Sunday, February 14, 2010

ഒരു മെയ് മാസപ്പുലരിയില്‍

അന്നൊരു ഞായറാഴ്ച ആയിരുന്നു. രാവിലെ പതിവിലും നേരത്തെ എട്ട് മണിക്ക് എഴുന്നേറ്റു. ഞായറാഴ്ച്ചകളില്‍ സാധാരണ നേരം വെളുക്കുന്നത് പതിനൊന്നു മണിക്കാണല്ലോ. എഴുന്നേറ്റ് കടും കാപ്പീം കുടിച്ച് പത്രം വായിക്കാനിരുന്നപ്പോഴേക്കും പെങ്ങളും അളിയനും മോനും കൂടി എത്തി.

ങാഹാ ചേട്ടായി ഇതു വരെ റെഡിയായില്ലേ.. പത്തു മണിക്ക് ചെല്ലാമെന്നാ അവരോട് പറഞ്ഞിരിക്കുന്നേ.. വേഗം കുളിച്ച് റെഡിയാക്‍.. പിന്നെ ആ മോന്തേല് ലക്ഷ ദ്വീപിന്റെ ഭൂപടം പോലെ അവിടെം ഇവിടെം പറ്റിയിരിക്കുന്ന പൂട ഒക്കെ വടിച്ചു കള.. അല്ലെങ്കില്‍ അവര്‍ വിചാരിക്കും വല്ല പാണ്ടു രോഗവും ആണെന്ന്..

ഞാന്‍ മെല്ലെ പത്രം അളിയനെ ഏല്പ്പിച്ച് എഴുന്നേറ്റു.. ജീവിതത്തിലെ ഒരു നിര്ണ്ണായക ദിവസമാണിന്ന്.. തങ്കലിപികളില്‍ കുറിച്ചിടേണ്ട ദിവസം..ഞാനാദ്യമായി ഒരു പെണ്ണു കാണാന്‍ പോകുന്നു!!!..

കാര്യം പത്താം ക്ലാസു കഴിഞ്ഞപ്പോഴേ ഏതെങ്കിലും കൊള്ളാവുന്ന ഒരു പെണ്‍കൊച്ചിന് ജീവിതം കൊടുക്കണം എന്നു ഞാന്‍ തീരുമാനിച്ചിരുന്നെങ്കിലും വീട്ടുകാര്‍ അത്ര ഹൃദയ വിശാലത ഉള്ളവരല്ലാത്തതിനാല്‍ അത് അങ്ങ് നീണ്ടു പോകുകയായിരുന്നു. ഒരേയൊരു പെങ്ങളുടെ കല്യാണവും കഴിഞ്ഞിട്ടും ഞാനിങ്ങനെ ഒറ്റാം തടിയായിട്ടു ജീവിച്ചു പോന്നു. 

പഠനമൊക്കെ കഴിഞ്ഞ് ഒരു കുഞ്ഞ് ജോലിയൊക്കെ ആയകാലത്ത് പതിവായി വീട്ടിലേക്ക് പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ ഒക്കെ വാങ്ങിക്കൊണ്ടു കൊടുത്തു നോക്കി.. മകന് കാര്യ പ്രാപ്തിയായി എന്ന് വീട്ടുകാര്‍ക്കും തോന്നണമല്ലോ.. ങേ ഹേ.. പച്ചക്കറികള്‍ സാമ്പാറും അവിയലും തോരനുമെല്ലാമായി ഒരു വഴിക്കായതല്ലാതെ എന്റെ കല്യാണക്കാര്യം ഒരു വഴിക്കുമെത്തിയില്ല...

വീട്ടുകാരെല്ലാം ഒരുമിച്ച ഒരു സദസ്സില്‍ പെങ്ങള്‍ "ഇനി ചേട്ടായിക്കൊരു പെണ്ണിനെ നോക്കാം അല്ലേ അമ്മേ " എന്നു പറഞ്ഞപ്പോള്‍ ഞാനൊന്നു പ്രതീക്ഷിച്ചു.. എന്റെ നമ്പര്‍ ഇപ്പോ വരുമെന്ന്.. എവിടെ..

ഇരുപത്തെട്ട് വയസ്സാകാതെ കെട്ടിക്കെരുതെന്നാണത്രേ അമ്മയുടെ ആസ്ഥാന കണിയാന്‍ പറഞ്ഞിരിക്കുന്നത്.. അതിന് പിന്നേം ഉണ്ടായിരുന്നു രണ്ടരക്കൊല്ലം. കണിയാന്‍പണി നിരോധിച്ചുത്തരവിറക്കുന്ന പാര്‍ട്ടിക്ക്  അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യും എന്നു പ്രതിജ്ഞയെടുത്ത് ഞാന്‍ വീണ്ടും കെട്ടാന്‍ മുട്ടിനില്ക്കുന്ന അവിവാഹിതനായി കാത്തിരുന്നു.

കല്യാണം കഴിക്കാന്‍ പ്രായമാകുമ്പോള്‍ ഇവളെ ഒന്നാലോചിക്കണം എന്നു കുരുവിക്കൂട്ടും പരിസരപ്രദേശങ്ങളിലും നമ്മള് ബൂക്ക് ചെയ്തു നിര്ത്തിയിരുന്ന കുഞ്ഞിക്കിളികളെയൊക്കെ സ്വദേശത്തു നിന്നും വിദേശത്തു നിന്നുമായി ഒരോ പരുന്തുകള്‍ വന്ന് റാഞ്ചിക്കൊണ്ടു പോകുന്നത് പടപടാ ഇടിക്കുന്ന നെഞ്ചോടെ ഞാന്‍ കണ്ടിരുന്നു.
ഡാ വലിയ വീട്ടിലെ സുനിതേടേം കല്യാണമായെടാ എന്നൊക്കെ കൂട്ടുകാര്‍ പറയുമ്പോള്‍..ഹമ്മേ.. നമ്മള്‍ മാര്‍ക്ക് ചെയ്ത റബര്‍ ത്തൈകളൊക്ക ഓരോന്നായി ആണ്‍പിള്ളേര്‍ വെട്ടി ഷീറ്റുണ്ടാക്കുകയാണല്ലോ എന്നോര്‍ത്തു സങ്കടപ്പെട്ടു.. ഇനി കടിച്ചു പിടിച്ച് അവസാനം  നമുക്ക് കല്യാണം ആലോചിക്കുമ്പോഴേക്കും നാട്ടില്‍ കെട്ടിച്ചു തരാന്‍  പെണ്ണില്ലാതെ വരുമോ എന്നൊരു സീരിയസ്സായ സംശയം കൂടി വന്നതോടെ രാത്രികളില്‍  ഉറക്കമില്ലാതായി..

അങ്ങിനെ അത്യധികം മാനസിക വിഷമത്തോടെ കഴിഞ്ഞു വരുന്നതിനിടയിലാണ് ഒരു വിധത്തില്‍ എനിക്ക് ഇരുപത്തെട്ട് വയസ്സു തികഞ്ഞതും.. വീട്ടുകാര്‍ എനിക്ക് കല്യാണം ആലോചിക്കാന്‍ തീരുമാനിച്ചതും.. ആ മഹത്തായ കല്യാണ പരിപാടികളുടെ തറക്കല്ലിടീലാണ് ഇന്നിവിടെ നടക്കാന്‍ പോകുന്നത്.. കടിഞ്ഞൂല്‍ പെണ്ണു കാണല്‍..

പതിവിലും സമയമെടുത്തു കുളിച്ചു.. പിന്നേം പിന്നേം ചെളിയില്‍ ചവിട്ടാനുള്ളതല്ലേ വെറുതെ കഴുകി ഊര്‍ജം വേയ്സ്റ്റാക്കുന്നതെന്തിനാ എന്നു കരുതി ഒരിക്കലും കഴുകാത്ത കാല്‍ നഖമൊക്കെ ചകിരി എടുത്ത് ഉരച്ചു തേച്ചു സുന്ദരക്കുട്ടപ്പനാക്കി.. മുഖം നോക്കി പെണ്ണിനു ബോധിച്ചില്ലെങ്കിലും കാല്‍ നഖം കണ്ടെങ്കിലും ബോധിക്കണം.. പെണ്ണു കാണല്‍ സ്പെഷ്യല്‍ ഷര്‍ട്ടും പാന്റുമൊക്കെഎടുത്തു ചാര്‍ത്തി റെഡിയായി. കണ്ണാടീല്‍ നോക്കിയപ്പോള്‍ മീശയ്ക്ക് അല്പം നിറം കുറവാണോ എന്നൊരു സംശയം..  കണ്മഷികൊണ്ട് അതും ഒരു വിധം ഒപ്പിച്ചു പുറത്തിറങ്ങിയപ്പോള്‍ അമ്മയുടെ ചോദ്യം.. നീയെന്താടാ മീശേല്‍ കരിയോയിലടിച്ചോന്ന്‍.. പിന്നെ അതൊക്കെ തൂത്തുകളഞ്ഞ് നോര്‍മലാക്കി പെണ്ണുകാണാനിറങ്ങിയപ്പോള്‍ പത്തു മണി .. ഇനി അവീടെ എത്തുമ്പോഴേക്കും പത്തര കഴിയും..

അളിയനും പെങ്ങളും അവരുടെ മോനും പിന്നെ ഞാനും.. കല്യാണാലോചനയ്ക്ക് ബ്രോക്കര്മാരൊന്നുമില്ല ഒരു കസിനാണ് ആലോചന കൊണ്ടു വന്നത് അവള്‍ പൊന്‍കുന്നത്തു നിന്നും കൂടെ ക്കൂടും.. അവളുടെ കൂടെ പഠിച്ച കുട്ടിയാണത്രേ.. എന്തായാലും അവള്‍ക്ക് എന്തോ കടുത്ത വിരോധം ആ പെണ്‍കൊച്ചിനോടു കാണും അല്ലെങ്കില്‍ ഏതും പോരാത്ത എനിക്ക് കല്യാണം ആലോചിക്കുമോ..!!!

വാഹനം പെണ്ണു വീട്ടിലേക്കടുത്തു.. അതു വരെ ചിരീം കളീം അട്ടഹാസവുമായിട്ടിരുന്ന എനിക്കെന്തോ ഒരു വിമ്മിഷ്ടം.. നെഞ്ചിടിപ്പ് ഇത്തിരി കൂടിയോ എന്നൊരു സംശയം... കാര്യം കൂട്ടുകാരുടെ കൂടെ ഒന്നു രണ്ടു പ്രാവശ്യം പെണ്ണു കാണാന്‍ പോയിട്ടുണ്ട്.. അവര്‍ക്കു വേണ്ടി.. അതു പിന്നെ രസമാണ്.. പെണ്ണിന്റെ അപ്പനോട്.. റബറിന്റെ വിലയിടിച്ചിലിനെക്കുറിച്ചും തെങ്ങിന്റെ കാറ്റു വീഴ്ച്ചയെക്കുറിച്ചു മൊക്കെ സംസാരിക്കുക... മുമ്പിലിരിക്കുന്ന പാത്രത്തിലെ മിക്സ്ചറും ഉപ്പേരിയുമൊക്കെ തിന്നു തീര്‍ക്കുക.. തുടങ്ങിയ ഉത്തരവാദിത്തങ്ങളേയുള്ളൂ.. ഇതിപ്പോ അങ്ങിനെയല്ലല്ലോ.. പച്ചയ്ക്ക് ഒരു പെണ്ണ് മുമ്പില്‍ വന്നു നില്ക്കാന്‍ പോകുവല്ലേ..

വണ്ടി വീട്ടു മുറ്റത്തെത്തി.. പെണ്ണിന്റച്ഛനും  കൊച്ഛന്മാരും കൂടി സ്വീകരിച്ചു.. വീട്ടിനകത്തെ മുറിയില്‍  അളിയന്റേം പെങ്ങളുടെം ഇടയില്‍ ഞാനിരുന്നു.. എവിടെ നിന്നൊക്കെയോ എന്തോഅടക്കം പറയുന്നതും ചിരിയും ഒക്കെ കേള്‍ക്കാം..

വഴിയില്‍ തിരക്കാരുന്നോ.. താമസിച്ചപ്പോ ഞങ്ങളങ്ങു വിളിക്കാന്‍ തുടങ്ങുകാരുന്നു.. പെണ്ണിന്റെ കൊച്ചച്ഛന്റെ ചോദ്യം .. അതെ തിരക്കാരുന്നു.. ഞാന്‍ ചാടിക്കേറി പറഞ്ഞു.. മേയ്ക്കപ്പും മീശയിലെ കരിയോയില്‍ പ്രയോഗവും ഒക്കെ  കൊണ്ടാണു താമസിച്ചതെന്നു ഇനി പെങ്ങളെങ്ങാനും കേറിപ്പറഞ്ഞു കുളമാക്കെണ്ട..

"ചേട്ടനാണോ ഞങ്ങടെ ചേച്ചിയെ കല്യാണം കഴിക്കാന്‍ പോകുന്നേ".. എവിടെ നിന്നാണെന്നറിയില്ല   ഒരു കുരിപ്പ് വന്ന് ഒരു ചോദ്യം.. ഹമ്മേ!!! കുടുങ്ങിയോ.. വന്നു പെണ്ണു കാണലു പോലും കഴിഞ്ഞില്ല.. അതിനും മുമ്പാണ്.. ആണെന്നു പറഞ്ഞാലും അല്ലെന്നു പറഞ്ഞാലും പ്രശ്നമായേക്കാം... മോന്‍ ഇങ്ങു വന്നേ മോന്റെ പേരെന്താ.. വിഷയം മാറ്റാന്‍ ഞാന്‍ അവനെ അടുത്തേക്ക് വിളിച്ചു.. അവന്‍ മെല്ലെ അടുത്തു വന്നു.. എന്നെ ഒന്നു നോക്കി..

അയ്യേ ഈ  ചേട്ടന്റെ മീശ ഞങ്ങടെ വീട്ടിലെ ടോമിപ്പട്ടീടെ പൂട പോലെ  ചൊവന്നിട്ടാ.. അവന്‍ ഉറക്കെ വിളിച്ചൊരു കൂവല്‍..  ദൈവമേ.. എന്റെ മുഖത്ത് ആ നേരം വന്ന ഭാവം വല്ല ബില്‍ഡിംഗ് കോണ്‍ട്രാക്ടര്മാരും  കണ്ടാരുന്നെങ്കില്‍ അപ്പോ തന്നെ പിടിച്ചു അവരുടെ വര്‍ക്ക് സൈറ്റിന്റെ മുമ്പില്‍ നിര്ത്തിയേനെ ..കണ്ണു കിട്ടാതിരിക്കാന്‍ .. കോലമായിട്ട് .. .. ഞാന്‍ ദയനീയമായി പെങ്ങളെ ഒന്നു നോക്കി.. അവള്‍ അളിയനെ നോക്കി.. അളിയന്‍ പെണ്ണിന്റ്ച്ഛനെ നോക്കി.. പണ്ട് പെണ്ണു കാണാന്‍ പോയി സമാനാനുഭവം വല്ലതും ഉണ്ടായിട്ടാണോ എന്തോ..പുള്ളിക്ക് പെട്ടെന്നു കാര്യം മനസ്സിലായി.. എന്നാല്‍ അകത്തെ മുറിയിലോട്ടിരുന്ന് കാപ്പി കുടിക്കാം...അദ്ദേഹം ഞങ്ങളെ അകത്തേയ്ക്ക് ക്ഷണിച്ചു.
ഞങ്ങള്‍ അകത്തെ മുറിയിലേക്ക് നടന്നു..

മേശപ്പുറത്ത്  വിവിധ പാത്രങ്ങളില്‍ പലഹാരങ്ങള്‍ നിറഞ്ഞിരിക്കുന്നു..വീട്ടിലെങ്ങാനും ആണെങ്കില്‍ പത്തു മിനിട്ടിനേ ഉള്ളൂ.. ഇതിപ്പോ..എന്താ ചെയ്ക..
മോനിതൊക്കെയെടുത്തു കഴിക്ക്.. പെണ്ണിന്റമ്മ.. ഞാന്‍ രണ്ടു തരി മിക്സ്ചര്‍ എടുത്ത് വായിലിട്ടു..അളിയനും പെങ്ങളും കസിനുമൊക്കെ ലഡ്ഡൂം  ജിലേബിയുമൊക്കെ വെട്ടി വിഴുങ്ങുന്നുണ്ട്..

മോളെ.. അച്ഛന്റെ വിളി..  പെട്ടന്ന് അകത്തെ മുറിയില്‍ നിന്നൊരു മര്‍മ്മരം.. ദാ.. ആരോ ഒറ്റാലില്‍ വെച്ച് എയ്തു വിട്ട പോലെ.. അകത്തെ മുറീടെ വാതില്ക്കല്‍ നിന്നും തെറിച്ചു വന്ന് അവള്‍ എന്റെ മുമ്പില്‍ ലാന്റ് ചെയ്തു..അരോ അകത്തു നിന്നും തള്ളി വിട്ടതാണ് . ഞാന്‍ ഒന്നു നോക്കി.. ഒറ്റനോട്ടത്തില്‍ എനിക്കൊരിഷ്ടമൊക്കെ തോന്നി.. ഒന്നൂടെ നോക്കണോ വേണ്ടയോ.. ആകെ കണ്ഫ്യൂഷന്‍..

നീ അവിടെ ഇരിക്ക്.. അവളുടെ അച്ഛന്‍ എന്റെ മുമ്പിലുള്ള കസേരയില്‍ അവളെ പിടിച്ചിരുത്തി.. മുഖം നിറയെ നാണത്തോടെയും പരിഭ്രമത്തോടെയും അവളിരുന്നു.. നെഞ്ചിന്റകത്ത് രാജധാനി എക്സ്പ്രസ്സ് പോകുന്ന ഇരമ്പലുമായി ഞാനും..പെണ്ണിന്റമ്മയാണ് കാപ്പി കൊണ്ട് തന്നത്.. അളിയനും പെണ്ണിന്റച്ഛനുമായി റബര്‍ വിലയെക്കുറിച്ച് ഘോരഘോരം ചര്‍ച്ച.. ഹും.. നടക്കട്ടെ.. ഞാന്‍ കാപ്പി എടുത്ത് ശബ്ദമുണ്ടാക്കാതെ കുടിക്കാന്‍ ശ്രമിച്ചു.. എവിടെ.. പാള കീറുന്ന ശബ്ദത്തില്‍ കാപ്പി വലിച്ചു കുടിച്ചു ശീലിച്ച ഞാനാണ് വായില്‍ സൈലന്സറു വെച്ച് മാന്യനാകാന്‍ നോക്കുന്നത്.

കുറെ നേരം ചര്‍ച്ച ചെയ്തിട്ടും റബര്‍ വില കൂടാന്‍ സാധ്യതയില്ലെന്നു കണ്ടിട്ടാണോ ആവോ.. അളിയനും പെണ്ണിന്റച്ഛനും  ചര്‍ച്ച നിര്ത്തി..

ഇനി അവര്‍ക്കു വല്ലതും പറയാനുണ്ടെങ്കില്‍ പറയട്ടെ.. പാത്രത്തിലെ ലഡ്ഡും ജിലേബീം തീര്ത്ത് അളിയനും സംഘവും പുറത്തെ മുറിയിലേക്കു പോയി.. ആ മുറിയില്‍ ഞാനും അവളും തനിച്ച്..
എന്തു പറഞ്ഞു തുടങ്ങണം.. ഒരു ഐഡിയയും കിട്ടിയില്ല.. വീട്ടീന്നു റിഹേഴ്സല്‍ നടത്തിയതൊന്നും മനസ്സിലൊ നാക്കിലോ വരുന്നതുമില്ല..

പരീക്ഷയൊക്കെ കഴിഞ്ഞോ... ഞാന്‍ രണ്ടും കല്പ്പിച്ച് തുടങ്ങി... കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുവാന്നാണല്ലോ പറഞ്ഞത് .. അപ്പോ ഏതെങ്കിലും പരീക്ഷയൊക്കെ കാണും..
അവള്‍ അന്തം വിട്ട് എന്നെ ഒന്നു നോക്കി.. എന്നിട്ട് പറഞ്ഞു..
അതൊരു ക്ലാസ് ടെസ്റ്റായിരുന്നു അത് കഴിഞ്ഞു..
ഈ ക്ലാസ് ടെസ്റ്റിന്റെ കാര്യം പോലും അന്വേഷിച്ചറിഞ്ഞ ഇവന്‍ യാരെടാ എന്ന ചോദ്യം അവളുടെ മുഖത്തുണ്ടോ എന്നൊരു സംശയം..

ഇനി എന്തു ചോദിക്കും... ഏത് ബസ്സിനാണ് കോളേജില്‍ പോകുന്നതെന്നു ചോദിച്ചാലോ.. ഛേ.. അത് ചീപ്പായിപ്പോകും ..

വീട്ടീന്നു പോയ് വരുവാണോ.. അതോ അവിടെ താമസിക്കുവാണോ.. എന്റെ അടുത്ത ചോദ്യം..

ഞാനവിടെ വിമന്സ് ഹോസ്റ്റലിലാ...

ഹാ.. ആ ഹോസ്റ്റെലെനിക്കറിയാം.. അവള്‍ പറഞ്ഞു കഴിഞ്ഞതും ഞാന്‍ ചാടിക്കേറിപ്പറഞ്ഞു..

ഓഹോ ഈ വിമന്സ് ഹോസ്റ്റലൊക്കെ ലൊക്കേറ്റ് ചെയ്ത് മാപ്പിംഗ് നടത്തുന്ന ആളാണല്ലേ.. എന്നൊരു ഭാവത്തിലേക്ക് അവളുടെ മുഖം മാറി..

അതോടെ ഞാന്‍ ചോദ്യം നിര്ത്തി.. എന്തിനാ വെറുതെ സച്ചിന്‍ തെണ്ടുല്ക്കറായി വിരിഞ്ഞു വന്ന ഞാന്‍ ശ്രീശാന്തായി തിരിച്ചു പോകുന്നത്..

ഞാന്‍ കോട്ടയത്താണ് പഠിച്ചത്... ഇപ്പോ ജോലിയും അവിടെത്തന്നെയാണ്‍.. സ്വന്തം കാര്യം പറയാം.. അപ്പോള്‍ പ്രശ്നമില്ലല്ലോ..
അധികം സമയം കളയാനില്ല.. നമ്മളെ കെട്ടാന്‍ ഇവള്‍ക്ക് സമ്മതമാണോ അല്ലയോ വല്ല ചുറ്റിക്കളീം ഉണ്ടോന്നറിയണം.  അതിലേക്കെത്താനുള്ള നമ്മള്‍ തമ്മില്‍ പരിപാടി അന്തം കുന്തോം ഇല്ലാതെ മുന്നോട്ടു നീങ്ങുകയാണ്. ഇനി പെണ്ണിന്റച്ഛന്‍ വന്ന് "എല്ലാവര്‍ക്കും ഗുഡ് ഫൈ".. എന്നും പറഞ്ഞ് ശ്രീകണ്ഠന്‍ നായരാകുന്നതിനു മുമ്പ് കാര്യം ചോദിച്ചറിയണം..

അല്ല.. എങ്ങിനെ... കല്യാണത്തിനു സമ്മതമാണല്ലോ അല്ലേ... പ്രധാനപ്പെട്ട ചോദ്യം ഞാന്‍ നേരെയങ്ങു ചോദിച്ചു..

മറുപടിയായി അവള്‍ തലതാഴ്ത്തി..പതുക്കെ എന്തോ പറഞ്ഞു...

മറുപടി കേള്‍ക്കാനായി ഞാന്‍ അവളെ നോക്കി.  അവളെന്നെയും.. നാണിച്ചിരുന്നിരുന്ന അവളുടെ മുഖം പെട്ടെന്നു ഭീതിദമായി.. എന്തോകണ്ട് പേടിച്ചപോലെ ..

അയ്യോ.. അവള്‍ നിലവിളിച്ചു കൊണ്ട് ചാടിയെഴുന്നേറ്റു..ഠമാര്‍.. ഒരു ഭീകര ശബ്ദം..അതും എന്റെ തൊട്ടുപുറകില്‍ ...എന്തോ ഭീമാകാരമായ ഒന്നു വന്നു വീണു.... എന്റമ്മേ.. എന്നു വിളിച്ച് ഞാന്‍ ഒരു ചാട്ടം ചാടി..
ഈശ്വരാ വല്ല ബോംബുമാണോ.. .. ഗതി കെട്ടവന്‍ പെണ്ണു കാണാന്‍ പോയപ്പോ പണ്ടാരടങ്ങാന്‍ ഇനി  യുദ്ധവും തുടങ്ങിയോ..

ശബ്ദം കേട്ട് എല്ലാരും ഓടി വന്നു..അര്‍ക്കും ഒന്നും മനസ്സിലായില്ല ..  വീട്ടിലെ നൂറ്റി ഇരുപത്തഞ്ച് ലിറ്ററിന്റെ ഫ്രിഡ്ജൊരെണ്ണമിതാ വീണിതല്ലോ കിടക്കുന്നു ധരണിയില്‍ .. മറിഞ്ഞുവീണ ഫ്രിഡ്ജിന്റെ പുറകില്‍, പെട്ടന്നു സ്റ്റില്‍ അടിച്ചു നിര്ത്തിയ സിനിമ സിഡിയിലെപോലെ നാലഞ്ച് പെണ് രൂപങ്ങള്‍ അനക്കമില്ലാതെ നില്ക്കുന്നു..
എന്നതാടി കാണിച്ചത്.. പെണ്ണിന്റച്ഛന്റെ ചോദ്യം കേട്ടതും സ്റ്റില്‍ ആയി നിര്ത്തിയ സി ഡി ആരോ ഫാസ്റ്റ് ഫോര്‍ വേഡ് അടിച്ച പോലെ എല്ലാം കൂടി ഒറ്റ ഓട്ടം..

സ്ഥിഗതികള്‍ ഒന്നു നോര്‍മലായി.. അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പു പിടി കിട്ടിയത്..  ഞങ്ങള്‍ തമ്മില്‍ നടത്തുന്ന  വചന പ്രഘോഷണം ചോര്ത്താന്‍ അവളുടെ അനിയത്തിമാരും കൂട്ടുകാരുമടങ്ങുന്ന സംഘം ഫ്രിഡ്ജിന്റെ പുറകു വശം ഒളിത്താവളമായി തിരഞ്ഞെടുക്കുകയും ഓരോരുത്തര് ഊഴം വെച്ച് സംഗതികള്‍ ചോര്ത്തുകയും ചെയ്തു വരികയായിരുന്നു.. വന്നു വന്ന് പ്രധാന ഭാഗത്തേയ്ക്കടുത്തപ്പോള്‍ ഫ്രിഡ്ജിനു പുറകിലെ ആള്ത്തിരക്കും തള്ളലും വര്‍ദ്ധിക്കുകയും തല് ഫലമായി ഭൂഗുരുത്വാകര്ഷണ നിയമ പ്രകാരം ബാലന്സ് തെറ്റിയ  ഫ്രിഡ്ജ്  ഇങ്ങു താഴേക്ക് പോരുകയുമായിരുന്നു..

അങ്ങിനെ സംഭവ ബഹുലമായ പെണ്ണുകാണല്‍  അവസാനിച്ചു.. കല്യാണത്തിനു സമ്മതമാണോ എന്ന ചോദ്യത്തിനുത്തരം കിട്ടാതെയും ഫ്രിഡ്ജ് വീണ് നടുവൊടിയാതെയും ഞാന്‍ തിരിച്ചു പോന്നു.. പെണ്ണു കാണാന്‍ വന്നപ്പോഴേ ഫ്രിഡ്ജൊരെണ്ണം  തകര്‍ത്തെങ്കിലും.. വിവാഹത്തിനു സമ്മതമാണെന്നറിയിച്ച്  അവളുടെ അച്ഛന്റെ ഫോണ്‍ വന്നു.. പിന്നെ കുടുംബക്കാരെല്ലാം അങ്ങോട്ടും ഇങ്ങോട്ടും വന്നു കണ്ടു ബോധിച്ചു..  കല്യാണം നിശ്ചയിച്ചു.. പിന്നെ മൂന്നു മാസം മുടിഞ്ഞ പ്രണയം.. അങ്ങിനെ ഒരു മെയ് മാസത്തില്‍ പൊന്‍കുന്നത്തുകാവ് ഭഗവതിയുടെ മുമ്പില്‍ വെച്ച് അവളെ ഞാനെന്റെ വീട്ടിലേക്കു കൈപിടിച്ചു കൊണ്ടു വന്നു..

ഏഴ് വര്ഷങ്ങള്‍.. അതു കടന്നു പോയതേ അറിഞ്ഞില്ല.. ചിരിയും കളിയുമായി... പരിഭവും പിണക്കവുമായി.. മനസ്സു നിറയെ സ്നേഹവുമായി.. എന്റെ കൂട്ടായി.. അവള്‍ .. എനിക്കെന്റെ പൊന്നു മോനെ നല്കിയവള്‍.. നാടെങ്ങും പ്രണയം കൊണ്ടാടുന്ന  പ്രണയ ദിനത്തലേന്നു രാത്രിയില്‍ അങ്ങു ദൂരെ കേരളത്തിലെ ഒരു കൊച്ചു മലയോര ഗ്രാമത്തില്‍ നിന്നും എന്റെ മൊബൈലിലേക്ക് അവളുടെ സ്നേഹ സന്ദേശം ഒഴുകി വന്നു..
"അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി"
എന്ന രണ്ടു വരികള്‍.. 
സ്നേഹിക്കാനും കാത്തിരിക്കാനും പ്രിയപ്പെട്ട ഒരാളുണ്ടാകുക.. അതെത്ര സുന്ദരമായ അനുഭവമാണല്ലേ..

37 comments:

രഞ്ജിത് വിശ്വം I ranji said...

സ്നേഹിക്കാനും കാത്തിരിക്കാനും പ്രിയപ്പെട്ട ഒരാളുണ്ടാകുക.. അതെത്ര സുന്ദരമായ അനുഭവമാണല്ലേ..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്നിട്ടാ ഫ്രിഡ്ജിന്റെ കാശ് സ്ത്രീധനത്തിന്ന് കൊറച്ച് കാണും അല്ലേ(വേറേ ആരെയെങ്കിലും കെട്ടിയാല്‍ ആ കാശ് വരവു വയ്ക്കാന്‍ പറ്റൂലല്ലോ) :)

അരുണ്‍ കരിമുട്ടം said...

കടിഞ്ഞൂല്‍ കാണല്‍ തന്നെ കുറിക്ക് കൊള്ളുവാന്ന് പറഞ്ഞാ ഒരു ഭാഗ്യമാ മാഷേ.ഞാനും ആ ഭാഗ്യത്തിനു അടിമയാ
:)

ടിന്റുമോന്‍ said...

:-) ആ സിഡി പോസ് ചെയ്യണതും ഫാസ്റ്റ് ഫോര്‍വേഡ് ചെയ്യണതും സൂപ്പര്‍

പ്രവീണ്‍ said...

ഈ കഥക്ക് നല്ല originality ഉണ്ട്. സ്വന്തം കഥ ആയകൊണ്ടാവാം മസാല കൂട്ടുകളൊന്നും അധികം ഇല്ല.

എന്നാലും ആത്മാര്‍ഥമായ ആ വരികള്‍ക്ക് അഭിനന്ദനങ്ങള്‍.

എനിക്കിഷ്ടപെട്ടു..

അരവിന്ദ് :: aravind said...

കൊള്ളാം. :-)
എന്നാലും ആ തലതാഴ്ത്തി പതുക്കെ പറഞ്ഞത് എന്തായിരുന്നിരിക്കും? എണീച്ചു പോടേ എന്നായിരിക്കും.

Typist | എഴുത്തുകാരി said...

പരിഭവവും പിണക്കവുമായി, കളിയും ചിരിയുമായി, മനസ്സു നിറയെ സ്നേഹവുമായി, പൊന്നുമോന്റെ അമ്മയായി, ഒരാള്‍ കൂട്ടിനുണ്ടാവുക. ഇല്ല, ഇതിനു പകരം വക്കാവുന്ന വേറൊന്നുമില്ല ഈ ഭൂമിയില്‍.

അവള്‍ക്കെന്നും സ്നേഹവും സന്തോഷവും മാത്രം കൊടുക്കുക.

കിച്ചന്‍ said...

സ്നേഹിക്കാനും കാത്തിരിക്കാനും പ്രിയപ്പെട്ട ഒരാളുണ്ടാകുക.. അതെത്ര സുന്ദരമായ അനുഭവമാണല്ലേ....

സത്യമാണ് മാഷെ..അതിന്റെ ഒരു സുഖം ഒന്ന് വേറെ തന്നെ ആണ്....

Sinochan said...

bhaaryakkum atyavasyam kalaabodham undennu manasilayi. ellathinumoduvil aa randu vari paattu valare hrudyamaakki. Ennum onnu chernnu jeevikan sarveswaran iatayakkatte..

Vempally|വെമ്പള്ളി said...

രഞ്ജിത്തെ, ഗ്ലാസ്സ് താഴെ വീണാല്‍ ഭാഗ്യമാണെന്നാ പറയുക. ഇതു ഫ്രിഡ്ജ് തന്നെ വീണു അല്ലെ അപ്പൊ വലിയ ഭാഗ്യം തന്നെ കൂടെ വന്നു. നല്ല പോസ്റ്റ്, ആശംസകള്‍!!

കിത്തൂസ് said...

രണ്ജിത്തേട്ടാ, മനോഹരം. നിങ്ങള്‍ക്കു രണ്ടു പേര്‍ക്കും ഒരായിരം വര്‍ഷം ഒന്നിച്ചു ജീവിക്കാന്‍ കഴിയട്ടെ. ആശംസകള്‍.

വശംവദൻ said...

നല്ല അനുഭവ കഥ!

എല്ലാ വിധ ആശംസകളും നേരുന്നു.

ശ്രീ said...

മനോഹരമായ വിവരണം മാഷേ.

ചാത്തന്റെ കമന്റും സൂപ്പര്‍!

മുരളി I Murali Mudra said...

നല്ല സംഭവം കേട്ടോ..
നൊസ്റ്റാള്‍ജിയ അടിപ്പിച്ചു..
:)

ബിനോയ്//HariNav said...

..ഹമ്മേ.. നമ്മള്‍ മാര്‍ക്ക് ചെയ്ത റബര്‍ ത്തൈകളൊക്ക ഓരോന്നായി ആണ്‍പിള്ളേര്‍ വെട്ടി ഷീറ്റുണ്ടാക്കുകയാണല്ലോ എന്നോര്‍ത്തു സങ്കടപ്പെട്ടു..'

ആ പാലാ ടച്ച് വിടരുത്‌ട്ടാ..
ഇഷ്ടിച്ച് വായിച്ചു രഞ്ജിത്ത്‌ഭായ്. ഡാങ്ക്‌സ് :))

Rakesh R (വേദവ്യാസൻ) said...

"സ്നേഹിക്കാനും കാത്തിരിക്കാനും പ്രിയപ്പെട്ട ഒരാളുണ്ടാകുക.. അതെത്ര സുന്ദരമായ അനുഭവമാണല്ലേ.."

അതെ ചേട്ടാ അതൊരു അനുഭവമാണ് :)

അകലെയാണെങ്കിലും അറിയുന്നു ഞാന്‍ .............

Irshad said...

കൊള്ളാം മനോഹരമായിരിക്കുന്നു. ചിരിപ്പിച്ചു, വെറുതെ പേരു മാറ്റേണ്ട.

ഞാന്‍ പണ്ടൊരു പോസ്റ്റിട്ടിരുന്നു എന്റെ പെണ്ണുകാണല്‍. അതു ഞാന്‍ വീണ്ടും മനസ്സില്‍ കണ്ടു. വായിച്ചപ്പോള്‍ ചെറിയ സമാനത. ഒരുപക്ഷെ തോന്നിയതാവും. ഇതാ ആ പോസ്റ്റിന്റെ ലിങ്ക്. http://vikrithi.blogspot.com/2009/02/blog-post.html

jayanEvoor said...

ഉം...
ആ ഫ്രിഡ്ഗ് രക്ഷിച്ചു!

ഇല്ലേൽ പെണ്ണു പറഞ്ഞ മറുപടികേട്ടു ചെക്കൻ വീണേനെ!

മനോഹരമായി അവതരിപ്പിച്ചു, രഞ്ജിത്!

വിഷ്ണു | Vishnu said...

അണ്ണാ അനുഭവകുറിപ്പ് അസ്സലായി. ഫ്രിഡ്ജ്‌ വീഴുന്ന രംഗം മനസ്സില്‍ ഓര്‍ത്തു ചിരിയടക്കാന്‍ കഴിഞ്ഞില്ല. പിന്നെ സ്നേഹിക്കാനും കാത്തിരിക്കാനും പ്രിയപ്പെട്ട ഒരാളുണ്ടാകുക അതാണ് പോയിന്റ്‌....വിശ്വാസം അതല്ലേ എല്ലാം....കി കി ക്കി ക്കി കീ ;-)

വാഴക്കോടന്‍ ‍// vazhakodan said...

നല്ല അവതരണം രഞ്ജിത്ത് ഭായ്!
ആത്മകഥ ആത്മകഥ :)

Unknown said...

രഞ്ജീ,
നര്‍മ്മത്തില്‍ പൊതിഞ്ഞ ആത്മാവില്‍ നിന്നുതിര്‍ന്ന കഥ നന്നായി മാഷേ

പട്ടേപ്പാടം റാംജി said...

അല്പം തമാശ കലര്‍ത്തി തന്നെ പിണക്കവും ഇണക്കവും പഭവവും ഒക്കെയായി കാത്തിപ്പിന്റെ സൌന്ദര്യം വിതരിറിയ നല്ല വിവരണം.

ഒഴാക്കന്‍. said...

"അയ്യേ ഈ ചേട്ടന്റെ മീശ ഞങ്ങടെ വീട്ടിലെ ടോമിപ്പട്ടീടെ പൂട പോലെ ചൊവന്നിട്ടാ.. അവന്‍ ഉറക്കെ വിളിച്ചൊരു കൂവല്‍.. "

ശരിക്കും ഇഷ്ട്ടായി ട്ടോ പോസ്റ്റ്‌!!

Anil cheleri kumaran said...

ഡാ വലിയ വീട്ടിലെ സുനിതേടേം കല്യാണമായെടാ എന്നൊക്കെ കൂട്ടുകാര്‍ പറയുമ്പോള്‍..ഹമ്മേ.. നമ്മള്‍ മാര്‍ക്ക് ചെയ്ത റബര്‍ ത്തൈകളൊക്ക ഓരോന്നായി ആണ്‍പിള്ളേര്‍ വെട്ടി ഷീറ്റുണ്ടാക്കുകയാണല്ലോ എന്നോര്‍ത്തു സങ്കടപ്പെട്ടു..

ഹഹഹ.. കലക്കി മാഷേ.. നല്ല എഴുത്ത്. ശുഭാശംസകള്‍.

ചെലക്കാണ്ട് പോടാ said...

അവള്‍ക്ക് എന്തോ കടുത്ത വിരോധം ആ പെണ്‍കൊച്ചിനോടു കാണും, ഞാന്‍ മനസ്സില്‍ ആലോചിച്ചതാ....


ഹാ.. ആ ഹോസ്റ്റെലെനിക്കറിയാം.. അവള്‍ പറഞ്ഞു കഴിഞ്ഞതും ഞാന്‍ ചാടിക്കേറിപ്പറഞ്ഞു.. ഠിം സംഭവം കലങ്ങിയാ.

പാവം ഫ്രിഡ്ജ് പാവം രഞ്ജിത്തേട്ടന്‍ പാവം ചേച്ചി.


പല പല പാലാ നന്പറുകളുമായി ഈ പോസ്റ്റ് ഞെരിച്ചു, അതൊരു ഭാഗ്യാണ് ഈ ബോറന്‍ പരിപാടി ഒറ്റ ചാന്‍സില്‍ തീര്‍ക്കണത്.....

[vinuxavier]™ said...

ഏഴ് വര്ഷങ്ങള്‍.. അതു കടന്നു പോയതേ അറിഞ്ഞില്ല.. ചിരിയും കളിയുമായി... പരിഭവും പിണക്കവുമായി.. മനസ്സു നിറയെ സ്നേഹവുമായി.. എന്റെ കൂട്ടായി.. അവള്‍ .. എനിക്കെന്റെ പൊന്നു മോനെ നല്കിയവള്‍..

നല്ല കിടിലം ടച്ചിങ്ങ്സ്! വക്കീലിനും ഗായത്രിചേച്ചിക്കും കുഞ്ഞുവക്കീലിനും എന്റെ സ്നേഹാന്വേഷണങ്ങള്‍!!

ആര്‍ദ്ര ആസാദ് / Ardra Azad said...

Nice presentation..
:)

ഭായി said...

റബര്‍ വലിച്ച് നീട്ടുന്നതു പോലെ നീണ്ടു നീണ്ടു പോകുന്ന അളിയന്റെം പെണ്ണിന്റച്ചന്റേം റബര്‍ ചര്‍ച്ച കൂടുതല്‍ ചിരിപ്പിച്ചു :-)

മൊത്തത്തില്‍ ചിരിപ്പിച്ചു!

താങ്കളും താങ്കളുടെ പ്രിയതമയും 7 അല്ല 700 വര്‍ഷങള്‍ ഈ പ്രണയം നിലനിര്‍ത്തട്ടെ എന്ന് ആശംസിക്കുന്നു. മകന് ഒരുമ്മയും.
ഏയ് ഓടൊ: അല്ലാ പിന്നീട് ആ വീട്ടില്‍ എന്തേലും നാശനഷ്ടങള്‍ സംഭവിച്ചായിരുന്നോ?! :-)

Unknown said...

രഞ്ജിത്ത്... അടിപൊളി... ഒരുപാട് ചിരിച്ചു...
"പാള കീറുന്ന ശബ്ദത്തില്‍ കാപ്പി വലിച്ചു കുടിച്ചു ശീലിച്ച ഞാനാണ് വായില്‍ സൈലന്സറു വെച്ച് മാന്യനാകാന്‍ നോക്കുന്നത്." ഇത് വായിച്ചപ്പോള്‍ ഒരു നിമിഷം ഓഫീസിലാ ഇരിക്കുന്നത് എന്നോര്‍ക്കാതെ ചിരിച്ചുപോയി... അവസാന ഭാഗവും വളരെ ടച്ചിംഗ് ആയിരുന്നു...

ഇനിയിപ്പോള്‍ അധികനാള്‍ നിനച്ചിരിക്കേണ്ടി വരില്ലല്ലോ... അല്ലേ? എന്നാ വെക്കേഷന്‍?

രാജീവ്‌ .എ . കുറുപ്പ് said...

കണിയാന്‍പണി നിരോധിച്ചുത്തരവിറക്കുന്ന പാര്‍ട്ടിക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യും എന്നു പ്രതിജ്ഞയെടുത്ത് ഞാന്‍ വീണ്ടും കെട്ടാന്‍ മുട്ടിനില്ക്കുന്ന അവിവാഹിതനായി കാത്തിരുന്നു.

(എന്നാ മുടിഞ്ഞ അലക്കണോ അളിയാ)

പോസ്റ്റ്‌ കലക്കി മച്ചാ, തലകെട്ടും മനോഹരം, എന്തായാലും നിനക്കും ചേച്ചിക്കും പൊന്നുമോനും എല്ലാ വിധ ആയുസും ആരോഗ്യവും നേരുന്നു.

ഇനി കടിച്ചു പിടിച്ച് അവസാനം നമുക്ക് കല്യാണം ആലോചിക്കുമ്പോഴേക്കും നാട്ടില്‍ കെട്ടിച്ചു തരാന്‍ പെണ്ണില്ലാതെ വരുമോ എന്നൊരു സീരിയസ്സായ സംശയം കൂടി വന്നതോടെ രാത്രികളില്‍ ഉറക്കമില്ലാതായി..
(നിന്റെ അന്നത്തെ അതെ അവസ്ഥയാണ് അളിയാ എന്റെ ഇന്നത്തെ അവസ്ഥ )

രഘുനാഥന്‍ said...

സ്നേഹിക്കാനും കാത്തിരിക്കാനും പ്രിയപ്പെട്ട ഒരാളുണ്ടാകുക.. അതെത്ര സുന്ദരമായ അനുഭവമാണല്ലേ..

sreekanth said...

hmmmmm... a slight similarity with edathaadans oru september 16nte ormakku... but totally bhayankara tottality...

Ashly said...

മനോഹരമായി എഴുതിയിരിക്കുന്നു. ജീവിതകാലം മുഴുവന്‍ സന്തോഷം ഉണ്ടാവട്ടെ.

രഞ്ജിത് വിശ്വം I ranji said...

കുട്ടിച്ചാത്തന്‍ : സ്ത്രീയല്ലേ ധനം അതുകൊണ്ട് സ്ത്രീധനം വാങ്ങിയില്ല
അരുണ്‍ : സത്യം ഭാഗ്യം തന്നെ
ടിന്റുമോന്‍ : നന്ദി
പ്രവീണ്‍ : നന്ദി
അരവിന്ദ് : അതെ അവളും പറഞ്ഞു..:-)
െഴുത്തുകാരിച്ചേച്ചി : മഹാഭാഗ്യം തന്നെ നന്ദി
കിച്ചന്‍ : നന്ദി
വാഴക്കാവരയന്‍ : നന്ദി
വെമ്പള്ളി : ഹി ഹി അമ്മയിയച്ഛന്‍ കേള്‍ക്കണ്ട കാശു പോയത് പുള്ളീടെയല്ലേ..
കിത്തൂസ് : നന്ദി
വശം വദന്‍, ശ്രീ, മുരളി : നന്ദി
ബിനോയീ : പാലാ കഴിഞ്ഞല്ലേ പിന്നെന്തുമുള്ളൂ താങ്ക്സ്
വേദവ്യാസന്‍ : നന്ദി
പഥികന്‍ : പോസ്റ്റ് വായിച്ചു ഈ പെണ്ണുകാണലൊക്കെ ഒരു കഥയാണല്ലേ
ജയന്‍ : നന്ദി
വിഷ്ണൂ : കൊച്ചു പിള്ളേര്‍ ഇപ്പോ അതിനെക്കുറിച്ചൊന്നും ചിന്തിക്കണ്ട :-)
വാഴക്കോടന്‍ , ടോംസ്, റാംജി : നന്ദി
ൊഴാക്കന്‍, കുമാരന്‍ ചിലയ്ക്കണ്ടു പോഡാ : നന്ദി
വിനു : നിന്റെ അന്വേഷണം കയ്യോടെ അറിയിച്ചിട്ടുണ്ട്.
അര്‍ദ്ര അസാദ്, ഭായ് ജിമ്മി : നന്ദി
കുറുപ്പ് രഘുനാഥന്‍ : നന്ദി
ശ്രീകാന്ത് : സംഭവം രണ്ടും പെണ്ണു കാണലല്ലേ.. എഴുതുമ്പോള്‍ അതു പോലെ വരരുതെന്നു മനസ്സിലോര്‍ത്തിരുന്നു
ക്യാപ്റ്റന്‍ : നന്ദി

ദീപ്സ് said...

ശെടാ...ഇതൊക്കെ കാണുമ്പഴാ..ഞാനും എഴുതാന്‍ പോവാ.... :(

ടച്ചിങ്ങ്‌സ് ഉണ്ടായിരുന്നു

ദീപക് -:-Deepak said...

രഞ്ജിത്ത് ഭായി.. കലക്കി.

ഒറ്റ കാണലില്‍ കെട്ടിപ്പോയ മറ്റൊരുത്തനാണ് ഈ ഞാന്‍. അതും വഴിയേ പോയ ഒരു ആലോചന. Arranged marriage ന്‍റെ ഏറ്റവും രസകരമായ സീനുകള്‍ പെണ്ണ് കാണലുകള്‍ തന്നെ ആണ്. ഒരു അഗ്രി അതിനു തന്നെ വേണമെങ്കില്‍ ഉണ്ടാക്കാം.

ഈ സീനില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ സുരേഷ് ഗോപിക്ക് പോലും ഡയലോഗ് ഓര്‍മ വന്നു കാണില്ല.

"ദാസ്‌ കാപിറ്റല്‍ വായിച്ചിട്ടില്ലേ"? (സന്ദേശം, ശ്രീനിവാസന്‍).

VEERU said...

പണ്ടു വിശാലേട്ടൻ പെണ്ണു കാണാൻ പോയ കഥ ഓർമ്മ വന്നു ട്ടാ...നന്നായിട്ടുണ്ട് ആശംസകൾ !!