Sunday, September 20, 2009

മുന്നൂറ്റി എണ്‍പത്തി ഏഴ്

പണ്ടൊക്കെ ഈ പത്താം ക്ലാസ് പരീക്ഷയെന്നു പറഞ്ഞാല്‍  ഇപ്പോഴത്തേതു പോലെ എ യിലും ബി  യിലും ബി പ്ലസ്സിലും കിടന്നുകറങ്ങുന്ന പിള്ളേരു കളിയല്ലായിരുന്നു. നല്ല ഒന്നാം തരം റാങ്കും ഡിസ്റ്റിങ്ങ്ഷനും ഫസ്റ്റ് ക്ലാസുമൊക്കെ രാജാക്കന്മാരെപ്പോലെയാണ് വാണിരുന്നത്. ഇന്നു മക്കളെ സ്റ്റാര്‍ സിംഗറും സൂപ്പര്‍ സ്റ്റാറും ഒക്കെയാക്കാന്‍ പാടുപെടുന്ന മാതാപിതാക്കള്‍ അന്ന് ഫസ്റ്റ് ക്ലാസിന്റെയും ഡിസ്റ്റിങ്ങ്ഷന്റെയും പുറകെ പാഞ്ഞു നടന്നു. എന്തിധികം പറയുന്നു ഈ ഒമ്പതാം ക്ലാസ് അങ്ങ് കഴിഞ്ഞാല്‍ പിന്നെ ഒരു വര്ഷം കഠിനതടവും പിഴിച്ചിലുമായിരുന്നു. അതിരാവിലെ ട്യൂഷന്‍, സ്കൂളിലെത്തിയാല്‍ സ്പെഷ്യല്‍ ക്ലാസ്, വൈകിട്ടു തിരിച്ച് വീട്ടിലെത്തിയാല്‍ അമ്മയുടെ വക കൊട്ടിക്കലാശം മുട്ടിനു മൂട്ടിനു ക്ലാസ് ടെസ്റ്റ്, അതു കഴിഞ്ഞൊരു റെസ്റ്റ് എടുക്കുമ്പോഴേക്കും ദാ വരുന്നു ഓണപ്പരീക്ഷയും ക്രിസ്തുമസ് പരീക്ഷയും... അങ്ങിനെ പത്താം ക്ലാസ് കഴിയുമ്പോഴേക്കും ജീവിതത്തിലെ അതുവരെ ചെയ്ത പാപങ്ങളെല്ലാം തമ്പുരാന്‍ പൊറുത്ത് മകനേ ഇനി ഒരു മൂന്നാലു കൊല്ലത്തേക്ക് നീ കുഞ്ഞാക്കുഞ്ഞ് പാപങ്ങളൊന്നും ചെയ്താല്‍ പ്രത്യേകം ശിക്ഷയില്ല അതിനു കൂടിയുള്ളത് ഈ പത്താം ക്ലാസില്‍ നിന്നും ഞാന്‍ മുന്‍കൂര്‍ ഇങ്ങെടുത്തു എന്നു പറയുന്ന സ്ഥിതിയായിരുന്നു.  അങ്ങിനെ പത്താം ക്ലാസിന്റെ ഈ സുവര്ണ്ണ കാലത്താണ് ഞാന്‍ വലതു കാല്‍ വെച്ച് പത്തും ഗുസ്തീം പഠിക്കാന്‍ തുടങ്ങിയത്.

ഹൈസ്കൂള്‍ പഠനം എട്ടും ഒമ്പതും കഴിഞ്ഞ് പത്തില്‍ എത്തിയപ്പോഴേക്കും ഈ മീശമുളക്കുന്ന പ്രായത്തില്‍ ആണ്‍കുട്ടികളില്‍ സാധാരണയായി കണ്ടു വരാറുള്ള ഒരിനം പകര്‍ച്ചവ്യാധി എന്നെയും പിടീകൂടി. അസുഖത്തിന്റെ ഭാഗമായി  കണ്ണാടിയുടെ മുമ്പില്‍ അങ്ങോട്ടൂം ഇങ്ങോട്ടൂം തിരിഞ്ഞുനിന്ന് സ്വന്തം സൌന്ദര്യം ആസ്വദിക്കുക. മൂക്കിനു താഴെ  കൊച്ചി തീരത്തെ എണ്ണ ഖനനം പോലെ അങ്ങ് ആഴത്തിലെവിടെയോ മറഞ്ഞിരിക്കുന്ന മീശ ഖനനം ചെയ്തെടുക്കാനുള്ള അശ്രാന്ത പരിശ്രമം തുടങ്ങിയ രോഗലക്ഷണങ്ങള്‍ എന്നിവ കൂടാതെ അന്നുവരെ ശത്രു വര്‍ഗമെന്നു മുദ്രകുത്തി അകറ്റി നിര്ത്തിയിരുന്ന പെണ്‍കിടാങ്ങളോട് എന്തോ ഒരിത്..എന്ന പ്രധാന രോഗ ലക്ഷണം കൂടി അനുഭവപ്പെട്ടു തുടങ്ങി.

ഒന്നാം ക്ലാസു മുതലിങ്ങോട്ട് ഒരിക്കലും ക്ലാസിലെ ഒന്നാം സ്ഥാനം കിട്ടിയിട്ടില്ലെങ്കിലും രണ്ടും മൂന്നും സ്ഥാനങ്ങളില്‍  ഏതെങ്കിലും ഒപ്പിച്ച്  വീട്ടിലെ ആക്രമണത്തില്‍ നിന്നും വലിയ പരിക്കില്ലാതെ രക്ഷപെട്ടൂ പോന്നിരുന്നു. മകന്‍  ഒരിക്കലും ഒന്നാം സ്ഥാനം ലഭിക്കാതെ നിരാശപ്പെട്ട അമ്മ ഒരു വര്ഷം പതിവുപോലെ രണ്ടാം സ്ഥാനക്കാരനായി വീട്ടിലെത്തിയപ്പോള്‍  നീയെന്നാടാ ഒരു ഒന്നാം സ്ഥാനവുമായി വരുന്നതെന്ന് ചോദിക്കുകയും അമ്മയുടെ ഈ ആഗ്രഹമൊന്ന് സാധിച്ചു കൊടുക്കാന്‍ എന്താണൊരു വഴി എന്ന് രണ്ടാം സ്ഥാനക്കാരന്റെ കുടില ബുദ്ധിയില്‍ ആലോചിച്ച് ഒരു വഴി കണ്ടുപിടിക്കുകയും ചെയ്തു. സ്ഥിരമായി ഒന്നാം സ്ഥാനം തട്ടിയെടുക്കുന്ന ബിനു വാസുദേവ് എന്ന ദുഷ്ടന്‍ അടുത്ത പരീക്ഷ്യ്ക്ക് തോറ്റുപോയാല്‍ എനിക്ക് ഒന്നാം സ്ഥാനം കിട്ടുമെന്നുള്ള എന്റെ മഹത്തായ കണ്ടുപിടുത്തം അമ്മ നിര്‍ദാഷണ്യം പുച്ഛിച്ചു തള്ളുകയും" ഒന്നാം സ്ഥാനക്കാരന്‍ തോറ്റു പോവുകയേ... പോടാ മണ്ടാ"  എന്ന് എന്നെ അധിക്ഷേപിക്കുകയും ചെയ്തു.   അങ്ങിനെ ആജീവനാന്തം രണ്ടാം സ്ഥാനക്കാരനായി കഴിഞ്ഞു വരികയായിരുന്നു.

എന്നാല്‍ പത്താം ക്ലാസിലെ ഓണപ്പരീക്ഷ കഴിഞ്ഞപ്പോള്‍  അച്ഛനും അമ്മയ്ക്കും എന്തോ പന്തികേട് തോന്നിത്തുടങ്ങി. രണ്ടിനും മൂന്നിനും താഴെ നാല്‍, അഞ്ച്, ആറ് എന്നിങ്ങനെ സ്ഥാനങ്ങള്‍ ഉണ്ടെന്നും അവയും കാലാകാലങ്ങളില്‍ വിദ്യാര്ത്ഥികള്‍ക്ക് നല്കപ്പെടുന്നതാണെന്നും പരിഭ്രമിക്കാന്‍ ഒന്നുമില്ലെന്നും ഞാന്‍ പരമാവധി പറഞ്ഞു നോക്കിയെങ്കിലും അവ്ര്‍ക്കങ്ങ് വിശ്വാസമായില്ല. അമ്മയുടെ കമാന്‍ഡോ ഓപ്പറേഷനും അച്ഛന്റെ സര്‍പ്രൈസ് അറ്റാക്കും ഫലപ്രദമാകാതെ വന്നപ്പോള്‍ അവര്‍ വൈദേശിക ശക്തികളൂടെ സഹായം തേടി. പൈകയിലെ ട്യൂഷന്‍ സെന്ററില്‍ ഉപരിപഠനത്തിനയച്ചു.രോഗി ഇച്ഛിച്ചത് പാല്‍ വൈദ്യന്‍ കല്പ്പിച്ചത് ഹോര് ലിക്സ് എന്ന അവസ്ഥയില്‍ ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. സ്കൂളിലെ മനോമോഹിനികളായ ജോസ്മി, രമ്യ, കൊച്ചുറാണി തുടങ്ങിയ വിലക്കപ്പെട്ട കനികളെല്ലാം ഇതേ ട്യൂഷന്‍ സെന്ററിലാണ്.  മിക്സഡ് സ്കൂളിലാണ് പഠിക്കുന്നതെങ്കിലും  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസുകളായതിനാല്‍ ഇവരോടൊന്നും യാതൊരു വിധ നയതന്ത്ര ബന്ധങ്ങളും ഇല്ലാതെയിരിക്കുമ്പോഴാണ്. ഫ്രീയായി അവരുടെ രാജ്യത്ത് ഒരു എംബസി തുറക്കാനുള്ള സൌകര്യം ലഭിക്കുന്നത്. ആകെയൊരു പ്രശ്നം കൊച്ചുവെളുപ്പാന്‍കാലത്തെ എഴുന്നേറ്റു പോകണം എന്നുള്ളതാണ്.. അല്പം ബുദ്ധിമുട്ടാതെ ഒന്നും നടക്കില്ല എന്നമ്മ പറഞ്ഞപ്പോള്‍ ഞാനും തലയാട്ടി സമ്മതിച്ചു. പാവം അമ്മയ്ക്കറിയുമോ അല്പം ബുദ്ധിമുട്ടി മകന്‍ പോകുന്നത് എന്തുകാര്യം നടത്താനാണെന്ന്.

ട്യൂഷനും ക്ലാസ് ടെസ്റ്റും മുറയ്ക്കു നടന്നു. ഓണപ്പരീക്ഷകഴിഞ്ഞ് ക്രിസ്തുമസ് പരീക്ഷ വന്നുപോയി. ജന്മാവകാശമായ രണ്ടാം സ്ഥാനം നിലനിര്ത്താന്‍ ആയില്ലെങ്കിലും ഓണപ്പരീക്ഷയെക്കാള്‍ സ്ഥിതി ഭേദപ്പെട്ടതിനാല്‍ ഇവന്‍ രക്ഷപെട്ടോളും എന്നൊരു വിലയിരുത്തല്‍ വീട്ടിലെ ഉന്നത കേന്ദ്രങ്ങള്‍ നടത്തിയതിനാല്‍ കൂടുതല്‍ തെറ്റു തിരുത്തല്‍ നടപടിയൊന്നും ഉണ്ടായില്ല. അപ്പോഴേക്കും ട്യൂഷന്‍ സെന്ററിലും സ്ഥിതി മെച്ചപ്പെടുകയും നയതന്ത്രബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുകയും ചെയ്തിരുന്നതിനാല്‍ ഞാനും അതീവ സന്തോഷവാനായിരുന്നു.അവസാന ടേമില്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍, പത്താം ക്ലാസിലെ സ്പെഷ്യല്‍ ടൂര്‍ പ്രോഗ്രാം, സോഷ്യല്‍, ഓട്ടോഗ്രാഫ് തുടങ്ങിയ സാമൂഹ്യപ്രവര്ത്തനങ്ങളില്‍ ഏര്‍പ്പെട്ട് അത്യധികം തിരക്കിലായതിനാല്‍  മോഡല്‍ പരീക്ഷ വന്നതും പോയതും അറിഞ്ഞുപോലുമില്ല.

പരീക്ഷപ്പേപ്പര്‍ കൈയ്യില്‍ കിട്ടിയപ്പോഴാണ് സംഗതിയുടെ ഗുരുതരാവസ്ഥ മനസ്സിലായത്.  മാര്‍ക്കെങ്ങാനും വീട്ടിലറിഞ്ഞാല്‍ നീ പത്താം ക്ലാസ് ഈ കൊല്ലം എഴുതെണ്ടെന്നു വരെ പറഞ്ഞു കളയും. ഈ മോഡല്‍ പരീക്ഷയുടെയൊന്നും പേപ്പര്‍ നോക്കത്തില്ലമ്മേ എന്നൊരു നിര്‍ദോഷമായ നുണ പറഞ്ഞ് ആ പ്രശ്നവും പരിഹരിച്ചു. പരീക്ഷയ്ക്ക ഇനിയുള്ള പത്ത് ദിവസങ്ങള്‍ തകര്ത്തു പഠിച്ചുകളയാം എന്നു നിശ്ചയിച്ച് പുസ്തകം തുറന്നിരുന്നപ്പോഴാണ് അറിയുന്നത് ട്യൂഷന്‍ ക്ലാസ്സില്‍ ഈ ദിവസങ്ങളില്‍ സ്പെഷ്യല്‍ റിവിഷനുണ്ടെന്ന്.. സംഗതി പിടി വിട്ടു പോയി..ഞാന്‍ പോലും അറിയാതെ രാവിലെ ട്യൂഷന്‍ സെന്ററില്‍ എത്തി. ജോസ്മി രമ്യ.. എല്ലാവരും ഉണ്ട്..പഠനം പാല്പായസം എന്നു പറയുന്നത് വെറുതെയല്ല. അങ്ങിനെ പത്തു ദിവസം കൂടി ദാ എന്നു പോയി.. കാത്തിരുന്ന എസ് എസ് എല്‍ സി പരീക്ഷയും വന്നു. പരീക്ഷ്യ്ക്ക് ഉത്തരം എഴുതുന്നതിലും ബുദ്ധിമുട്ട് അതു കഴിഞ്ഞ് വീട്ടില്‍ വന്നാല്‍  അമ്മയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതാണ്. അതിനായി പരീക്ഷ ഹാളില്‍ നിന്നും ഇറങ്ങിയാലുടന്‍ അറിയില്ലാത്ത ചോദ്യങ്ങളുടെ ഉത്തരം അതുവരെയില്ലാത്ത താല്പര്യത്തോടെ ചോദിച്ചു മനസ്സിലാക്കി. വീട്ടില്‍ വന്ന് ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറഞ്ഞു ഞെളിഞ്ഞു നില്ക്കുന്ന എന്നെക്കണ്ട് അമ്മപോലും ഞെട്ടി..എങ്ങിനെയൊക്കെ കൂട്ടി നോക്കിയിട്ടൂം ഡിസ്റ്റിംഗ്ഷന്‍ ഉറപ്പ്.

എങ്ങിനെയുണ്ടായിരുന്നു പരീക്ഷയൊക്കെ എന്ന നാട്ടുകാരുടേയും വീട്ടുകാരുടെയും ചോദ്യത്തിന് കുഴപ്പമില്ലായിരുന്നു എന്നു ഞാനും .. ഡിസ്റ്റിംഗ്ഷനെങ്കിലും കിട്ടുമായിരിക്കും എന്ന് അമ്മയും മറുപടി പറഞ്ഞു. ഡിസ്റ്റിംഗ്ഷന്‍ എന്നു കേള്‍ക്കുമ്പോഴേ ചങ്കിടിപ്പ് കൂടുമെങ്കിലും അമ്മയുടെ ആത്മവിശ്വാസം കണ്ട് ഇനിയെങ്ങാനും ഡിസ്റ്റിംഗ്ഷന്‍ കിട്ടിപ്പോകുമോ എന്ന് ഞാന്‍ പോലും സംശയിച്ചു തുടങ്ങി. റിസള്‍ട്ട് വരാന്‍ ഇനിയും രണ്ടാഴ്ചയുണ്ടെങ്കിലും പരീക്ഷാഭവനിലെ ചേട്ടന്മാരെയാരെയോ സ്വാധീനിച്ച് അമ്മ റിസല്‍ട്ട് നേരത്തെയറിയാനുള്ള ചട്ടം കെട്ടി.അങ്ങിനെയൊരു ദിവസം സന്ധ്യക്ക് ഞെട്ടിപ്പിക്കുന്ന ആ വാര്ത്ത അമ്മയെ തേടിയെത്തി മോന്റെ റിസല്‍റ്റ് അറിഞ്ഞു.. 387 മാര്‍ക്ക്..കലിയിളകി വരുന്ന അമ്മയെക്കണ്ട് ഞാന്‍ തറവാട്ടിലേക്കോടി രക്ഷപെടുകയും വല്ല്യച്ഛന്റെയും വല്ല്യമ്മയുടെയും അധികാരപരിധിയില്‍ അഭയാര്ഥിയായി കഴിയുകയും ചെയ്തതിനാല്‍ കാര്യമായ ശാരീരികക്ഷതങ്ങളൊന്നും സംഭവിച്ചില്ല.

വീട്ടിലെ കോളിളക്കങ്ങളെല്ലാം ഒന്നൊതുങ്ങി പൂര്‍വസ്ഥിതി പ്രാപിച്ചപ്പോഴാണ് മറ്റൊരു വലിയ കുരിശ്  എന്നെത്തേടിയെത്തിയത്. കുരുവിക്കൂട് ദേശത്തെ സമസ്തനായന്മാരുടെയും കൂട്ടായ്മയായ കരയോഗം നാട്ടിലെ നായന്മാരുടെ മക്കളില്‍ പത്താം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വങ്ങുന്ന മിടുക്കന്മാര്‍ക്ക് 500 രൂപ ക്യാഷ് അവാര്‍ഡ് കൊടുക്കുന്നുണ്ടെന്നും ഈ വര്ഷം ആ അവാര്‍ഡ് എനിക്കാണെന്നുമുള്ള നഗ്നസത്യം കേട്ട് ഞാന്‍ ഞെട്ടി.  387 മാര്‍ക്കുകാരനും അവാര്‍ഡ് കൊടുക്കുന്ന തലത്തിലേക്ക് നായര്‍ സംഘടന അധപതിച്ചുവല്ലോ.. മന്നത്ത് പദ്മനാഭനെങ്ങാനും ഇതറിഞ്ഞാല്‍ അന്നു തന്നെ നായര്‍ സര്‍ വീസ് സൊസൈറ്റിപിരിച്ചുവിട്ട് കാശിക്കു പോയേനേ. എനിക്കവാര്‍ഡ് വേണ്ടെന്നു കരഞ്ഞു പറഞ്ഞിട്ടും നായന്മാര്‍ സമ്മതിക്കുന്നില്ല. ഒളിച്ചു പോകും എന്നു വരെ വീട്ടില്‍ ഭീഷണി പുറപ്പെടുവിച്ചു. എന്നാല്‍ നന്നായി 500 രൂപ ഞങ്ങള്‍ വാങ്ങിക്കൊള്ളാം എന്നായി അച്ഛനും അമ്മയും. നിരന്തരമായ സമ്മ്ര്‍ദ്ദങ്ങള്‍ക്കൊടുവില്‍ നോട്ടീസില്‍ മാര്‍ക്ക് എഴുതില്ല എന്നും യോഗസ്ഥലത്ത് മാര്‍ക്കിനെക്കുറിച്ച് ഒരക്ഷരം പറയില്ല എന്നുമുള്ള ഉറപ്പില്‍ അവാര്‍ഡ് വാങ്ങാന്‍ സമ്മതിക്കേണ്ടി വന്നു.

പഞ്ചായത്ത് പ്രസിഡന്റ് കര്ത്താവ് സാറാണ് അവാര്‍ഡ് നല്കുന്നത്. യോഗസ്ഥലത്തെത്തി ആരുടെയും കണ്ണില്‍ പെടാതെ പുറകില്‍ പതുങ്ങി നിന്നു. ഈ അവാര്‍ഡ് മാത്രമല്ല കരയോഗം വക സ്കൂളിലെ കുട്ടികള്‍ക്കുള്ള വിവിധ സമ്മാനങ്ങളും  യോഗത്തില്‍ വിതരണം ചെയ്യുന്നുണ്ട്. അതിനിടയില്‍ എപ്പോഴെങ്കിലും കാശും വാങ്ങി മുങ്ങാം.

പ്രസംഗങ്ങളെല്ലാം കഴിഞ്ഞു. ഇനി സമ്മാന ദാനമാണ്‍. അനൌണ്സ്മെന്റ് കേട്ട് നെഞ്ചിടിപ്പ് കൂടി. സ്കൂളിലെ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളാണ് ആദ്യം. ഞാന്‍ അവാര്‍ഡും വാങ്ങി ഏറ്റവും എളുപ്പം സ്ഥലം കാലിയാക്കാനുള്ള വഴി നോക്കി വെച്ചു.

ഇനി ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ കരയോഗാംഗങ്ങളുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡാണ്‍.. അതിനര്ഹനായിരിക്കുന്നത് വിശ്വനാഥന്‍ നായരുടെ മകന്‍ രഞ്ജിത്..

ഞാന്‍ സദസ്സിലിരിക്കുന്ന അമ്മയെ ഒന്നു നോക്കി.. ഹും അവന്റെ ഒരു  മികച്ച വിജയം എന്ന ഭാവം മുഖത്തു വരുത്തി മസ്സില്‍ പിടിച്ചിരിപ്പുണ്ട്.

ഒരു സൈഡ് പറ്റി  സ്റ്റേജിലേക്കു ചെന്നു.

അഹാ.. വിശ്വന്റെ മകനാണല്ലേ.. കര്ത്താവ് സാറിന്‍ അച്ഛനെയറിയാം..

ഞാന്‍  അതെയെന്നര്ത്ഥത്തില്‍ ഒരു വളിച്ച ചിരി ചിരിച്ചു... എത്രയും പെട്ടെന്ന് അവാര്‍ഡും വാങ്ങി രക്ഷപെടണം.

ഭാഗ്യം കൂടുതല്‍ ചോദ്യങ്ങളൊന്നുമില്ലാതെ  സാറ് അവാര്‍ഡുതുകയടങ്ങിയ കവര്‍ കൈയ്യില്‍ തന്നു..ഞാന്‍ ആരെയും നോക്കാതെ പുറത്തേക്കു നടന്നു

അപ്പോഴാണ് അപ്രതീക്ഷിതമായി ആ ചോദ്യം ഉയര്ന്നത്.. ആട്ടെ എത്ര മാര്‍ക്കുണ്ടായിരുന്നു..കര്ത്താവ് സാറാണ്
തുലഞ്ഞു.. ഞാന്‍ തിരിഞ്ഞു ദയനീയമായി സാറിനെ ഒന്നു നോക്കി..
ഇങ്ങനെ ഒരാക്രമണം പ്രതീക്ഷിച്ചിരുന്നില്ല..

ഞാന്‍ 387 ന്റെ ആദ്യത്തെ മൂന്ന് വിഴുങ്ങി 87 നല്ലവണ്ണം കേള്‍ക്കത്തക്ക വിധം പറഞ്ഞ് ഒരു പരീക്ഷണം നടത്തി.. സാറ് 387 എന്നോ 487 എന്നോ സൌകര്യം പോലെ കേട്ടോട്ടെ ഇനി 587 എന്നു കേട്ടാലും നമുക്കു വിരോധമില്ല.

എത്രയാ.. കേട്ടില്ല..  സാറ് എന്നേം കോണ്ടെ പോകൂ...

ഞാന്‍ ഒന്നു കൂടി മുന്നോട്ട് ചെന്ന് പരീക്ഷണം ഒരിക്കല്‍ കൂടി നടത്തി.. പക്ഷെ എന്തു ചെയ്യാം വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.. സാറിനടുത്തേക്കു ചെന്നു പറയാനുള്ള ശ്രമത്തില്‍ ഞാന്‍ എത്തപ്പെട്ടത്. പ്രസംഗത്തിനായി വെച്ചിരുന്ന മൈക്കിനു മുമ്പിലാണ്‍..

മുന്നൂറ്റി എണ്‍പത്തിയേഴേ .. എന്നുള്ള എന്റെ അനൌണ്സ്മെന്റ് ഹോളിനകത്തെ സ്പീക്കറിലൂടെയും പുറത്ത് തെങ്ങിലെ കോളാമ്പിയിലൂടെയും കുരുവിക്കൂടു മുഴുവന്‍ സമ്പ്രേഷണം ചെയ്യപ്പെട്ടു.

അങ്ങിനെ ആ അരമന രഹസ്യം അങ്ങാടിപ്പാട്ടായി. അതോടുകൂടി സ്വതവേ ചെല്ലപ്പേരുകള്‍ക്ക് പഞ്ഞമില്ലാതിരുന്ന എനിക്ക് ഒരു പേരു കൂടി വീണൂ.. മുന്നൂറ്റി എണ്‍പത്തിയേഴ്..

കവലയില്‍  കൂടി സൈക്കിളില്‍ പാഞ്ഞു പോകുമ്പോള്‍ അവിടെ സ്ഥിരമായി കുടികൊള്ളുന്ന ആസ്ഥാന ഗായകര്‍ നീട്ടി വിളിച്ചു .. ഡാ.. മുന്നൂറ്റി എണ്‍പത്തിയേഴേ.. നീ എങ്ങോട്ടാ.. ഇനീം ഉണ്ടോ അവാര്‍ഡ് വല്ലതും..ക്രിക്കറ്റ് കളി കാണാന്‍ ക്ലബ്ബിലെങ്ങാനും പോയി സ്കോര്‍ ചോദിച്ചാല്‍ അപ്പോഴും ഉത്തരം 387..

അങ്ങിനെ എസ് എസ് എല്‍ സി പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യമായി 387 എന്ന ആര്‍ക്കും വേണ്ടാതെ കിടന്ന മാര്‍ക്ക് നാട്ടിലെങ്ങും പ്രചുര പ്രചാരം നേടി.പക്ഷെ അതോടൊപ്പം എന്റെ കമ്പോള നിലവാരം റബറിന്റെ വില പോലെ  8...7...3...എന്നിങ്ങനെ കുത്തനെ ഇടിഞ്ഞു.

വാല്ക്കഷണം:
ഈയിടെ വെക്കേഷനു നാട്ടിലെത്തി ഭാര്യയും മകനുമൊത്ത്  കവലയിലൂടെ പോകുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി.. ഡാ മുന്നൂറ്റി എണ്‍പത്തിയേഴേ..ഞാന്‍ തിരിഞ്ഞു നോക്കിയില്ല. ഡാ.. നിന്നെത്തന്നെ.. കവലയിലെ ചായക്കട നടത്തുന്ന വേണുച്ചേട്ടനാണ്‍.

 ചേട്ടനെയാണോ ‌വിളിക്കുന്നത്.. ഭാര്യയുടെ ചോദ്യം.. അവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ വേണുച്ചേട്ടന്‍ കൈ കാണിച്ചു വിളിച്ചു. ഗത്യന്തരമില്ലാതെ ഞാന്‍ ‌വേണുച്ചേട്ടന്റെ അടുത്തേക്കു ചെന്നു.

അതെന്താ ഈ 387 .. തിരികെ നടക്കുമ്പോള്‍ ഭാര്യയുടെ ചോദ്യം..
ഞാന്‍ സംഭവം വിവരിച്ചു കൊടുത്തു..

ഏയ് ഇത് അതൊന്നും  ആയിരിക്കില്ല..ഐ ലവ് യൂ വിനു 143 എന്നൊക്കെ പറയുമ്പോലെ വല്ല പെണ്‍പിള്ളേരുടെയും പേരിന്റെ കോഡായിരിക്കും . എനിക്കു ചേട്ടനെ നന്നായി അറിയത്തില്ലേ.. അവളുടെ കമന്റ്....

1 comment:

ശ്രീവല്ലഭന്‍. said...

മൊത്തം ഇന്നാണ് വായിച്ചത്. ഓരോന്നും സൂപ്പര്‍