Sunday, September 20, 2009

ഒരു കോഴിക്കഥ

തിരുവനന്തപുരത്ത് സകുടുംബം വാഴുന്ന കാലം. ഭാര്യ തലമൂത്ത വെജിട്ടേറിയന് ആയതിനാല് കോഴി ആട് പോത്ത് തുടങ്ങിയ ജീവികള്‍ക്കൊന്നും വീട്ടില് പ്രവേശനമില്ല .പഠിച്ചത് സുവോളജി ആണെങ്കിലും പാറ്റയെ കൊല്ലാന് പോലും പേടിയുള്ള സാധനത്തിനൊപ്പമാണ് താമസം. കോഴി പോയിട്ട് കൊഴിപ്പൂട പോലും കിട്ടുമെന്ന പ്രതീക്ഷ വേണ്ട. കല്യാണം കഴിഞ്ഞ ആദ്യ നാളുകളില് എന്റെ നിര്‍ബന്ധത്തിനു വഴങ്ങി കഷായം കുടിക്കുന്നതുപോലെ ചിക്കന് കറി കൂട്ടിയവളാണ് കക്ഷി .കൊന്ന പാപം തിന്നാല് തീരുമെന്ന പഴമൊഴിയോന്നും അവളുടെ അടുത്തു ചിലവാകുന്നില്ല. പെണ്ണ് കാണാന് വന്നപ്പോള് കോഴിക്കറി വെക്കണം എന്ന് പറഞ്ഞിരുന്നെന്കില് കല്യാണം വേണ്ടെന്നു പറഞ്ഞേനെ എന്നാണു അവളുടെ വാദം. ഒരു കോഴി കറിക്ക് വേണ്ടി ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാതിരിക്കാന് പറ്റുമോ എന്ന് ഞാനും.

അങ്ങിനെ കോഴി മസാലയില് ഉരുളക്കിഴങ്ങ് മുറിച്ചിട്ട് പുഴുങ്ങി തിന്നു നിര്വ്രുതി അടഞ്ഞിരുന്ന കാലം. എന്റെ കൊതിയും ആര്ത്തിയും കണ്ടു മടുത്തിട്ടോ എന്തോ അവളൊരു നിര്‍ദ്ദേശവുമായി വന്നു. കോഴിയെ മേടിച്ചു കൊടുത്താല് താഴത്തെ വീട്ടിലെ ചേച്ചിയെ കൊണ്ടു കറി വെപ്പിച്ചു തരാം. അങ്ങനെ താഴത്തെ ചേച്ചിയുടെ കാരുണ്ണ്യത്താല് കോഴി ക്കറിയോക്കെയായി സുഭിക്ഷമായി വാഴുന്ന കാലത്താണ് ആ ദുര്ബുദ്ധി തോന്നിയത്. എന്നുമിങ്ങനെ അന്യരുടെ കാരുണ്യത്താല് കോഴിയെ തിന്നാല് മതിയോ സ്വയം പര്യാപ്തത വേണ്ടേ. ഭാര്യയോടിക്കാര്യം അവതരിപ്പിച്ചു. പിന്നെ ...ഉപ്പുമാവ് പോലും ശരിക്കും ഉണ്ടാക്കനറിയാത്ത ആളാ കോഴിക്കറി ഉണ്ടാക്കാന് പോകുന്നത് .... അല്ലെങ്കിലും ഞാനെന്തെങ്കിലും ഉണ്ടാക്കി അവളെക്കാള് കേമാനാകുന്നത് സഹിക്കത്തില്ല. ആഹാരകാര്യത്തില് അവളുടെ എകാതിപത്യം അവസാനിപ്പിക്കുവാന് തന്നെ തീരുമാനിച്ചു.

തമ്പാനൂര് ബുക്ക് സ്ടാളില് നിന്നും പാചക പുസ്തകം ഒരെണ്ണം വാങ്ങി വായിച്ചു പഠിചു. ഈ കോഴി കറി ഒക്കെ ഇത്രേ ഒള്ളോ .. ഇതു ഞാന് പുല്ലു പോലെ ഉണ്ടാക്കുമെടി .. ഭാരയെ വെല്ലു വിളിച്ചു.. അടുത്ത ഞായറാഴ്ച ചന്തയില് പോയി സുന്ദരന് കോഴിയെ ഒന്നു വാങ്ങി. ഇന്ത്യ വേള്ഡ് കപ്പു കൊണ്ടു വരുന്ന പോലെയാണ് വീട്ടിലേക്ക് വന്നത്. പാചക വിദഗ്ധനെപ്പോലെ കൊഴിയെയൊക്കെ കഴുകി മുറിച്ചു മുളക് പുരട്ടി വെച്ചു. അവള് ഇടവും വലവും വന്നു നോക്കുന്നുണ്ട് മൈന്ഡ് ചെയ്തില്ല. കറി ഉണ്ടാക്കിയിട്ട് വേണം താഴത്തെ വീട്ടിലെ ചേച്ചിക്കും കുറച്ചു കൊടുക്കാന് . അവരും ഒന്നു ഞെട്ടട്ടെ..

പാചക പുസ്തകം തുറന്നു വെച്ചു. സബോള, കിഴങ്ങ് തക്കാളി എല്ലാം അരിഞ്ഞു. എണ്ണ ചൂടായപ്പോള് അനുസാരികള് എല്ലാം ഇട്ടിളക്കി മൂപ്പിച്ചു. അങ്ങനെ രാജകലയില് കോഴിക്കറി നിര്മാണം പുരോഗമിക്കുകയാണ്.ഇതിയാന് എന്തെങ്കിലുമൊക്കെ ചെയ്യും എന്ന് അവള്‍ക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. വിട്ടു കൊടുക്കണ്ട... അതിട് ... ഇതിട് എന്നൊക്കെ പറയുന്നുണ്ട് നമ്മള് ശ്രദ്ധിക്കാന് പാടില്ല. ആദ്യമിട്ടവയൊക്കെ ഒന്നു മെരുങ്ങി വന്നപ്പോള് കോഴി കഷണങ്ങള് ഇട്ടിളക്കി മസാലയൊക്കെ ചേര്ത്തു വെള്ളമൊഴിച്ചു... കോഴിക്കറിയുടെ മണമൊക്കെ വരുന്നുണ്ട് .. ഞാനൊരു സംഭവം തന്നെ... വീണ്ടും പുസ്തകത്തില് നോക്കി... ഇനി അടച്ചുവെച്ചു നന്നായി തിളപ്പിക്കുക.. ശരി അടച്ചു വെച്ചു...ഗ്യാസ് സറ്റൌവ്വിന്റെ നോബ് ഫുള് ത്രോട്ടില് ആക്കി അഹങ്കാരത്തോടെ ഭാര്യയെ നോക്കി. അവളൊന്നു ഒതുങ്ങിയിട്ടുണ്ട് ...

ചേട്ടന് സ്വന്തമായി കോഴി കറി വെക്കുന്നതിന്റെ വിശേഷം പറയാന് അവള് താഴത്തെ ചേച്ചിയുടെ അടുത്തേക്ക് പോയി. കോഴി ഇനി തിളക്കട്ടെ എന്ന് കരുതി ഞാന് മുന് വശത്തേക്കും പോന്നു. ടീവില് മോഹന് ലാലിന്റെ ആറാം തമ്പുരാന് തകര്ക്കുകയാണ് ... കുറച്ചു കണ്ടു പിന്നെയും അടുക്കളയില് പോയി നോക്കി കോഴി തിളച്ചു മറിയുന്നുണ്ട്...തിളക്കട്ടെ അവന്റെ ഒരു തിള.. ഞാന് വീണ്ടും തമ്പുരാന്റെ അടുത്തേക്ക് പോന്നു. കൊലപ്പുള്ളി അപ്പന്നുമായി മോഹന് ലാല് കോര്ക്കുകയാണ് .. എന്താ പെര്ഫോമന്സ് .. ഡയലോഗും ഇടിയും അടിപൊളി... പിന്നെ മഞ്ജു വാരിയരുമായി .പഞ്ചാര.. ലാലിനെ ഇതൊക്കെ പറ്റു...

അയ്യോ എന്താ കരിയുന്ന മണം ഭാര്യ ഓടി വന്നു. അപകടം മണത്ത ഞാന് അടുക്കളയിലേക്കോടി ... കൂടുതല് പറഞ്ഞിട്ടെന്തു കാര്യം എന്റെ കടിഞ്ഞൂല് കോഴി കറി അതാ കരിക്കട്ടയായി അടുപ്പത്തിരുന്നു പുകയുന്നു . ഞാനപ്പോഴേ പറഞ്ഞതാ ഇതിയാനിതൊന്നും പറ്റിയ പണിയല്ലെന്ന്.... ശോ ഇനി ഈ പാത്രം എങ്ങിനെ നേരെയാക്കും... ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ .... അവളുടെ ഒരു പാത്രം.. എന്റെ കോഴിക്കറി അകാല ചരമം പ്രാപിച്ചതില് അവള്ക്ക് സങ്കടമില്ല ... വൈകിട്ട് താഴത്തെ വീട്ടിലെ ചേച്ചി വന്നു .. അല്ലാ കോഴിക്കറി ഒക്കെ വെക്കാന് പഠിചെന്നു കേട്ടു... ഞാന് ഒരു വിധം ഓടി രക്ഷപെട്ടു.. രാത്രി ഉറങ്ങാന് കിടന്നു പാതി ഉറക്കമായപ്പോള് അവളുടെ സംശയം ... ചേട്ടാ... കരിഞ്ഞ കോഴി കഴുകി എടുത്താലോ ...

No comments: