Sunday, September 20, 2009

ഷാജി അണ്ണനാണ് താരം

ജൂഫ്രി സ്ട്രീറ്റിലെ താരമാണ് ഷാജിയണ്ണന്‍. ബഹ്റൈനിലെ എന്റെ ആദ്യ സുഹൃത്തുക്കളില്‍ ഒരാള്‍ . കടുത്ത മമ്മൂട്ടി ആരാധകന്‍ . മമ്മൂട്ടിയെക്കുറിച്ച് മമ്മൂട്ടിക്ക് അറിയാവുന്നതില്‍ കൂടുതല്‍ അണ്ണനറിയാം. ജീവിത പ്രാബ്ധങ്ങള്‍ മൂലം ഗള്‍ഫിലേക്ക് വിമാനം കയറുന്നതിനു മുന്പ് ആലപ്പുഴയിലെ മമ്മൂട്ടി ഫാന്‍സിന്റെ അനിഷേധ്യ നേതാവായിരുന്നു. രണ്ടു പേര്‍ ഒരുമിച്ചു കൂടിയാല്‍ അസോസിയേഷന്‍ രൂപികരിക്കുന്ന ഗള്‍ഫില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ രൂപികരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കക്ഷി. പക്ഷെ ജോലിത്തിരക്ക് കൊണ്ടു അത് നടക്കുന്നില്ല. ജോലി ചെയ്യുന്ന കടയിലെ എല്ലാമെല്ലാമാണ് അണ്ണന്‍. മുതലാളിയുടെ വിശ്വസ്തന്‍ . അതുകൊണ്ട് അസോസിയേഷന്‍ രൂപികരണം അനിശ്ചിതമായി നീണ്ടു പോകുന്നു. മമ്മൂട്ടിയുടെ സിനിമ ബഹറിനില്‍ റിലീസ് ചെയ്യുന്ന ദിവസം അല്‍ ഹമര തീയറ്ററിനു മുനിപില്‍ അന്നനുണ്ടാകും. ആ ഒരു ദിവസങ്ങളില്‍ നേരത്തെ പോകുവാനുള്ള അനുവാദം മുതലാളി നല്‍കിയിട്ടുണ്ടത്രേ.
ജോലിത്തിരക്ക് കഴിഞ്ഞു നഗരം ചുറ്റാനിറങ്ങുന്ന ഞങ്ങളുടെ പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ഷാജിയണ്ണന്റെ കട. ഞങ്ങള്‍ എത്തുമ്പോഴേക്ക് തിരക്കെല്ലാം കഴിഞ്ഞു അണ്ണനും ഫ്രീയായിട്ടുണ്ടാവും . അണ്ണനെ പ്രകോപിപ്പിക്കാന്‍ ഞങ്ങള്‍ കടുത്ത മോഹന്‍ലാല്‍ ആരാധകരായി മാറും. പിന്നെ പൊരിഞ്ഞ പോരാട്ടമാണ്. ഞങ്ങളുടെ വാദങ്ങളെ അടിച്ചുതകര്‍ത്തു മുന്നേറുന്ന അണ്ണനെ തളക്കാന്‍ സൈഫിന്റെ കയ്യില്‍ ഒരു ബ്രഹ്മാസ്ത്രമുണ്ട് . മമ്മൂട്ടിയുടെ ഡാന്‍സ്. അത് പറഞ്ഞാല്‍ അണ്ണനൊന്ന് ഒതുങ്ങും. പിന്നെ ഡാന്‍സ് കണ്ടുപിടിച്ചവരെയെല്ലാം ചീത്ത വിളിക്കും. നല്ല നടനാവാന്‍ ഡാന്‍സിന്റെ ആവശ്യമില്ലെന്നും ഡാന്‍സ് ഒന്നും ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള പണിയല്ലെന്നും പറഞ്ഞു സമാധാനിക്കും.
ജീവിതം ഇങ്ങനെ സുന്ദര സുരഭിലമായി മുന്നോട്ടു പോകവെയാണ് ആ വാര്ത്ത പരന്നത്. മമ്മൂട്ടി ബഹറിനില്‍ വരുന്നു. ഏതോ പ്രവാസി സംഘടനയുടെ അവാര്‍ഡ് നൈറ്റ് . മമ്മൂട്ടിക്കാണ് മികച്ച നടനുള്ള അവാര്‍ഡ്. പതിവു പോലെ കടയിലെത്തിയ ഞങ്ങളോടിത് പറയുമ്പോള്‍ നാട്ടില്‍ പോകാന്‍ അവധി അനുവദിച്ചു കിട്ടിയ പോലെയുള്ള സന്തോഷമായിരുന്നു അണ്ണന്. പിന്നീടുള്ള രാത്രികള്‍ അണ്ണന്റെ അവാര്‍ഡ് നൈറ്റ് വാര്‍ത്തകള്‍ കൊണ്ടു നിറഞ്ഞു. പരിപാടിയുടെ വാര്ത്ത എല്ലാ ദിവസവും പത്രത്തില്‍ കൊടുക്കാത്തതിനു ഞങ്ങളോട് വഴക്കിട്ടു. ടിക്കറ്റ് ശരിയാക്കാനുള്ള നെട്ടോട്ടമായി പിന്നെ ... പത്രക്കാരുടെ സ്വാധീനം ഉപയോഗിച്ചു ഞങ്ങള്‍ ടിക്കറ്റ് ശരിയാക്കി നല്കി. പറ്റിയാല്‍ മമ്മൂട്ടിക്കൊപ്പം നിന്നു ഒരു ഫോട്ടോ എടുക്കണം ....അണ്ണന്‍ ആവേശത്തിലാണ്
പിന്നെ മമ്മൂട്ടിക്ക് അതിനല്ലേ സമയം. അനസ് എരിവു കേറ്റി.
നീ കണ്ടോടാ ഫോട്ടോ ഞാനെടുക്കും. ഷാജിയന്നന്‍ വെല്ലു വിളിച്ചു.
കാത്തിരുന്നു ആ ദിവസവും സമാഗതമായി . മുതലാളിയുടെ അനുമതി വാങ്ങി അണ്ണന്‍ നേരത്തെ പോയി. പിറ്റേന്ന് രാവിലെ ഒരു ഫോണ്‍ കാള്‍. അണ്ണനാണ് ....എടാ വൈകിട്ട് നേരത്തെ വാ.. ഞാനും മമ്മൂട്ടിയും കൂടിയുള്ള ഫോട്ടോ കാണിക്കാം.
കാര്യമറിഞ്ഞ സൈഫ് അമ്പരന്നു . ... ശെടാ ഇയ്യാളിതും സാധിച്ചോ ഇനി ഇതിന്റെ അഹങ്കാരം കുറക്കാന്‍ പുതിയ നമ്പര്‍ വല്ലതും കണ്ടു പിടിക്കണം.....
രാത്രി കടയിലെത്തി .. പക്ഷെ അണ്ണനൊരു ഉത്സാഹമില്ല . ആകെയൊരു മൂഡ് ഔട്ട് ... ഞങ്ങളെ കണ്ടു ഒന്നു ചിരിച്ചെന്നു വരുത്തി.. ഇല്ലാത്ത തിരക്ക് അഭിനയിച്ചു കടയിലങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. ..
മമ്മൂട്ടിയുടെ കൂടെ ഒക്കെ നടക്കുന്ന ആള്‍ക്കാര്‍ക്കിപ്പോള്‍ നമ്മളെ ഒന്നും വേണ്ടടാ.. ഇപ്പൊ സിനിമാക്കാരുമൊക്കെ ആയല്ലേ കമ്പനി . ..
.അണ്ണനെ ഫോമിലാക്കാന്‍ സൈഫിന്റെ ഒളിയമ്പ്. ... പക്ഷെ പ്രതികരണമില്ല ...
അല്ലണ്ണാ ഫോട്ടോ കാണിക്കാമെന്നു പറഞ്ഞിട്ട് എവിടെ ഞാന്‍ ചോദിച്ചു. വിഷമത്തോടെ അണ്ണന്‍ ഞങ്ങളെ നോക്കി ...
അപ്പൊ നടന്നില്ല അല്ലെ... എന്റെ അണ്ണാ ഞാനപ്പോഴേ പറഞ്ഞതല്ലേ ...അനസിന്റെ ക്രൂരമ്പ്.
നീ പോടാ ഫോട്ടോ ഒക്കെ എടുക്കാന്‍ ഈ ഷാജിക്കറിയാം. പക്ഷെ ഒരു കുഴപ്പം പറ്റിയടാ. ആ നൌഷാദ് പറ്റിച്ച പണി....
അണ്ണന്‍ ഷെല്‍ഫില്‍ നിന്നും ഫോട്ടോ എടുത്തു തന്നു. ഞങ്ങള്‍ ഒന്നു നോക്കി ഒന്നും മനസ്സിലാവുന്നില്ല .. മോഡേണ്‍ ആര്‍ട്ട് പോലെ ഒന്നിന് മുകളില്‍ ഒന്നായി കുറെ രൂപങ്ങള്‍ . ഇടക്ക് ഷാജിയണ്ണന്റെ മുഖത്തിന്‌ മുകളില്‍ മമ്മൂട്ടിയുടെ മുഖം.
ഇതന്താ അണ്ണാ മോര്ഫിങ്ങോ.. സൈഫ് ചോദിച്ചു..
ഒന്നും പറയേണ്ട മോനേ... ഫോട്ടോ കിട്ടിയെന്നുറപ്പ് വരുത്താന്‍ രണ്ടു മൂന്നു പ്രാവശ്യം എടുത്തോളാന്‍ ഞാനവനോട് പറഞ്ഞു. അവന്‍ തകര്ത്തെടുക്കുകയും ചെയ്തു. പക്ഷെ മമ്മൂട്ടിയുടെ ഫോട്ടോ എടുക്കുന്ന വെപ്രാളത്തില്‍ ഫിലിം വൈന്‍ഡ് ചെയ്യാന്‍ അവന്‍ മറന്നു പോയെന്ന്. കണ്ടോ നാല് ഫോട്ടോയും ഒരു ഫ്രൈമിലാ പതിഞ്ഞത്. ഞങ്ങള്‍ പരസ്പരം നോക്കി ചിരി കഷ്ടപ്പെട്ട് കടിച്ചമര്‍ത്തി അണ്ണന്റെ ദുഃഖത്തില്‍ പങ്കു ചേര്ന്നു .
കുറേക്കാലം കഴിഞ്ഞു ... അവധിക്കു നാട്ടില്‍ പോയി തിരിച്ചു വന്ന അണ്ണനെ കാണാന്‍ ഞങ്ങള്‍ കടയിലെത്തി. നാട്ടില്‍ നിന്നും കൊണ്ടുവന്ന ഉപ്പേരിയും മുറുക്കുമോക്കെ ശാപ്പിടുന്നതിനിടല്യില്‍ അണ്ണന്‍ ഒരു കവര്‍ എന്റെ കൈയില്‍ തന്നു. കവറിനുള്ളില്‍ അണ്ണനും മമ്മൂട്ടിയുമോത്തുള്ള സുന്ദരന്‍ ഫോട്ടോ. അത് ഞാന്‍ സംഘടിപ്പിച്ചെടാ.. പോകുമ്പോള്‍ ഡിജിറ്റല്‍ ക്യാമറ ഒന്നു വാങ്ങിയിരുന്നത് കൊണ്ടു പഴയ അബദ്ധം പറ്റിയില്ല .. അണ്ണന്‍ അഭിമാനതൊടെ ചിരിച്ചു. .....ഇന്നത്തെ നിങ്ങളുടെ അത്താഴാം എന്റെ വക. ...ഞങ്ങള്‍ അണ്ണനോടോപ്പം ഹോട്ടലിലേക്ക് നടന്നു.

1 comment:

ഹരീഷ് തൊടുപുഴ said...

അതു കൊള്ളം..!!

ഇതൊരു ഭ്രാന്തമായ ആവേശമാണല്ലേ..!!!