞ്ചുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചിലരുമുണ്ട്.. എല്ലാവരുമൊരുമിച്ച് പ്രൊജക്റ്റ് ഡിസ്കഷന്‍.. കമ്പനി ഇത്ര വലിയ ഒരു പ്രൊജക്റ്റ് ഏറ്റെടുക്കുന്നത് ആദ്യമായിട്ടാണ്. ആ ടീമിലേക്ക് തന്നെ കൂടി ക്ഷണിച്ചപ്പോള്‍ എന്തെങ്കിലും കാരണം പറഞ്ഞൊഴിയാന്‍ അനാമികയ്ക്ക് തോന്നിയില്ല.

വില്ലയിലെ ജീവനക്കാരിലും മലയാളികള്‍ ധാരാളമുണ്ട്.. . അവിടെ വെച്ചാണ്‍ ശരത്തിനെ പരിചയപ്പെടുന്നത്..  ചെന്നതു മുതല്‍ അനാമികയുടെ വില്ലയുടെ ചുമതല അയാള്‍ക്കായിരുന്നു.. വശ്യമായ പെരുമാറ്റമുള്ള ഒരു ചറുപ്പക്കാരന്‍ .. എന്തു സഹായവും ചെയ്തുനല്കാന്‍ സദാ സന്നദ്ധന്‍.. അവിടുള്ള ദിവസങ്ങളില്‍ ശരത്ത് വലിയൊരു ആശ്വാസമായിരുന്നു.. ഒഴിവുള്ള ഒരു വൈകുന്നേരം നഗരം കാണിക്കുവാന്‍ കൊണ്ടു പോയതും അയാളായിരുന്നു.. തിരിച്ചു പോരാറായപ്പോഴേക്കും ഒരു നല്ല സൌഹൃദ ബന്ധം അയാളുമായി  ഉണ്ടാക്കിയിരുന്നു..

തിരികെ നാട്ടിലെത്തി കുറെ നാള്‍ കഴിഞ്ഞപ്പോഴാണ്‍.. ആ ഫോണ്‍ കോള്‍ ആദ്യമെത്തിയത്.. ശരത്.. അയാളായിരുന്നു വിളിച്ചത്.. മെയില്‍ ഒന്നു ചെക്കു ചെയ്തോളൂ എന്നു പറഞ്ഞ് ഫോണ്‍ വെച്ചു..  മെയില്‍ തുറന്ന അനാമിക ഞെട്ടിത്തരിച്ചു.. വിവിധ തരത്തിലുള്ള തന്റെ നഗ്ന ഫോട്ടോകള്‍.. ചിലവ ഒറിജിനല്‍.. മറ്റുചിലവ എഡിറ്റ് ചെയ്ത് ശരിയാക്കിയത്.... ഫോട്ടോകള്‍  പരിശോധിച്ച അനാമിക ഞെട്ടലോടെ ആ സത്യം മനസ്സിലാക്കി.. അവ ദുബായില്‍ താമസിച്ചിരുന്ന വില്ലയില്‍ വെച്ച് താനറിയാതെ എടുത്തവയാണെന്ന്.

എന്തു ചെയ്യണമെന്നറിയാതെ തരിച്ചിരുന്ന അവളുടെ മൊബൈലിലേക്ക് വീണ്ടും ആ കോള്‍ എത്തി.. ഇത്തവണ ശബ്ദത്തിനു ഭീഷണിയുടേയും പരിഹാസത്തിന്റെയും ചുവയായിരുന്നു..ഒളിക്യാമറവെച്ച് ചിത്രീകരിച്ച അനവധി ചിത്രങ്ങള്‍ ഇനിയും അയാളുടെ  കൈവശം ഉണ്ടെന്നും.. അവ നെറ്റില്‍ അപ് ലോഡ് ചെയ്ത് ലോകം മുഴുക്കെ എത്തിക്കുമെന്നും അല്ലെങ്കില്‍ ഭീമമായ തുക നല്കണമെന്നും  ഭീഷണിപ്പെടുത്തി..

എന്തു ചെയ്യണം എന്നറിയാതെ അനാമിക തരിച്ചിരുന്നു.. പോലീസില്‍ പരാതിപ്പെട്ടാല്‍ ചിത്രങ്ങള്‍ പരസ്യമാക്കും എന്നാണ് അയാള്‍ പറഞ്ഞിരിക്കുന്നത്.. ജീവിക്കണോ.. അതോ മരിക്കണോ.. അവളുടെ ഉറക്കമില്ലാത്ത രാത്രികളുടെ ആരംഭമായിരുന്നു അത്..

പിന്നെ നിരന്തരം ഫോണ്‍കോളുകള്‍.. മറ്റാരോടെങ്കിലും ഇത് പറഞ്ഞാല്‍ ..സംഗതി പുറത്തറിഞ്ഞാല്‍  തന്റെ ഭാവി.. അച്ഛനും അമ്മയും അനിയത്തിയുമടങ്ങുന്ന കുടുംബത്തിന്റെ അവസ്ഥ.. താനെന്താണു ചെയ്യേണ്ടത് എന്ന് അനാമികയ്ക്ക് മനസ്സിലാകുന്നതേ ഉണ്ടായിരുന്നില്ല..

പല പ്രാവശ്യം അവന്‍ പറഞ്ഞ തുക ബാങ്ക്‍ അക്കുണ്ടിലേക്ക് അയച്ചു കൊടുത്തു.. ഇനി ഉപദ്രവിക്കില്ലെന്നും ഇത് അവസാനത്തെ തവണയാണെന്നും ഓരോ പ്രാവശ്യവും പറയും.. എങ്കിലും കൃത്യമായ ഇടവേളകളില്‍ അവളുടെ ഉറക്കമില്ലാത്ത രാത്രികളെ ശബ്ദമുഖരിതമാക്കി ആ ഫോണ്‍കോള്‍ അറബിക്കടലും കടന്നു വന്നു കൊണ്ടേയിരുന്നു..

അവസാനം വിളിച്ചത് ഇന്നലെ രാത്രിയാണ്‍.. ഗള്ഫിലെ ജോലി മതിയാക്കി അയാള്‍ നാട്ടിലേക്ക് മടങ്ങുന്നെന്നും.. നാളെ രാവിലെ എത്തുന്ന ഫ്ലൈറ്റില്‍ നഗരത്തിലെത്തുമെന്നും.. തന്നെ നേരില്‍ കാണണമെന്ന്... 

പണം അതായിരിക്കില്ല ഇപ്രാവശ്യം അവന്റെ ഉദ്ദേശം.. പണം ചോദിച്ചപ്പോഴൊക്കെ താന്‍ കൃത്യമായി അയച്ചു കൊടുത്തിട്ടുണ്ടല്ലോ.. പിന്നെ...???

അനാമിക കട്ടിലില്‍ എഴുന്നേറ്റിരുന്നു.. മൊബൈല്‍ ഫോണില്‍ സമയം നോക്കി.. 2.30.. ഈശ്വരാ.. ഈ രാത്രി പുലരുമ്പോഴാണല്ലോ അയാള്‍ ഈ നഗരത്തിലെത്തുന്നത്.. ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം.. തനിക്ക് ഭ്രാന്തു പിടിക്കുന്നതുപോലെ അനാമികയ്ക്ക് തോന്നി.. തലയ്ക്കു മുകളില്‍ ചെറു ശബ്ദത്തോടെ ഫാന്‍ കറങ്ങുന്നുണ്ട്.. അവള്‍ അതിലേക്കു നോക്കി.. ഒരു നിമിഷം .. അതു മതി.. ഈ ജീവിതം അതില്‍ തൂങ്ങിയാടാന്‍.. അല്ലെങ്കില്‍ ഒരു കഷണം ബ്ലേഡ് .. അത് രക്ത ധമനികളെ സ്വതന്ത്രമാക്കുന്ന ചില നിമിഷങ്ങള്‍.. അനാമിക അതു തീര്‍ച്ചപ്പെടുത്തി..  വീട് കുടുംബം.. അവള്‍ മറ്റൊന്നും ആലോചിച്ചില്ല.. വയ്യ ഇനിയും തനിക്കീ ഭാരം താങ്ങാന്‍ വയ്യ.. നാളെ അവന്‍ വന്നാല്‍ .. അവന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നാല്‍.. ഇല്ല അതിനു തന്നെ കിട്ടില്ല.. അങ്ങിനെ ഒരു ജീവിതം തനിക്കു വേണ്ട.... വല്ലാത്തൊരു നിശ്ചയദാര്‍ഢ്യത്തോടെ അവള്‍ എഴുന്നേറ്റു.. ബെഡ് ടേബിള്‍ വലിപ്പില്‍ നിന്നും ബ്ലേഡ് എടുത്ത് കുളിമുറിക്കരികിലേക്കു നടന്നു..

അനൂ.. നീയിതു വരെ ഉറങ്ങിയില്ലേ... ശബ്ദം കേട്ട് അനാമിക തരിച്ചു നിന്നു.. ശാരിക..

ഇല്ല... ഞാന്‍..... ബാത്ത് റൂമില്‍...  വിറയലോടെ അവള്‍ പറഞ്ഞു..

പിന്നെ..... നേരം വെളുക്കാറായി.. നീയിത് എന്തെടുക്കുവാ.... വന്നേ...വന്നു കിടന്നേ.. ദേ എനിക്കൊന്നു ബാത്ത്റൂമില്‍ പോണം. അതിന്റകത്തു നിന്നും  പെട്ടെന്നിറങ്ങിക്കോണം... ശാരിക ബെഡ്ഡില്‍ എഴുന്നേറ്റിരുന്നു ..

ബാത്ത് റൂമിലെകണ്ണാടിയില്‍ തന്നെ തന്നെ നോക്കി അവള്‍ കുറച്ചു നേരം നിന്നു.. പിന്നെ വാഷ്ബേസിനില്‍ നിന്നും വെള്ളം കൈക്കുമ്പിളിലെടുത്ത് മുഖത്തേയ്ക്ക്  കുറെ കോരിയൊഴിച്ചു..  കൈയ്യിലിരുന്ന ബ്ലേഡ്  ജനല്‍ പടിയില്‍ വെച്ച് അനാമിക തിരിച്ചു മുറിയിലേക്കു നടന്നു..

എന്തോ... അവള്‍ക്ക് വല്ലാത്തൊരു നിര്‍വികാരത തോന്നി.. ശാരിക എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.. എല്ലാത്തിനും എന്തൊക്കെയോ ഉത്തരം യാന്ത്രികമായി നല്കി അവള്‍ കട്ടിലിലേക്കു വീണു..  മുഖം തലയിണയിലമര്‍ത്തി കുറെ നേരം വെറുതെ കിടന്നു.. അവളുടെ മനസ്സ് അപ്പോള്‍ ശൂന്യമായിരുന്നു....

അനൂ.. അനൂ... ശാരികയുടെ വിളി കേട്ടാണ് അവള്‍ ഉണര്‍ന്നത്.. നേരം പുലര്‍ന്നിരിക്കുന്നു.. ജനാലയിലെ വിടവിലൂടെ പ്രഭാതസൂര്യന്റെ ഇളം മഞ്ഞരശ്മികള്‍ ഭിത്തികളില്‍ നിഴല്‍ ചിത്രങ്ങള്‍ വരയ്ക്കുവാന്‍ തുടങ്ങിയിരിക്കുന്നു.. അനാമിക മെല്ലെ എഴുന്നേറ്റിരുന്നു.. ജീവിതത്തിലെ നിര്ണ്ണായകമായ ഒരു ദിവസം.. 

ദാ നിനക്ക് ചായ..  കൈയില്‍ ചായയുമായി ശാരിക,,

അല്ല നിനക്കെന്തു പറ്റി അനൂ.. കുറെ ദിവസങ്ങളായി ഞാന്‍ ശ്രദ്ധിക്കുന്നു.. ആകെയൊരു മൂഡൌട്ട്.. രാത്രിയില്‍ ഉറക്കമില്ല .. എന്തായിങ്ങനെ.. പെണ്ണു വല്ല പ്രേമത്തിലും കുടുങ്ങിയോ..

പോ ശാരൂ.. അവളുടെ കൈയ്യില്‍ ചെറുതായൊരു നുള്ളു കൊടുത്ത് അനാമിക എഴുന്നേറ്റു.. ഇന്ന് 11 മണി ഷിഫ്റ്റാണ് അതിനാല്‍ രാവിലെ സമയമുണ്ട്.  ടി ‌വി റിമോട്ടും കൈയ്യിലെടുത്ത് അവള്‍ സെറ്റിയിലേക്കിരുന്നു..

വിമാനാപകടം 150 പേര്‍ മരിച്ചു.. ചാനലിലെ ബ്രേക്കിംഗ് ന്യൂസ്  ഞെട്ടലോടെ വായിക്കുമ്പോള്‍ താഴെ നിരത്തിലൂടെ ആംബുലന്സുകള്‍ ചീറിപ്പയുന്ന ശബ്ദം.. നഗത്തിലെ എയര്‍പോര്‍ട്ടിലാണ് വിമാനാപകടം.. ലാന്റ് ചെയ്യാന്‍ ശ്രമിക്കവേ റണ്‍വേയില്‍ നിന്നും തെന്നിമാറി അപകടം ഉണ്ടാകുകയായിരുന്നു.. . ദുബായില്‍ നിന്നും നഗരത്തിലേക്ക് വന്ന വിമാനമായിരുന്നു അതെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ അനാമികയുടെ മനസ്സിലുണ്ടായ വികാരമെന്തായിരുന്നു..  മരിച്ച യാത്രക്കാരില്‍ മലയാളികളും..  മലപ്പുറം സ്വദേശി  രാജു ,കോഴിക്കോട് സ്വദേശി ശരത് കുമാര്‍.. കണ്ണൂര്‍ സ്വദേശി.......  അനാമിക അവിശ്വസനീയതയോടെ ആ വാര്ത്ത കേട്ടിരുന്നു.. ശരത്കുമാര്‍.. അയാള്‍ വന്നിറങ്ങിയ വിമാനമായിരുന്നോ അത്....ദൈവമേ...

പിറ്റേന്നിറങ്ങിയ പത്രങ്ങളുടെ മുന്‍പേജില്‍ ശരത്കുമാറിന്റെ വര്ണ്ണ ചിത്രം ..മൃതദേഹത്തിനു മുന്നില്‍ അലമുറയിടുന്ന അവന്റെ ഭാര്യയുടെയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടേയും ചിത്രം.. ആ നിര്‍ദ്ധന കുടുംബത്തിന്റെ ഏകാശ്രയമായിരുന്നു ശരത്..

അനാമിക നിര്‍വികാരതയോടെ ആ വാര്ത്ത വായിച്ചു.. ഈശ്വരാ ...സ്വയം മരിക്കാന്‍ തീരുമാനിച്ചപ്പോഴും ഇയാള്‍ക്കൊരാപത്ത് വരുത്തണേ എന്നു ഒരു വട്ടം പോലും താന്‍ ആഗ്രഹിച്ചില്ലല്ലോ.. ഒരു നെടുവീര്‍പ്പോടെ അവളോര്ത്തു..

വൈകിട്ട് കൃഷ്ണക്ഷേത്രത്തില്‍ പോയി നിറകണ്ണുകളോടെ തൊഴുതു നില്ക്കുമ്പോള്‍ മനസ്സില്‍ തുളുമ്പിയ വികാരത്തെ എന്തു പേരിട്ട് വിളിക്കണം എന്നവള്‍ക്കറിയില്ലായിരുന്നു...

അന്നു രാത്രി.. നഗരം ഉറങ്ങാനായി കണ്ണടയ്ക്കും മുന്‍പേ.. നാഴിക മണിമുഴക്കം  ഉച്ചസ്ഥായിയിലെത്തും  മുന്‍പേ.. പതിവിലും നേരത്തെ ഉറക്കം അനാമികയ്ക്കു കൂട്ടായെത്തി....

Sunday, April 11, 2010

അടുത്ത ബെല്ലിനു നാടകം ആരംഭിക്കും

അടുത്ത ബെല്ലിന് നാടകം ആരംഭിക്കും. അതിനു മുമ്പേ ഈ വേദിയിലേക്ക് കടനു വരുന്ന എല്ലാ വെളിച്ചവും  അണച്ച് ഞങ്ങളോട് സഹകരിക്കണം എന്ന് വിനീതമായി അഭ്യര്ത്ഥിക്കുന്നു.
ഡയലോഗ് കേട്ടതും  അടുക്കളയിലെ ലൈറ്റും ഓഫ് ചെയ്ത് കുട്ടപ്പന്‍ ചേട്ടന്‍ വീടിന്റെ മുറ്റത്തേക്കിറങ്ങി. അകത്തു ചോറും മോരുകറീം ബീഫ് ഉലര്ത്തിയതും കൂട്ടിക്കുഴച്ച് തട്ടിക്കോണ്ടിരുന്ന ഞങ്ങളെയാരെയും ആ ലൈറ്റ് ഓഫാക്കല്‍ ബാധിച്ചതേയില്ല. വായിലേക്കുള്ള വഴി എതു പാതിരാത്രിയിലും  കൃത്യമായറിയാവുന്നവരും നിത്യാഭ്യാസം വഴി കൂറ്റാക്കുറ്റിരുട്ടില്‍ പോലും ചോറുകലം കറിക്കലം എന്നിവയും ഞങ്ങളും തമ്മിലുള്ള അകലം, തവി ഇരിക്കുന്ന ദിശ എന്നിവയൊക്കെ മനസിലാക്കാനുള്ള കഴിവും സമ്പാദിച്ചു കഴിഞ്ഞിരുന്നതിനാല്‍  ബീഫ് ഉലര്ത്തിയ പാത്രം കാലിയാകുന്നതിനെ വെളിച്ചക്കുറവൊന്നും ബാധിച്ചതേയില്ല.

ഡാ കുഞ്ഞുമോനേ പൂയ്.. ഡാ ഔവ്വേ ആ അടുക്കളപ്പുറത്തെ ലൈറ്റ് ഒന്നു നിര്ത്തെടാ സ്റ്റേജിലേക്ക് വെളിച്ചം വരുന്നു.. കുട്ടപ്പന്‍ ചേട്ടന്‍ അയലത്തെ വീട്ടിലെ കുഞ്ഞുമോന്‍ ചേട്ടനോട് വിളിച്ചു പറഞ്ഞു.

ദാ,, നിര്ത്തി.. കുട്ടപ്പാ.. ഞാനങ്ങോട്ടിറങ്ങുവാ .. കുഞ്ഞു മോന്‍ ചേട്ടന്റെ മറുപടി...

അങ്ങിനെ വെളിച്ചങ്ങളെല്ലാം അണഞ്ഞു അടുത്ത ബെല്ലടിച്ചു.. നാടകം ആരംഭിച്ചു... ചോറുകലത്തീന്നുള്ള പിടി വിട്ട് ഞങ്ങളെല്ലാം കുട്ടപ്പന്‍ ചേട്ടന്റെ വീട്ടു മുറ്റത്ത് പടഞ്ഞിരുന്നു..

കുരുവിക്കൂട്ടിലെ ആദ്യ പ്രൊഫഷണല്‍ നാടകട്രൂപ്പിന്റെ റിഹേഴ്സല്‍ ക്യാമ്പാണ് രംഗം. കോട്ടയം രംഗധാര അവതരിപ്പിക്കുന്ന മഹത്തായ ഒന്നാമത് നാടകം "വീടിന്റെ പൊന്‍ വിളക്ക്."അതിന്റെ പണിപ്പുരയിലാണ് ഞങ്ങളുള്ളത്. റിഹേഴ്സല്‍ ക്യാമ്പ് തുടങ്ങിയപ്പോള്‍ മുതല്‍ ഞങ്ങളുടെ വൈകുന്നേരങ്ങള്‍ നാടക പ്രവര്ത്തനത്തിനു സമര്‍പ്പിച്ചിരിക്കുകയാണ്‍.  സെറ്റ് കെട്ടാന്‍ സഹായിക്കുക, ക്യാമ്പിലേക്കുള്ള ഭക്ഷണം തയ്യാറാക്കല്‍,  അതു വെട്ടിവിഴുങ്ങല്‍ തുടങ്ങി നടന്മാര്‍ക്ക് ഡയലോഗ് പറഞ്ഞു കൊടുത്ത് സഹായിക്കുക വരെയുള്ള പരിപാടികളുമായി ഞങ്ങളുടെ രാത്രികള്‍ തിരക്കു പിടിച്ചതായി. വല്യ പ്രൊഫഷണല്‍ നാടക ട്രൂപ്പെന്നൊക്കെ പറയാമെങ്കിലും നാട്ടിലെ പ്രമുഖ താരങ്ങള്‍ തന്നെയാണ് പ്രധാനമായും  അരങ്ങിലും അണിയറയിലുമുള്ളത്. നാട്ടിലെ പ്രമുഖ അഭിനേതാവും കട്ടയും സുന്ദരനും സുമുഖനും സര്‍വോപരി  കുരുവിക്കൂടിന്റെ ആസ്ഥാന കള്ളുചെത്തുകാരനുമായ ബിനോയിയാണ് പ്രധാന നടനും സംഘാടകനും. എട്ടാം ക്ലാസില്‍ വെച്ച് സ്കൂള്‍ പഠനം നിര്ത്തി പിന്നെ പനമുകളില്‍ ഉപരിപഠനത്തിനു പോയെങ്കിലും താനൊരു കോളെജ് കുമാരനായി ബുള്ളറ്റില്‍ വിലസുന്നത് ബിനോയി  സ്വപ്നം കണ്ടു നടന്നു.   ബുള്ളറ്റ് ഒരെണ്ണം സ്വന്തമാക്കിയെങ്കിലും അതില്‍ കയറി കള്ളിമുണ്ടും മടക്കിക്കുത്തി അരയില്‍ ചെത്തുകത്തീം വെച്ച് ചെത്താന്‍ പോകാനല്ലാതെ മറ്റൊന്നിനും കഴിയാതെ ബിനോയിയിലെ കോളെജ് കുമാരന്‍ നെടുവീര്‍പ്പിട്ടു. പാന്റും ഷര്‍ട്ടുമിട്ട് ഇംഗ്ലീഷില്‍ ചറപറാന്നു വാചകമടിച്ച് പെണ്‍പിള്ളേരുടെ മുമ്പില്‍ ഞെളിഞ്ഞു നടക്കാന്‍ കഴിയാത്തതില്‍ പനയ്ക്കു മുകളിലിരുന്ന് കണ്ണീര്‍ വാര്ത്തു.

ടി വീ സീരിയലുകളൂം  ആല്ബങ്ങളുമൊന്നും ഇന്നത്തേ പോലെ സജീവമല്ലാത്ത ആ കാലത്ത് അഭിനയമോഹം മൂത്ത് തലയ്ക്ക് പിടിച്ചവര്‍ക്കുള്ള ഏക ആശ്വാസമായിരുന്നു നാടകം. ബിനോയിയും ആ വഴിക്കു തന്നെ പോയി. നാടകപ്രാന്ത് മൂത്ത ചിലസുഹൃത്തുക്കളെയൊക്കെ ഒരുമിച്ചു കൂട്ടി അങ്ങിനെ ഉണ്ടാക്കിയെടുത്തതാണ് കുരുവിക്കൂട്ടെന്ന ഈ കൊച്ചു ഗ്രാമത്തില്‍ ആരംഭിച്ച കോട്ടയം ഭാഗ്യരേഖയെന്ന  ഈ നാടക ട്രൂപ്പ്

റിഹേഴ്സല്‍ തുടരുകയാണ്. കഥയൊക്കെ അക്കാലത്തെ സ്ഥിരം ഫോര്മുല അനുസരിച്ചു തന്നെ. നശിച്ചു പണ്ടാരടങ്ങാറായ തറവാട്. നടുവ് സ്ഥിരമായി തൊണ്ണൂറൂ ഡിഗ്രീ ആങ്കിളില്‍ വളഞ്ഞ് പഴയ ലാംബി സ്കൂട്ടറ് പോലെ രണ്ടു ഡയലോഗ് പറയുന്നതിനിടയില്‍ നാലു പ്രാവശ്യം ചുമച്ച് കരിയും പുകയും പുറത്തു വരുന്ന ഇനം തറവാട് കാരണവര്‍ ഒന്ന് , അവിടെ എട്ടും പൊട്ടും തിരിയാത്ത എന്നാല്‍ മറ്റെല്ലാം തികഞ്ഞ തൊട്ടാല്‍ പൊട്ടുന്ന പരുവത്തിലുള്ള പതിന്നേഴുകാരി.. തറവാട്ടിലെ പറമ്പില്‍ പണിക്കുവന്നിരുന്ന അടിയാളന്റെ മകനുമായി ലവള്‍ക്കു മുടിഞ്ഞപ്രേമം. ഫുള്‍ടൈം അടിച്ചു വീലായി നടക്കുന്ന പെണ്ണിന്റെ ആങ്ങള വില്ലന്‍. അങ്ങിനെ നാടകം കൊഴുപ്പിക്കാന്‍ എല്ലാരും ഉണ്ട്..

അടിയാളന്റെ മോന്‍ നായികയെ പ്രേമിക്കുന്ന ചുള്ളന്റെ റോളാണ് ബിനോയിക്ക്.. ബാംഗ്ളൂരില്‍ പോയി ഡോക്ടര്‍ പഠനം കഴിഞ്ഞു വരുന്ന നായകന്‍ സുധീഷ്..
 ചിരകാലഭിലാഷമായ പാന്റ്, ഷര്‍ട്ട്, ഷൂസ് തുടങ്ങിയവ് കൂടാതെ വെള്ളക്കോട്ടും സ്റ്റെതസ്ക്കോപ്പും സ്വന്തമായുള്ള ഡോക്ടര്‍.. ബിനോയി അതീവ സന്തോഷത്തിലാണ്‍...നാടക റിഹേഴ്സലിനായി വൈകിട്ട് വീട്ടില്‍ നിന്നും വരുന്നതു തന്നെ പകുതി ഡൊക്ടറായിട്ടാണ്‍. .. ഇനി ചെത്തുകത്തിക്കു പകരം സ്റ്റെതസ്കോപ്പുകൊണ്ട് പനയില്‍ കയറുമോ എന്ന സംശയത്തിലായി ഞങ്ങള്‍

റിഹേഴ്സലിന്റെ ഒരു രംഗം.
തന്റെ ക്ലിനിക്കിലേക്കു വരുന്ന സ്ഥലം എസ് ഐയെ ഡോക്ടര്‍ സ്വീകരിക്കുന്നതാണ് രംഗം..
അകത്തേക്ക് കടന്നു വരുന്ന എസ് ഐയെ നോക്കി ഡോക്ടര്‍ ഹലോ ഹൌ ഡു യു ഡു എന്നു ചോദിക്കുന്നു..കൈ കൊടുക്കുന്നു
എസ് ഐ യുടെ വരവും കൈ കൊടുക്കലും  എല്ലാം സ്റ്റൈല്‍ ആയി നടന്നു.. പക്ഷെ ആ  ഹൌ ഡു യു ഡു  മാത്രമങ്ങ് ശരിയാകുന്നില്ല.. എത്ര പറഞ്ഞിട്ടും ഒ ഹലോ "അവിടെയിടൂ" എന്നേ അങ്ങു വരുന്നുള്ളൂ..

"അവിടെയിടൂ"വിന്റെ പ്രശ്നത്തില്‍ തട്ടി റിഹേഴ്സല്‍ കുറച്ചുനേരം മുടങ്ങി.. പിന്നെ സംവിധായകനും നാടകകൃത്തും തലപുകഞ്ഞാലോചിച്ച് ഹൌ ഡു യു ഡു വിനെ "ഹൌ അര്‍ യു" ആക്കി പ്രശ്നം പരിഹരിച്ചു...സ്കൂളില്‍ പഠിച്ചപ്പോള്‍ എത് ചോദ്യം ചോദിച്ചാലും "അറിയൂല്ല" എന്നു പറഞ്ഞു ശീലിച്ചതുകൊണ്ടാണോ എന്തോ  "ഹൌ ആര്‍ യു" ബിനോയിക്ക് അത്ര പ്രശ്നമായി തോന്നിയിയില്ല.

അങ്ങിനെ നാടക റിഹേഴ്സല്‍ കൊഴുത്തു.. ദിവസവും ചിക്കനും പോത്തും പോര്‍ക്കുമൊക്കെയടിച്ച് ഞങ്ങളും ..  കാര്ന്നോരായി അഭിനയിക്കുന്ന മുണ്ടാങ്കലെ ജോസുചേട്ടന്‍  വില്ലന്‍ സജിമോനെ തല്ലുന്ന സീനില്‍ അടി കൃത്യം കരണത്തു തന്നെ കൊണ്ടത് ക്രമസമാധാന പ്രശ്നമായി രണ്ടു ദിവസം നാടകം മുടങ്ങിയതൊഴിച്ചാല്‍ കാര്യങ്ങളെല്ലാം ഉഷാറായി നടന്നു വന്നു... മധുരപ്പതിനേഴുകാരിയായി അഭിനയിക്കുന്ന മുപ്പത്തഞ്ച് വയസ്സുള്ള തൊടുപുഴ നളിനി എന്ന നാടകനടി നാട്ടിലെ ഐശ്വര്യ  റായിയായി തിളങ്ങി.. റിഹേഴ്സല്‍ കാണാന്‍ വരുമ്പോള്‍ പരിപ്പുവടയും  പഴംപൊരിയും നളിനിക്കു കൊടുക്കാന്‍ നാട്ടിലെ നാടകാസ്വാദകര്‍ മല്സരിച്ചു..

അങ്ങിനെ നാടകം സ്റ്റേജില്‍ ആദ്യമായവതരിപ്പിക്കുന്ന ദിവസം അടുത്തു വന്നു.. പൈക സെന്റ് മേരീസ് സ്കൂളിന്റെ ഓഡിറ്റോറിയത്തിലാണ് ആദ്യാവതരണം.. തലേന്നു തന്നെ ഞങ്ങള്‍ ഓഡിറ്റോറിയം കൈയ്യടക്കി. സെറ്റ്കെട്ടല്‍.. കസേര നിരത്തല്‍ ടിക്കറ്റ് കൌണ്ടര്‍ നിര്മ്മാണം അങ്ങിനെ ആകെ തിരക്ക്.

പിറ്റേന്ന് വൈകിട്ട് 7.30 നു തന്നെ നാടകം ഉല്ഘാടന പരിപാടി ആരംഭിച്ചു. ചെറിയൊരു ചടങ്ങ് അതിനുശേഷം നാടകം..

അടുത്ത ബെല്ലിനു നാടകം ആരംഭിക്കും .. അതിനു മുമ്പായി സ്റ്റേജിലേക്ക് കടന്നു വരുന്ന വെളിച്ചങ്ങളെല്ലാം ഓഫ് ചെയ്ത് ഞങ്ങളോട് സഹകരിക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു.
അനൌണ്സ്മെന്റ് നടത്താന്‍ ചുമതലയുള്ള ജോസേട്ടന്‍ പഠിച്ചതു പോലെ തന്നെ പറഞ്ഞു..

പക്ഷേ ഇത് സ്വന്തം പരിപാടിയാണെന്നും .. ഓഡിറ്റോറിയത്തിനകത്തെ ലൈറ്റ് സ്വയം ഓഫ് ചെയ്താല്‍ മതിയെന്നും ജോസേട്ടന്‍ ഓര്ത്തില്ല..

നീയൊക്കെ ലൈറ്റ് കത്തിച്ചിട്ടേച്ചും ഞങ്ങളോട് ഓഫ് ചെയ്യാന്‍ പറയുന്നോടാ.. സദസ്സില്‍ നിന്നും ആദ്യപ്രതികരണം.. ജോസേട്ടന്‍ ഒന്നു ചമ്മി..
ഒരു ബീഡി കത്തിച്ചിട്ടുണ്ട് അതേന്നുള്ള വെളിച്ചം പ്രശ്നമാകുമോ ചേട്ടാ .. വേറൊരുത്തന്‍..
 
അല്ലെങ്കിലും നാട്ടിലെ കുറച്ചവന്മാര്‍ക്ക് ലേശം അസൂയയില്ലാതില്ല... നാടകം ഒന്നു കഴിയട്ടെ.. അവന്റെയൊക്കെ ബീഡി ഞാന്‍ കത്തിച്ചു കൊടുക്കുന്നുണ്ട്.. ബിനോയി ദേഷ്യം കടിച്ചമര്ത്തി...

 അവതരണ ഗാനത്തോടെ നാടകം ആരംഭിച്ചു..

അദ്യ രംഗങ്ങള്‍ നന്നായി..കാണികളൊക്കെ ശ്രദ്ധയോടെ നാടകം കാണുന്നുണ്ട്.. അങ്ങിനെ പുരോഗമിച്ചു വരികയാണ്‍.. ഡോക്ടര്‍ പഠനം കഴിഞ്ഞു തിരിച്ചു വരുന്ന സുധീഷ് എന്ന ബിനോയി തറവാട്ടിലെ കാരണവരെ കാണുവാന്‍ വരുന്ന രംഗമാണ് അടുത്തത്..

പുലര്‍കാലം.. രാവിലെ അമ്പലത്തില്‍ പോയിട്ടു വരുന്ന നായിക.. അച്ഛനുമായി സംസാരിച്ചു നില്ക്കുമ്പോള്‍ ഡോക്ടര്‍ കടന്നു വരുന്നു. നായികയുടെ മുഖം നാണം കൊണ്ടു തുടുക്കുന്നു..

ആഹ്.. സുഭദ്രയോ..ഇന്നു തയ്യലു പഠിക്കാന്‍ പോയില്ലേ.. ഡോക്ടറുടെ ചോദ്യത്തിനു.. ഇല്ല എന്നു പറഞ്ഞ് അവള്‍ അച്ഛനു പുറകിലേക്കു മാറി നില്ക്കുന്നു..

ആ മോനെ നീ ഡോക്കിട്ടര്‍ പഠിത്തം കഴിഞ്ഞെത്തിയോ..  എന്നു കാരണവര്‍..

മോളേ സുധീഷിന് ചായകൊടുക്ക്.. എന്നു അടുത്ത ഡയലോഗ് .. ചായയെടുക്കാനായി അകത്തേക്കു പോയ സുഭദ്രയെന്ന തൊടുപുഴ നളിനി അണിയറയിലെത്തിയപ്പോഴാണ് പ്രശ്നമായത്.. സ്റ്റേജില്‍  ചായ കൊണ്ടു കൊടുക്കേണ്ട കപ്പ് അവിടെയെവിടെയും കാണുന്നില്ല.. ആകെ വെപ്രാളമായി..രണ്ട് ഡയലോഗ് പറഞ്ഞു തീരുമ്പോഴേക്കും ചായയുമായി സ്റ്റേജില്‍ എത്തണം. അച്ഛാ ചായപ്പൊടി തീര്ന്നുപോയി എന്ന്  ഡയലോഗ് പറഞ്ഞാലോ എന്നു വരെ ആലോചിച്ചു.. ഒടുവില്‍ സ്കൂളില്‍ പിള്ളേര്‍ വെള്ളം കുടിക്കാന്‍ വെച്ചിരുന്ന വക്കു ചളുങ്ങിയ അലൂമിനിയം ഗ്ലാസ് ആരോ എടുത്തു കൊണ്ടു വന്നു പ്രശ്നം പരിഹരിച്ചു.. ഗ്ലാസില്‍ ചായയൊന്നും വേണമെന്നില്ലല്ലോ.. ഒക്കെ അഭിനയമല്ലേ..

ചായ ഗ്ലാസുമായി  നളിനി സ്റ്റേജിലേക്ക് വന്നു.. കപ്പും സോസറും പ്രതീക്ഷിച്ചു നിന്ന ബിനോയി വക്കു ചളുങ്ങിയ പൊട്ടഗ്ലാസ് കണ്ട് അന്തം വിട്ടു സ്റ്റേജിനു സൈഡില്‍ കര്‍ട്ടനു പുറകില്‍ നില്ക്കുന്ന സംവിധായകനെ  നോക്കി.. ഗ്ലാസ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാന്‍ ആംഗ്യരൂപത്തില്‍ സന്ദേശം പോയി. ഗ്ലാസിന്റെ കാര്യത്തില്‍ ആകെയുണ്ടായ പരിഭ്രമത്തില്‍ നിന്നാണോ എന്തോ.. നളിനി ബിനോയിയുടെ കൈയ്യിലേക്കു കൊടുത്ത ഗ്ലാസ് പിടിവിട്ട് ദോ കിടക്കുന്നു സ്റ്റേജിന്റെ ഒത്ത നടുക്ക്.. ചായ പോയിട്ട് ചായപ്പൊടി പോലും ഇല്ലാത്ത വക്കുചളുങ്ങിയ ഗ്ലാസ് വല്ലാത്തൊരു ശബ്ദത്തോടെ താഴെ വീണുരുണ്ട് ഒരു മൂലയില്‍  വിശ്രമിച്ചു.. കാണികളുടെ  തൊണ്ടയ്ക്ക് ആ സമയത്ത് വിശ്രമം നഷ്ടപ്പെട്ടു... കയ്യില്‍ വന്ന സിമ്പിള്‍ ക്യാച്ച് മിസ്സാക്കിയ വീരേന്ദര്‍ സേവാഗിനെപ്പോലെ ബിനോയി ഒരു വളിച്ച ചിരി ചിരിച്ചു. എന്നിട്ട് താഴെ വീണ ഗ്ലാസ് എടുത്ത് സ്റ്റേജിലെ ടീപ്പൊയില്‍ വെച്ച് അടുത്ത ഡയലോഗിലേക്കു കടന്നു..

ആ രംഗം കഴിഞ്ഞു..

അടുത്ത രംഗം   സ്റ്റേജ് സെറ്റിംഗ്സ് മാറുകയാണ് ഇതു വരെ കാരണവരുടെ വീടായിരുന്ന സ്റ്റേജ് അടുത്ത രംഗത്തില്‍ ഡോക്ടറുടെ ക്ലിനിക്കായി രൂപം മാറും.  സ്റ്റേജിലെ വിളക്കുകള്‍  അണഞ്ഞു തെളിഞ്ഞു.. ഡോകടര്‍ സുധീഷ് തന്റെ ഇരിപ്പിടത്തിലിരുന്ന് എന്തോ വായിക്കുകയാണ്‍.. മുമ്പിലെ മേശയില്‍ സ്റ്റെതസ്കോപ്പ്, തുടങ്ങിയ ആയുധങ്ങള്‍ നിരത്തിവെച്ചിരിക്കുന്നു..

ഡാ.. ആരാടാ ഈ വക്കുപൊട്ടിയ ചായഗ്ലാസ് ഈ ആശുപത്രീല്‍ കൊണ്ടുവന്നു വെച്ചത്..

സദസ്സിന്റെ പുറകില്‍ നിന്നൊരു സഹൃദയന്‍ വിളിച്ചു ചോദിച്ചു.. എല്ലാവരും സ്റ്റേജിലേക്കു നോക്കി.. ശരിയാണ്‍.. സുഭദ്ര സുധീഷിനു കൊടുത്ത് നിലത്തുരുണ്ട ചായ ഗ്ലാസ് അതാ അതേ ടീപ്പോയില്‍ സ്റ്റേജിന്റെ നടുക്ക് വിശ്രമിക്കുന്നു.. രംഗ സംവിധാനം ഒരുക്കിയവന്‍  രംഗം മാറി പുതിയത് വന്നപ്പോള്‍ ടീപ്പോയിയും ഗ്ലാസും എടുത്തുമാറ്റാന്‍ മറന്നുപോയി..
 വീണ്ടും നീണ്ട കൂവല്‍.. ആരു കൂടോത്രം ചെയ്തു വെച്ച ഗ്ലാസാണോ ആവോ..

നാടകത്തില്‍ സാജുവിനും ഒരു ചെറിയ റോളുണ്ട്.. അസുഖം വര്‍ദ്ധിച്ച കാര്ന്നോരെ ആശുപത്രീല്‍ കൊണ്ടു പോകുന്ന കാറിന്റെ ഡ്രൈവറായിട്ട്.  കാറു വന്നു നില്ക്കുന്ന ശബ്ദം മൈക്കിലൂടെ കേട്ടാലുടന്‍  ഡ്രൈവറായി സ്റ്റേജില്‍ കയറി  "സാറേ കാറു വന്നിട്ടുണ്ട് "എന്നു പറയുക. കാരണവരെ തോളില്‍ താങ്ങി കൊണ്ടുപോകുക.. അത്രയേ ഉള്ളൂ..  നാടകം  അവസാന ഭാഗത്തോടടുക്കുമ്പോഴാണ് സീന്‍ . സാജു  മേക്കപ്പൊക്കെയിട്ട്  സ്റ്റേജിന്റെ സൈഡില്‍ നാടകം തുടങ്ങിയപ്പോഴേ തയ്യാറായിരിക്കുകയാണ്‍..

നാടകം അവസാനത്തോടടുക്കുകയാണ് അസുഖ ബാധിതനായ കാരണവരെ ആശുപത്രിയില്‍ കോണ്ടുപോകാന്‍ മകള്‍ വണ്ടിക്കായി കരഞ്ഞു കൊണ്ട് കാത്തിരിക്കുന്നു.. സ്റ്റേജിലെ ചാരുകസേരയില്‍ കാരണവര്‍ ചുമച്ചും നെഞ്ചു തിരുമ്മിയുമൊക്കെ അഭിനയിച്ചു തകര്‍ക്കുന്നു.. പുറത്ത് കാറു വന്നു നിന്ന ശബ്ദം മൈക്കിലൂടെ ഒഴുകി വന്നു..
മോളെ.. വണ്ടി വന്നുവെന്നു തോന്നുന്നു.. കാരണവര്‍  ഡയലോഗ് പറഞ്ഞു കഴിഞ്ഞു..
ഇനി സാജുവിന്റെ ഊഴമാണ്‍..  കാര്‍ ഡ്രൈവറെ കാണുന്നില്ല.. സാജു വന്നിട്ടു വേണം അടുത്ത ഡയലോഗ് പറയാന്‍.. കാരണവരും മകളും  കുറച്ചു സമയം കാത്തിരുന്നു..  മകള്‍ റിഹേഴ്സലില്‍ ചെയ്തതിലും രണ്ടുമൂന്നു പ്രാവശ്യം പ്രാവശ്യം കൂട്ടി ഏങ്ങലടിച്ചു കരഞ്ഞു  നോക്കി.. എവിടെ സാജുവിന്റെ പൊടിപോലുമില്ല .. അത്രനേരം സ്റ്റേജിന്റെ സൈഡിലിരുന്ന സാജു ഇതെവിടെപ്പോയി.. ഞങ്ങള്‍ നാലുചുറ്റും നോക്കി... അവനെ അവിടെങ്ങും കാണുന്നേയില്ല..

സ്റ്റേജില്‍ എന്തോ പന്തികേട് കാണികള്‍ക്ക് മണത്തുതുടങ്ങി..

മോളെ... തന്തപ്പടിയെ പൊക്കിയെടുത്ത് ആശുപത്രീലാക്ക് അല്ലേല്‍ ആള്‍ തട്ടിപോകുമേ..
സദസ്സില്‍ നിന്നും കമന്റ്..

മോള്‍ വെഷമിക്കണ്ട അങ്ങേര്‍ പോയാലും നിന്നെ ഞാന്‍ പൊന്നു പോലെ നോക്കിക്കൊള്ളാം..
വേറൊരുത്തന്‍..
സംഗതി വീണ്ടും കൈയ്യീന്നു പോകുകയാണെന്നു സംവിധായകനു മനസ്സിലായി.. ഡ്രൈവര്‍ വേണ്ട .. മകളു തന്നെ കാരണവരെ പൊക്കിയെടുത്ത് കാറിന്റരികിലേക്ക് കൊണ്ടു പോകാന്‍ വീണ്ടും അടിയന്തിര സന്ദേശം പോയി..

അച്ഛാ എഴുന്നേല്ക്കൂ.. നമുക്ക് ആശുപത്രീ പോകാം..നളിനി അവസരത്തിനൊത്തുയര്ന്നു..
മകളുടെ കയ്യില്‍ പിടിച്ചെഴുന്നേറ്റ് കാരണവര്‍ പുറത്തേക്കു നടന്നു..

രംഗം അവിടെ കുഴപ്പമില്ലാതെ അവസാനിക്കേണ്ടതായിരുന്നു.. കടിഞ്ഞൂല്‍ നാടകാഭിനയത്തിന്റെ ടെന്ഷന്‍ താങ്ങ വയ്യാതെ മൂത്രമൊഴിക്കാന്‍  റ്റോയ്ലറ്റിലേക്കു പാഞ്ഞ സാജു പ്രതീക്ഷിച്ചതിലും വേഗത്തില്‍  തന്റെ സീനായതറിഞ്ഞ് സംഗതി പകുതീല്‍ നിര്ത്തി പാഞ്ഞു വന്ന് സ്റ്റേജിലേക്ക് കയറിയില്ലാരുന്നെങ്കില്‍....!!

കാരണവര്‍ പുറത്തേക്കിറങ്ങിയതും സാജു പാഞ്ഞു വന്നു കയറിയതും ഒരേ വഴിക്കായിപ്പോയി.. മൂന്നാറിലിറങ്ങിയ ജെ സി ബി പോലെ പാഞ്ഞു വന്ന സാജുവും.. കാരണവരുമായി  അത്യുഗ്രന്‍ കൂട്ടിയിടി നടന്നു. അപ്രതീക്ഷിതമായ ഇടിയുടെ ആഘാതത്തില്‍ ബാലന്സ് തെറ്റി കാരണവരായി അഭിനയിക്കുന്ന ജോസു ചേട്ടന്‍ ദോ കെടക്കുന്നു സ്റ്റേജിലേക്ക് മലര്ന്നടിച്ച്..
ഇടിച്ചിട്ടതാരെയാണെന്നൊന്നും  ശ്രദ്ധിക്കാതെ താമസിച്ചു പോയ ടെന്ഷനില്‍ സ്റ്റേജിലേക്കു പാഞ്ഞുകയറിയ സാജു തന്റെ ഡയലോഗ് തെറ്റാതെ പറഞ്ഞു..
"സാറെ കാറ് വന്നിട്ടുണ്ട്"
സ്റ്റേജിന്റെ മൂലയില്‍ നിന്നും ചാടിയെഴുന്നേറ്റ ജോസുചേട്ടന്‍ സാജുവിനെ തറപ്പിച്ചൊന്നു നോക്കി .അകത്തേക്കു പോയി.. സാജുവിനൊന്നും മനസ്സിലായില്ല.. പാലാച്ചന്തയ്ക്കു പോകാനിറങ്ങി പാലക്കാടിനുള്ള നോണ്സ്റ്റോപ്പ് സൂപ്പര്ഫാസ്റ്റില്‍ വണ്ടിതെറ്റിക്കയറിയവനെപ്പോലെ അന്തോം കുന്തോമില്ലാതെ അവന്‍ സ്റ്റേജില്‍ നിന്നു.. ഭാഗ്യത്തിനു അപ്പോള്‍ എങ്ങിനെയോ കര്‍ട്ടന്‍ വീണൂ.പിന്നെ കുറെ സമയത്തേക്ക് കര്‍ട്ടനപ്പുറത്ത് ഇന്‍ഡ്യ പാകിസ്ഥാന്‍ ക്രിക്കറ്റ് മല്സരം നടക്കുന്ന സ്റ്റേഡിയമാണെന്നു തോന്നി .... ചെണ്ട മേളവും ഇലഞ്ഞിത്തറ മേളവുമൊന്നുമല്ല കേരളീയരുടെ സംഗീതനിപുണതയ്ക്കുള്ള തെളിവ് എന്നു തെളിയിക്കുന്ന വിധത്തില്‍ വിവിധങ്ങളായ നൂതന ഓരിയിടലുകള്‍ ചൂളം വിളികള്‍.. മേമ്പൊടിക്ക് നല്ല നാടന്‍ തെറിവിളി എന്നിവ നാലുപാടുനിന്നും ഡൊള്‍ബി സിസ്റ്റത്തിലെന്നപോലെ ഒഴുകിയെത്തി..

തുടങ്ങിയ നാടകം എങ്ങിനെയും അവസാനിപ്പിക്കണമല്ലോ.. അനൌണ്സ്മെന്‍റ്റുകള്‍ക്കും അപേക്ഷകള്‍ക്കും ശേഷം നാടകം വീണ്ടും തുടങ്ങി.. അവസാന രംഗങ്ങളാണ്.. കാരണവരുടെ താന്തോന്നിയായ മകന്‍  തന്റെ പെങ്ങളെ വീട്ടുപണിക്കാരന്റെ മകനായ ഡോക്ടര്‍ സ്നേഹിക്കുന്നുവെന്നറിഞ്ഞ് വയലന്‍റ്റാകുകയും.. നായകനുമായുള്ള വാക്കേറ്റത്തിനിടെ വില്ലന്‍ നായകനെ വെടി വെയ്ക്കുകയും ലക്ഷ്യം തെറ്റി വെടിയുണ്ട കാരണവര്‍ക്കു കൊള്ളുകയും അയാള്‍ മരിക്കുകയും ചെയ്യുന്നു. അതാണ് അവസാന രംഗം.. സ്റ്റേജില്‍ വെച്ച് നേരിട്ട് വെടി വെച്ച് രക്തം  ഒഴുകുന്നതിനുള്ള ടെക്നോളജി കൃത്യമായി വശമില്ലാതിരുന്നതിനാല്‍  വഴക്കുണ്ടാക്കി വീട്ടിനകത്തേക്ക് പോകുകയും വെടിയൊച്ച കേട്ടശേഷം കാരണവര്‍ ചോരയൊലിപ്പിച്ച് സ്റ്റേജിലേക്ക് വരികയും ചെയ്യുകയാണ് ചെയ്യേണ്ടത്..

ഡയലോഗുകളെല്ലാം കൃത്യമായി വന്നു.. സംഘര്ഷാത്മകമായ രംഗത്തിനൊടുവില്‍ നായകനും വില്ലനും അസുഖ ബാധിതനായി കാരണവര്‍ കിടക്കുന്ന മുറിയിലേക്കു കയറി.. സ്റ്റേജിലിപ്പോള്‍ മകള്‍ മാത്രം.. അകത്തുനിന്നും സംഭാഷണം മൈക്കിലൂടെ കേള്‍ക്കുന്നുണ്ട്.. ഏതു നിമിഷവും അടിപൊട്ടാം.. മകള്‍ പേടിച്ചരണ്ട് സ്റ്റേജില്‍ നില്ക്കുന്നു..

ഉദ്വേഗജനകമായ ബാക്‍ ഗ്രൌണ്ട് മ്യൂസിക്‍ ഉച്ചസ്ഥായിയിലെത്തുമ്പോള്‍ വെടിയൊച്ച കേള്‍ക്കണം.. വെടിയൊച്ച റിക്കാഡ് ചെയ്ത ബാക് ഗ്രൌണ്ട് മ്യൂസിക്കില്‍ ഇല്ല അതിനായി ഓലപ്പടക്കവും പിടിച്ച് പ്രത്യേക സംഘം സ്റ്റേജിനു പുറകില്‍ റെഡിയായിരിപ്പുണ്ട്..

കഷ്ടകാലം വരുമ്പോള്‍ കെ എസ് ആര്‍ടീ സി ചെയിന്‍ സര്‍വീസ് പോലെ  എല്ലാം കൂടി ഒരുമിച്ചാണല്ലോ വരുന്നത്.. കൃത്യ സമയത്തിനു ദാ  തീപ്പെട്ടി പണി മുടക്കി.. പിന്നെ എങ്ങിനെയൊക്കെയോ കത്തിച്ചിട്ട പടക്കം ഒന്നു ചീറ്റി ...കോപ്പ് എനിക്കെങ്ങും പറ്റുകേല ..പൊട്ടാന്‍  എന്നൊരു പരുവത്തില്‍ ദാ കിടക്കുന്നു ... മുറ്റത്ത് യാതൊരു അനക്കവുമില്ലാതെ..

വെടിപൊട്ടേണ്ട സമയം കഴിഞ്ഞു..  കുറച്ചു നേരം കൂടി വെടിക്കു കാത്തു നിന്ന ശേഷം.. കാരണവര്‍ ചോരയൊലിപ്പിച്ച് സ്റ്റേജിലേക്കെത്തി..ബാക് ഗ്രൌണ്ട് മ്യൂസിക്കുമായി ഒത്തു പോകണമല്ലോ...ചോരയൊലിക്കുന്നതു കണ്ട്  കത്തി കൊണ്ടു കുത്തിയതാണെന്നു കാണികള്‍ വിചാരിച്ചേനേ.. വില്ലന്‍ തോക്കുമായി സ്റ്റേജിലേക്കു വന്നില്ലാരുന്നെങ്കില്‍..

നീയെന്നാടാ.. തോക്കുകൊണ്ട് കുത്തിക്കൊന്നോ.. അള്‍ക്കൂട്ടം അലറി..

ഠേ അപ്പോഴതാ.. പുറകില്‍ നിന്നും   വെടി പൊട്ടുന്ന ശബ്ദം.. നേരത്തെ കത്തിച്ചിട്ടു പൊട്ടാതെ കിടന്ന ഓലപ്പടക്കത്തിനു പൊട്ടാന്‍ കാലവും സമയവും ഒത്തു വന്നത് അപ്പോഴായിരുന്നു. ഞങ്ങളുടെ കാലക്കേടിന്റെ സമയത്ത്.

അങ്ങനെ ഉദ്വേഗജനകമായി അണിയിച്ചൊരുക്കിയ ഒരു  സസ്പെന്സ് ത്രില്ലര്‍.. ഒരു മുഴുനീള കോമഡി ചിത്രമായി മാറി..

അക്കൊല്ലത്തെ പ്രൊഫഷണല്‍ നാടക അവാര്‍ഡ് വരെ വാങ്ങുവാനായി അണിയിച്ചൊരുക്കിയ വീടിന്റെ പൊന്‍ വിളക്ക്  ഒരു കരിവിളക്കായി മറ്റൊരു സ്റ്റേജിലും കളിക്കാതെ  കുറെ നാളിരുന്നു.. പാന്റും ഷര്‍ട്ടും ഷൂസുമൊക്കെയിട്ട് സ്റ്റേജില്‍ ജീവിക്കാനാഗ്രഹിച്ച ബിനോയി തന്റെ പാരമ്പര്യ കലാരൂപമായ കള്ളു ചെത്തിലേക്കു മടങ്ങിപ്പോകുകയും അവിടെ വിജയിച്ച് രണ്ടു ഷാപ്പിന്റെ മുതലാളിയാകുകയും ചെയ്തു.

കഴിഞ്ഞ അവധിക്കാലത്ത് ബിനോയിയുടെ ഷാപ്പില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു  ഞാനും സാജുവും.. അവിടത്തെ സ്പെഷ്യല്‍ റൂം കണ്ടപ്പോള്‍ എവിടെയോ കണ്ടു മറന്ന പോലെ..

ഡേ.. നീ നോക്കി അന്തം വിടണ്ട.. നമ്മുടെ നാടകത്തിന്റെ സെറ്റ് വീട്ടിലെ തട്ടിന്‍പുറത്തു കെടന്നതാ.. ഞാനിങ്ങ്  കൊണ്ടു പോന്നു.. ഷാപ്പില്‍ ഒരു വെറൈറ്റി ആയിക്കോട്ടെ എന്നു കരുതി..

നാടകകാലത്തെ കഥകള്‍ പറഞ്ഞ് ഉറക്കെ ചിരിച്ചു ഞങ്ങള്‍ സ്പെഷ്യല്‍ റൂമിലേക്കു കയറി...  നല്ല നാടന്‍ തെങ്ങിന്‍ കള്ളും.. പോത്ത് ഉലര്ത്തിയതും കപ്പയുമായി ബിനോയിയും..

Sunday, February 14, 2010

ഒരു മെയ് മാസപ്പുലരിയില്‍

അന്നൊരു ഞായറാഴ്ച ആയിരുന്നു. രാവിലെ പതിവിലും നേരത്തെ എട്ട് മണിക്ക് എഴുന്നേറ്റു. ഞായറാഴ്ച്ചകളില്‍ സാധാരണ നേരം വെളുക്കുന്നത് പതിനൊന്നു മണിക്കാണല്ലോ. എഴുന്നേറ്റ് കടും കാപ്പീം കുടിച്ച് പത്രം വായിക്കാനിരുന്നപ്പോഴേക്കും പെങ്ങളും അളിയനും മോനും കൂടി എത്തി.

ങാഹാ ചേട്ടായി ഇതു വരെ റെഡിയായില്ലേ.. പത്തു മണിക്ക് ചെല്ലാമെന്നാ അവരോട് പറഞ്ഞിരിക്കുന്നേ.. വേഗം കുളിച്ച് റെഡിയാക്‍.. പിന്നെ ആ മോന്തേല് ലക്ഷ ദ്വീപിന്റെ ഭൂപടം പോലെ അവിടെം ഇവിടെം പറ്റിയിരിക്കുന്ന പൂട ഒക്കെ വടിച്ചു കള.. അല്ലെങ്കില്‍ അവര്‍ വിചാരിക്കും വല്ല പാണ്ടു രോഗവും ആണെന്ന്..

ഞാന്‍ മെല്ലെ പത്രം അളിയനെ ഏല്പ്പിച്ച് എഴുന്നേറ്റു.. ജീവിതത്തിലെ ഒരു നിര്ണ്ണായക ദിവസമാണിന്ന്.. തങ്കലിപികളില്‍ കുറിച്ചിടേണ്ട ദിവസം..ഞാനാദ്യമായി ഒരു പെണ്ണു കാണാന്‍ പോകുന്നു!!!..

കാര്യം പത്താം ക്ലാസു കഴിഞ്ഞപ്പോഴേ ഏതെങ്കിലും കൊള്ളാവുന്ന ഒരു പെണ്‍കൊച്ചിന് ജീവിതം കൊടുക്കണം എന്നു ഞാന്‍ തീരുമാനിച്ചിരുന്നെങ്കിലും വീട്ടുകാര്‍ അത്ര ഹൃദയ വിശാലത ഉള്ളവരല്ലാത്തതിനാല്‍ അത് അങ്ങ് നീണ്ടു പോകുകയായിരുന്നു. ഒരേയൊരു പെങ്ങളുടെ കല്യാണവും കഴിഞ്ഞിട്ടും ഞാനിങ്ങനെ ഒറ്റാം തടിയായിട്ടു ജീവിച്ചു പോന്നു. 

പഠനമൊക്കെ കഴിഞ്ഞ് ഒരു കുഞ്ഞ് ജോലിയൊക്കെ ആയകാലത്ത് പതിവായി വീട്ടിലേക്ക് പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ ഒക്കെ വാങ്ങിക്കൊണ്ടു കൊടുത്തു നോക്കി.. മകന് കാര്യ പ്രാപ്തിയായി എന്ന് വീട്ടുകാര്‍ക്കും തോന്നണമല്ലോ.. ങേ ഹേ.. പച്ചക്കറികള്‍ സാമ്പാറും അവിയലും തോരനുമെല്ലാമായി ഒരു വഴിക്കായതല്ലാതെ എന്റെ കല്യാണക്കാര്യം ഒരു വഴിക്കുമെത്തിയില്ല...

വീട്ടുകാരെല്ലാം ഒരുമിച്ച ഒരു സദസ്സില്‍ പെങ്ങള്‍ "ഇനി ചേട്ടായിക്കൊരു പെണ്ണിനെ നോക്കാം അല്ലേ അമ്മേ " എന്നു പറഞ്ഞപ്പോള്‍ ഞാനൊന്നു പ്രതീക്ഷിച്ചു.. എന്റെ നമ്പര്‍ ഇപ്പോ വരുമെന്ന്.. എവിടെ..

ഇരുപത്തെട്ട് വയസ്സാകാതെ കെട്ടിക്കെരുതെന്നാണത്രേ അമ്മയുടെ ആസ്ഥാന കണിയാന്‍ പറഞ്ഞിരിക്കുന്നത്.. അതിന് പിന്നേം ഉണ്ടായിരുന്നു രണ്ടരക്കൊല്ലം. കണിയാന്‍പണി നിരോധിച്ചുത്തരവിറക്കുന്ന പാര്‍ട്ടിക്ക്  അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യും എന്നു പ്രതിജ്ഞയെടുത്ത് ഞാന്‍ വീണ്ടും കെട്ടാന്‍ മുട്ടിനില്ക്കുന്ന അവിവാഹിതനായി കാത്തിരുന്നു.

കല്യാണം കഴിക്കാന്‍ പ്രായമാകുമ്പോള്‍ ഇവളെ ഒന്നാലോചിക്കണം എന്നു കുരുവിക്കൂട്ടും പരിസരപ്രദേശങ്ങളിലും നമ്മള് ബൂക്ക് ചെയ്തു നിര്ത്തിയിരുന്ന കുഞ്ഞിക്കിളികളെയൊക്കെ സ്വദേശത്തു നിന്നും വിദേശത്തു നിന്നുമായി ഒരോ പരുന്തുകള്‍ വന്ന് റാഞ്ചിക്കൊണ്ടു പോകുന്നത് പടപടാ ഇടിക്കുന്ന നെഞ്ചോടെ ഞാന്‍ കണ്ടിരുന്നു.
ഡാ വലിയ വീട്ടിലെ സുനിതേടേം കല്യാണമായെടാ എന്നൊക്കെ കൂട്ടുകാര്‍ പറയുമ്പോള്‍..ഹമ്മേ.. നമ്മള്‍ മാര്‍ക്ക് ചെയ്ത റബര്‍ ത്തൈകളൊക്ക ഓരോന്നായി ആണ്‍പിള്ളേര്‍ വെട്ടി ഷീറ്റുണ്ടാക്കുകയാണല്ലോ എന്നോര്‍ത്തു സങ്കടപ്പെട്ടു.. ഇനി കടിച്ചു പിടിച്ച് അവസാനം  നമുക്ക് കല്യാണം ആലോചിക്കുമ്പോഴേക്കും നാട്ടില്‍ കെട്ടിച്ചു തരാന്‍  പെണ്ണില്ലാതെ വരുമോ എന്നൊരു സീരിയസ്സായ സംശയം കൂടി വന്നതോടെ രാത്രികളില്‍  ഉറക്കമില്ലാതായി..

അങ്ങിനെ അത്യധികം മാനസിക വിഷമത്തോടെ കഴിഞ്ഞു വരുന്നതിനിടയിലാണ് ഒരു വിധത്തില്‍ എനിക്ക് ഇരുപത്തെട്ട് വയസ്സു തികഞ്ഞതും.. വീട്ടുകാര്‍ എനിക്ക് കല്യാണം ആലോചിക്കാന്‍ തീരുമാനിച്ചതും.. ആ മഹത്തായ കല്യാണ പരിപാടികളുടെ തറക്കല്ലിടീലാണ് ഇന്നിവിടെ നടക്കാന്‍ പോകുന്നത്.. കടിഞ്ഞൂല്‍ പെണ്ണു കാണല്‍..

പതിവിലും സമയമെടുത്തു കുളിച്ചു.. പിന്നേം പിന്നേം ചെളിയില്‍ ചവിട്ടാനുള്ളതല്ലേ വെറുതെ കഴുകി ഊര്‍ജം വേയ്സ്റ്റാക്കുന്നതെന്തിനാ എന്നു കരുതി ഒരിക്കലും കഴുകാത്ത കാല്‍ നഖമൊക്കെ ചകിരി എടുത്ത് ഉരച്ചു തേച്ചു സുന്ദരക്കുട്ടപ്പനാക്കി.. മുഖം നോക്കി പെണ്ണിനു ബോധിച്ചില്ലെങ്കിലും കാല്‍ നഖം കണ്ടെങ്കിലും ബോധിക്കണം.. പെണ്ണു കാണല്‍ സ്പെഷ്യല്‍ ഷര്‍ട്ടും പാന്റുമൊക്കെഎടുത്തു ചാര്‍ത്തി റെഡിയായി. കണ്ണാടീല്‍ നോക്കിയപ്പോള്‍ മീശയ്ക്ക് അല്പം നിറം കുറവാണോ എന്നൊരു സംശയം..  കണ്മഷികൊണ്ട് അതും ഒരു വിധം ഒപ്പിച്ചു പുറത്തിറങ്ങിയപ്പോള്‍ അമ്മയുടെ ചോദ്യം.. നീയെന്താടാ മീശേല്‍ കരിയോയിലടിച്ചോന്ന്‍.. പിന്നെ അതൊക്കെ തൂത്തുകളഞ്ഞ് നോര്‍മലാക്കി പെണ്ണുകാണാനിറങ്ങിയപ്പോള്‍ പത്തു മണി .. ഇനി അവീടെ എത്തുമ്പോഴേക്കും പത്തര കഴിയും..

അളിയനും പെങ്ങളും അവരുടെ മോനും പിന്നെ ഞാനും.. കല്യാണാലോചനയ്ക്ക് ബ്രോക്കര്മാരൊന്നുമില്ല ഒരു കസിനാണ് ആലോചന കൊണ്ടു വന്നത് അവള്‍ പൊന്‍കുന്നത്തു നിന്നും കൂടെ ക്കൂടും.. അവളുടെ കൂടെ പഠിച്ച കുട്ടിയാണത്രേ.. എന്തായാലും അവള്‍ക്ക് എന്തോ കടുത്ത വിരോധം ആ പെണ്‍കൊച്ചിനോടു കാണും അല്ലെങ്കില്‍ ഏതും പോരാത്ത എനിക്ക് കല്യാണം ആലോചിക്കുമോ..!!!

വാഹനം പെണ്ണു വീട്ടിലേക്കടുത്തു.. അതു വരെ ചിരീം കളീം അട്ടഹാസവുമായിട്ടിരുന്ന എനിക്കെന്തോ ഒരു വിമ്മിഷ്ടം.. നെഞ്ചിടിപ്പ് ഇത്തിരി കൂടിയോ എന്നൊരു സംശയം... കാര്യം കൂട്ടുകാരുടെ കൂടെ ഒന്നു രണ്ടു പ്രാവശ്യം പെണ്ണു കാണാന്‍ പോയിട്ടുണ്ട്.. അവര്‍ക്കു വേണ്ടി.. അതു പിന്നെ രസമാണ്.. പെണ്ണിന്റെ അപ്പനോട്.. റബറിന്റെ വിലയിടിച്ചിലിനെക്കുറിച്ചും തെങ്ങിന്റെ കാറ്റു വീഴ്ച്ചയെക്കുറിച്ചു മൊക്കെ സംസാരിക്കുക... മുമ്പിലിരിക്കുന്ന പാത്രത്തിലെ മിക്സ്ചറും ഉപ്പേരിയുമൊക്കെ തിന്നു തീര്‍ക്കുക.. തുടങ്ങിയ ഉത്തരവാദിത്തങ്ങളേയുള്ളൂ.. ഇതിപ്പോ അങ്ങിനെയല്ലല്ലോ.. പച്ചയ്ക്ക് ഒരു പെണ്ണ് മുമ്പില്‍ വന്നു നില്ക്കാന്‍ പോകുവല്ലേ..

വണ്ടി വീട്ടു മുറ്റത്തെത്തി.. പെണ്ണിന്റച്ഛനും  കൊച്ഛന്മാരും കൂടി സ്വീകരിച്ചു.. വീട്ടിനകത്തെ മുറിയില്‍  അളിയന്റേം പെങ്ങളുടെം ഇടയില്‍ ഞാനിരുന്നു.. എവിടെ നിന്നൊക്കെയോ എന്തോഅടക്കം പറയുന്നതും ചിരിയും ഒക്കെ കേള്‍ക്കാം..

വഴിയില്‍ തിരക്കാരുന്നോ.. താമസിച്ചപ്പോ ഞങ്ങളങ്ങു വിളിക്കാന്‍ തുടങ്ങുകാരുന്നു.. പെണ്ണിന്റെ കൊച്ചച്ഛന്റെ ചോദ്യം .. അതെ തിരക്കാരുന്നു.. ഞാന്‍ ചാടിക്കേറി പറഞ്ഞു.. മേയ്ക്കപ്പും മീശയിലെ കരിയോയില്‍ പ്രയോഗവും ഒക്കെ  കൊണ്ടാണു താമസിച്ചതെന്നു ഇനി പെങ്ങളെങ്ങാനും കേറിപ്പറഞ്ഞു കുളമാക്കെണ്ട..

"ചേട്ടനാണോ ഞങ്ങടെ ചേച്ചിയെ കല്യാണം കഴിക്കാന്‍ പോകുന്നേ".. എവിടെ നിന്നാണെന്നറിയില്ല   ഒരു കുരിപ്പ് വന്ന് ഒരു ചോദ്യം.. ഹമ്മേ!!! കുടുങ്ങിയോ.. വന്നു പെണ്ണു കാണലു പോലും കഴിഞ്ഞില്ല.. അതിനും മുമ്പാണ്.. ആണെന്നു പറഞ്ഞാലും അല്ലെന്നു പറഞ്ഞാലും പ്രശ്നമായേക്കാം... മോന്‍ ഇങ്ങു വന്നേ മോന്റെ പേരെന്താ.. വിഷയം മാറ്റാന്‍ ഞാന്‍ അവനെ അടുത്തേക്ക് വിളിച്ചു.. അവന്‍ മെല്ലെ അടുത്തു വന്നു.. എന്നെ ഒന്നു നോക്കി..

അയ്യേ ഈ  ചേട്ടന്റെ മീശ ഞങ്ങടെ വീട്ടിലെ ടോമിപ്പട്ടീടെ പൂട പോലെ  ചൊവന്നിട്ടാ.. അവന്‍ ഉറക്കെ വിളിച്ചൊരു കൂവല്‍..  ദൈവമേ.. എന്റെ മുഖത്ത് ആ നേരം വന്ന ഭാവം വല്ല ബില്‍ഡിംഗ് കോണ്‍ട്രാക്ടര്മാരും  കണ്ടാരുന്നെങ്കില്‍ അപ്പോ തന്നെ പിടിച്ചു അവരുടെ വര്‍ക്ക് സൈറ്റിന്റെ മുമ്പില്‍ നിര്ത്തിയേനെ ..കണ്ണു കിട്ടാതിരിക്കാന്‍ .. കോലമായിട്ട് .. .. ഞാന്‍ ദയനീയമായി പെങ്ങളെ ഒന്നു നോക്കി.. അവള്‍ അളിയനെ നോക്കി.. അളിയന്‍ പെണ്ണിന്റ്ച്ഛനെ നോക്കി.. പണ്ട് പെണ്ണു കാണാന്‍ പോയി സമാനാനുഭവം വല്ലതും ഉണ്ടായിട്ടാണോ എന്തോ..പുള്ളിക്ക് പെട്ടെന്നു കാര്യം മനസ്സിലായി.. എന്നാല്‍ അകത്തെ മുറിയിലോട്ടിരുന്ന് കാപ്പി കുടിക്കാം...അദ്ദേഹം ഞങ്ങളെ അകത്തേയ്ക്ക് ക്ഷണിച്ചു.
ഞങ്ങള്‍ അകത്തെ മുറിയിലേക്ക് നടന്നു..

മേശപ്പുറത്ത്  വിവിധ പാത്രങ്ങളില്‍ പലഹാരങ്ങള്‍ നിറഞ്ഞിരിക്കുന്നു..വീട്ടിലെങ്ങാനും ആണെങ്കില്‍ പത്തു മിനിട്ടിനേ ഉള്ളൂ.. ഇതിപ്പോ..എന്താ ചെയ്ക..
മോനിതൊക്കെയെടുത്തു കഴിക്ക്.. പെണ്ണിന്റമ്മ.. ഞാന്‍ രണ്ടു തരി മിക്സ്ചര്‍ എടുത്ത് വായിലിട്ടു..അളിയനും പെങ്ങളും കസിനുമൊക്കെ ലഡ്ഡൂം  ജിലേബിയുമൊക്കെ വെട്ടി വിഴുങ്ങുന്നുണ്ട്..

മോളെ.. അച്ഛന്റെ വിളി..  പെട്ടന്ന് അകത്തെ മുറിയില്‍ നിന്നൊരു മര്‍മ്മരം.. ദാ.. ആരോ ഒറ്റാലില്‍ വെച്ച് എയ്തു വിട്ട പോലെ.. അകത്തെ മുറീടെ വാതില്ക്കല്‍ നിന്നും തെറിച്ചു വന്ന് അവള്‍ എന്റെ മുമ്പില്‍ ലാന്റ് ചെയ്തു..അരോ അകത്തു നിന്നും തള്ളി വിട്ടതാണ് . ഞാന്‍ ഒന്നു നോക്കി.. ഒറ്റനോട്ടത്തില്‍ എനിക്കൊരിഷ്ടമൊക്കെ തോന്നി.. ഒന്നൂടെ നോക്കണോ വേണ്ടയോ.. ആകെ കണ്ഫ്യൂഷന്‍..

നീ അവിടെ ഇരിക്ക്.. അവളുടെ അച്ഛന്‍ എന്റെ മുമ്പിലുള്ള കസേരയില്‍ അവളെ പിടിച്ചിരുത്തി.. മുഖം നിറയെ നാണത്തോടെയും പരിഭ്രമത്തോടെയും അവളിരുന്നു.. നെഞ്ചിന്റകത്ത് രാജധാനി എക്സ്പ്രസ്സ് പോകുന്ന ഇരമ്പലുമായി ഞാനും..പെണ്ണിന്റമ്മയാണ് കാപ്പി കൊണ്ട് തന്നത്.. അളിയനും പെണ്ണിന്റച്ഛനുമായി റബര്‍ വിലയെക്കുറിച്ച് ഘോരഘോരം ചര്‍ച്ച.. ഹും.. നടക്കട്ടെ.. ഞാന്‍ കാപ്പി എടുത്ത് ശബ്ദമുണ്ടാക്കാതെ കുടിക്കാന്‍ ശ്രമിച്ചു.. എവിടെ.. പാള കീറുന്ന ശബ്ദത്തില്‍ കാപ്പി വലിച്ചു കുടിച്ചു ശീലിച്ച ഞാനാണ് വായില്‍ സൈലന്സറു വെച്ച് മാന്യനാകാന്‍ നോക്കുന്നത്.

കുറെ നേരം ചര്‍ച്ച ചെയ്തിട്ടും റബര്‍ വില കൂടാന്‍ സാധ്യതയില്ലെന്നു കണ്ടിട്ടാണോ ആവോ.. അളിയനും പെണ്ണിന്റച്ഛനും  ചര്‍ച്ച നിര്ത്തി..

ഇനി അവര്‍ക്കു വല്ലതും പറയാനുണ്ടെങ്കില്‍ പറയട്ടെ.. പാത്രത്തിലെ ലഡ്ഡും ജിലേബീം തീര്ത്ത് അളിയനും സംഘവും പുറത്തെ മുറിയിലേക്കു പോയി.. ആ മുറിയില്‍ ഞാനും അവളും തനിച്ച്..
എന്തു പറഞ്ഞു തുടങ്ങണം.. ഒരു ഐഡിയയും കിട്ടിയില്ല.. വീട്ടീന്നു റിഹേഴ്സല്‍ നടത്തിയതൊന്നും മനസ്സിലൊ നാക്കിലോ വരുന്നതുമില്ല..

പരീക്ഷയൊക്കെ കഴിഞ്ഞോ... ഞാന്‍ രണ്ടും കല്പ്പിച്ച് തുടങ്ങി... കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുവാന്നാണല്ലോ പറഞ്ഞത് .. അപ്പോ ഏതെങ്കിലും പരീക്ഷയൊക്കെ കാണും..
അവള്‍ അന്തം വിട്ട് എന്നെ ഒന്നു നോക്കി.. എന്നിട്ട് പറഞ്ഞു..
അതൊരു ക്ലാസ് ടെസ്റ്റായിരുന്നു അത് കഴിഞ്ഞു..
ഈ ക്ലാസ് ടെസ്റ്റിന്റെ കാര്യം പോലും അന്വേഷിച്ചറിഞ്ഞ ഇവന്‍ യാരെടാ എന്ന ചോദ്യം അവളുടെ മുഖത്തുണ്ടോ എന്നൊരു സംശയം..

ഇനി എന്തു ചോദിക്കും... ഏത് ബസ്സിനാണ് കോളേജില്‍ പോകുന്നതെന്നു ചോദിച്ചാലോ.. ഛേ.. അത് ചീപ്പായിപ്പോകും ..

വീട്ടീന്നു പോയ് വരുവാണോ.. അതോ അവിടെ താമസിക്കുവാണോ.. എന്റെ അടുത്ത ചോദ്യം..

ഞാനവിടെ വിമന്സ് ഹോസ്റ്റലിലാ...

ഹാ.. ആ ഹോസ്റ്റെലെനിക്കറിയാം.. അവള്‍ പറഞ്ഞു കഴിഞ്ഞതും ഞാന്‍ ചാടിക്കേറിപ്പറഞ്ഞു..

ഓഹോ ഈ വിമന്സ് ഹോസ്റ്റലൊക്കെ ലൊക്കേറ്റ് ചെയ്ത് മാപ്പിംഗ് നടത്തുന്ന ആളാണല്ലേ.. എന്നൊരു ഭാവത്തിലേക്ക് അവളുടെ മുഖം മാറി..

അതോടെ ഞാന്‍ ചോദ്യം നിര്ത്തി.. എന്തിനാ വെറുതെ സച്ചിന്‍ തെണ്ടുല്ക്കറായി വിരിഞ്ഞു വന്ന ഞാന്‍ ശ്രീശാന്തായി തിരിച്ചു പോകുന്നത്..

ഞാന്‍ കോട്ടയത്താണ് പഠിച്ചത്... ഇപ്പോ ജോലിയും അവിടെത്തന്നെയാണ്‍.. സ്വന്തം കാര്യം പറയാം.. അപ്പോള്‍ പ്രശ്നമില്ലല്ലോ..
അധികം സമയം കളയാനില്ല.. നമ്മളെ കെട്ടാന്‍ ഇവള്‍ക്ക് സമ്മതമാണോ അല്ലയോ വല്ല ചുറ്റിക്കളീം ഉണ്ടോന്നറിയണം.  അതിലേക്കെത്താനുള്ള നമ്മള്‍ തമ്മില്‍ പരിപാടി അന്തം കുന്തോം ഇല്ലാതെ മുന്നോട്ടു നീങ്ങുകയാണ്. ഇനി പെണ്ണിന്റച്ഛന്‍ വന്ന് "എല്ലാവര്‍ക്കും ഗുഡ് ഫൈ".. എന്നും പറഞ്ഞ് ശ്രീകണ്ഠന്‍ നായരാകുന്നതിനു മുമ്പ് കാര്യം ചോദിച്ചറിയണം..

അല്ല.. എങ്ങിനെ... കല്യാണത്തിനു സമ്മതമാണല്ലോ അല്ലേ... പ്രധാനപ്പെട്ട ചോദ്യം ഞാന്‍ നേരെയങ്ങു ചോദിച്ചു..

മറുപടിയായി അവള്‍ തലതാഴ്ത്തി..പതുക്കെ എന്തോ പറഞ്ഞു...

മറുപടി കേള്‍ക്കാനായി ഞാന്‍ അവളെ നോക്കി.  അവളെന്നെയും.. നാണിച്ചിരുന്നിരുന്ന അവളുടെ മുഖം പെട്ടെന്നു ഭീതിദമായി.. എന്തോകണ്ട് പേടിച്ചപോലെ ..

അയ്യോ.. അവള്‍ നിലവിളിച്ചു കൊണ്ട് ചാടിയെഴുന്നേറ്റു..ഠമാര്‍.. ഒരു ഭീകര ശബ്ദം..അതും എന്റെ തൊട്ടുപുറകില്‍ ...എന്തോ ഭീമാകാരമായ ഒന്നു വന്നു വീണു.... എന്റമ്മേ.. എന്നു വിളിച്ച് ഞാന്‍ ഒരു ചാട്ടം ചാടി..
ഈശ്വരാ വല്ല ബോംബുമാണോ.. .. ഗതി കെട്ടവന്‍ പെണ്ണു കാണാന്‍ പോയപ്പോ പണ്ടാരടങ്ങാന്‍ ഇനി  യുദ്ധവും തുടങ്ങിയോ..

ശബ്ദം കേട്ട് എല്ലാരും ഓടി വന്നു..അര്‍ക്കും ഒന്നും മനസ്സിലായില്ല ..  വീട്ടിലെ നൂറ്റി ഇരുപത്തഞ്ച് ലിറ്ററിന്റെ ഫ്രിഡ്ജൊരെണ്ണമിതാ വീണിതല്ലോ കിടക്കുന്നു ധരണിയില്‍ .. മറിഞ്ഞുവീണ ഫ്രിഡ്ജിന്റെ പുറകില്‍, പെട്ടന്നു സ്റ്റില്‍ അടിച്ചു നിര്ത്തിയ സിനിമ സിഡിയിലെപോലെ നാലഞ്ച് പെണ് രൂപങ്ങള്‍ അനക്കമില്ലാതെ നില്ക്കുന്നു..
എന്നതാടി കാണിച്ചത്.. പെണ്ണിന്റച്ഛന്റെ ചോദ്യം കേട്ടതും സ്റ്റില്‍ ആയി നിര്ത്തിയ സി ഡി ആരോ ഫാസ്റ്റ് ഫോര്‍ വേഡ് അടിച്ച പോലെ എല്ലാം കൂടി ഒറ്റ ഓട്ടം..

സ്ഥിഗതികള്‍ ഒന്നു നോര്‍മലായി.. അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പു പിടി കിട്ടിയത്..  ഞങ്ങള്‍ തമ്മില്‍ നടത്തുന്ന  വചന പ്രഘോഷണം ചോര്ത്താന്‍ അവളുടെ അനിയത്തിമാരും കൂട്ടുകാരുമടങ്ങുന്ന സംഘം ഫ്രിഡ്ജിന്റെ പുറകു വശം ഒളിത്താവളമായി തിരഞ്ഞെടുക്കുകയും ഓരോരുത്തര് ഊഴം വെച്ച് സംഗതികള്‍ ചോര്ത്തുകയും ചെയ്തു വരികയായിരുന്നു.. വന്നു വന്ന് പ്രധാന ഭാഗത്തേയ്ക്കടുത്തപ്പോള്‍ ഫ്രിഡ്ജിനു പുറകിലെ ആള്ത്തിരക്കും തള്ളലും വര്‍ദ്ധിക്കുകയും തല് ഫലമായി ഭൂഗുരുത്വാകര്ഷണ നിയമ പ്രകാരം ബാലന്സ് തെറ്റിയ  ഫ്രിഡ്ജ്  ഇങ്ങു താഴേക്ക് പോരുകയുമായിരുന്നു..

അങ്ങിനെ സംഭവ ബഹുലമായ പെണ്ണുകാണല്‍  അവസാനിച്ചു.. കല്യാണത്തിനു സമ്മതമാണോ എന്ന ചോദ്യത്തിനുത്തരം കിട്ടാതെയും ഫ്രിഡ്ജ് വീണ് നടുവൊടിയാതെയും ഞാന്‍ തിരിച്ചു പോന്നു.. പെണ്ണു കാണാന്‍ വന്നപ്പോഴേ ഫ്രിഡ്ജൊരെണ്ണം  തകര്‍ത്തെങ്കിലും.. വിവാഹത്തിനു സമ്മതമാണെന്നറിയിച്ച്  അവളുടെ അച്ഛന്റെ ഫോണ്‍ വന്നു.. പിന്നെ കുടുംബക്കാരെല്ലാം അങ്ങോട്ടും ഇങ്ങോട്ടും വന്നു കണ്ടു ബോധിച്ചു..  കല്യാണം നിശ്ചയിച്ചു.. പിന്നെ മൂന്നു മാസം മുടിഞ്ഞ പ്രണയം.. അങ്ങിനെ ഒരു മെയ് മാസത്തില്‍ പൊന്‍കുന്നത്തുകാവ് ഭഗവതിയുടെ മുമ്പില്‍ വെച്ച് അവളെ ഞാനെന്റെ വീട്ടിലേക്കു കൈപിടിച്ചു കൊണ്ടു വന്നു..

ഏഴ് വര്ഷങ്ങള്‍.. അതു കടന്നു പോയതേ അറിഞ്ഞില്ല.. ചിരിയും കളിയുമായി... പരിഭവും പിണക്കവുമായി.. മനസ്സു നിറയെ സ്നേഹവുമായി.. എന്റെ കൂട്ടായി.. അവള്‍ .. എനിക്കെന്റെ പൊന്നു മോനെ നല്കിയവള്‍.. നാടെങ്ങും പ്രണയം കൊണ്ടാടുന്ന  പ്രണയ ദിനത്തലേന്നു രാത്രിയില്‍ അങ്ങു ദൂരെ കേരളത്തിലെ ഒരു കൊച്ചു മലയോര ഗ്രാമത്തില്‍ നിന്നും എന്റെ മൊബൈലിലേക്ക് അവളുടെ സ്നേഹ സന്ദേശം ഒഴുകി വന്നു..
"അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി"
എന്ന രണ്ടു വരികള്‍.. 
സ്നേഹിക്കാനും കാത്തിരിക്കാനും പ്രിയപ്പെട്ട ഒരാളുണ്ടാകുക.. അതെത്ര സുന്ദരമായ അനുഭവമാണല്ലേ..

Monday, January 18, 2010

ഒരു ചാറ്റ് ഹിസ്റ്ററി (മോഷ്ടിച്ചത്)

Biju : ഹലോ.

Sunil : ഹി ഹി..

Biju : സുഗുണോ..

Sunil : എന്നാ സുകുമാരാ..

Biju : ഡേയ്..  ആകെ ഡെസ്പ്.

Sunil : എന്നാ പറ്റി

Biju : ലവളുമായിട്ട് ഒടക്കി.

Sunil : ആര്

Biju : ആ ദീപ.
അവളെന്നെ തെറി വിളിച്ചു

Sunil : ഹ ഹ എന്തിന്

Biju : അവളുടെ ട്വിറ്ററിലേക്ക് ഞാനൊരു  ട്വീറ്റ് അയച്ചു.ദാണ്ടെ ഇങ്ങനെ
" പേര് ദ്വീപ് എന്നാണേലും നാക്ക് ഒരു ഭൂഖണ്ഡത്തിന്റെ അത്രേം ഉണ്ടല്ലോ"

Sunil : ഹ ഹ അപ്പോ വടികൊടുത്ത് അടി വാങ്ങിയതാണല്ലേ..

Biju : ഞാന്‍ സംസ്കാരമില്ലാത്തവനാണെന്നു പറഞ്ഞു.... ഡെസ്പ്.

Sunil : അവള്‍ ആ സത്യം വിളിച്ചു പറഞ്ഞോ....

Biju : ഞാനവളെ അണ്‍ ഫോളോ ചെയ്യാന്‍ പോകുവാ..

Sunil : ഹും..

Biju : അല്ലേല്‍ വേണ്ടല്ലേ.. നാളെ കോമ്പ്ലിമെന്‍റ്റ്സ് ആക്കാം.

Sunil : ഹി ഹി.. അപ്പോ വിടാന്‍ മനസ്സില്ല അല്ലേ.

Biju : നമ്മളല്ലേ ക്ഷമിക്കേണ്ടത്.. നാളെ സോറി പറയാം..

Sunil : നാക്ക് ഭൂഖണ്ഡത്തിന്റെ അത്രേം ഉണ്ടെന്നു പറഞ്ഞപ്പോഴല്ലേ ഉടക്കിയത്
എന്നാല്‍  നാളെ ഊമയാണെന്ന് പറ .. കമ്പനിയായിക്കോളും..

Biju : ഹോ.. ചളൂ..

Sunil : ഹി ഹി ഹി..

Biju : പിന്നെ സുഗുണാ.. വേറൊരുത്തി ഇന്നൊരു മെയില്‍ അയച്ചു..
മറ്റേ ചിന്നൂന്റെ കൂട്ടുകാരിയാണെന്ന്..
അവളുടെ നക്ഷത്രം രേവതിയാണെന്നൊക്കെ പറഞ്ഞ്..

Sunil : എന്തിന്‍..

Biju : അവളുടെ ഭാവി പറഞ്ഞു കൊടുക്കാമോന്ന്..

Sunil : അതിനു നിനക്ക് ജ്യോതിഷം അറിയാമോ..

Biju : എവിടുന്ന്.. ഇന്നലെ ചിന്നൂനെ ചാറ്റ് ചെയ്തപ്പോ പറ്റിച്ചതല്ലേ.
ഓണ് ലൈന്‍ ജ്യോതിഷം സൈറ്റ് എടുത്ത് വെച്ച് ചുമ്മാ അങ്ങു കീറി
ഇപ്പോ അവള്‍ പറയുന്നു എല്ലാം ശരിയാണെന്ന്..
ഇനി എനിക്കെങ്ങാനും ജ്യോതിഷം വല്ലോം അറിയാമോ.. അവോ..

Sunil : പാരമ്പര്യമായിട്ട് കുടുംബം കണിയാന്‍മാരുടേതാണോ..

Biju : പോഡേയ്.. ഞങ്ങള്‍ കൃസ്ത്യാനികളല്ലേ.

Sunil : എന്നാല്‍ നസ്രാണി കണിയാന്‍ ആയിരിക്കും..

Biju : എന്നാലും ഈ പ്രൊഫെഷന്‍ കൊള്ളാം അല്ലേ..
ഓര്‍ഡര്‍ ഒക്കെ നിമിഷനേരം കൊണ്ടല്ലേ വരുന്നത്.

Sunil: എന്നാല്‍ ബഹ്മശ്രീ ബിജു സ്വാമികള്‍ എന്നൊരു ബോര്‍ഡുകൂടി തൂക്ക്
ബ്ലോഗില്‍ ഇടയ്ക്ക് പരസ്യവും ഇടാം.. അതാകുമ്പോള്‍ കാശുമുടക്കുമില്ല..

Biju : കൊള്ളാം അല്ലേ.. ഈ സോഫ്റ്റ്വെയര്‍  പണി അങ്ങു രാജി വെച്ചാലോ..

Sunil : അത്രേം വേണോ.. ഇപ്പോ സൈഡ് ബിസിനസ് ആയിട്ട് പോരേ.

Biju : അതു മതിയല്ലേ.. ഹോ രാജിക്കത്ത് എഴുതാന്‍ പേപ്പര്‍ എടുത്തതായിരുന്നു..

Sunil : എന്നാല്‍ അതോടെ കമ്പനിക്കാരുടെ ഭാവി നന്നാകുകയും നിന്റേത് റെഡിയാകുകയും ചെയ്തേനേ..
എന്നിട്ട് നീ ഫാവി പറഞ്ഞു കൊടുത്തോ..

Biju : ഇല്ല വെയ്റ്റ് ഇട്ട് നില്ക്കുവാ

Sunil : ചുമ്മാ പറയഡേയ്.. ബുധനില്‍ ശുക്രനാണെന്നോ.. ഉടന്‍ കല്യാണം ഉണ്ടാകുമെന്നോ ഒക്കെ

Biju : അതൊന്നും ശരിയാകില്ല..

Sunil : വേണ്ടേല്‍ വേണ്ട.. അല്ല പിന്നെ..

-------------------------------------------------------------------------------------------------

Biju : ഡേയ് ദാണ്ടെ ലവളു പിന്നേം മെയില്‍ അയച്ചിരിക്കുന്നു.. നാളും പേരും ജനനസമയവുമൊക്കെയായിട്ട്... അമ്മേ..

Sunil : ഹ ഹ ഹ.. ഇനി പണി രാജിവെച്ച് ഇതിലിറങ്ങുന്നതയിരിക്കും ലാഭം..
കിടിലം ഭാവി ഒരെണ്ണം പ്രവചിച്ച് തിരിച്ചയക്കഡേയ്.

Biju : കോപ്പ്.. എന്നെക്കൊണ്ട് പറ്റുകേലാ..
പറ്റുകേലന്നു കാണിച്ച് ഒരു റിപ്ലെ മെയില്‍ അയക്കാന്‍ പോകുവാ..

Sunil : എന്നാല്‍ അതില്‍ വളരെ മിടുക്കനായ ഒരു കണിയാന്റെ മെയില്‍ ഐ ഡി കൂടി വെച്ചേരെ..

Biju : അരുടെ..?

Sunil : എന്റെ..

Biju : കാക്‍ ത്ഥൂ.. കണിയാനാണു പോലും കണിയാന്‍..

Sunil : ഞാന്‍ പണ്ട് മുറ്റ് കണിയാനാരുന്നെഡേയ്..
പക്ഷേ സ്വന്തം ഫാവി പ്രവചിച്ചപ്പോ ചെറിയ തെറ്റുപറ്റി..

Biju : എന്തുപറ്റി?

Sunil : വല്ല്യ കളക്‍റ്റര്‍ ആകുമെന്നായിരുന്നു കുഞ്ഞുന്നാളിലെ എന്റെ പ്രവചനം

Biju : ഹി ഹി.. എന്നിട്ട്..

Sunil : ഒരക്ഷരം തെറ്റിപ്പോയി..ഒരേയൊരക്ഷരം..

Biju : യേത്..

Sunil : ള.. മാറി.. ണ ആയി..

Biju : എങ്ങിനെ..?

Sunil : കളക്ടര്‍ ആയില്ല.. കണക്റ്റര്‍ ആയി.. ഈ കേബിളൊക്കെ കണക്‍റ്റ് ചെയ്യുന്ന ആളേ.. വല്ല്യ പോസ്റ്റാ..

Biju : ഓഹോ... വല്ല്യ പോസ്റ്റേല്‍ കേറി കേബിള്‍ കണക്‍റ്റ് ചെയ്യുന്ന ആള്‍.. മനസ്സിലായി..
കേബിള്‍ ടി ‌വി ഓഫീസിലാ  ജോലി അല്ലേ ..

Sunil : ഹും.. ജാഡയ്ക്ക് മാധ്യമ പ്രവര്ത്തകനാണെന്നൊക്കെ പറയാം..
ഈ കൈരളീം ഏഷ്യാനെറ്റുമൊക്കെ നല്കുന്ന വാര്ത്തകള്‍ വീടുകളിലൊക്കെ എത്തിക്കുന്നതാരാ..
ഞങ്ങള്‍.. ഞങ്ങളുടെ കേബിള്‍..

Biju : പിന്നെ പിന്നെ മഹത്തായ മാധ്യമ പ്രവര്ത്തനം അല്ലേ..

Sunil : ഡേയ് നീ ലവളെ നിരാശപ്പെടുത്തല്ലേ.. ഒരു കാര്യം ചെയ്യ്..

Biju : എന്ത്.

Sunil : മറ്റവള്‍ക്ക് ആദ്യം അയച്ച ഫൂതം  ഫാവി തന്നെ ഇവള്‍ക്കും പേരു മാറ്റി അയക്ക്..

Biju : അതു കൊള്ളാം ഗുഡ് ഐഡിയാ..
പ്രായമായാലും കുടില ബുദ്ധിക്ക് ഒരു മങ്ങലും ഇല്ലല്ലേ.

Sunil : പ്രായമായത് നിന്റെ.......

Biju : ഹി ഹി ഹി..

--------------------------------------------------------------------------

Biju : ഡേയ്... ഞാനത് പേരും നാളും മാറ്റി അവള്‍ക്ക് അയച്ചു..

Sunil : നിന്റെ കാര്യം പോക്കാ മോനേ..
ലവളും മറ്റോളും കൂടി ഒത്താല്‍ കള്ളം പൊളിയും..
ഹി ഹി ഹി.. അതോടെ ഒരു ബന്ധം കൂടി പൊളിയും.. ഞാന്‍ ഹാപ്പിയായെടാ..

Biju : ദുഷ്ടാ  ഭയങ്കര ദുഷ്ടാ  ..ഡെസ്പ്..

------------------------------------------------------------------------

Biju : ഹിഹിഹി.. അയ്യയ്യോ എനിക്ക് വയ്യേ..

Sunil : എന്നഡേയ്..

Biju : ദാണ്ടെ അവളുടെ റിപ്ലെ മെയില്‍ വന്നിരിക്കുന്നു..
ഭൂതോം ഭാവീം എല്ലാം ശരിയാണെന്ന്..

Sunil : ഹമ്മേ..

Biju : കൂടെ രണ്ട് കൂട്ടുകാരികളുടെ നാളും ജനനതീയതീം കൂടെ..
അവര്‍ക്കും അറിയണമെന്ന്

Sunil : മോനേ ഇനി നിന്നെ പിടിച്ചാല്‍ കിട്ടില്ല..

Biju : ഹിഹിഹി..

Sunil : ഗുരുവേ..താങ്കളുടെ ആശ്രമത്തില്‍ ശിഷ്യന്മാരെ എടുക്കുമോ. ട്രെയിനി ആയിട്ട്..

Biju : ഇപ്പോ നോം അതിനെക്കുറിച്ച് അലോചിച്ചിട്ടില്യാ...മകനേ..

Sunil : ഈ തുണി കഴുകാന്‍ വിറകുവെട്ടാന്‍ വെള്ളം കോരാന്‍.. അങ്ങിനെ..
അടിയന്‍ എന്തും ചെയ്തോളാം..

Biju : അതെനിക്കറിയാം മകനേ.... നീ എന്തും ചെയ്യുമെന്ന്..
അതുകൊണ്ടല്ലേ നിന്നെ നോം അടുപ്പിക്കാത്തത്..

Sunil : നീ പോഡാ.. ഡെസ്പ്..

Biju :കികികി.. (ക്രൂരമായ ചിരി)
----------------------------------------------------------------
കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം.
സമര്‍പ്പണം : ബൂലോകത്തെ എന്റെ പ്രിയ സുഹൃത്തിന്

Friday, January 1, 2010

മുത്തുച്ചാമി ഗൌണ്ടര്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി

ഡാ.. മുത്തുച്ചാമി.. നീ എവിടെയാണേലും നിന്നെ ഞാന്‍ പൊക്കും.
ഡാ.. കോപ്പേ നീ കൊഡൈക്കനാലിലെ വല്ല്യ ദാദായാണെങ്കില്‍  എനിക്ക് പുല്ലാടാ.. നീ കേരളത്തിലോട്ടു വാടാ...

കൊഡൈക്കനാലിലെ  പുതുവര്ഷ രാത്രിയിയുടെ ആഘോഷത്തിമിര്‍പ്പിനിടയില്‍ ഹോട്ടല്‍ മുറിയുടെ ബാല്ക്കണിയില്‍ നിന്ന്‍ സുനില്‍ അലറി വിളിച്ചു

ദേ ലവന്‍ തുടങ്ങീടാ.. നൂറടിച്ചാല്‍ അവനപ്പം പ്രതികാരം വരും.. ആരുമില്ലേടാ അവനെയൊന്നു തളയ്ക്കാന്‍..
പറയുന്നത് ഏതും പോരാത്ത സുരേഷ്.. നാലുകാലേല്‍ നടക്കുന്ന മനുഷ്യരുണ്ടെന്നും അതിനാല്‍ പരിണാമ സിദ്ധാന്തം തെറ്റാണെന്നും വെള്ളമടിച്ച് സ്ഥിരമായി തെളിയിക്കുന്ന മഹാന്‍ . അവനാണ് സുനിലിനെ  ഉപദേശിച്ച്  നേരെയാക്കാന്‍  ഇറങ്ങിയിരിക്കുന്നത്.

ആരും ഒട്ടും മാറിയിട്ടില്ല..സഹീറും നവീനും മാത്യുവും ജയേഷും ഒന്നും. പതിന്നാലു വര്ഷങ്ങള്‍ക്കു ശേഷം പഴയ കോളേജ് മേറ്റ്സ് ഒത്തു ചേര്ന്നപ്പോഴും സ്ഥിതി പഴയത് തന്നെ. സഹീറാണ് ഇങ്ങനെയൊരു കൂടിച്ചേരലിനു വഴിയൊരുക്കിയത്. ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ഒരോരുത്തരെയായി വിളിച്ച് അതൊരു കൂട്ടായ്മയാക്കി വീണ്ടും ഒത്തു  ചേരാനുള്ള അവസരമുണ്ടാക്കിയത് അവനാണ്‍. അടിച്ചു പൂക്കുറ്റിയാണെങ്കിലും ഇപ്പോഴും സ്വബോധം സ്വല്പമെങ്കിലും ബാക്കിയുള്ളതും അവനു മാത്രം. സത്യം പറയാമല്ലോ എനിക്കും  നല്ല ബോധമുണ്ട് പക്ഷേ എന്താണെന്നറിയില്ല കാലിങ്ങനെ നിലത്തു കുത്തിയാലുടന്‍  തീം പാര്‍ക്കിലെ റോളര്‍ കോസ്റ്ററില്‍ കയറിയപോലെ ഒരു ഫീലിംഗ്. പിന്നെ പഴശിരാജ എന്നു പറയുമ്പോള്‍  ശ യ്ക്ക് വരാനൊരു മടി.. അതെന്താണാവോ.. എന്തെങ്കിലുമാകട്ടെ ഇപ്പോ അത്ര ബുദ്ധിമുട്ടി പഴശിരാജ എന്നു പറയാന്‍ അത് കുപ്പീം കൊണ്ടു വരുന്ന ഹോട്ടല്‍ ബോയീടെ പേരൊന്നുമല്ലല്ലോ. തല്ക്കാലം  അങ്ങു പറയാതിരുന്നാലും സംഗതി നടക്കും.. എന്തായാലും ഭാഗ്യത്തിന് സീസര്‍ ജോര്‍ജ്ജ് തുടങ്ങിയ പരദേശി നാമങ്ങള്‍ യാതൊരു പ്രശ്നവുമില്ലാതെ പറയാന്‍ പറ്റുന്നുണ്ട്

കൂടിച്ചേരല്‍  കൊഡൈക്കനാലില്‍  തന്നെ വേണമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഏകാഭിപ്രയം ആയിരുന്നു. അല്ലെങ്കിലും  കോളെജില്‍ പഠിക്കുന്ന കാലത്ത് അന്റാര്‍ട്ടിക്കയിലേക്ക് ടൂര്‍ പ്ലാന്‍ ചെയ്താലും അവസാനം പോകുന്നത് കൊഡൈക്കനാലിലേക്കായിരിക്കും. അഞ്ച് വര്ഷത്തിനിടെ മൂന്നു വര്ഷവും കൊഡക്കനാലിന്റെ തണുപ്പും പുളിപ്പും കുളിര്മ്മയും ലഹരിയും നുകര്ന്നാണ് ഞങ്ങളുടെ വിനോദയാത്രകള്‍ അവസാനിച്ചിരുന്നത്.

ഡാ എന്നാലും എനിക്കു സഹിക്കാന്‍ പറ്റുന്നില്ലെടാ.. ആ മുത്തുച്ചാമി @#$%^&.. അവന്‍ നമുക്കിട്ട് എന്നാ പണിയാടാ പനിഞ്ഞത്. എനിക്കിപ്പം അവനെ കിട്ടണം.. ഈ സുനില്‍ ആരാണെന്ന് ഇന്നവനറിയും.. സുനില്‍ ഒരു രക്ഷയുമില്ലാത്ത ഫോമിലാണ്..

എന്റേടാ സുനീ.. അതൊക്കെ വര്ഷങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞു പോയതല്ലേ.. മുത്തുച്ചാമിയൊക്കെ ഇപ്പോ ചത്തുച്ചാമി ആയിക്കാണും മോനേ..നീ വന്ന്‍ ഇവിടെയിരിക്ക് .. ഞാനൊന്നവനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു നോക്കി.

പോഡാ.. മനുഷ്യരായാ പ്രതികാരം വേണമെടാ പ്രതികാരം.. കോളെജീന്ന് മരിയാദയ്ക്ക് ടൂറ് വന്ന നമ്മളെ എന്തൊക്കെ ശോഭകേടാടാ അവന്‍ ചെയ്തത്.. ഹോ ആ ദിവ്യേടെ കരച്ചില്‍ ..എനിക്കിപ്പഴും അതോര്‍ക്കുമ്പം സങ്കടം വരും.
സുനില്‍ സെന്റിയിലേക്ക് മാറാനുള്ള പുറപ്പാടാണ്‍.. എന്നാല്‍ പ്രശ്നമില്ല ഒരു കെട്ടിപ്പിടിക്കലും കരച്ചിലും .. ഡും.. പിന്നെ നില്ക്കുന്നിടത്തു വീണോളും.

പിന്നെ.. ദിവ്യ കരഞ്ഞതിലാ അവനു സങ്കടം.. അന്നു തമിഴന്മാരുടെ ചവിട്ട് കൊണ്ടത് സ്വല്പം മാറിയിരുന്നെങ്കില്‍ ഇന്ന് വീട്ടിലിരിക്കുന്ന രണ്ട് ചെറുതുകള്‍ ഈ ഭൂമീല്‍ അവതരിക്കുവേലാരുന്നു. എന്നിട്ടും   എന്നെക്കുറിച്ച് ഈ കൊച്ചു കഴുവേറിക്ക് വല്ല ഓര്മ്മയും ഉണ്ടോന്നു നോക്കിക്കേ..മറ്റോള്‍ കരഞ്ഞതിലാ അവന്‍ സങ്കടം . സഹീര്‍  സുനിലിന്റെ പഴയ ദിവ്യാ പ്രണയകാലത്തെ കളിയാക്കിപ്പറഞ്ഞു...

അത്.. അതുപിന്നെ നീയൊക്കെയല്ലേ തോക്കും കത്തിയുമൊക്കെയെടുത്ത് ആ ഡ്രൈവറെ വിരട്ടിയത്..

പോടാ.. നവീനാ ആദ്യം തുടങ്ങിയത്..

അതു  ബസ് ഡ്രൈവര്‍ കരഞ്ഞു വിളിച്ചാല്‍ ഇടപെടാതെയിരിക്കാന്‍ പറ്റുമോ..

പിന്നേ നീയാര്  ബെല്ലാരി രാജയോ .. മൊഡ കണ്ടാല്‍ എടപെടാന്‍..

പോഡാ..അവനെക്കുറിച്ച് അങ്ങിനെ പറയല്ലേ..  അപ്പോ ശെന്തിലിന് ഒരു പിന്‍ഗാമി വേറെയാരുണ്ട്..

ശെന്തില്‍ നിന്റെ..........

കൂട്ടുകാരന്‍ എന്നല്ലേ നീ പറയാന്‍ വന്നത്.. മനസിലായെടാ..

തര്‍ക്കങ്ങളും ചോദ്യങ്ങളുമൊക്കെയായി  കളിയാക്കലുമായി കളം മുറുകി.. എല്ലാവരും പഴയ കോളെജ് കാലത്തിലേക്ക് തിരിച്ചു പോയി.. പതിന്നാലു വര്ഷങ്ങള്‍ പിന്നോട്ട്.

കലാലയത്തിലെ നാലാം വര്ഷം. പതിവുപോലെ ആ വര്ഷവും യാത്ര കൊഡക്കനാലിലേക്ക് തന്നെയായിരുന്നു. തിരുവന്തപുരത്തു നിന്നും കൊല്ലം കൊച്ചി ത്രൃശൂര്‍ പാലക്കാട് എന്നിവിടങ്ങളിലെ ബാറുകള്‍ ഷാപ്പുകള്‍ തുടങ്ങിയ വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പാലക്കാട് വഴി പഴനി. അവിടെ ഭക്തി നിര്‍ഭരമായ കുറെ നിമിഷങ്ങള്‍.പിന്നെ പൂര് വാധികം ശക്തിയോടെ കോഡൈക്കാനാല്‍ ചുരം കയറലും കുപ്പി തുറക്കലും.. അങ്ങിനെ ആട്ടവും പാട്ടുമായി വണ്ടി ചുരം കയറുകയാണ്‍..

സഹീറിന്റെ ഗസലില്‍ തുടങ്ങിയ മേളം.. രശ്മ്മിയുടെ വഞ്ചിപ്പാട്ട്..  ജയേഷിന്റെ തമിഴ് ഹിറ്റ്സ്  ജോസിന്റെ വെസ്റ്റേണ്‍ എന്നിവ കഴീഞ്ഞ് ഞങ്ങളുടെ പൊതു സ്വത്തായ കൊടുങ്ങല്ലൂര്‍ ഹിറ്റ്സില്‍ എത്തി നില്‍ക്കുകയാണ്‍.  ബസ്സില്‍ പെണ്‍കുട്ടികളും  സിഗരറ്റ് പായ്ക്കറ്റില്‍ മുന്നറിയിപ്പ് എഴുതുന്നതു പോലെ നിയമപരമായ കാരണങ്ങളാല്‍ കൂടെ കൂട്ടിയ രണ്ടു സാറന്മാരും ഉള്ളതിനാല്‍ പാടിന്റെ ചില മര്മ്മ ഭാഗങ്ങള്‍ സെന്സര്‍ ചെയ്തും വലിച്ചു നീട്ടിയുമൊക്കെയാണ് പാടുന്നത് എങ്കിലും  സംഗതികളെല്ലാം ക്രൃത്യമായി വരുന്നുണ്ട്.    ബസ്സിന്റെ പിന്‍ഭാഗം സത്യമംഗലം കാട് പോലെ വീരപ്പനും ഹിസ്ര മ്രൃഗങ്ങളും നിറഞ്ഞ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പെണ്‍കുട്ടികള്‍ സാറന്മാര്‍ എന്നിവര്‍ ആ ഭാഗത്തേയ്ക്ക് എത്തി നോക്കുക പോലും ചെയ്യില്ല. അവിടെ വാള്‍ തുടങ്ങിയ മാരകായുധങ്ങള്‍ കയ്യിലുള്ള ധൈര്യ ശാലികള്‍ അവ തലങ്ങും വിലങ്ങും വെച്ച് പാളയം മാര്‍ക്കറ്റില്‍ ചാള അടുക്കി വെച്ചിരിക്കുന്നത് പോലെ കിടപ്പുണ്ട്.  ചുരം കയറും തോറും തണുപ്പും കൂടി വരുന്നതിനാല്‍  ജലസേചന കേന്ദ്രത്തില്‍ ഗംഭീര പോളിംഗാണ് രേഖപ്പെടുത്തുന്നത്.

അങ്ങിനെ കാര്യങ്ങളെല്ലാം ഗുമ്മായി പൊയ്ക്കൊണ്ടിരിക്കുന്നതിനിടയില്‍ ബസ്സ് പെട്ടന്നു നിന്നു. ഡ്രൈവര്‍ ഉറക്കെ ആരോടോ സംസാരിക്കുന്നുണ്ട്. പെട്ടെന്നൊലര്‍ച്ച കൂടെ എന്തൊക്കെയോ ശബ്ദങ്ങള്‍. എന്തോ അടിപിടി മണക്കുന്നുണ്ട്.  ടൂറിന്റെ പ്രധാന സംഘാടകനും ക്ലാസ് പ്രതിനിധിയുമായ നവീന്‍ വാള്‍പയറ്റു നടത്തിയതിന്റെ ക്ഷീണത്തില്‍ പുറകിലെ കളരിയില്‍ വിശ്രമത്തിലായിരുന്നു. ശബ്ദം കേട്ടതും അദ്ദേഹത്തിലെ ഉത്തരവാദിത്ത ബോധം ഉണര്ന്നു.. ഇരിക്കുന്നവരെയും നില്ക്കുന്നവരെയും കിടക്കുന്നവരെയുമെല്ലാം ചവിട്ടി മെതിച്ച് അവന്‍ ബസ്സിന്റെ മുമ്പിലേക്ക് കുതിച്ചു. പുറകെ ഞങ്ങളും.

സാറെ അയാളെന്നെ തല്ലി.. ഞങ്ങള്‍ മുമ്പിലേക്കെത്തിയതും ബസ് ഡ്രൈവര്‍ കരഞ്ഞു കൊണ്ടു പറഞ്ഞു.. ഡ്രൈവറുടെ സൈഡിലെ ഡോറില്‍  ചവിട്ടി ഒരു ഘടാഘടിയന്‍ തമിഴന്‍ നില്ക്കുന്നുണ്ട്.

എന്നെടാ.. തിമിര്‍.. തമിഴന്‍ അലറുന്നുണ്ട്..

റോഡിന്റെ മറുപുറത്ത്  മഞ്ഞനിറത്തില്‍ നാക്കുനീട്ടിയ ചേട്ടന്റെ തലയും  കെട്ടിത്തൂക്കി പാണ്ടിലോറി ഒരെണ്ണം കിടക്കുന്നു. വഴിക്ക്‍ വീതി തീരെ കുറവുള്ളയിടമായതിനാല്‍ ആരെങ്കിലും ഒരാള്‍ പുറകോട്ടൂ മാറ്റണം. ദൂരെ നിന്നേ ലൈറ്റ് അടിച്ചു കാണിച്ചതാണെന്നും  ലോറിക്കാരന്‍ അത് ഗൌനിച്ചില്ലെന്നും വണ്ടി അടുത്ത് കൊണ്ട് നിര്ത്തി ബസ്സ് പുറകോട്ടെടുക്കാന്‍ പറഞ്ഞ് തെറി വിളിച്ചെന്നും അടിച്ചെന്നുമാണ്  നമ്മുടെ ഡ്രൈവര്‍ പറയുന്നത്..

ങാഹാ.. ബ്ലഡി തമിഴന്സ് മലയാളികളോട് കളിക്കാറായോ..  നവീന്‍ ചാടിയിറങ്ങി. കോളെജിലെ പ്രമുഖ കട്ടയെന്ന നിലയിലും മിക്കാവാറും അവിടെയുണ്ടാകുന്ന തല്ലു കേസ്സുകളുടെ അഭിവാജ്യ ഘടകമെന്ന നിലയിലും അദ്ദേഹം പുറത്തിറങ്ങിയാല്‍ എന്തും സംഭവിക്കാം.. പക്ഷെ ഇത് നാട്  തിരുവനന്തപുരമോ.. കേരളമോ അല്ലല്ലോ.. നല്ല കട്ടപ്പാണ്ടികള്‍ വാഴും നാടല്ലേ.. എന്തു പറയാന്‍ കിംഗ് ജോര്‍ജും സീസറും നെപ്പോളിയനുമൊക്കെ തലേല്‍ കയറിയിരിക്കുമ്പോള്‍ എന്തു പാണ്ടി എന്തു  വീരപ്പന്‍ എന്തു രജനീകാന്ത്.

പാഞ്ഞു ചെന്ന് ലോറി ഡ്രൈവറെ ബസ്സിന്റെ ഡോറില്‍ നിന്നും വലിച്ച് താഴെയിട്ട്  മുതുകിനിട്ട് കൊടുത്തു ഒരെണ്ണം... ഇത്ര പുലിക്കുട്ടികള്‍ ഇക്കൂട്ടത്തിലുണ്ടെന്ന് അയാള്‍ കരുതിയില്ലെന്നു തോന്നുന്നു.. ആളാകെ സ്തംഭിച്ചു പോയി.. കണ്ണടച്ചു തുറക്കും മുമ്പ് എവിടെ നിന്നാണെന്നറിയില്ല നവീന്റെ കൈയ്യില്‍ നല്ല അസ്സല്‍ ഒരു മലപ്പുറം കത്തി.. ഹമ്മേ അതു കണ്ടതും ഒരിടത്തും ഉറയ്ക്കാതെ ആടിക്കളിച്ചിരുന്ന എന്റെ കാലും തലയും പെട്ടെന്നു സ്റ്റെഡിയായി.. ഉണ്ടായിരുന്ന കെട്ടെല്ലാം ബലൂണിന്റെ കാറ്റഴിച്ചു വിട്ടപോലെ ഭുമ്മെന്നങ്ങ് ചുങ്ങി വെറും അപ്പാവി പാലാക്കാരനായി..

എഡാ.. നവീ.. നീയെന്നാ ഈ കാണിക്കുന്നത്..
ഒറ്റച്ചാട്ടത്തിനു ഞാനവനെ ഉറുപ്പടങ്കം പിടിച്ചു. അപ്പോഴെക്കും  സുനിലും, ജയേഷും ജോസും മറ്റുള്ളവരും എല്ലാം കളത്തിലെത്തി.. എവിടെ നൂലു പോലിരിക്കുന്ന ഞാന്‍ പിടിച്ചാല്‍ ഷെവാസ്നെഗറിനു പഠിക്കുന്ന നവീന്‍ നില്ല്കുമോ..അവന്‍ കത്തി തമിഴന്‍ ഡ്രൈവറുടെ കഴുത്തിനു നേരെ ചൂണ്ടിയിര്‍ക്കുകയാണ്‍.. അതു വരെ ബാഷയിലെ രജനീകാന്തിനെപ്പോലെ ഒരു തടവ് ശൊല്ലിയാല്‍ നൂറുതടവ് ശൊന്ന മാതിരി  എന്നു പറഞ്ഞ് കൈയും എളിയികുത്തി വില്ലിച്ചു നിന്നിരുന്ന അങ്ങേര്‍ കത്തിയുടെ പൊസിഷനും നവീനിന്റെ നില്പ്പും കണ്ട് കിലുക്കത്തിലെ ജഗതിയെപ്പോലെ ഈ മറുതായെ ആരെങ്കിലും പിടിച്ചു മാറ്റോ എന്ന പരുവത്തില്‍ നില്‍ക്കുകയാണ്‍.

മാറ്റിടാം സാര്‍.. നാനേ മറ്റിടാം.. തമിഴന്‍ വിനയാന്വിതനായി..  അതിനനുസരിച്ച് നവീനിന്റെ വീര്യവും കൂടി..

തന്നെ ഇവന്‍ തല്ലിയോടോ.. ബസ് ഡ്രൈവറോടാണു ചോദ്യം.. അയാള്‍ തല്ലീന്നും ഇല്ലെന്നും അര്ത്ഥം വരുന്ന വിധത്തില്‍ തലയാട്ടി. അത്രയും നേരം ഒന്നു മിണ്ടാതെ മര്യാദാ പുരുഷോത്തമനായി പുറകില്‍ നിന്നുരുന്ന ജോസിന് അപ്പോഴാണ് വെളിപാടുണ്ടായത്.. നീ അവനെ തല്ലുമല്ലേടാ എന്നു പറഞ്ഞ് മുന്നൊട്ടൊരു ചാട്ടം.. ഠപ്പേ.. തമിഴന്റെ കവിളത്ത്  അവന്റെ  ഒണക്കകൈയ്യുടെ  പാട്  രേഖാചിത്രമായി തെളിഞ്ഞു വന്നു. . കത്തി മുനേലുള്ള നില്പ്പിലും അയാള്‍ മുന്നോട്ടൊന്നാഞ്ഞു. അത് പിന്നെ  ചെരുപ്പും ഉടുപ്പും മറ്റ് കിടുപിടികളെല്ലാം സഹിതം തൂക്കിയാലും അയാളുടെ കാലിന്റെയൊപ്പം പോലും  തൂക്കം വരാത്ത ഒരു നത്തോലിപ്പയ്യന്‍ മോന്തയ്ക്കടിച്ചാല്‍  മറ്റേക്കരണം കൂടി കാണിച്ചു കൊടുക്കാന്‍ അയാള്‍ മുന്നാഭായിയിലെ മഹത്മാഗാന്ധി അവേശിച്ച സഞ്ജയ് ദത്ത് ഒന്നുമല്ലല്ലോ.

തമിഴന്‍ മുന്നോട്ട് കാല്‍ വെച്ചതും ജോസ് അരയില്‍ നിന്ന് എന്തോ ഒന്നെടുത്ത് അയാളുടെ നേര്‍ക്ക് ചൂണ്ടീതും പെട്ടെന്നായിരുന്നു.. ഞാന്‍ കണ്ണു തിരുമ്മി നോക്കി.. ഹമ്മേ.. തോക്ക്..ഈശ്വരാ ഇവന്‍ ടൂറിനെന്നും പറഞ്ഞു വന്നത് വല്ല ആന വേട്ടയ്ക്കോ മറ്റോ ആണോ.. വീരപ്പന്‍ ജോസ്.. നക്കീരന്‍ ഗോപാല്‍ എന്നൊക്കെ പറയുന്നതു പോലെ ഒരു ഗുമ്മുണ്ട് കേള്‍ക്കാനൊക്കെ.

ജോസേ.. തോക്കു വേണ്ടടാ.. സുരേഷും മാത്യൂം ഞാനുമ്മൊക്കെ കൂടി അവനെ പിടിച്ചു മാറ്റി.. എന്തായാലും ആ  തോക്കു ചൂണ്ടലില്‍ തമിഴന്‍ ഡ്രൈവറുടെ അവസാന ശ്വാസവും.. കൊഡൈക്കനാല്‍ ചുരം കടന്ന് താഴോട്ടു പോയി.

അണ്ണൈ മന്നിച്ചിടുങ്കോ അണ്ണൈ എന്നു പറഞ്ഞയാള്‍ നവീനിന്റെ കാലില്‍ വീണു.. പിന്നെ ഡ്രൈവറെ നോക്കി തൊഴുതു..

ലോറി പുറകോട്ടു മാറ്റപ്പെട്ടു.. വിജയശ്രീലാളിതരായി വെച്ച കാല്‍ പിന്നോട്ടില്ല എന്ന് പറഞ്ഞ് ഞങ്ങള്‍ മുന്നോട്ടു പോയി..

തമിഴനെ കത്തിമുനയില്‍ നിര്ത്തിയ നവീനും തോക്കു ചൂണ്ടി വിറപ്പിച്ച ജോസും വീര നായകരായി..ജോസിന്റപ്പന്‍ പക്ഷികളെയൊക്കെ വെടിവെയ്ക്കാന്‍ മേടിച്ച ഒരു കുഞ്ഞ് എയര്‍ ഗണ്ണാണ് തമിഴന്റെ മുമ്പില്‍ എ കെ 47 ആയത്. അമ്പട വീരാ എന്ന മട്ടില്‍ പെണ്‍പിള്ളേരൊക്കെ അവരെ നോക്കി അന്തിച്ചിരുന്നു.. 

തമിഴന്‍ വധം വീരകഥകള്‍ പറഞ്ഞിരുന്നതിനാല്‍ പിന്നീട് കൊഡൈക്കനാലില്‍ എത്തിയത് അറിഞ്ഞതേയില്ല. രാത്രി നേരം വൈകിയിരിക്കുന്നു.. പിറ്റേന്ന് പകല്‍ മുഴുവന്‍ കൊഡൈക്കനാലില്‍ കറങ്ങേണ്ടതിനാല്‍ രാവിലെ എഴുന്നേല്ക്കണം .. ലോഡ്ജിലെ റൂമുകളിലേക്ക് എല്ലാവരും ചുരുണ്ടു.

അതിരാവിലെ കൊഡൈക്കനാലിലെ തണുപ്പില്‍ ചൂടു ചായ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതാണ് എന്നതിനാല്‍ ഞാനും ജയേഷും ടീ ഷാപ്പ് അന്വേഷിച്ചിറങ്ങി. അതിരാവിലെ നല്ല തണുപ്പയിട്ടും ഞങ്ങള്‍ താമസിക്കുന്ന ലോഡ്ജിനു ചുറ്റും ധാരാളം ആള്‍ക്കാരുണ്ട്.

ഈ തമിഴന്മാര്‍ക്ക് തണുപ്പൊന്നും ഒരു പ്രശ്നമല്ലെടാ കണ്ടോ.. രാവിലെ തന്നെ പണിക്ക് പോകാന്‍ ഇറങ്ങിയിരിക്കുന്നത്.. അധ്വാനികള്‍ തന്നെ.. ഞങ്ങള്‍ രണ്ടു പേരും പരസ്പരം പറഞ്ഞു ലോഡ്ജിന്റെ വാതില്ക്കലേക്ക് നടന്നു..

ഡാ..$%*&^$# മക്കളേ.. എങ്ങു നിന്നോ അശരീരി പോലെ നല്ല ഒന്നാം തരം തമിഴ് ത്തെറി..

ഞാന്‍ മുകളിലേക്ക് നോക്കി.. ലോഡ്ജിനു കുറച്ച് മുകളിലായി പോകുന്ന റോഡില്‍ നിന്നും ഒരു കൂട്ടം തമിഴന്മാര്‍ തഴേക്ക് നോക്കി തെറി വിളിക്കുന്നു.. ഞങ്ങള് ചുറ്റും നോക്കി.. ലോഡ്ജിന്റെ മുന്‍ വശത്തെങ്ങും വേറെയാരുമില്ല..

ഞങ്ങള്‍ അല്പം കൂടി മുന്നോട്ട് നടന്നു.. തെറിവിളിയുടെ ശക്തി കൂടി.. ഇതാരെയാണ് ഇവന്മാര്‍ തെറി വിളിക്കുന്നതെന്നറിയാന്‍ മുകളിലേക്ക് നോക്കിയ എന്നെ കാണ്ടാമൃഗത്തിന്റെ ലുക്കുള്ള ഒരണ്ണാച്ചി ഉടുതുണി പൊക്കി കാണിച്ചു... ഛേ.. സിനിമയില്‍ മാത്രമേ  ഈ അണ്ണാച്ചിമാര്‍  മുണ്ടിനടിയില്‍ മുട്ടറ്റം നീളമുള്ള നിക്കറിടൂ  എന്ന് അപ്പോള്‍ മനസ്സിലായി.. ഹോ.

സംഗതി എന്തോ പാളിയിട്ടുണ്ട്... ഞങ്ങള്‍ പതിയെ ലോഡ്ജിലേക്ക് വലിഞ്ഞു.. അപ്പോഴതാ ഞങ്ങളേക്കാള്‍ മുന്നേ പുറത്ത് ചായകുടിക്കാന്‍ മുട്ടിപ്പോയ സഹീര്‍ കരഞ്ഞു വിളിച്ച് വരുന്നു..

എടാ.. ആകെ കുഴപ്പമായെടാ.. പാണ്ടി ലോറി തടഞ്ഞു നിര്ത്തി കൊള്ളയടിച്ചെന്നും പറഞ്ഞ്  അവന്മാരെല്ലാം കൂടി എന്നെ പിടിച്ചിടിച്ചെടാ.. അവന്‍ കരയുകയാണ്‍..

അതിനു നീ എപ്പോഴാ കൊള്ള സംഘത്തില്‍ ചേര്ന്നത്..

പോടാ.. ഇത് നമ്മള്‍ ഇന്നലെ പേടിപ്പിച്ചില്ലേ ആ ലോറീടെ ആള്‍ക്കാരാ.. അവര്‍ വല്ല്യ ബഡാ ഗ്രൂപ്പാഡാ..

സംഭവത്തിന്റെ ഗൌരവം അപ്പോഴാണ് പിടികിട്ടിയത്.. നൂറോളം ലോറികളുള്ള മുത്തുച്ചാമി  ഗൌണ്ടര്‍ എന്ന വേദനിക്കുന്ന കോടീശ്വരന്റെ നൂറിലൊരു ലോറിയുടെ അരുമ ഡ്രൈവറെയാണ് നവീനും സംഘവും കത്തി, തോക്കു മുനകളില്‍ നിര്ത്തിയത്.  രാത്രീല്‍ ലോറി തടഞ്ഞു നിര്ത്തി പണം കൊള്ളയറ്റീച്ചെന്നും ലോഡ് കൊക്കയില്‍ തള്ളീന്നും പറഞ്ഞ് കൊഡൈക്കനാല്‍ പോലീസ് സ്റ്റേഷനില്‍ അവര്‍ പരാതി കൊടുത്തിട്ടുമുണ്ട്.. പോരാഞ്ഞിട്ട് പൊന്നമ്പലം  നിലവാരം മുതല്‍ വടിവേലു നിലവാരത്തില്‍ വരെയുള്ള ചെറുതും വലുതുമായ തമിഴ് ശിങ്കങ്ങള്‍ ഞങ്ങള്‍ താമസിക്കുന്ന ലോഡ്ജ് വളഞ്ഞിരിക്കുകയുമാണ്‍..

എന്തു ചെയ്യും.. പെട്ടിരിക്കുന്ന ആസിയാന്‍ കരാറിന്റെ ചുറ്റിക്കെട്ട് അപ്പോഴാണ് ബോധ്യമായത്.. പുറത്തിറങ്ങിയാല്‍ തമിഴ് ഗുണ്ടാസ്.. അകത്തേക്ക് വരാന്‍ തയ്യാറായി പോലീസ്.. സാഗര്‍ ഏലിയാസ് ജാക്കിയുടെയും പട്ടണത്തില്‍ ഭൂതത്തിന്റെയും ഇടയില്‍ പെട്ട പാവം മലയാളി പ്രേക്ഷകനെപ്പോലെ ഞങ്ങള്‍ വട്ടം കറങ്ങി. എന്തായാലും അടി ഉറപ്പ്.. പിന്നെ തമിഴ് അരശാങ്കത്തിന്റെ വേണോ.. അന്‍പുടന്‍ തമിഴ് മക്കളുടെ വേണോ എന്നേ തീരുമാനിക്കാനുള്ളൂ..

സമയം  മുന്നോട്ടു പോയ്ക്കൊണ്ടിരുന്നു..പുറത്തെ ആള്‍ക്കൂട്ടം വലുതായിക്കൊണ്ടും.. തല പുറത്തേക്കിട്ടാല്‍ തെറിവിളി.. പിന്നെ കാണാക്കാഴ്ചകളും.. തലേന്നത്തെ പുലികളൊക്കെ എലികളായി മാളത്തില്‍ ഒളിച്ചിരിക്കുകയാണ്‍..പെണ്‍കുട്ടികളുടെ വാര്‍ഡില്‍ കണ്ണീര്‍ക്കടല്‍..അവിടെ ആശ്വസിപ്പിക്കലിന്റെ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ പരീക്ഷിക്കുന്ന അസ്ഥാന ക്ലാസ് പൂവാലന്മാര്‍..  വാലിനു തീപിടിച്ചപോലെ സുരേഷും ഞനും മറ്റുള്ളവരും.. എങ്ങോട്ടോടിയിട്ടും തെറിവിളിയല്ലാതെ ഒന്നും നടക്കുന്നില്ല. അവസാനം ലോഡ്ജ് ഉടമ തന്നെ രക്ഷകനായി അവതരിച്ചു.. മുത്തുച്ചാമിയുടെ ആള്‍ക്കാരുമായി സംസാരിച്ചു.. ഇരുപതിനായിരം രൂപയാണ് അവര്‍ ആവശ്യപ്പെടുന്നത്.. ഞങ്ങളെ എല്ലാം കൂടി തൂക്കി വിറ്റാല്‍ പോലും അത് കിട്ടില്ല. പിന്നെ അത് പതിനയ്യായിരമായി പതിനായിരമായി.. അവസാനം എണ്ണായിരത്തില്‍ വന്നു നിന്നു..

എണ്ണായിരം രൂപ.. ഒരു പാര്‍ട്ടി നടത്താന്‍ നെഞ്ചത്തടിച്ചു പിരിച്ചാല്‍ നൂറ് രൂപ ത്കഞ്ഞു പിരിയാത്ത ക്ലാസ്സില്‍ നിന്നും എണ്ണായിരം രൂപ പിരിഞ്ഞത് റെക്കാഡ് സമയത്തിലാണ്‍..ലോഡ്ജുടമയുടെ മധ്യസ്ഥതയില്‍ കാര്യങ്ങള്‍ ഒരു വിധം ഒതുക്കിത്തീര്ത്തു.. ഒത്തു തീര്‍പ്പിനു പോയ സുരേഷിനും കിട്ടി രണ്ടുമൂന്ന് തമിഴ് പേച്ചും ചവിട്ടും..

ശീഖ്രമാ ഇടത്തൈ കാലി പണ്ണിടെടാ..&%$*&^$ പയലുകളേ.. ഇനി മേലാല്‍ ഇന്ത ഏരിയാവിലെ കണ്ടാല്‍ ഉയിരോടെ പോകമാട്ടെ.. മുത്തുച്ചാമിയണ്ണന്‍ പോകും മുമ്പ അത്രയും കൂടി പറഞ്ഞു.
സന്തോഷമായി.. അങ്ങിനെ കൊഡൈക്കനാല്‍ കറങ്ങാന്‍ വന്ന ഞങ്ങള്‍ ലോഡിന്റെ മുറ്റത്ത് വട്ടം കറങ്ങി പെട്ടീം സാധനവുമെടുത്ത് സ്ഥലം കാലിയാക്കി.


ഡാ മുത്തുച്ചാമി ഗൌണ്ടരെ.. നിന്നെ കണ്ടിട്ടെ ഇന്ന് ഇന്ന് ഈ സുനിലിനുറക്കമുള്ളൂ... ബാല്ക്കണിയിലെ കമ്പിയില്‍ പിടിച്ച് തൂങ്ങി ഇത്രയും കൂടി പ്രഖ്യാപിച്ച് സുനില്‍ തറയിലേക്ക് വീണു നിദ്രയെ പൂകി.. ഏറെ വര്ഷങ്ങള്‍ക്ക് ശേഷം സുഖമുള്ള കൂടിച്ചേരലിന്റെ രസവും നുണഞ്ഞ് ഞങ്ങള്‍ നേരം പുലരുന്നത് വരെ വെടി പറഞ്ഞിരുന്നു..

പിറ്റേന്ന് ഉച്ചകഴിഞ്ഞു.. കൊഡൈക്കനാലില്‍ നിന്നും ചുരമിറങ്ങി.. ക്വാളിസ് താഴേക്ക് കുതിക്കുന്നു..  സുരേഷാണ് ഡ്രൈവ് ചെയ്യുന്നത്.. വേഗത്തില്‍ ചുരമിറങ്ങിക്കൊണ്ടിരുന്ന വണ്ടി പെട്ടന്നൊരു ലോറിയുടെ മുമ്പില്‍ ചവിട്ടി നിര്ത്തി സുരേഷ് പുറത്തിറങ്ങി... കാര്യമെന്തന്നറിയാതെ ഞങ്ങളും.. അവന്‍ നേരെ ലോറി ഡ്രൈവറുടെ അടുത്തേക്ക് ചെന്നു എന്തോ സംസാരിക്കുന്നു..

ഞാന്‍ ലോറി ശ്രദ്ധിച്ചു.. മുത്തുച്ചാമി ഗൌണ്ടര്‍ ട്രാന്സ്പോര്‍ട്ട് കമ്പനി.. എന്നു പേര്‍ തമിഴില്‍ നീട്ടിയഴുതിയിരിക്കുന്നു.. മഞ്ഞ നിറത്തിലുള്ള നാക്കു നീട്ടിയ ചേട്ടന്റെ തല താഴെ തൂങ്ങിക്കിടക്കുന്നു..

ഇവനിതെന്തിനു പോയതാണോ.. ഇനി പ്രതികാരം ചെയ്യാന്‍.. ഛേ.. അത് കള്ളിന്റെ പുറത്തുള്ള പ്രതികാരമല്ലേ..

സുരേഷ് തിരിച്ചു വന്നു വണ്ടിയെടുത്തു പറഞ്ഞു..

മുത്തുച്ചാമി ഗൌണ്ടര്‍ മരിച്ചു പോയെന്ന് ഇപ്പോള്‍ അങ്ങേരുടെ മകനാണു പോലും... എന്തോ ഒരു ഗൌണ്ടര്‍..

അന്ന് ലോഡജ് വളഞ്ഞ കൂട്ടത്തില്‍ ആ ഡ്രൈവറും ഉണ്ടായിരുന്നെന്ന്.. എണ്ണായിരം രൂപയും  ഗൌണ്ടര്‍ അവര്‍ക്ക് കൊടുത്തു പോലും.. എല്ലാവരും അന്ന് അടിച്ചു പൂക്കുറ്റിയായെന്നു അയാള്‍ പറഞ്ഞു..

വണ്ടി പഴനിയും.. കോയമ്പത്തൂരും കടന്ന് മലയാള നാട്ടിലെത്തി..

പാലക്കാട്ടിലെ കേരള തിര്ത്തി കടന്നപ്പോള്‍ സുരേഷ് വണ്ടി നിര്ത്തി .. എന്നിട്ട് പതിന്നാലു വര്ഷം മുമ്പ് പ്രാണനും കൊണ്ടോടി കേരളാതിര്ത്തി കടന്നപ്പോള്‍ വണ്ടി നിര്ത്തി മുത്തുച്ചാമിയേയും തമിഴന്മാരെയും  വിളിച്ച തെറിയെ അനുസ്മരിപ്പിക്കും വിധം ഉറക്കെ വിളിച്ചു കൂവി..

ഡേയ്.. കേരളാവിലെ വന്ത് വിളയാടാന്‍ ധൈര്യമിരുന്താല്‍ വാടാ..

Sunday, December 13, 2009

ഒരു പാതിരാ പെരുന്നാളിന്റെ കഥ

നിനക്കൊക്കെ എന്നാ അറിയാമെടാ.. ഈ കുരുവിക്കൂടും മഞ്ചക്കുഴിയുമൊക്കെ കൂടിയ കരയിലെ വല്യ പ്രമാണിത്തറവാട്ടുകാരായിരുന്നു ഞങ്ങളുടെ നിലത്തില്‍ കുടുംബം.. എന്റെ വല്ല്യമ്മാവനൊക്കെയുണ്ടല്ലോ ഇവിടുത്തെ കൊച്ചു രാജാവായിരുന്നു., അങ്ങിനെ നോക്കിയാല്‍ ഇപ്പോ ഞാനൊക്കെ ഈ കരേലെ  രാജാവാകേണ്ടതാ.. ഹാ.. കാലം മാറിയില്ലേ.

മഴ തോരാതെ പെയ്യുന്ന കര്‍ക്കിടകത്തിലെ ഒരു നാള്‍ വീടിന്റെ നീളന്‍ വരാന്തയിലിരുന്ന് കൊച്ചേട്ടന്‍ തകര്‍ക്കുകയാണ്‍. കേള്വിക്കാരായി ഞാന്‍ സാജു ഹരിലാല്‍ തുടങ്ങിയവടങ്ങുന്ന പുതു തലമുറ.

പിന്നേ.. നാലിഞ്ച് നീളത്തില്‍ ഉരുളക്കിഴങ്ങിന് ബ്ലാക്കോക്സൈഡ് അടിച്ച രൂപഭംഗിയുള്ള കൊച്ചേട്ടനാണ് താന്‍ രാജാവായേനേ എന്നു പറയുന്നത്.  കൊച്ചേട്ടനെ മഹാഭാരതം സീരിയലിലെ രാജാക്കന്മാരുടെ റോളില്‍ ഞാനൊന്ന് സങ്കല്പ്പിച്ച്നോക്കി.. ഹോ ഭീകരം..

അപ്പുറത്ത് സാജു വന്‍ കോസെന്‍ട്രേഷനില്‍ കഥ സാകൂതം കേക്കുകയാണ്‍. ഇടയ്ക്ക് ഗൌരവത്തില്‍ എന്നെയൊന്നു നോക്കി.. കൊച്ചേട്ടന്‍ ഭയങ്കര സംഭവം തന്നെ എന്ന് മുഖം കൊണ്ട് ഒരു ആക്ഷന്‍ കാണിച്ച് വീണ്ടും കഥയിലേക്ക് മടങ്ങി.

കൊച്ചേട്ടന്‍ നിര്ത്താന്‍ ഭാവമില്ല.. അല്ലെങ്കിലും പെരു മഴ പെയ്യുന്ന ഈ ദിവസത്തില്‍ ഞങ്ങള്‍ക്കുള്ള ഏക നേരമ്പോക്ക് കൊച്ചേട്ടനാണല്ലോ.

എന്റേടേ... അന്നൊക്കെ ഓണത്തിന് അമ്മാവന്‍ ഞങ്ങള്‍ക്കെല്ലാം  സ്വര്ണ്ണക്കോണകം വാങ്ങിത്തരുമായിരുന്നു.

സ്വര്ണ്ണക്കോണകമോ..!!! അതെന്നതാ കൊച്ചേട്ടാ.. ഞാനൊരു സംശയം ചോദിച്ചു.

ഡേയ്.. അത് സ്വര്ണ്ണത്തകിട് കട്ടി കുറച്ച് പരത്തിയെടുക്കുമെടേ.. എന്നിട്ട് വള്ളിയിടും..

ഓഹോ.. അപ്പോള്‍ ലതാണ് ഐറ്റം.. സ്വര്ണ്ണത്തകിട് പരത്തിയെടുത്ത് കോണകം.. എന്നിട്ട് മുകള്‍ വശം മടക്കി വള്ളിയിടുമത്രേ..സംഭവം കൊള്ളാം.. കൊച്ചേട്ടനെക്കുറിച്ച്  പറഞ്ഞു കേട്ടിട്ടുള്ള കഥകള്‍ നോക്കിയാല്‍  കൈയ്യിലിരിപ്പ് വെച്ച് മിനിമം ഉരുക്കുകോണാനും അതിനൊരു ആമത്താഴ് പൂട്ടും ഉണ്ടാക്കി വീട്ടുകാര്‍ ഉടുപ്പിക്കേണ്ടതാണ്‍.

എന്നാലും സ്വര്ണ്ണത്തകിടു കൊണ്ട് കോണകമുണ്ടാക്കിയ സ്ഥിതിക്ക് ഇനി ഉടുമുണ്ട് എന്തു കൊണ്ടുണ്ടാക്കിയിരിക്കും..അതോ ഇനി സ്വര്ണ്ണക്കോണകം ആയത് കാരണം നാലാള്‍ കാണട്ടെ എന്നു കരുതി  ഉടുമുണ്ട് വേണ്ടെന്നു വെച്ചിരുന്നോ ആവോ..  സ്വര്ണ്ണക്കോണകമിട്ടു കിരീടവും വാളുമൊക്കെയായി രാജകലയില്‍ നില്ക്കുന്ന കൊച്ചേട്ടനെ ഞാന്‍  വീണ്ടും മനസ്സിലൊന്നു സങ്കല്പ്പിച്ചു.ഇത്തവണ അറിയാതെ ചിരിപൊട്ടിപ്പോയ്..

അത്ര നേരവും ശ്രദ്ധയോടെ കഥ കേട്ടിരുന്ന സാജുവിലെ സംശയരോഗി അപ്പോഴാണുണര്ന്നത്.

അല്ല കൊച്ചേട്ടാ.. ഈ സ്വര്ണ്ണത്തകിട് കൊണ്ട് കോണകമുണ്ടാക്കിയിട്ടാല്‍ തകിടിന്റെ  അരിക് കൊണ്ട് തുട മുറിയുകേലേ..?

ന്യായമായ ചോദ്യം.. .. അങ്ങേര് രൂക്ഷമായി സാജുവിനെ ഒന്നു നോക്കി.. ..

ഇല്ലഡേ.. അത് കുഞ്ഞുന്നാളിലെ മുതല്‍ ഇട്ട് ശീലമായതിനാല്‍ തുടേലൊക്കെ തഴമ്പാണടേയ്..

കോണകത്തഴമ്പ്..!!!

ഹും.. അപ്പൊ ആ കടമ്പയും കൊച്ചേട്ടന്‍ വിജയകരമായി കടന്നു.. നിരാശനായ സാജു എന്നെ നോക്കി..

ഇതാണ്  നിലത്തില്‍ കൊച്ചേട്ടനെന്ന കുരുവിക്കൂടിന്റെ സ്വന്തം കൊച്ചേട്ടന്‍  അറുപത് വയസ്സിനടുത്ത് പ്രായം..അഞ്ച് വയസ്സുള്ള വടക്കേലെ മിനിമോള്‍ മുതല്‍ സെഞ്ചറി അടിക്കാന്‍ ഇനി ഏതാനും റണ്സു മാത്രം വേണ്ട മുണ്ടയ്ക്കലെ കുഞ്ഞൂട്ടിച്ചേട്ടന്‍ വരെ കൊച്ചേട്ടനെ  കൊച്ചേട്ടാ എന്നെ വിളിക്കൂ. വന്നു വന്ന് പുരുഷോത്തമന്‍ നായര്‍ എന്ന സ്വന്തം ഘടാ ഘടിയന്‍ പേര് കൊച്ചേട്ടന്‍ പോലും മറന്നു കാണും..

പ്രായം അറുപതിലെത്തിയെങ്കിലും ഇത് വരെ കല്യാണം കഴിച്ചിട്ടില്ല.. കല്യാണം കഴിക്കേണ്ട പ്രായത്തിലൊക്കെ നാട്ടിലെ ക്രമസാധന പാലനവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനുകളിലും കുരുവിക്കൂടിന്റെ ദേശീയ വിനോദമായ ചീട്ടുകളിയുടെ പ്രചരണാര്ത്ഥം റബര്‍ തോട്ടങ്ങളിലും പാറമടകളിലും ഒക്കെ ആയി തിരക്കായിപ്പോയതിനാല്‍  പെണ്ണുകാണലും കെട്ടുമൊന്നും നടന്നില്ല. പിന്നെ  വിശാലഹൃദയമുള്ള ചില തരുണീമണികള്‍  നാട്ടിലുണ്ടായിരുന്നത് കൊണ്ട് എക്സ്ട്രാ കരിക്കുലര്‍ ആക്‍റ്റിവിറ്റീസ് സാമാന്യം ഭംഗിയായി നടന്നു പോന്നിരുന്നതിനാല്‍ പെണ്ണു കെട്ടുന്നതിനെക്കുറിച്ച് ചിന്തിച്ചതുമില്ല.

അങ്ങിനെ അടിച്ചുപൊളിച്ച് ആഘോഷിച്ച തട്ടുപൊളിപ്പന്‍ ജീവിത കഥകളുമായി കുരുവിക്കൂട്ടില്‍ മുപ്പത് സെന്റ് സ്ഥലത്ത് ഏകനായി ജീവിച്ചു വരുന്നു.. അവിടത്തെ നിത്യ സന്ദര്‍ശകരായി ഞങ്ങളും. മനസ്സുകൊണ്ടിപ്പോഴും സന്തൂര്‍ ആയതിനാല്‍ കൊച്ചേട്ടനെ കൂടെക്കൂട്ടാന്‍ ഞങ്ങള്‍ക്കും വലിയ താല്പര്യമാണ്.മുക്കാല്‍ ഗ്യാസും ബാക്കി നുണയുമായ വീരകഥകള്‍ ഞങ്ങളോട് വിവരിച്ച് കൊച്ചേട്ടന്‍ സംതൃപ്തിയടയും..  സ്വന്തമായുള്ള ജാംബവാന്‍ മോഡല്‍ വില്ലീസ് ജീപ്പില്‍ വില്ലിച്ചു നടക്കും.കൊച്ചേട്ടന്റെ ജീപ്പെന്നാല്‍ പിന്നെ ഞങ്ങളുടേം കൂടെയല്ലേ.. വില്ലീസ് ജീപ്പ് ഞങ്ങളുടെ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക വാഹനമായി. എത്ര നേരം ഓടുമെന്നും എപ്പോഴാണ് വഴിയില്‍ കിടക്കുന്നതെന്നും യാതൊരുറപ്പുമില്ലാത്ത വില്ലീസില്‍  ഞങ്ങള്‍ നാട്ടിലെ വിവിധ പെരുന്നാളുകള്‍ ഉല്സവങ്ങള്‍ തുടങ്ങി ചെണ്ടപ്പുറത്ത് കോലു വെയ്ക്കുന്ന എല്ലാ അഘോഷ പരിപാടികളുടെയും സജീവ സാന്നിദ്ധ്യമായി.

അങ്ങിനെ ഒരു ഉല്സവക്കാലത്ത് വൈകിട്ടാണ് സാജു ആ വാര്ത്തയുമായി വരുന്നത്. കാളകെട്ടിപ്പള്ളീലെ പെരുന്നാള്‍ പ്രമാണിച്ച് ഇന്നു രാത്രി എയ്ഞ്ചല്‍ വോയ്സിന്റെ ഗാനമേള.  ഏഞ്ചല്‍ വോയ്സിന്റെ കടുത്ത ആരാധകരായ ഞങ്ങള്‍ക്ക് പോകാതിരിക്കാന്‍ പറ്റുമോ.. കുരുവിക്കൂട് നിന്നും അര മണിക്കൂര്‍ യാത്രയുണ്ട് കാളകെട്ടിക്ക് അതു കൊണ്ട് നടരാജ് മോട്ടോഴ്സ് പറ്റില്ല. കൊച്ചേട്ടനെ പിരികേറ്റുക തന്നെ..

ഗാനമേള എന്നുകേട്ടപ്പോഴേ കൊച്ചേട്ടന്‍ സമ്മതിച്ചു. തട്ടുപൊളിപ്പന്‍ തമിഴ് പാട്ടുകളുടെ കടുത്ത ആരാധകനാണ് കൊച്ചേട്ടന്‍. ശിവാജി ഗണേശന്റെയും രജ്നീകാന്തിന്റെയും കടുത്ത രസികന്‍ .കാളകെട്ടീലാണ് പരിപാടി എന്നു കേട്ടപ്പോള്‍ ആവേശം കൂടി.

ഡേയ് എന്റെ പഴയ ഒരു കക്ഷി കാളകെട്ടീലുണ്ട്....അമ്മിണി..

അതൊരു പുതുമയല്ല.. കാളകെട്ടീല്‍ അമ്മിണിയാണെങ്കില്‍ കാഞ്ഞിരപ്പള്ളിയില്‍ ആമിനായും പാലായില്‍ ആലീസും ആയി മാറുമെന്നേ ഉള്ളൂ.. അത്രയ്ക്ക് വിശാലമാണ് കൊച്ചേട്ടന്റെ ക്യാച്ച്മെന്റ് ഏരിയാ.

തീരുമാനിച്ചുറപ്പിച്ചതു പോലെ കാളകെട്ടി യാത്രയ്ക്ക് എല്ലാവരും നേരത്തെ തന്നെയെത്തി. എന്താണെന്നറിയില്ല വില്ലീസ് ഒറ്റ തള്ളിനു തന്നെ സ്റ്റാര്‍ട്ടായി. പിന്നെ സ്ഥിരം പാട്ടും ബഹളവുമായി യാത്ര. കാളകെട്ടി അടുക്കാറാകുന്നു.

കൊച്ചേട്ടാ എന്തോ കരിഞ്ഞ ഒരു മണം.. മുന്‍ സീറ്റില്‍ വിരിഞ്ഞിരുന്ന സാജു പറഞ്ഞു..

ഏയ്.. അതു പള്ളീലെ വെടിക്കെട്ടിന്റെ മണമാഡേ.. വണ്ടി കണ്ടീഷനാ.. ഒന്നും പേടിക്കാനില്ലാ.

കൊച്ചേട്ടന്‍ അതു പറഞ്ഞു കഴിഞ്ഞതും..ബോണറ്റില്‍ നിന്നും എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം....

കൊച്ചേട്ടന്‍  വണ്ടി നിര്ത്തി ചാടിയിറങ്ങി.. ബോണറ്റു പൊക്കി.

കറുത്ത പുകയും തീപ്പൊരിയും..ഏതാണ്ടൊക്കെ പൊട്ടിത്തെറിക്കുന്നുണ്ട്..

ഷോര്‍ട്ട് സര്‍ക്ക്യൂട്ടാഡേയ്  ..തീയണയ്ക്കാന്‍ എന്തെങ്കിലുമെടുക്ക്.. കൊച്ചേട്ടന്‍ വിളിച്ചു പറഞ്ഞു..

ഈ പാതിരാത്രീല്‍.. നാട്ടു വെളിച്ചം പോലുമില്ലാത്ത ഈ വഴി വക്കില്‍ നിന്ന് എന്തെടുക്കാനാ..

ഹരിലാല്‍  കുറെ കാട്ടുചെടി പറിച്ചു കൊണ്ടു വന്നു.. ങേ.. ഹേ.. അതുകൊണ്ടു ഒരു കാര്യവുമുണ്ടായില്ല..

നോക്കി നില്ക്കാന്‍ സമയമില്ല.. തീയെങ്ങാനും പടര്ന്നാല്‍ വണ്ടി പൊടിപോലും കാണില്ല.

ഞാനും സാജും വെള്ളം അന്വേഷിച്ച് പാഞ്ഞു.. എവിടെ വെള്ളം പോയിട്ട് അടുത്തെങ്ങും ഒരു വീടുപോലുമില്ല..

നിരാശരായി തിരിച്ചു വന്ന ഞങ്ങള്‍ ആ കാഴ്ച്ച കണ്ട് അന്തം വിട്ടു നിന്നു..

ജുറാസിക് പാര്‍ക്ക് സിനിമയിലെ ദിനോസര്‍ നില്ക്കുന്നത് പോലെ രണ്ടു കറുത്തകാലുകള്‍ എല്ലാ എക്സ്ട്രാ ഫിറ്റിംഗ്സും പ്രദര്‍ശിപ്പിച്ച് ജീപ്പിന്റെ ബമ്പറില്‍ കയറി ബോണറ്റിലേക്ക്  തിരിഞ്ഞു കുനിഞ്ഞു നില്ക്കുന്നു.

കൊച്ചേട്ടന്‍...
തീയണക്കാനുള്ള ആക്രാന്തത്തില്‍ ഉടുമുണ്ട് അഴിച്ച്  പുകയുന്ന വയറിംഗില്‍ ചുറ്റിപ്പിടിച്ചു നില്ക്കുന്ന നില്പ്പാണ്‍.. 

പട്ടുകോണകം വാങ്ങിക്കാനുള്ള ത്രാണിയില്ലാത്തതിനാലാണോ അതോ വല്ല്യ ഉപയോഗം ഇല്ലാത്ത വസ്തുക്കള്‍ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്നത് കൊണ്ടാണോ എന്തോ.. അണ്ടര് വെയര്‍ എന്നൊരു സാധനമേ ഇല്ല..

എന്തായാലും  കൊച്ചേട്ടന്റെ തന്ത്രം ഫലിച്ചു..തീയണഞ്ഞു.. വണ്ടിക്കും വല്യതകരാറില്ല.. ഒരു ലൈറ്റ് കത്തുന്നില്ലന്നെ ഉള്ളൂ.. പക്ഷേ മറ്റൊരു ഗുരുതര പ്രശ്നം ഉടലെടുത്തു.. തീയണയ്ക്കാന്‍ ചുറ്റിയ പോളിസ്റ്റര്‍ മുണ്ടിന്റെ പ്രധാന ഭാഗം മോശമല്ലാത്ത വലിപ്പത്തില്‍ ഉരുകി വലിയ ഒരു ദ്വാരം രൂപപ്പെട്ടിരിക്കുന്നു..മുണ്ടുടുത്താലും പിന്നീന്നു നോക്കിയാല്‍ വ്രുഷ്ടി പ്രദേശങ്ങള്‍ നഗ്ന ദ്രുഷ്ടിക്ക് ഗോചരമാകുന്ന സ്ഥിതിയാണ്.

തിരിച്ചുടുക്കാനും പറ്റാത്ത വിധത്തിലാണ് ഉരുകിയിരിക്കുന്നത്.

അകെ പ്രശ്നമായി.. ഉടുമുണ്ടില്ലാതെ കൊച്ചേട്ടനെക്കൊണ്ടെങ്ങനെ ഗാനമേളയ്ക്കു പോകും.

ഞങ്ങള്‍ തിരിച്ചുപോകാന്‍ മാനസികമായി തയ്യാറെടുത്തു...

മര്യാദയ്ക്കു മുണ്ടുണ്ടായിട്ടു പോലും തല്ലു വരുന്ന വഴി മനസ്സിലാക്കാന്‍ പറ്റുന്നില്ല പിന്നെ കൊച്ചേട്ടന്‍ വീനസ് വില്ല്യംസിനേപ്പോലെ ചെന്നിറങ്ങിയാലത്തെ കാര്യം പറയണോ.

കൊച്ചേട്ടാ തിരിച്ചു പോയേക്കാം ഞാന്‍ പറഞ്ഞു..

മുണ്ടുടുക്കാന്‍ ഒരു വഴിയുണ്ടടേ.. കൊച്ചേട്ടന് വിട്ടു കൊടുക്കാന്‍ ഭാവമില്ല

കൊച്ചേട്ടന്‍ തുളയുള്ള ഭാഗം മുകളില്‍ വരുന്നതു പോലെ ഉടുത്തു.. എന്നിട്ട് മുണ്ട് മടക്കിക്കുത്തി.. ഇപ്പോ താഴ് ഭാഗം കൊണ്ട് തുള മറഞ്ഞിരിക്കുന്നതിനാല്‍  സംഭവംഒരു തൊണ്ണൂറ് ശതമാനം ഒ ക്കെ  ആണ്‍.. മടക്കിക്കുത്ത് അഴിക്കരുതെന്നു മാത്രം.. ഗാനമേള കേള്‍ക്കാനല്ലേ പോകുന്നത്.. മടക്കികുത്തി അങ്ങു നിന്നാലും കുഴപ്പമൊന്നുമില്ല.

എങ്ങിനെയുണ്ടടേ..  മുണ്ടു മടക്കിക്കുത്തി കൊച്ചേട്ടന്‍ ഞെളിഞ്ഞു നിന്നു..

കൊച്ചേട്ടന്റെ പ്രായോഗിക ബുദ്ധിക്കു മുമ്പില്‍ തല കുനിച്ച് ഞങ്ങള്‍ വീണ്ടും യാത്ര തുടര്ന്നു.

ഗാനമേള തുടങ്ങുന്നതിനു മുന്‍പേ കാളകെട്ടിയിലെത്തി.പെരുന്നാളാണ്.. നാടു മുഴുവന്‍ പള്ളി മുറ്റത്തും പരിസരത്തുമായുണ്ട്. പുതുമഴയക്ക് മീനിറങ്ങിയതു പോലെ പെണ്‍കുട്ടികള്‍. അവര്‍ക്കു പുറകെ ചെറു വലകളും ചൂണ്ടകളുമായി നാട്ടിലെ ചുള്ളന്മാര്‍. പള്ളിമുറ്റത്തേക്കാള്‍ തിരക്കുണ്ട് കാളകെട്ടി ഷാപ്പില്‍.  പെരുന്നാള്‍ സ്പെഷ്യല്‍ തട്ടുകടകളില്‍ കപ്പയും ഇറച്ചീം കഴിക്കുന്നവരുടെ തിരക്ക്. കാളകെട്ടിക്കവലയിലെ ഇരുണ്ട മൂലയില്‍ കിലുക്കിക്കുത്ത് തകര്‍ക്കുന്നു. പെരുന്നാള്‍ വിശേഷങ്ങള്‍ കണ്ടും കേട്ടും ഞങ്ങള്‍  മെല്ലെ മൈതാനത്തേക്ക് നടന്നു. സ്റ്റേജ് അവിടെയാണ്‍.  കൊച്ചേട്ടന്‍ നേരത്തെ തന്നെ മൈതാനത്ത്  സൌകര്യപ്രദമായ ഒരു സ്ഥലത്ത് ഇരിപ്പുറപ്പിച്ചുണ്ട്.

സ്റ്റേജില്‍ ഗാനമേളക്കാര്‍ എന്തൊക്കെയോ തട്ടി മൂളിക്കുന്നുണ്ട്..

പരിപാടി തുടങ്ങെടാ.. കാത്തിരുന്നു സഹികെട്ടയാരോ വിളിച്ചു പറഞ്ഞു.. പിന്നെ അതൊരു കൂവലായി മാറി.. വിവിധരീതികളില്‍ വിചിത്ര ശബ്ദങ്ങളില്‍ അലര്‍ച്ച മൂത്തപ്പോള്‍ വികാരിയച്ചന്‍ സ്റ്റേജിലെത്തി..

പ്രിയമുള്ളവരേ.. അച്ചന്‍ മൈക്കെടുത്തതും കൂവല്‍ ഉച്ചസ്ഥായിയിലായി..

അങ്ങിനെയെങ്കില്‍  നിങ്ങളുടെ കൂവല്‍ കഴിഞ്ഞിട്ടേ പരിപാടി ആരംഭിക്കുകയുള്ളൂ..  നീട്ടിയും കുറുക്കിയും അച്ചന്‍ ഉറച്ചു പറഞ്ഞു..

 എന്നാല്‍ അച്ചന്‍ പാടണം.. കൂട്ടത്തില്‍ നിന്നാരോ വിളിച്ചു കൂവി.. പിന്നതൊരു കോറസായി. അച്ചന്‍ പാടണം.. അച്ചന്‍ പാടണം..

സംഗതി കയ്യീന്നു പോകുവാണെന്ന് അച്ചനു മനസ്സിലായി.. ഗാനമേളക്കാരോടെന്തോ പറഞ്ഞ് അദ്ദേഹം സ്ഥലം കാലിയാക്കി.
എന്തായാലും ഉടനെ തന്നെ ഗാനമേള തുടങ്ങി.. ഭക്തിഗാനങ്ങളുടെയും ശാസ്ത്രീയ ഗാനങ്ങളുടെയുമൊക്കെ ഊഴം കഴിഞ്ഞ് അടിപൊളിപ്പാട്ടുകളുടെ വരവായി..  മൈതാനത്ത് എഴുന്നേറ്റ് നില്ക്കാന്‍ ത്രാണിയുള്ളവരൊക്കെ തുള്ളുന്നുണ്ട്.

അടുത്തത് സൂപ്പര്‍ സ്റ്റാര്‍ രജെനീകാന്തിന്റെ ബാഷ എന്ന ചിത്രത്തിലെ ഓട്ടോക്കാരന്‍ എന്നു തുടങ്ങുന്ന ഗാനം..  പാട്ടു തുടങ്ങിയപ്പോഴേ മൈതാനം ആകെ തുള്ളലില്‍  മുങ്ങി..


ദാണ്ടെ രഞ്ജീ കൊച്ചേട്ടന്‍ സ്റ്റേജിനു താഴെ.. ഹരിലാല്‍ വിളിച്ചു പറഞ്ഞു..

എവിടെ  ഞാന്‍ എത്തി വലിഞ്ഞു നോക്കി..

സംഗതി ശരിയാണ്.. സ്റ്റേജിനു താഴെ കൈയ്യിലൊരു വലിയ ബലൂണുമായി കൊച്ചേട്ടന്‍ നില്ക്കുന്നു..  ബലൂണുമായി സ്റ്റേജിലേക്ക് കയറി പാട്ടു പാടുന്നയാള്‍ക്ക് ബലൂണ്‍ നല്കി അനുമോദിക്കുകയാണ് ലക്ഷ്യം.. പാട്ടു പാടുന്നവര്‍ക്ക് സ്റ്റേജില്‍ കയറി എന്തെങ്കിലും നല്കുക എന്നത് പുള്ളിയുടെ ഒരു വീക്ക്നെസ്സ് ആണ്‍.

സ്റ്റേജില്‍ കയറി പാട്ടുകാരനരികിലെത്തുന്നത് വരെ എല്ലാം ഭംഗിയായി നടന്നു.. ബലൂണ്‍ നല്‍കുന്നതിനു തൊട്ടു മുമ്പ് ബഹുമാന സൂചകമായി കൊച്ചേട്ടന്‍ മുണ്ടിന്റെ മടക്കിക്കുത്ത് അഴിക്കുന്നത് വരെ..

വലിയൊരാരവമാണ് തുടര്ന്നു കേട്ടത്..

ടപ്പ്.. ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു ചെരുപ്പ്  വന്‍പിച്ച  പിന്‍ഭാഗ പ്രദര്‍ശന മഹാമഹം നടത്തി നില്ക്കുന്ന കൊച്ചേട്ടന്റെ പ്രദര്‍ശന നഗരിയിലേക്ക് ക്രുത്യമായി പതിച്ചു..

ഗാനമേളയുടെ ആവേശത്തില്‍ നിന്നിരുന്ന കൊച്ചേട്ടന് കൊള്ളേണ്ടത് കൊള്ളേണ്ടിടത്ത് കൊണ്ടപ്പോഴാണ് ബോധം തെളിഞ്ഞത്. പെട്ടെന്നുണ്ടായ പരിഭ്രമത്തില്‍ കൊച്ചേട്ടന്‍ തിരിഞ്ഞു നിന്നു.. സ്റ്റേജിലുള്ളവരും അപ്പോള്‍ സൌജന്യമായി പ്രദര്‍ശനം കണ്ടു.. പിന്നെയങ്ങോട്ട്  ഒരു കൊട്ടിക്കലാശമായിരുന്നു.. കൊച്ചേട്ടനെ പിന്നെ ഞങ്ങള്‍ കാണുന്നത് സ്ഥലം എസ് ഐയുടെ  ജീപ്പിനു പിന്നിലെ നാലുകെട്ടിലാണ്‍..

മൂടു പോയമുണ്ടുമുടുത്തോണ്ടാണോടാ പെരുന്നാളു കൂടാന്‍ വരുന്നത്.. നീയെന്നാ വല്ല ദോശക്കല്ലേലും പോയിരുന്നോ..?  എസ് ഐയ്യുടെ ചോദ്യം..

കൊച്ചേട്ടന്‍ കാര്യം വിശദീകരിച്ചു.. കേട്ടപ്പോള്‍ എസ് ഐ ക്ക് ചിരി.. കൊച്ചേട്ടനോട് പൊയ്ക്കോളാന്‍ പറഞ്ഞു..

മൂടു പോയ മുണ്ടും.. മാനം പോയ കൊച്ചേട്ടനുമായി ഞങ്ങള്‍ സ്ഥലം കാലിയാക്കി..
കാളകെട്ടിപ്പെരുന്നാളു കഴിഞ്ഞു. പൈക ജുബിലീം ഇളങ്ങുളം ഉല്സവവും വന്നുപോയി.. ഗാനമേളകളും മിമിക്സ് പരേഡും മുറയ്ക്കു നടന്നു.. കൊച്ചേട്ടന്റെ വില്ലീസില്‍ ഞങ്ങള്‍ പിന്നെയും ഉല്സവപ്പറമ്പുകളില്‍ പറന്നു നടന്നു..

അനുഭവത്തില്‍ നിന്നാണല്ലോ മനുഷ്യന്‍ ഓരോന്നു പഠിക്കുന്നത്.. ഉല്സവപ്പറമ്പുകളില്‍  മുണ്ടും മടക്കിക്കുത്തി ഞെളിഞ്ഞു നില്ക്കുന്ന കൊച്ചേട്ടന്റെ മുണ്ടിനടിയിലൂടെ മുട്ടറ്റം വരെ നീളമുള്ള വരയന്‍ നിക്കര്‍ നീണ്ടുകിടന്നു..