Sunday, October 11, 2009

എക്സ്ട്രാ ഇന്നിങ്ങ്സ്

വേശകരമായ ക്രിക്കറ്റ് മാച്ച് അവസാന ഓവറുകളിലേക്ക് കടന്നു. ഞങ്ങളുടെ സ്വന്തം ടീമായ കുരുവിക്കൂടിനെതിരെ ജയിക്കാന്‍ കാരക്കുളം ടീമിന് ഇനി 20 റണ്സു കൂടി മാത്രം മതി. അഞ്ച് ഓവറുകള്‍ നീണ്ടു നിവര്ന്നു കിടക്കുന്നു. വിക്കറ്റുകളും ആവശ്യം പോലെ.

ക്യാപ്റ്റനും കുരുവിക്കൂടിന്റെ മിന്നുന്ന താരവുമായ സാജുവാണ് ബൌള്‍ ചെയ്യുന്നത്. വിക്കറ്റിനു പുറകില്‍ ഒന്നാം സ്ലിപ്പില്‍ നില്ക്കുന്ന എന്നെ നോക്കി സാജു ഒരു ആംഗ്യം കാണിച്ചു
ഞാന്‍ തലകുലുക്കി. അപ്പോള്‍ അടുത്ത ബോള്‍ പൂഴിക്കടകന്‍ കഴിഞ്ഞുള്ള പത്തൊമ്പതാമത്തെ അടവാണ്. എനിക്കും സാജുവിനും അറിയാവുന്ന സ്പെഷ്യല്‍ ബോള്‍. ഇതു വരെ അത്തരത്തില്‍ ക്രുത്യമായെറിഞ്ഞ എല്ലാ പന്തിലും സാജു വിക്കറ്റ് കൊയ്തിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിനു തന്നെ അല്ഭുതമാകുന്ന ആ ബോളിന് ആകെ ഒരു പരിമിതിയേ ഉള്ളൂ. അത്  ഹോം ഗ്രൌണ്ട് എന്ന്  ഞങ്ങളും ഇരുപത് ഷീറ്റ് കിട്ടുന്ന റബര്‍ തോട്ടം എന്ന് സാജുവിന്റെ അച്ഛന്‍ മാത്തുക്കുട്ടിച്ചേട്ടനും വിളിക്കുന്ന ഈ ക്രിക്കറ്റ് ഗ്രൌണ്ട് കം റബര്‍ തോട്ടത്തില്‍ മാത്രമേ ആ ബോള്‍  ബൌള്‍ ചെയ്യുവാന്‍ പറ്റൂ എന്നതാണ്.

അതെന്താണെന്നു ചോദിച്ചാല്‍ ലോകത്ത് മറ്റൊരിടത്തും  ബൌള്‍ ചെയ്യുമ്പോള്‍ ബോള്‍ ആദ്യമായി നിലം തൊടുന്ന പിച്ചിന്റെ ഭാഗത്ത് റബറിന്റെ വേര്  മൂലമൂണ്ടായ മുഴ ഇല്ല എന്നാണുത്തരം. 

നിരന്തര ഗവേഷണങ്ങളുടെ ഫലമായി സാജു കണ്ടെത്തിയ ഈ പത്തൊമ്പതാം അടവ് പ്രകാരം പന്ത്  ഈ മുഴയില്‍ കൊണ്ടാല്‍ മുത്തയ്യാ മുരളീധരനു പോലും സ്പിന്‍ ചെയ്യാനാവാത്ത വിധം കുത്തിത്തിരിയുകയും വിക്കറ്റിലേക്കോ ബാറ്റിന്റെ സൈഡില്‍  തട്ടി ഒന്നാം സ്ലിപ്പില്‍ നില്ക്കുന്ന എന്റെ കയ്യിലോ എത്തും. ആ ബ്രഹ്മാസ്ത്രമാണ് പ്രയോഗിക്കാന്‍ പോകുന്നത്.

സാജു ബൌള്‍ ചെയ്യാന്‍ തയ്യാറെടുത്തു. വിക്കറ്റിന്റെ പുറകില്‍ കീപ്പര്‍ ഹരിലാലും ഒന്നാം സ്ലിപ്പ് ഞാനും എന്തിനും തയ്യാറായി നിന്നു. ഒന്നരയാളിന്റെ തടിയുമായി ചുറ്റുമുള്ള കരിയിലയും പൊടിയുമെല്ലാം പറപ്പിച്ച് സാജുവിന്റെ ബൌള്‍ ചെയ്യാനുള്ള ഓട്ടം കണ്ടാല്‍ ഹോളിവൂഡ് സിനിമകളിലൊക്കെ കാണുന്ന ടൊര്ണാഡോ ചുഴലിക്കാറ്റ് കറങ്ങി വരികയാണെന്നു തോന്നും. സാമാന്യം ബാറ്റ്സ്മാന്മാരുടെയൊക്കെ കണ്ട്രോള്‍ പോകാന്‍ അതു മാത്രം മതി.

പക്ഷെ ഇപ്പ്രാവശ്യം സാജുവിനു പിഴച്ചു.  വേരിന്റെ മുഴയില്‍ തട്ടി തിരിയേണ്ട പന്ത്  മുഴയ്ക്കല്പ്പം പുറകില്‍ കുത്തി ഇന്നാ ചേട്ടാ എന്നെയടിച്ചോ എന്നു പറഞ്ഞ് കാരക്കുളത്തിന്റെ വെടിക്കെട്ടു ബാറ്റ്സ്മാന്‍ ജോമോന്റെ മുമ്പില്‍ നാണിച്ചു നിന്നു. മിന്നല്‍ പോലെ ജോമോന്റെ ബാറ്റ് കണ്മുന്നിലൂടെ പോയത് കണ്ടു. സിക്സര്‍ ...!!!

അങ്ങിനെ അടവുകള്‍ ഓരോന്നായി പൊട്ടിക്കൊണ്ടിരിക്കുകയാണ്. ഈ കളിയെങ്ങാനും തോറ്റാല്‍ പിന്നെ ഈ പഞ്ചായത്തില്‍ നില്ക്കാന്‍ പറ്റില്ല. അത്രയും ശോഭകേടാണല്ലോ കഴിഞ്ഞയാഴ്ച്ച ഇവരുമായുള്ള കളിയില്‍ ജയിച്ചപ്പോള്‍ കാണിച്ചത്. . സമയമാം രഥത്തില്‍ സ്വര്‍ഗയാത്ര ചെയ്യുന്നുവെന്ന പാട്ടൊക്കെ പാടി ആഘോഷപൂര്‍വ്വമല്ലേ അവരെ യാത്രയാക്കിയത്. ആ വാശി വെച്ചാണ് ഇന്നത്തെ കളിക്ക് വന്നത്. ജയിച്ചാല്‍ അവന്മാര്‍ എന്തും ചെയ്യും..

കുടിലബുദ്ധിക്കുണ്ടോ നമുക്ക് പഞ്ഞം. സാജുവും ഞാനും അടുത്ത ഓവര്‍ ബൌള്‍ ചെയ്യുന്ന സജിയും കൂടി വീണ്ടും തന്ത്രം മെനഞ്ഞു. അല്പം കൈ വിട്ട കളിയാണ്.. പക്ഷെ വേറെ വഴിയില്ല.  സജിയുടെ അദ്യബോളില്‍ ഒരു റണ്‍ . വീണ്ടും ജോമോന്‍ ക്രീസില്‍ . അടുത്ത ബോള്‍ എറിയാന്‍ ശരവേഗത്തില്‍ പാഞ്ഞു വന്ന സജിയുടെ ബോള്‍ മനീന്ദര്‍ സിംഗിനു പോലും സിക്സ് അടിക്കാന്‍ ആഗ്രഹം തോന്നും വിധം മന്ദമാരുതനെത്തഴുകി സൌമ്യമായി ലാന്റ് ചെയ്തു.

കീരിക്കാടന്‍ ജോസിനെ പ്രതീക്ഷിച്ച് നില്ക്കുമ്പോള്‍ പകരം മഞ്ജു വാര്യര്‍ മുന്നില്‍ വന്നാലെന്നപോലെ ജോമോന്റെ മുഖം തിളങ്ങി.. അവന്റെ ബാറ്റ് അന്തരീക്ഷത്തില്‍ വീണ്ടും മിന്നിയാടി... റബറിലകള്‍ക്കിടയിലൂടെ ബോള്‍ പറപറന്നു തൊട്ടപ്പുറത്തെ ജോസുകുട്ടിച്ചായന്റെ തോട്ടത്തിലെവിടെയോ ലാന്റ് ചെയ്തു.  ഞാനും സാജുവും  ബോള്‍ എടുക്കാനോടി. ഇനി കാരക്കുളത്തിനു ജയിക്കാന്‍ ഏഴ് റണ്സുകൂടി മാത്രം.. അവര്‍ ആഘോഷം തുടങ്ങാനാലോചിക്കുന്നു.

ജോസുകുട്ടിച്ചായന്റെ പറമ്പില്‍ തലങ്ങും വിലങ്ങും ബോള്‍ പരതിയ ശേഷം സാജു ആ പ്രഖ്യാപനം നടത്തി. ബോള്‍ കാണാനില്ല...!!!

കാരക്കുളം ടീമിനു കണ്ഫ്യൂഷനായി.. ആകെ ഒരു ബോളെ കയ്യിലുള്ളൂ.. അത് കൊണ്ടു വേണം കളി തീര്‍ക്കാന്‍ . എല്ലാവരും ബോള്‍ തിരയാനിറങ്ങി. ജോസുകുട്ടിച്ചേട്ടന്റെ തോട്ടത്തിലെ കാടും പടലുമെല്ലാം ഇളക്കിയുള്ള തിരച്ചില്‍. ബോളുണ്ടോ പിടി കൊടുക്കുന്നു... ഒരു മണിക്കൂര്‍ തിരച്ചിലിനൊടുവില്‍ ബോള്‍ ന്ഷ്ടപ്പെട്ടതിനാല്‍ കളി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് കാരക്കുളം ടീം നിരാശരായി തിരിച്ചുപോയി.

ഒരു തോല്‍വി ഒഴിവായ ആശ്വാസത്തില്‍ ഞങ്ങളും തിരിച്ചു നടന്നു..

രഞ്ജീ ... സാജുവിന്റെ വിളി..
തിരിഞ്ഞു നോക്കിയപ്പോള്‍ അവന്റെ  മുഖത്തെ കള്ളച്ചിരി കണ്ട് എനിക്കും ചിരി പൊട്ടി..

എല്ലാവരും നോക്കി നില്ക്കെ അണ്ടര്‍ വയറിനകത്തു നിന്നും സാജു അത് പുറത്തെടുത്തു.. കാണാതായ ബോള്‍..

വ്രുത്തികെട്ടവനേ... പറമ്പില്‍ എവിടെയെങ്കിലും ഒളിച്ചു വെയ്ക്കാനല്ലേ ഞാന്‍ പറഞ്ഞത്.. ഇനിയിതെങ്ങിനെ കൈ കൊണ്ടു തൊടും.. ഞാന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു..

പോടാ.. പറമ്പിലെവിടെയൊളിപ്പിച്ചാലും അവന്മാര് കണ്ടുപിടിച്ചേനേ.. ഇതിപ്പോള്‍ മുണ്ടുരിഞ്ഞു പോയാല്പ്പോലും ഒരുത്തനും പിടിക്കത്തില്ല..

കാര്യം മനസ്സിലായ  സഹ കളിയന്മാര്‍ ആര്ത്തു ചിരിച്ചു.. അങ്ങിനെ തല്ക്കാലത്തേക്ക് മാനം പോകാതെ രക്ഷപെട്ടു..

അങ്ങിനെ കാല്‍ തട്ടിപ്പും മുക്കാല്‍ വെട്ടിപ്പുമായി അനിഷേധ്യരായി വാഴുന്ന കാലത്താണ് പൈകയില്‍ ക്രിക്കറ്റ് ടൂര്ണമെന്റ് സംഘടിപ്പിക്കുന്നതും ഞങ്ങള്‍ അതില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നതും.

ടൂര്ണമെന്റ് ഫിക്സ്ച്ചര്‍  വന്നപ്പോള്‍ ആദ്യകളി കാരക്കുളവുമായി..ഇവന്മാര്‍ ഞങ്ങളേയും കൊണ്ടേ പോകൂ..

സ്കൂള്‍ ഗ്രൌണ്ടിലാണ് കളി.. അവിടെ റബറുമില്ല വേരുമില്ല.. അതുകൊണ്ടുതന്നെ സാജുവിനു മുത്തയ്യ ആകാനും പറ്റില്ല.. എന്തായാലും നോക്കാം..

പിന്നീടുള്ള ദിവസങ്ങള്‍ ടൂര്ണമെന്റിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മുഴുകി.  ക്രിക്കറ്റ് കളിയെക്കുറിച്ച്  എനിക്ക് തിയററ്റിക്കലായി നല്ല വിവരമാണെങ്കിലും ബാറ്റെടുത്ത് പിടിച്ച് നില്ക്കുന്നത് കണ്ടാല്‍ കവലയിലെ ഹോട്ടല്‍ നടത്തുന്ന വേണുച്ചേട്ടന്‍ വിറക് കീറാന്‍ നില്ക്കുന്നത് പോലെയാണ്‍. എന്താണെന്നറിയില്ല ക്രിക്കറ്റിലെ മുപ്പത്തിമുക്കോടി ഷോട്ടുകളെക്കുറിച്ചും അവ ഏതു സാഹചര്യത്തിലാണ് കളിക്കുന്നതെന്നും ഭയങ്കര അറിവാണെങ്കിലും  ക്രീസിലെത്തി ബോള്‍ മുന്നില്‍ വന്നാല്‍ പിന്നെ വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടി വാള്‍ വീശുന്ന ഒറ്റ ആക്ഷനേ വരൂ... വന്നാല്‍ വന്നു കൊണ്ടാല്‍ കൊണ്ടു.

പക്ഷെ ബൌളിങ്ങിന്റെ കാര്യം അങ്ങിനെയല്ല.. ബൌള്‍ ചെയ്യാനായി ഞാന്‍ ബോള്‍ എടുത്താല്‍ പഴയ വിന്‍ഡീസ് ടീമിലെ ആബ്രോസിനെക്കണ്ടപോലെ എല്ലാവരും പേടിയോടെ നോക്കും. ഒരു വ്യത്യാസം മാത്രം.. ആംബ്രോസിനെ പേടിയോടെ നോക്കുന്നത്  ബാറ്റ് ചെയ്യുന്ന എതിര്‍ ടീമിലെ കളിക്കാരനാണെങ്കില്‍ എന്നെ പേടിക്കുന്നത് പിച്ചിനടുത്ത് ഫീല്‍ഡ് ചെയ്യുന്ന സ്വന്തം ടീമിലെ  അംഗങ്ങളാണെന്നു മാത്രം. ഒരിക്കല്‍ മിഡില്‍ സ്റ്റമ്പ് പിഴുതാനുദ്ദേശിച്ച് ഞാനെറിഞ്ഞ ഒരു പന്ത്  ഓഫ് സൈഡില്‍ ക്രീസിനടുത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന സഹകളിക്കാരന്‍  ജോയിയുടെ മിഡില്‍ സ്റ്റമ്പില്‍ ക്രുത്യമായി പതിക്കുകയും അദ്ദേഹത്തെ റിട്ടയെര്‍ഡ് ഹര്‍ട്ടായി പൈക ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്ത സംഭവത്തിനു ശേഷമാണ് സ്വന്തം ടീമില്‍ ഞാനൊരു പേടി സ്വപ്നമായി മാറിയത്.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും അവസാന ഇലവന്‍ പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ ടീമില്‍ കാണൂം. കളിയില്‍ മാത്രമല്ല്ല്ലോ കാര്യം.ക്രിക്കറ്റില്‍ ലോകത്തൊരിടത്തുമില്ലാത്ത നിയമങ്ങളൊക്കെ നിമിഷനേരം കൊണ്ടുണ്ടാക്കി സ്വന്തം ടീമിനെ രക്ഷിക്കാന്‍ നാക്കു കൊണ്ട് അതി ശക്ത്മായി പോരാടുന്നതിനാല്‍ ടൂര്ണമെന്റിലെ ആദ്യ മല്സരത്തിലും ടീമിലെ എന്റെ സ്ഥാനം തെറിച്ചില്ല.

അങ്ങിനെ മല്സരദിനം സമാഗതമായി..
ടോസ് നേടിയ കാരക്കുളം ബാറ്റിങ്ങ് തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസത്തെ വാശിക്കാണെന്നു തോന്നുന്നു... തുടങ്ങിയപ്പോള്‍ മുതല്‍ അവര്‍ തകര്‍പ്പനടി. സാജുവും സജിയുമൊക്കെ ആവശ്യത്തിനു വാങ്ങിക്കൂട്ടുന്നുണ്ട്.  ഇടയ്ക്ക് സ്പിന്‍ എറിയാന്‍ ഹരിലാലിനെയും പരീക്ഷിച്ചു. പന്ത് ഗ്രൌണ്ടിനു പുറത്ത് സ്ഥിര താമസമാക്കിയത് മിച്ചം. ഇരുപതോവര്‍ മല്സരത്തില്‍ പത്തോവര്‍ കഴിഞ്ഞപ്പോള്‍ കാരക്കുളം മൂന്നു വിക്കറ്റിന് 90 റണ്സ്. ഈ നിലയില്‍ പോയാല്‍ ഇരുപത് തികയ്ക്കുമ്പോഴേക്കും അവന്മാര്‍ ഇരുന്നൂറും തികയ്ക്കും.

പതിമ്മൂന്നോവര്‍ കഴിഞ്ഞതിനുശേഷം സാജു എല്ലാവരേയും ഒന്നു നോക്കി. എന്നിട്ട് എന്‍റ്റടുത്തേക്ക് വന്നു.. പണ്ടാരമടങ്ങാന്‍ ടൂര്ണമെന്റായിപ്പോയി അല്ലെങ്കില്‍ പന്ത് ഒളിപ്പിക്കുന്നതിനെക്കുറിച്ചോ.. അലമ്പുണ്ടാക്കി കളി നിര്ത്തുന്നതിനെക്കുറിച്ചോ ആലോചിക്കാമായിരുന്നു.ഇതിപ്പോള്‍ എന്തിനാണാവോ..

അടുത്ത ഓവര്‍ നീ ചെയ്യ് രഞ്ജീ.. സാജു അടുത്തു വന്നു പറഞ്ഞു..

അയ്യോ അതു വേണ്ടടാ.. തൊപ്പിയും പാന്റും ടീ ഷര്‍ട്ടുമൊക്കെയായി  മൊത്തത്തില്‍ ഒരു  ഇമേജ് ഉണ്ടാക്കിയെടുത്തിട്ടുണ്ട് അത്  കളയണ്ട.. നീ ശ്യാമിനു കൊടുക്ക്..

എല്ലാവനിട്ടും ഭയങ്കര അടിയല്ലേ.. നീ എന്തായാലും ഒന്നു നോക്ക്....

കുടില ബുദ്ധിയാണ് .. അവന്‍ എന്തെങ്കിലും കണ്ടിട്ടു കാണും..

സകല ദൈവങ്ങളേയും സപ്പോര്‍ട്ടിനായി ഗ്യാലറിയിലേക്ക് ക്ഷണിച്ച് ബോളുമായി ഞാന്‍ ക്രീസിനരികിലെത്തി..
മനസ്സില്‍ ഒറ്റ പ്രാര്ത്ഥനയേ ഉണ്ടായിരുന്നുള്ളൂ.. ഈശ്വരാ വൈഡ് പോകല്ലേ..

സാധാരണ ഗതിയില്‍ ഞാനെറിയുന്ന ഒരോവറില്‍ ചുരുങ്ങിയത് നാല് വൈഡെങ്കിലും കാണും. വൈഡും എക്സ്ട്രാ ബോളുമെല്ലാമായി ഓവറ് കഴിയുമ്പോള്‍ ഒരു നേരമാകും..

ആദ്യബോള്‍  ബസ് സ്റ്റോപ്പില്‍ നിര്ത്താതെ പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സു പോലെ ക്രീസില്‍ ഒന്നെത്തി നോക്കിയിട്ട് സൈഡില്‍ കൂടി വിട്ടുപോയി.. പതിവു പോലെ  വൈഡ്..

ഞാന്‍ സാജുവിനെ ഒന്നു നോക്കി..

അവന്‍ ഓടി അടുത്തു വന്നു.. നീ വൈഡല്ലാതെ വേറെ എന്തും എറിഞ്ഞോ..
എന്നാല്‍  കൈ മടക്കി അവന്റെ തലയ്ക്കിട്ട് എറിയാം.....അല്ല പിന്നെ..

അടുത്ത ബോള്‍..

റണ്ണപ്പൊന്നും വേണ്ട എന്നു ഞാന്‍ തീരുമാനിച്ചു.. എന്താ ഇപ്പോള്‍ പതുക്കെ അങ്ങു നടന്നു വന്നെറിഞ്ഞാല്‍ പന്തു പോകില്ലേ..

വൈഡ് പോകാതിരിക്കാനായി ഞാനെറിഞ്ഞ പന്ത്  സിനിമാനടി ജയഭാരതിയെപ്പോലെ കുണുങ്ങിക്കുണുങ്ങി ക്രീസിലെത്തി..
സ്ലോ ആണോ.... സ്പിന്‍ ആണോ.. മീഡിയം പേസ് ആണോ.. ഒന്നും നിര്‍വചിക്കാന്‍ പറ്റാത്ത ഒരു ബോള്‍..
അദ്യമായി ഭൂമിയില്‍ തൊട്ടപ്പോഴെ അതിനു നാണം വന്നു.. ചെറുതായൊന്നു ചാടിയുയര്ന്ന്‍ താഴ്ന്നു..

അടിച്ചു തകര്ത്തു നില്ക്കുന്ന കാരക്കുളത്തിന്റെ ബാറ്റ്സ്മാന് ഒന്നും മനസ്സിലായില്ല..ഇതെന്തു പന്ത്.. ഇരപിടിച്ച പെരുമ്പാമ്പ് വരുന്നതുപോലെ ഇഴഞ്ഞിഴഞ്ഞു വരുന്നു..രണ്ടും കല്പ്പിച്ച് അവന്‍  അടിക്കാനായി ബാറ്റ് പൊക്കിയ സമയത്ത് ബോള്‍ മെല്ലെ ഉരുണ്ട് വിക്കറ്റിലേക്ക് കയറീ.

വിക്കറ്റ്.. അമ്മേ..സന്തോഷം കൊണ്ടെന്റെ കണ്ണു നിറഞ്ഞു പോയി..
സാജുവും ഹരിലാലുമെല്ലാം ഓടിവന്നു..
അങ്ങിനെ എന്റെ ക്രിക്കറ്റ് കരിയറിലെ ആദ്യ ടൂര്ണമെന്റ് വിക്കറ്റ്..

അടുത്ത ഒരു പന്ത് വിജയകരമായി എറിഞ്ഞെങ്കിലും അതിനടുത്തത് വൈഡായി..

അടുത്തതും വൈഡാകാതിരിക്കാനുള്ള ശ്രമം അവസാനിച്ചത് ഫുള്‍ടോസ് ആയാണ്.. പക്ഷെ ഒരു ചതഞ്ഞ ഫുള്‍ടോസ്..

ബാറ്റ്സ്മാന്‍ ഉള്ള ജീവന്‍ മൊത്തമെടുത്തടിച്ചു.. ങേഹേ.. പന്തിന്റെ ഭാഗത്തു നിന്നും യാതൊരു സഹകരണവുമുണ്ടായില്ല..

ലോങ്ങ് ഓണില്‍ ഫീല്‍ഡ് ചെയ്യുന്ന ശ്യാമിന്റെ കൈയ്യില്‍ പന്തു താഴ്ന്നു..അവനൊന്നു പിടിച്ചു.. പന്ത് കൈയ്യില്‍ നിന്നു തെറിച്ചു

ഒന്നു കൂടി ചാടിപ്പിടിച്ചു.. ദേ കിടക്കുന്നു അവന്‍ താഴെ
പക്ഷെ താഴെ വീണെങ്കിലും പന്ത് കൈയ്യില്‍ തന്നെയുണ്ട്... അവന്‍ ചാടിയെഴുന്നേറ്റു..

എനിക്ക് രണ്ടാമത്തെ വിക്കറ്റ്..

 കാരക്കുളം ടീം ഞെട്ടി .. അവരുടെ രണ്ട് പ്രമുഖ ബാറ്റ്സ്മാന്മാരാണ് ഈ ഓവറില്‍ പുറത്തായിരിക്കുന്നത്..

കാരക്കുളത്തിന്റെ ഞെട്ടലിനേക്കാള്‍ ശക്തിയേറിയതായിരുന്നു എന്റെ ഞെട്ടല്‍..
രണ്ട് വിക്കറ്റ്.. അതും എനിക്ക്.. ഏത് പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറഞ്ഞത് ആരാണാവോ..

വല്യ പ്രശ്നമില്ലാതെ അടുത്ത് രണ്ട് ബോളുകള്‍ കൂടി കടന്നു പോയി...

അടുത്തത് ലാസ്റ്റ് ബോളാണ്‍..

ഞാന്‍ ആഞ്ഞെറിഞ്ഞു..
എന്തും വരട്ടെ.. കൂടിയാല്‍ സിക്സര്‍ ..അല്ലെങ്കില്‍ വൈഡ്  അത്രയല്ലേ ഉള്ളൂ ...രണ്ട് വിക്കറ്റ് കിട്ടിയ സ്ഥിതിക്ക് സാജു തെറി വിളിക്കില്ല..

ഈശ്വരന്‍ കാത്തു..
അതുവരെയുള്ള ക്രിക്കറ്റ് ജീവിതത്തിലെറിഞ്ഞ ഏറ്റവും നല്ല ബോളായി അത് മാറി
ബാറ്റ്സ്മാന്‍ ഒന്നും ചെയ്യാന്‍ കഴിയുന്നതിനു മുമ്പ് അവന്‍ വിക്കറ്റിന്റെ ചുവട് പിഴുതു..

അങ്ങിനെ സംഭവ ബഹുലമായ ആ ഓവര്‍ അവസാനിച്ചു..
ഒരോവര്‍ ആറ് റണ്സ് മൂന്നു വിക്കറ്റ് എന്ന മോഹിപ്പിക്കുന്ന സ്റ്റാറ്റിസ്റ്റിക്സുമായി ഞാന്‍ പിന്മാറി..

നാലിന് 120 എന്ന നിലയില്‍ നിന്നും കാരക്കുളം ഏഴിന് 126 എന്ന സ്കോറിലേക്ക് കൂപ്പുകുത്തി..

പതിനേഴ് ഓവറില്‍ 132 റണ്സിന് കാരക്കുളം ഓള്‍ ഔട്ടായി..

ജയിക്കാന്‍ ഒരോവറില്‍ 6.6 റണ്സ് വെച്ച് മതി..

ബാറ്റിങ്ങ് ആരംഭിച്ചു.... .

പന്ത്രണ്ട് ഓവര്‍ വരെ തികച്ചും മാന്യമായി പോകുകയായിരുന്ന ഇന്നിംഗ്സ് പതിമൂന്നാം ഓവറിലെത്തിയപ്പോള്‍ തകിടം മറിഞ്ഞു..

ആ ഓവറില്‍ രണ്ട് വിക്കറ്റ്..
5 ന് 80..    6 ന് 93......        7ന് 102..    8 ന് 110 എന്നിങ്ങനെ കളി ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുന്നു..

ഓരോ വിക്കറ്റ് പോകുമ്പോഴും നെഞ്ചിനുള്ളില്‍ തീയാണ് ഫാത്തിമാ  എന്നുള്ള അവസ്ഥയിലാണ് ഞാന്‍..

ടീമിലെ സ്ഥിരം പതിനൊന്നാമനായതിനാല്‍  എന്റെ ഊഴം അടുത്തു വരുന്നു  .. കളരിസ്റ്റൈലിലുള്ള ബാറ്റ് പിടുത്തവും വീശലും ജനം കണ്ടാല്‍ ഇതുവരെ ഉണ്ടാക്കിയ ഇമേജ് മൊത്തം വെള്ളത്തിലാകും

ജയിക്കാന്‍ 11 റണ്സ് വേണ്ട ഇരുപതാം ഓവറിലെ ആദ്യ പന്തില്‍ ഹരിലാല്‍ ഔട്ട്
ഇനി ലാസ്റ്റ് മാനായ ഈയുള്ളവന്റെ ഊഴമാണ്.

നെഞ്ചിലുള്ളില്‍ പൈകപ്പെരുന്നാളിന്റെ വെടിക്കെട്ട് നടക്കുന്നുണ്ട്..

രണ്ടും കല്പ്പിച്ച് ബാറ്റുമായി ക്രീസിലെത്തി..

കാരക്കുളത്തിന്റെ ഓപ്പണിങ്ങ് ബൌളര്‍ രാജീവാണ് പന്തെറിയുന്നത്..

ഒന്നാമത്തെ ബോള്‍ നേരെ എന്റെ ഇടം കാലിലേക്ക് ലാന്റ് ചെയ്തു..

ഒരു സെക്കന്റ് നേരം ഒന്നും സംഭവിച്ചില്ല.. പിന്നെ കാളില്‍ ഒരു ലെതര്‍ ബോള്‍ രൂപപ്പെട്ടു.. ... വേദന കോണ്ട് കണ്ണ് നിറഞ്ഞു...

തിരുമ്മാന്‍ പറ്റുമോ.. ഗ്ലാമര്‍ പോകില്ലേ.. കടിച്ചു പിടിച്ചു നിന്നു..

ഞാന്‍ സാജുവിനെ നോക്കി.. അവന്‍ ദയനീയമായൊരു ചിരി ചിരിച്ചു.. ..

അടുത്ത ബോള്.. കാലിന്റെ വേദനകാരണം കണ്ണുപോലും കാണാനാകുന്നില്ല,..കാലുനിലത്ത് ശരിക്കു കുത്താത്തതിനാല്‍ കളരിപ്പയറ്റ് മോഡല്‍ നില്പ്പും നടക്കുന്നില്ല..

ബോള്‍ പാഞ്ഞു വന്നതു ഞാന്‍ ബാറ്റ് ആഞ്ഞു വീശി... പിന്നെ സാജുവിന്റെ അലര്‍ച്ചയാണ് കേട്ടത്.. സിക്സര്‍ ..
ബാറ്റിന്റെ സൈഡില്‍ കൊണ്ട് ആകാശത്തോളം പൊങ്ങിയ പന്ത്  എസ് എസ് എല്‍ സി പരീക്ഷിയില്‍ മോഡറേഷന്‍ കൊണ്ടു ജയിക്കുന്ന കുട്ടികളെപ്പോലെ എങ്ങിനെയോ ബൌണ്ടറിക്കപ്പുറം കടന്നു..
കുരുവിക്കൂടുകാരെല്ലാം അലറി വിളിക്കുന്നുണ്ട്..

ഇനി 5 റണ്സുകൂടിമാത്രം ജയിക്കാന്‍..

നാലാം ബോളില്‍ ഒരു റണ്‍ എടുത്തു ..
അഞ്ചാം ബോളില്‍ ജോയിയും ഒരു റണ്ണെടുത്തു..
അവസാന ബോളില്‍ ജയിക്കാന്‍ മൂന്ന് റണ്സ് വേണം....

സാജു ഓടി വന്നു കുറെ ഉപദേശം തന്നു..
പിന്നെ ഈ മുഹൂര്ത്തത്തിലാ അവനെന്നെ സച്ചിന്‍ തെണ്ടുല്ക്കര്‍ ആക്കാന്‍ നോക്കുന്നത്.

നിര്ണ്ണായകമായ ബോള്‍ എന്റെ നേരെ ..ഞാന്‍ വീണ്ടും ആഞ്ഞു വീശി..

ചുമ്മാ ചക്കയിടാം മുയല്‍ ചാകുന്നെങ്കില്‍ ചാകട്ടെ..

പക്ഷെ എപ്പോഴും ചക്കയ്ക്കുകീഴില്‍ വന്നിരിക്കാന്‍ മുയല്‍ നൈജീരിയന്‍ ഇ മെയില്‍ തട്ടിപ്പില്‍ കാശുപോകുന്ന മലയാളികളെപ്പോലെ മന്ദബുദ്ധിയല്ലല്ലോ..

ഒന്നും സംഭവിച്ചില്ല.. പന്ത് വിക്കറ്റ് കീപ്പറുടെ കൈയ്യിലിരുന്ന് എന്നെ നോക്കി ചിരിച്ചു..

കാരക്കുളം ടീം മൂന്ന് റണ്സിന് വിജയിച്ചു.. നോക്ക് ഔട്ട് ആയതിനാല്‍ ഞങ്ങള്‍ ടൂര്ണമെന്റില്‍ നിന്നും പുറത്തായി..

കാരക്കുളം കാര്‍ അലറി വിളിച്ചു..
സമയമാം രഥത്തില്‍ എന്ന പാട്ടിന്  നല്ല ഈണമായിരുന്നെങ്കിലും അതു ശേഷം അവന്മാര്‍ പാടിയ കോടുങ്ങല്ലൂര്‍  ഭരണി ആല്ബത്തിലെ പാട്ടിന്റെ ഈണം ശരിയല്ലെന്നും വരികളില്‍ ചില പിശകുണ്ടെന്നും കണ്ടെത്തി സാജു സമാധാനപ്പെട്ടു. ..

എക്സ്ട്രാ ഇന്നിങ്ങ്സ്

സാജുവിന്റെ വീട്ടു വരാന്തയില്‍ കളിയെക്കുറിച്ചുള്ള വിശകലനം 

ഒരോരുത്തരും ശാസ്ത്രിയും ഗവാസ്കറും ആയി സ്വയം പ്രഖ്യാപിച്ച് വിശകലനം തകര്‍ക്കുകയാണ്..

ഓ എന്നാണേലും വെറും മൂന്നു റണ്സിനല്ലേ തോറ്റത്.. 
പരസ്പരം തെറിവിളിച്ച് മടുത്തപ്പോള്‍ സാജു സമാധാനിച്ചു..

ഇതെല്ലാം കേട്ട് മിണ്ടാതിരുന്ന സാജുവിന്റെ പിതാശ്രീ മെല്ലെ എഴുന്നേറ്റു..

എന്നിട്ട് ഞങ്ങളെ നോക്കി പറഞ്ഞു..

മൂന്നല്ല മുക്കാല്‍ റണ്ണിനു തോറ്റാലും തോല്‍വി എപ്പോഴൂം തോല്‍വി തന്നെയാടാ.. എല്ലാവനും വീട്ടില്‍ പോകാന്‍ നോക്ക്..

എന്നാലും ആ മൂന്ന് റണ്ണ്.. ഞങ്ങള്‍ വീട്ടിലേക്ക് നടന്നു..

32 comments:

രഞ്ജിത് വിശ്വം I ranji said...

റബര്‍ തോട്ടത്തിലും കൊയ്ത്തൊഴിഞ്ഞ നെല്പ്പാടങ്ങളിലും ക്രിക്കറ്റ് കളിച്ചു നടന്ന ഒരു നല്ല കാലത്തിന്റെ ഓര്മ്മയ്ക്ക്...

ശ്രീ said...

കമന്റ് ഞാന്‍ ഓപ്പണ്‍ ചെയ്യാം.

അവസാനം ഒരു കനിത്‌കര്‍ ആയേക്കും എന്ന് ഞാനും പ്രതീക്ഷിച്ചു. എന്തായാലും എഴുത്ത് പതിവു പോലെ കലക്കി.

ഞങ്ങളുടെ ഒരു ട്വന്റി 20 കളി ഇവിടെയുണ്ട്.

ഹരീഷ് തൊടുപുഴ said...

ഹോ..!! എന്തു രസം അല്ലേ..
കുട്ടിക്കാലത്തെ ക്രികെറ്റ് കളികൾ..
അന്നൊക്കെ അവധിയായാൽ ഈ ഒരു ജ്വരം മാത്രമേ മനസ്സിലുണ്ടാകൂ..
ഇന്നത്തെ പിള്ളെർക്കോ; എങ്ങനെ രണ്ടു വാട്ടീസാടിക്കാനുള്ള കാശൊണ്ടാക്കാം എന്നല്ലേ..!!

ശ്രീ പറഞ്ഞതു പോലെ, അവസാനം ഒരു കനിക്തർ ആയേക്കും എന്നു ഞാനും പ്രതീക്ഷിച്ചു. ഇങ്ങനെ സമാനതയുള്ള കുറേ സംഭവങ്ങൾ എന്റെ ജീവിതത്തിലും ഉണ്ട്.
ഏതായാലും എഴുത്തു തുടരൂ..

ramanika said...

കലക്കി!

താരകൻ said...

എന്തിനോവേണ്ടിപറയുകയല്ല..ഇഷ്ടപെട്ടു ഈ കുട്ടികാലകളികൾ..

ദീപു said...

കഥ പറച്ചിലിന്റെ ആ സുഖമുള്ള ഒഴുക്ക്‌ ഇവിടെയും

ജെ said...

മാഷെ നിങ്ങളുടെ ഭാഷ മനോഹമാണു... കൂടുതല്‍ കഥകള്‍ക്കായി കാത്തിരിക്കുന്നു.

ബിനോയ്//HariNav said...

ഹ ഹ ലിത് എന്‍റെ പേരില്‍ പോസ്റ്റ് ചെയ്താലും നുണയാകില്ല. പതിനൊന്നാനായി കുറേ ഊര് ചുറ്റീതാണേ. (പിന്നീടല്ലേ ഇന്ത്യന്‍ ടീമീ കേറീത്) :))

വാഴക്കോടന്‍ ‍// vazhakodan said...

ഒരു കഥ പറച്ചിലിന്റെ ആ സുഖമുള്ള ഒഴുക്ക്‌ !!!

എഴുത്തു കലക്കി...

അരവിന്ദ് :: aravind said...

തകര്‍ത്തു! രന്‍ജ്ജിതേ..
ഈ ബ്ലോഗുള്ളത് കൊണ്ട് മനുഷ്യര്‍ ചിരിച്ചു ജീവിച്ചു പോകുന്നു! :-)

ആര്‍ദ്ര ആസാദ് / Ardra Azad said...

:)

കുമാരന്‍ | kumaran said...

ഒരിക്കല്‍ മിഡില്‍ സ്റ്റമ്പ് പിഴുതാനുദ്ദേശിച്ച് ഞാനെറിഞ്ഞ ഒരു പന്ത് ഓഫ് സൈഡില്‍ ക്രീസിനടുത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന സഹകളിക്കാരന്‍ ജോയിയുടെ മിഡില്‍ സ്റ്റമ്പില്‍ ക്രുത്യമായി പതിക്കുകയും..
ഹഹഹ... സൂപ്പര്‍...

അസാധ്യ എഴുത്താണ് ആസ്വദിച്ച് വായിച്ചു...

പാവത്താൻ said...

ക്രിക്കറ്റ് പുരാണം കൊള്ളാം. കുട്ടിക്കാലത്തേക്കൊരു തിരിച്ചു പോക്കിന് അവസരമൊരുക്കിയതിനു നന്ദി..

വേദ വ്യാസന്‍ said...

കഥയില്ലാക്കഥ അല്ല മൊത്തം കള്ളക്കഥ [:)]
ഇഷ്ടമായി :)

കൂട്ടുകാരന്‍ said...

തികച്ചും ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരു പോസ്റ്റ്‌. ഇത് പോലെ തന്നെ നിയമങ്ങള്‍ പഠിച്ച ഒരു പതിനൊന്നാമന്‍ ആയിരുന്നു ഞാനും.

വാഴക്കാവരയന്‍ said...

കൊള്ളാം, വീണ്ടും ക്രിക്കറ്റുകളിയിലേക്ക് തന്നെ. എന്തായാലും ഒരു കാലം തന്നെ അത്. നന്നായിരിക്കുന്നു, പണ്ട് റേഡിയോയില്‍ നെഹ്രു കപ് ഫൂട്ബാളിന്റെ കമന്ററി കേള്‍ക്കുന്ന പോലെ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സേം പിഞ്ച്. ഞാനും ബാളു ചെയ്താല്‍ 6 എണ്ണം വൈഡില്ലാതെ ഒപ്പിക്കണമെങ്കില്‍ ഗുരുവായൂരപ്പന്‍ വിചാരിച്ചാല്‍ പറ്റൂലായിരുന്നു അതോണ്ട് ടീമംഗങ്ങള്‍ അത്തരമൊരു സാഹസത്തിനു മുതിര്‍ന്നിരുന്നില്ല.

എന്നാല്‍ ജീവിതത്തിലാദ്യമായും അവസാനമായും(ആയോ ആവോ) ഒരു 50 അടിച്ചത് ടീമിലെ മിക്കവാറും എല്ലാരും പുറത്തായിട്ടാരുന്നു. അത് ജയിക്കുകേം ചെയ്തു.(ആദ്യം ബാറ്റ് ചെയ്തോണ്ട് ടെന്‍ഷന്‍ ഫ്രീ ടെണ്ടുല്‍ക്കര്‍ ആയതാ)

Captain Haddock said...

Super story telling!! Liked it.

കണ്ണനുണ്ണി said...

ഒരു ട്വന്റി ട്വന്റി കളിയ്ക്കാന്‍ കൂടുന്നോ മാഷെ

VEERU said...

ക്രിക്കറ്റ് വിവരണം കേട്ടപ്പോൾ പണ്ടിതു പോലെ ഒരു ടൂർണ്ണമെന്റ് ഫൈനലിൽ എതിർടീമിനെ വെറും 27 റൺസിനു ആൾ ഔട്ടാക്കിയിട്ടും രണ്ട് റൺസിനു തോറ്റപ്പോൾ വാലറ്റത്തു നിന്ന് ചങ്കു പൊട്ടിയ സ്വന്തം തന്നെ ഒരു അനുഭവം ഓർമ്മ വന്നു..രണ്ടു ദിവസം ഉറക്കം കെടുത്തിയ ആ അവസാന ഓവറും !!
സമാനതകൾ ഒരുപാടുള്ളതോണ്ടാവും ഈ ബാല്യ വിശേഷങ്ങൾ ഒരു പാടിഷ്ടപ്പെട്ടു !!!ആശംസകൾ

സ്വപ്ന ജീവി said...

എനിക്ക് ക്രിക്കറ്റ്‌ ഇഷ്ടമല്ലെങ്കിലും, ഈ കഥ ഞാന്‍ ശരിക്കും ആസ്വദിച്ചു, കലക്കി വക്കീലെ

വശംവദൻ said...

നല്ല സ്റ്റൈലൻ എഴുത്ത്. :)

(ഇവിടെയെത്താൻ ഒരല്പം വൈകി)

ആശംസകൾ

Jenshia said...

"ക്രിക്കറ്റില്‍ ലോകത്തൊരിടത്തുമില്ലാത്ത നിയമങ്ങളൊക്കെ നിമിഷനേരം കൊണ്ടുണ്ടാക്കി സ്വന്തം ടീമിനെ രക്ഷിക്കാന്‍ നാക്കു കൊണ്ട് അതി ശക്ത്മായി പോരാടുന്നതിനാല്‍...." ... :D


കലക്കീലോ പോസ്റ്റ്‌... :)

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

ക്രിക്കറ്റ്‌ പുരാണം കലക്കി മച്ചൂ, ഞങ്ങള്‍ ദേവസ്വം പാടത്ത് ആണ് കളിച്ചിരുന്നത്, എന്തായാലും ലഗാനിലെ പോലെ ഒരു സിക്ഷെര് അളിയനില്‍ നിന്നും പ്രതീക്ഷിച്ചു, പക്ഷെ ചീറ്റി പോയല്ലേ.

കളിയില്‍ മാത്രമല്ല്ല്ലോ കാര്യം.ക്രിക്കറ്റില്‍ ലോകത്തൊരിടത്തുമില്ലാത്ത നിയമങ്ങളൊക്കെ നിമിഷനേരം കൊണ്ടുണ്ടാക്കി സ്വന്തം ടീമിനെ രക്ഷിക്കാന്‍ നാക്കു കൊണ്ട് അതി ശക്ത്മായി പോരാടുന്നതിനാല്‍ ടൂര്ണമെന്റിലെ ആദ്യ മല്സരത്തിലും ടീമിലെ എന്റെ സ്ഥാനം തെറിച്ചില്ല.

ഇത് പോലെ ഉള്ള ഒരാള് ഞങ്ങളുടെ ടീമിലും ഉണ്ട്, ചീവീട്. തര്‍ക്കിക്കാന്‍ ബഹു മിടുക്കന്‍. അളിയനെ പോലെ തന്നെ, മച്ചൂ പോസ്റ്റ്‌ കലക്കി

ഭൂതത്താന്‍ said...

"ബാറ്റെടുത്ത് പിടിച്ച് നില്ക്കുന്നത് കണ്ടാല്‍ കവലയിലെ ഹോട്ടല്‍ നടത്തുന്ന വേണുച്ചേട്ടന്‍ വിറക് കീറാന്‍ നില്ക്കുന്നത് പോലെയാണ്‍."

അറിയാതെ ഭൂതകാലം ഓര്‍ത്തുപോയ് മാഷേ ...

Typist | എഴുത്തുകാരി said...

രസിച്ചു ക്രിക്കറ്റ് പുരാണം.

ഭായി said...

അയ്യോ..എന്നാ എഴുത്താ മാഷേ ഇത്...കലക്കി!!
അവസാനം 3 രൻസിനു ജയിചിരുന്നെങ്കിൽ അതിശയോക്തിയാകുമായിരുന്നു..
ഭാവുകങൾ

Anonymous said...

നന്നായി ജയിക്കാനെ ... :)

Vinod Nair said...

ethu kalaki

Thasleem.P തസ്ലിം.പി said...

sir,
വളരെ നന്നായിട്ടുണ്ട് .നല്ല ആശയം..
ആശംസകള്‍ .........
തസ്ലീം.പി

Sureshkumar Punjhayil said...

Kuttiyum Kolum...!

Manoharam, Ashamsakal...!!!

നട്ടപിരാന്തന്‍ said...

എഴുതുന്നതിലും, ഒരു ക്രിക്കറ്റ് മത്സരത്തിന്റെ ത്രില്‍ നിലനിര്‍ത്തുക എന്നതിനു നല്ല ഭാവനയും, പിരിമുറുക്കം ഉണ്ടാക്കുന്ന രചനാശൈലിയും അത്യാവശ്യമാണ്. ഈ രണ്ടു ഗുണങ്ങളുമാണ് ഈ കുറിപ്പിന്റെ സൌന്ദര്യം. സത്യത്തില്‍ ഞാനും ആഗ്രഹിച്ചു അവസാനത്തെ പന്ത് അടിച്ച് സിക്സറിലേക്ക് പായിക്കാനും, പണ്ടത്തെ മിയാന്‍ദാദിനെ പോലെ തലയുയര്‍ത്തി പിടിച്ച് ബാറ്റ് ചുഴറ്റുന്നതും.......പക്ഷെ ആന്റിക്ലൈമാക്സ് തന്നെയാണ് ഈ പോസ്റ്റിന്റെ തുരുപ്പ്.