കഠോരമായശബ്ദത്തിലുള്ള കരോൾ പാട്ടും കൂടെ ആനയെ ഓടിക്കാൻ പാട്ട കൊട്ടുന്നതു പോലെ ബാന്റു സെറ്റിന്റെ ശബ്ദവും എല്ലാം കേട്ട് ഞെട്ടി എഴുന്നേറ്റു ... കുരുവികൂട്ടെ ക്ലബ്ബിലെ പിള്ളേരു സെറ്റിന്റെ കരോൾ സംഘം ആണ്. വാതിലു തുറന്നതും പാട്ടും കൊട്ടും ഉച്ച്സ്ഥായിയിലായി.. .. നമുക്കറിയാവുന്ന കരോൾ ഗാനമൊന്നുമല്ല .. എന്നാൽ എവിടെയോ കേട്ടപോലെ ഒരു പരിചയവും.. പുൽക്കൂട്ടിനുള്ളിലെ യേശുവെ.. മണ്ണിൽ പിറന്നൊരു രക്ഷകാ.. സംഗതി വരികൾക്കൊന്നും പ്രശ്നമില്ല.. പക്ഷേ ആ ട്യൂൺ.... ഒന്നുകൂടി ശ്രദ്ധിച്ചു കേട്ടു.. എല്ലാവനും നിന്നു വളരെ സീരിയസായി പാടുകയാണ്. പെട്ടന്നാണ് സംഗതി കത്തിയത്.. നമ്മുടെ സൂപ്പർ സ്റ്റാർ സന്തോഷ് പണ്ടിറ്റിന്റെ അംഗനവാടിയിലെ ടീച്ചറേന്നുള്ള പാട്ടിന്റെ പാരഡിയാണ് പുൽക്കൂട്ടിനുള്ളിലെ യേശുവേ.. എന്നായി ജ്ഞാനസ്നാനം ചെയ്യപ്പെട്ടത്. ഇനിയിവന്മാർ മ മ മ മായാവി ന്നുള്ള പാട്ടിനു പാരഡിയായി ഇ ഇ ഇ ഈശോയേന്നു പാടുമോ ആവോ. ഉണ്ണീശോ യുട്യൂബ് കാണാത്തത് നന്നായി. ക്രിസ്മസ് പപ്പായെ കാണാൻ ശങ്കുവിനെ ഉറക്കത്തിൽ നിന്നും കുത്തിയെഴുന്നേല്പിച്ചു കൊണ്ടുവന്നു... . ഉറക്കത്തീന്നു എഴുന്നേറ്റ് അല്പം കരഞ്ഞെങ്കിലും കൊട്ടും പാട്ടും എല്ലാം കണ്ടതോടെ ആൾ ഉഷാറായി.. പപ്പാ മിഠായി കൊടുക്കുക കൂടി ചെയ്തതോടെ അവനും കരോൾ സംഘത്തിന്റെ കൂടെ പോകണം എന്നു പറഞ്ഞായി വഴക്ക്.. അതു പിന്നെ ചെണ്ടപ്പുറത്ത് കോലു വെയ്ക്കുന്ന സ്ഥലത്തെല്ലാം പോകുന്ന ഉൽസാഹ കമ്മറ്റിക്കാരനായിരുന്ന അച്ഛന്റെ മകനല്ലേ ആ ഗുണം കാണിക്കാതിരിക്കില്ലല്ലോ.. പിന്നെ അവരുടെ കൂടി അയലത്തെ രണ്ടുമൂന്നു വീടുകളിൽ പോയി ശങ്കുവിന്റെ പരാതി തീർത്തു... തിരിച്ചെത്തി വീണ്ടും ഡിസംബറിന്റെ കുളിരിനു മേൽ കരിമ്പടം പുതച്ചുറങ്ങാൻ കിടന്നപ്പോഴും മനസ്സിൽ പഴയ കരോൾഗാനങ്ങൾ ഒഴുകിവന്നു....
വർഷങ്ങൾക്കു മുമ്പ്.... ക്രിസ്തുവർഷം 90 കളിൽ കരോൾ പാടുന്ന കാലം. .മോഹൻലാൽ അഭിനയത്തിൽ വീൽ ചെയറിൽ കയറുന്നതിനും മുൻപ് തോളും ചെരിച്ച് വിലസി നടന്നകാലം.. അക്കാലത്തെ ക്രിസ്തുമസ് രാവുകളിൽ കുരുവിക്കൂടും പരിസരപ്രദേശങ്ങളും ഞെട്ടിഉണർന്നിരുന്നത് ഞങ്ങളുടെ കരോൾ പാട്ടു കേട്ടായിരുന്നു.അതിപ്പോൾ ഓണമായാലും ക്രിസ്തുമസ് ആയാലും വിഷു ആയാലും മഴക്കാലത്തു പല പേരുകളിൽ വരുന്ന പകർച്ചപ്പനി പോലെ കരോൾ, മാവേലി, വിഷുക്കണി തുടങ്ങിയ വിവിധപേരുകളിൽ ഞങ്ങൾ നാട്ടുകാരെ പേടിപ്പെടുത്തിക്കൊണ്ടിരുന്നു. നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്നു മോഹൻലാൽ പറയുന്നതിനും മുൻപ്.. പണ്ടാരം എവന്മാരുടെ ശല്യമില്ലാത്ത ഏത് ആഘോഷം എന്നു കുരുവിക്കൂട്ടുകാർ പറഞ്ഞിരുന്ന സമയം. ഇത്തരം പരിപാടികളിൽ സംഘാടനച്ചിലവ് ഏറ്റവും കുറവ് വിഷുക്കണിക്കാണ്. ആരുടെയെങ്കിലും വീട്ടിൽ നിന്നും എടുക്കുന്ന ഉരുളിക്കകത്ത് വിഷുച്ചന്തയിൽ നിന്നും വാങ്ങിയ അമ്പത് രൂപയുടെ പച്ചക്കറി വെച്ചാൽ സംഭവം തയ്യാർ. പിന്നെ മേമ്പൊടിക്ക് കണികാണും നേരം.. ആവശ്യത്തിനനുസരിച്ച് ചേർത്താൽ വിഷുക്കണി ജോറാകും.. എന്നാൽ മാവേലിക്കും ക്രിസ്തുമസ് പപ്പായ്ക്കും ഒന്നും അതു പോരാ..മേക്കപ്പ് ,കിരീടം ,മുഖം മൂടി ,ഉടുപ്പ് ഇത്യാദി കൈയ്യീന്നു കാശെറക്കിയുള്ള കളിയാണ് ഇതു രണ്ടും. മാവേലിക്ക് ഷർട്ട് ഇടുന്ന ശീലം ഇല്ലാത്തതിനാൽ മാവേലി വേഷക്കാരനു കുടവയർ നിർബന്ധമായിരുന്നു. എന്നാൽ കാലുവരെ മറയുന്ന കുപ്പായവുമിട്ട് സൈബീരിയായിൽ നിന്നും വരുന്ന ക്രിസ്മസ് പപ്പായുടെ കുടവയർ സീരിയലുകളിലെ സ്ഥിര ഗർഭിണികളെ പ്പോലെ തലയിണയും ചാക്കുനൂലും വെച്ച് അഡ്ജസ്റ്റ് ചെയ്യാം എന്നൊരു സൗകര്യം ഉണ്ട്.
ചില സംഭവങ്ങളുണ്ടല്ലോ.. സംഭവിക്കുമ്പോൾ നമ്മൾ വളരെ സീരിയസായാവും പ്രതികരിക്കുക. എന്നാൽ ഒക്കെ അവസാനിച്ച് പിന്നീടോർക്കുമ്പോഴോ.. തലയറഞ്ഞ് ചിരിക്കാം.. അത്തരത്തിലുള്ള ചില കരോൾ വിശേഷങ്ങൾ ...
എല്ലാവർഷത്തേയും പോലെ അക്കൊല്ലവും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽകരോൾ ഗംഭീരമാക്കാൻ ഞങ്ങൾ തീരുമാനിച്ചു. ബാന്റ് സെറ്റ്.. ക്രിസ്മസ് സ്റ്റാർ.. പാട്ടുകാർ അങ്ങിനെ എല്ലാ സെറ്റപ്പും ഉണ്ട്.. പപ്പായായി തുള്ളലിൽ പ്രത്യേക പ്രാവീണ്യം ഉള്ള മൂന്നു നാലു പേരെ സെലക്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ തുള്ളി മടുക്കുമ്പോൾ അടുത്തയാൾക്ക് മുഖം മൂടിയും കുപ്പായവും തലയിണയും കൈമാറൂം. അങ്ങിനെ ഷിഫ്റ്റ് വെച്ച് പപ്പായുമായി കരോൾ ആഘോഷപൂർവ്വം മുന്നേറി.. പപ്പായായി വേഷം കെട്ടിയ ജോജോയ്ക്ക് പെൺകുട്ടികളുള്ള വീട്ടിൽ ചെല്ലുമ്പോൾ തുള്ളൽ അല്പം കൂടുതൽ ആണ്. തന്റെ മനോഹരനൃത്തം കണ്ട് നാട്ടിലെ പെൺകൊച്ചുങ്ങൾ മുഴുവൻ തന്റെ ആരാധകർ ആകുമെന്നോർത്ത് വേഷം കെട്ടിയ അവൻ ആ ആവേശത്തിൽ പപ്പായുടെ മുഖം മൂടിയെക്കുറിച്ചോർത്തില്ലെന്നു തോന്നുന്നു. പാദം മൂടുന്ന നീളൻ കുപ്പായവും.. താടി ഫിറ്റ് ചെയ്ത മുഖം മൂടിയും തൊപ്പിയുമായി വേഷം കെട്ടിച്ചെന്ന് പ്രഭുദേവ ഡാൻസു ചെയ്താലും ആരും തിരിച്ചറിയില്ലല്ലോ.. അങ്ങിനെ തുള്ളലിൽ പുതിയ മാനങ്ങൾ സൃഷ്ടിച്ച് ജോജോ മുന്നേറുകയാണ്. അടുത്തതായി കയറുന്ന ജോർജുകുട്ടിച്ചേട്ടന്റെ വീട്ടിൽ വീട്ടിൽ പ്രൈമറി മുതൽ ഡിഗ്രി വരെ തലങ്ങളിലുള്ള 5 പെൺകിടാങ്ങളാണുള്ളത്.ജോജോ തന്റെ സർവ്വ കഴിവും ഉപയോഗിച്ച് തുള്ളുകയാണ്. ഇടയ്ക്കിടെ ആളെ ശബ്ദം കൊണ്ട് അവർക്കു മനസ്സിലാകാനായി ഹാപ്പി ക്രിസ്തുമസ് ജോർജുകുട്ടിച്ചായാ എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്. ആളെ പിടികിട്ടിയ ജോർജുകുട്ടിച്ചേട്ടൻ ഡാ ജോജോ നിന്റെ പപ്പാവേഷം കലക്കീട്ടൊണ്ടെടാ എന്നും കൂടി പറഞ്ഞപ്പോൾ ജോജോയുടെ ആവേശം ഇരട്ടിയായി. അങ്ങിനെ സംഭവം പൊടിപൊടിക്കുന്നതിനിടയിലാണ് അത് സംഭവിച്ചത്.. എൻ എൽ ബാലകൃഷ്ണനെ തോല്പിക്കുന്ന കൊടവയറുമായി ഡാൻസ് ചെയ്തോണ്ടിരുന്ന ജോജോ പെട്ടെന്ന് ഇന്ദ്രൻസ് പപ്പാ വേഷം കെട്ടിയപോലായി..അത്രയും നേരം തുള്ളിക്കളിച്ച് രാജകലയിലിരുന്ന അവന്റെ കൊടവയറിന്റെ ഉള്ളറരഹസ്യം തുള്ളലിന്റെ ശക്തിയിൽ കെട്ടഴിഞ്ഞ് ദോ കെടക്കുന്നു തലയിണയുടെ രൂപത്തിൽ കാൽചുവട്ടിൽ.. അയ്യോ പപ്പായുടെ വയറു താഴെപോയേന്ന് ആരോ വിളിച്ചു കൂവി. ജോർജുകുട്ടിച്ചേട്ടന്റെ പെൺപിള്ളേർ ചിരിച്ചുമറിഞ്ഞു....സംഭവത്തിന്റെ ഗുരുതരാവസ്ഥ പിടികിട്ടിയ ജോജോ പെട്ടെന്നു തലയിണയെടുത്ത് കുപ്പായത്തിനുള്ളിലേക്ക് തിരുകി വെച്ച് പ്രശ്നപരിഹാരത്തിനൊരു ശ്രമം നടത്തി. എന്നാൽ വെപ്രാളത്തിനിടയിൽ തലയിണ പാന്റിനിടയിൽ തിരുകി വെച്ചത്ആല്പം മുകളിലേക്ക് തള്ളിപ്പോയി.. ഷക്കീല നൈറ്റിയിട്ട പരുവത്തിൽ നിൽക്കുന്ന ജോജോയെ കണ്ട് ജോർജുകുട്ടിച്ചേട്ടനും പുറകെ അതുവരെ ചിരി കടിച്ചമർത്തി നിന്ന ഞങ്ങളും ആർത്തു ചിരിച്ചു.. അന്നു പപ്പാവേഷം അഴിച്ചു വെച്ച ജോജോ പിന്നീട് ആ വേഷം കെട്ടിയത് പെണ്ണുകെട്ടി മൂത്ത സന്തതി പപ്പാന്നു വിളിച്ചപ്പോഴാണ്.
* * * * *
കരോൾ എന്നു പറഞ്ഞ് ഇറങ്ങുന്നതിന്റെ പ്രധാന ഉദ്ദേശം പിരിവ് ആണല്ലോ.. രാത്രി ആകുന്നതിനും മുൻപ് പൈക ടൗണിൽ ചെന്നാൽ കുറച്ചു കൂടുതൽ പിരിവൊക്കും എന്നു പറഞ്ഞത് ആക്കൊല്ലം പപ്പാവേഷം കെട്ടുന്ന പ്രകാശ് തന്നെയായിരുന്നു..കാശുകിട്ടുന്ന കാര്യമായതിനാൽ എല്ലാവരും റെഡി.. അങ്ങിനെ ആക്കൊല്ലം കരോൾ കൃത്യം 5 മണിക്ക് പൈക ടൗണിലെത്തി.. മറ്റ് കരോൾ സംഘങ്ങൾ ഇറങ്ങുന്നതിനു മുൻപ് ചെന്നതിനാൽ പിരിവ് നന്നായി പുരോഗമിക്കുന്നുണ്ട്. കൊട്ടും പാട്ടുമായി കടകൾ കയറി ഇറങ്ങുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്.. സർവതിനേയും സ്നേഹിക്കണം എന്നു പറഞ്ഞ ക്രിസ്തുദേവന്റെ പിറന്നാളാണല്ലോ അതുകൊണ്ട് ക്രിസ്തുമസിന് കശാപ്പിനായി കൊണ്ടുവന്ന് ചന്തയ്ക്ക് സമീപം റോഡരികിൽ നിർത്തിയിരുന്ന പോത്തിനും കൊടുക്കാം ഒരു ക്രിസ്തുമസ് ആശംസ എന്നു പ്രകാശിനു തോന്നിയത് ഏത് നേരത്താണാവോ.. . തുള്ളിചാടി പോത്തിനു മുമ്പിലൂടെ ചെന്ന ചുവന്ന കുപ്പായക്കാരനെ കണ്ട് അവനൊന്നു മുരണ്ടു. പിന്നെ കെട്ടിയിരുന്ന കയറും പൊട്ടിച്ച് പപ്പായുടെ നേരെ ഒരു ചാട്ടം.. കർത്താവേ.. എന്നൊരു അലർച്ച കേട്ടു.. പിന്നെ കണ്ടത് പ്രകാശും പോത്തുമായുള്ള മാരത്തോൺ ഓട്ടമൽസരമായിരുന്നു.. പോത്തിനെ ഓടിക്കാൻ പ്രകാശ് വലിച്ചെറിഞ്ഞ പപ്പായുടെ മുഖം മൂടി പോത്തിന്റെ കൊമ്പിൽ തൂങ്ങി കിടന്നു. ചന്തയ്ക്കപ്പുറത്തെ പെട്രോൾ പമ്പിന്റെ രണ്ടാൾ പൊക്കമുള്ള മതിൽ താൻ എങ്ങിനെ അന്നു ചാടിക്കടന്നുവെന്ന് പ്രകാശിന് പിന്നീടെത്ര ആലോചിച്ചിട്ടും ഇന്നുവരെ പിടികിട്ടിയിട്ടില്ലത്രേ!!.
* * * * *
കാക്കകുളിച്ചാൽ കൊക്കാകില്ല എന്നും ക്രിസ്തുമസ് പപ്പായുടെ മുഖം മൂടി വെച്ചെന്നു കരുതി പപ്പായാകില്ല എന്നുമൊക്കെ പറയുന്നതിൽ കാര്യമുണ്ട് എങ്കിലും കരോളിൽ പപ്പാവേഷം കെട്ടുമ്പോൾ അതു വരെ ലഭിക്കാത്ത ഒരു ബഹുമാനവും സ്നേഹവുമൊക്കെ നമുക്ക് ലഭിക്കും എന്നത് സത്യമാണ്. ഉദാഹരണത്തിന് അവൻ ഇനി എന്റെ വീടിനെ മുമ്പിൽ കൂടിയെങ്ങാൻ വായിനോക്കാൻ വന്നാൽ അടിച്ചു കാലൊടിക്കും എന്നൊക്കെ പറയുന്ന പെൺപിള്ളേരുടെ കാറുന്നോന്മാരുടെ മുമ്പിൽ ധൈര്യസമേതം നില്ക്കാനും അവരുടെ മുമ്പിൽ വെച്ച് പെൺപിള്ളേർക്ക് കൈ കൊടുക്കാനുമൊക്കെ പപ്പാ വേഷം വഹിക്കുന്ന പങ്ക് ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണ്. പക്ഷേ കാക്ക കുളിച്ചാൽ കൊക്കാകില്ലല്ലോ... സിബിക്കും അതാണ് സംഭവിച്ചത്..ചെല്ലുന്ന വീടുകളിലെ ആളുകൾക്ക് പപ്പാ മിഠായി നൽകുന്ന പതിവുണ്ടല്ലോ.. ആ അവസരം മുതലെടുത്ത് തന്റെ പ്രിയതമ ലിൻസിക്ക് ഒരു ക്രിസ്മസ് ആശംസ നേരാൻ മിഠായി കവറിനുള്ളിൽ കത്തു വിദഗ്ധമായി ചുരുട്ടി സിബി പ്രത്യേകം സൂക്ഷിച്ചിരുന്നത് ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു. കരോൾ ലിൻസിയുടെ വീട്ടിലെത്തി. ലിൻസിയും അച്ഛനും അമ്മയും എല്ലാരും വീടിനു മുമ്പിൽ ഉണ്ട്. കരോൾ സംഘം പാട്ടു പാടുന്നു.. ഈ സമയത്താണ് മിഠായി വിതരണം.. സിബി കത്തുവെച്ച മിഠായി പ്രത്യേകം എടുത്തു കൈയ്യിൽ പിടിച്ചു. ഓരോരുത്തർക്കായി മിഠായി കൊടുക്കാനായിരുന്നു പരിപാടിയെങ്കിലും ലിൻസീടെ അപ്പൻ പണി പറ്റിച്ചു.. സിബീടെ കൈയ്യീന്നു മിഠായി മൊത്തമായി അങ്ങു വാങ്ങി.. വീതം വെച്ചു വന്നപ്പോൾ കത്തുള്ള മിഠായി ലിൻസീടെ അപ്പനു തന്നെ കൃത്യമായി കിട്ടി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
* * * * *
സണ്ണിക്കുട്ടി പപ്പായായി വേഷം കെട്ടിയ തവണയാണ് അത് സംഭവിച്ചത്. താനാണ് പപ്പാ വേഷം കെട്ടുന്നതെന്ന് നേരത്തെ വീട്ടിൽ അറിയിച്ചിരുന്നതിനാൽ മകന്റെ പെർഫോമൻസ് കാണാൻ വീട്ടുകാരെല്ലാരും റെഡി.. വീട്ടിലെത്തി അപ്പനു അമ്മയ്ക്കും സഹോദരങ്ങൾക്കുമൊക്കെ ഷേക് ഹാന്റ് ഒക്കെ നൽകി സണ്ണിക്കുട്ടി ഫുൾ ഫോമിലാണ്. എല്ലാർക്കും മിഠായി വിതരണം ആണ് അടുത്ത ഐറ്റം. പെങ്ങന്മാർക്കും അമ്മയ്ക്കും ഒക്കെ കൊടുത്ത് അപ്പനു കൊടുക്കാനായി മിഠായി ആണെന്നു കരുതി പോക്കറ്റിൽ കൈയ്യിട്ട് എടുത്ത് കൊടുത്തത് പൊട്ടിക്കാത്ത ഒരു പാക്കറ്റ് ദിനേശ് ബീഡി.പോരേ പൂരം..
* * * * *
കാര്യം ക്രിസ്തുമസ് പപ്പായാണെങ്കിലും മനുഷ്യനല്ലേ.. കുറെ നേരം തുള്ളൂമ്പോൾ ആരായാലും മടുക്കും.. അതും നീളൻ കുപ്പായവും മുഖം മൂടിയും വെച്ചാണ് അഭ്യാസം എന്നോർക്കണം. സമയം അർധരാത്രി കഴിഞ്ഞു.. കരോൾ വൻ ആവേശത്തിൽ പുരോമ്മിക്കുന്നുണ്ടെങ്കിലും പപ്പായായി വേഷം കെട്ടിയ ബെന്നി തുള്ളി തളർന്നു.കരോൾ സംഘം കൊട്ടും പാട്ടുമായി അടുത്ത വീട്ടിലേക്ക് നീങ്ങിയ സമയത്ത് കടും കാപ്പീം ബണ്ണൂം കഴിക്കുകയായിരുന്നു ബെന്നി. വിശ്രമം കഴിഞ്ഞപ്പോഴേക്കും കരോൾ സംഘം അടുത്ത് കയറേണ്ട വീടിനടുത്തെത്തി. നേരേ ഉള്ള വഴിയിലൂടെ നടന്ന് അവിടെയെത്താൻ കുറച്ചു സമയം പിടിക്കും.. അതിനാൽ ബെന്നിയും അസിസ്റ്റന്റും കൂടി എളൂപ്പ വഴിയിലൂടെ പോകാൻ തീരുമാനിച്ചു. ചെറിയ നടപ്പു വഴിയേ ഉള്ളൂ.. ഒന്നു രണ്ട് കയ്യാല ചാടിയിറങ്ങുകയും വേണം എങ്കിലും പെട്ടെന്ന് അങ്ങെത്തും. വീടിന്റെ അടുത്തുള്ള കയ്യാലയ്ക്ക് സാമാന്യം ഉയരമുണ്ട്.. കോട്ടും ഒക്കെ ഇട്ട് താഴേക്ക് ചാടുവാൻ പ്രയാസമാണ്. താഴേക്കിറങ്ങാൻ പറ്റിയ സ്ഥലം തിരയുന്നതിനിടയിലാണ് സൈഡിലെ പാറക്കെട്ടു കണ്ടത്. അതിലേക്ക് ചാടിയിറങ്ങിയാൽ പിന്നെ ബാക്കി ഇറങ്ങാൻ എളുപ്പമാണ്. ബെന്നി കുപ്പായം മടക്കിക്കുത്തി പാറയിലേക്ക് എടുത്തു ചാടി.. !!! ബ്ലും!!!..നിലാവെളിച്ചത്തിൽ പാറയാണെന്നു കരുതി ലാന്റ് ചെയ്തത് ചാണക കൂനയിൽ.. നെഞ്ചൊപ്പം ചാണകത്തിൽ കുളിച്ച് ശുദ്ധനായി വന്ന പപ്പായേ കുപ്പായം സഹിതം അടുത്തുള്ള കുളത്തിൽ മുക്കിപ്പൊക്കി ആ വർഷത്തെ കരോൾ പരിപാടിക്ക് ഞങ്ങൾ മംഗളം പാടി...
"സന്തോഷ സൂചകമായി തന്നതെല്ലാം സ്വീകരിച്ച് ബാലകരാം ഞങ്ങളിതാ പോകുന്നേൻ"