Tuesday, September 29, 2009

ദി ഗ്രേറ്റ് പന്നി ഹണ്ടിങ്ങ്

ക്രിസ്തുമസ് അവധിയുടെ ആലസ്യത്തില്‍ വീടിന്റെ തിണ്ണയിലിരുന്ന് ഉച്ചയൂണ് അയവിറക്കുമ്പോഴാണ്  പതിവ് പോലെ സാജുവിന്റെ വരവ്.

രഞ്ജീ.. വീട്ടിലെ പന്നിയെ  തട്ടാന്‍ പോകുവാടാ..

ഓഹോ.. അപ്പോള്‍ നീ രക്ഷപെട്ടോടിയതാണല്ലേ..

സാജു ചോദ്യഭാവത്തില്‍ എന്നെയൊന്നു നോക്കി..

അല്ലെടാ.. വീട്ടിലെ  പന്നീന്നു കേട്ടപ്പോള്‍ ഒരു സംശയം.. നീയല്ലാതെ വേറെ...

ഇടിക്കാന്‍ വന്ന സാജുവിനെ തണുപ്പിച്ച് കാര്യം തിരക്കി..
അവന്റെ വീട്ടിലെ പന്നിക്കൂട്ടില്‍ ക്രിസ്തുമസ് റിലീസായി നിര്ത്തിയിരിക്കുന്ന പന്നിക്കുട്ടന്റെ ലാസ്റ്റ് ബെല്ല് അടിക്കാന്‍ ആളെ തപ്പിയുള്ള വരവാണ്.

ക്രിസ്തുമസും ഈസ്റ്ററും അടുക്കുമ്പോള്‍ കുരുവിക്കൂട്ടും പൈകയിലുമൊക്കെയുള്ള അച്ചായന്മാര്‍ പന്നി വേട്ട കഴിഞ്ഞ് അവനെ ജീവനോടെ സൈക്കിളിന്റെ പുറകില്‍ വെച്ചു കെട്ടിയൊരു പോക്കുണ്ട്. . കൈയ്യും കാലും ഒരുമിച്ചുകെട്ടി ഒരുമാതിരി വളച്ചാക്കു പോലെ സൈക്കിളിന്റെ കാരിയറില് വിരാജിക്കുന്ന പന്നിയുടെ 100 ഡെസിബെല്‍ ശബ്ദത്തിലുള്ള അലര്‍ച്ചയോടുള്ള വിരക്തി മാറിയത് അടുത്ത കാലത്തിറങ്ങിയ ചില മലയാളം സിനിമാപ്പാട്ടുകള്‍ കേട്ടതില്‍ പിന്നെയാണ്. പന്നി സംഗീതം എത്രയോ ഭേദം..

ചുണ്ടെലി, കൊതുക്‍, പാറ്റാ തുടങ്ങിയ ഹിംസ്രജീവികളെ പിടിക്കാന്‍ ഞാന്‍ അതിമിടുക്കാനായിരുന്നെങ്കിലും ഈ പന്നി പിടുത്തം ലൈവായി കണ്ടിട്ടില്ല. ഇനി അതിന്റെ ഒരു കുറവ് വേണ്ട. സാജുവിനൊപ്പം പന്നിവേട്ടയ്ക്കു പുറപ്പെട്ടു. കുരുവിക്കൂട്ടെ പ്രശസ്ത പന്നി വേട്ടക്കാരന്‍ തോമ്മാച്ചേട്ടനെ ഓടിച്ചിട്ടു പിടിച്ചു. ക്രിസ്തുമസ് കാലമായതിനാല്‍ പുള്ളിക്ക് തിരക്കോട് തിരക്ക്.

കൂട്ടിലെത്തി പന്നിയെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ആര്നോള്‍ഡ് ഷെവാസ്നഗറിനെപ്പോലെ മസ്സിലും പെരുപ്പിച്ച് ഒരു ഭീമാകാരന്‍  ആരെട വീരാ പോരിനു വാടാ എന്ന മുഖഭാവത്തില്‍ നില്ക്കുന്നു. ഞങ്ങള്‍ അടുത്തു ചെന്നതും ഇംഗ്ലീഷ് സിനിമയിലെ ഡയലോഗ് പോലെ അര്‍ക്കും മനസ്സിലാകാത്ത ഭാഷയില്‍   അവനൊന്നു മുരണ്ടു..

തോമാച്ചേട്ടോ ഇവനാളിത്തിരി മുറ്റാണെന്നു തോന്നുന്നു.. ഞാന്‍ ഒരഭിപ്രായം പറഞ്ഞു..
നമ്മള്‍ക്കും ഇക്കാര്യത്തിലൊരറിവൊക്കെയുണ്ടെന്ന് കേള്‍ക്കുന്നവര്‍ക്കു തോന്നിക്കോട്ടെ..

വോ.. ഇതൊക്കെ പൂട്ടയ്ക്കാ പന്നിയല്ലേടാ കൊച്ചേ.. കഴിഞ്ഞയാഴ്ച്ച ആ പോത്തുമ്മൂട്ടില്ക്കാരുടെ കൂട്ടീന്ന് പിടിച്ച പന്നിയാണു പന്നി.. ഒരു പോത്തിന്റത്രയും ഉണ്ടായിയിരുന്നു.. തോമാച്ചേട്ടന്റെ കീറ്..

പിന്നേ..അതെന്തു പന്നി.. അതും പോത്തിന്റത്രയും.. ആനയുടെയത്രേം എന്നു പറയാഞ്ഞത് നന്നായി.. പല്ലിയെ തല്ലിക്കൊന്നാല്‍ ദിനോസര്‍ കുഞ്ഞിനെ കൊന്നു എന്നു പറയുന്ന ആളാണ് തോമാച്ചേട്ടന്‍..

പന്നിയെ എങ്ങിനെ ശാസ്ത്രീയമായി പിടിക്കാം എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ക്ലാസ് എടുത്ത ശേഷം പണിയായുധങ്ങളുമായി തോമാച്ചേട്ടന്‍ കൂട്ടിലിറങ്ങി.ഒരു മരക്കഷണം, കയര്‍ ഇത്യാദി സാധനങ്ങളാണ് പണിയായുധങ്ങള്‍. പന്നിയുടെ അടുത്ത് സ്നേഹം ഭാവിച്ച് ചെല്ലുക അടിച്ചവനെ വീഴ്തുക ബോധം തെളിയുന്നതിനുമുമ്പ്  കൈയ്യും കാലും കെട്ടി കസ്റ്റഡിയിലെടുക്കുക എന്നതാണ് പുള്ളിയുടെ പ്ലാന്‍.

കൂട്ടിലിറങ്ങി തോമാചേട്ടന്‍ തലയിലെ  തോര്ത്ത്  ഒന്നു കൂടി ഉറപ്പിച്ചു കെട്ടി.. ദിനേശ് ബീഡി ഒന്നെടുത്ത് കത്തിച്ച് ഒരു പുക ഊതി ഞങ്ങളെ ഒന്നു നോക്കി. "ദേ.. ദിപ്പം ശരിയാക്കിത്തരാം" എന്ന അര്ത്ഥം വരുന്ന ഒരംഗവിക്ഷേപം  കൈ, കണ്ണ് എന്നിവ കൊണ്ട് സംയുക്തമായി കാണിച്ച് പന്നിയുടെ അടുത്തേക്ക് നീങ്ങി.

 ഷേവസ്നെഗര്‍ ഒരു അനക്കവുമില്ലാതെ നില്ക്കുകയാണ്. ഇടയ്ക്കിടെ തലയൊന്നു പൊക്കി  വില്ലന്മാരെ നോക്കുന്നതുപോലെ തോമ്മാച്ചേട്ടനെ നോക്കുന്നുണ്ട്. തലയ്ക്കാണ് അടിയ്ക്കേണ്ടത് എന്നതിനാല്‍ തോമാച്ചേട്ടന്‍ ഉന്നം തെറ്റാതെ അടിക്കാനുള്ള വഴി നോക്കുകയാണ്.

 തോമാച്ചേട്ടന്‍ അടുത്തെതിയപ്പോള്‍ ഷെവാസ്നെഗര്‍ ഒരടി പുറകോട്ടു വെച്ചു .  ചേട്ടന്‍ വീണ്ടും ഒരടി മുന്നോട്ട്... ഷേവാസ്നെഗര്‍ പുറകോട്ട്..    ഈ പ്രക്രിയ രണ്ടുമൂന്ന് പ്രാവശ്യം  ആവര്ത്തിച്ചപ്പോള്‍ ഷെവാസ്നെഗറിന്റെ ബാക്ക് കൂടിന്റെ മതിലില്‍ തട്ടി നിന്നു. ഇനിയങ്ങോട്ട് പോകാനില്ല.

തോമാച്ചേട്ടന്‍  ഞ്ങ്ങളെ നോക്കി "ദിപ്പം ശരിയാക്കിത്തരാം" ആക്ഷന്‍ ഒന്നു കൂടി കാണിച്ചു. എന്നിട്ട് കൈയ്യിലിരുന്ന മരക്കഷണം വീശിയൊരടി...

 ഘ്രീം..... എന്നൊരു ശബ്ദം കേട്ടു ...പുറകെ അയ്യോ എന്നൊരു നിലവിളിയും.. അസ്ഥാനത്ത് അടികൊണ്ട പന്നി ചീറ്റിക്കൊണ്ട് തോമാച്ചേട്ടന്റെ നേരെയൊരു ചാട്ടം.. അയ്യോ എന്ന് നിലവിളിച്ച് പുറകോട്ടു ചാടിയ തോമാച്ചേട്ടന്‍  പന്നിക്ക് കൂടിക്കാന്‍ വെള്ളം വെച്ചിരുന്ന കല്ത്തോണിയില്‍ ഇടിച്ച്  കൂട്ടിനുള്ളില്‍ കിടന്ന ചക്കമടലില്‍ ചവിട്ടി ദാ കിടക്കുന്നു പന്നിക്കൂടിന്‍ ഉമ്മ കൊടുത്ത് കമഴ്ന്നടിച്ച് കൂട്ടില്‍..

പച്ചത്തവളയുടെ മുകളില്‍ പാണ്ടി ലോറി കേറിയ പോലെയുള്ള തോമാച്ചേട്ടന്റെ കിടപ്പു കണ്ടു പന്നിക്കു പോലും ചിരി വന്നു കാണൂം. പുച്ഛ ഭാവത്തില്‍ ഞങ്ങളെ ഒന്നു നോക്കി അവന്‍ പിന്നെയും കൂടിന്റെ സൈഡില്‍ പോയി മസ്സിലും പ്രദര്‍ശിപ്പിച്ച് നില്പ്പ് തുടങ്ങി.

ദേഹത്താകെ പന്നിക്കാട്ടം, ചക്കമുളഞ്ഞി തുടങ്ങിയ എക്സ്ട്രാ ഫിറ്റിംഗ്സുമായി തോമാചേട്ടന്‍ കരയ്ക്കു കയറി ഉദ്യമത്തില്‍ നിന്നും പിന് വാങ്ങി. ക്രിസ്തുമസ്സിന്‍ ഇത്തിരി പന്നിയിറച്ചി കടിച്ചു പറിക്കാം എന്നു കരുതിയ ആരാധക വ്രുന്ദം നിരാശരായി.ഇനിയെന്ത്.. കൂലം കുഷമായചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനമായി..

 വെടി വെച്ച് വീഴ്ത്താം....

ഞാനും സാജുവും രാജപ്പന്‍ ചേട്ടന്റെ വീട്ടിലേക്ക് പാഞ്ഞു.  നാടന്‍ തോക്കൊന്ന് സ്വന്തമായുള്ള കുരുവിക്കൂട്ടെ ഏക  വേട്ടക്കാരന്‍.. പാമ്പോലി എസ്റ്റേറ്റിലെ മുയല്‍, നരി, വവ്വാല്‍ തുടങ്ങിയ അന്തേവാസികളൂടെ പേടി സ്വപ്നം എന്നൊക്കെ ഒരു രസത്തിനങ്ങു പറയാമെങ്കിലും നാട്ടുകാര്‍ക്കിടയില്‍ ഈയിടെയായി അത്ര മതിപ്പു പോര..

രണ്ടുമാസം മുമ്പ് കവലയിലെ വാകമരത്തിലെ വവ്വാലുകളെ വെടി വെയ്ക്കാന്‍ വന്ന് സൂക്ഷ്മ ഗവേഷണം നടത്തുകയും രാത്രിയില്‍ മരത്തിന്റ ശിഖരത്തിനിടയിലൂടെ കണ്ട നക്ഷത്രത്തെ വവ്വാലിന്റെ കണ്ണ് തിളങ്ങുന്നാതാണെന്ന് പറഞ്ഞ് വെടി വച്ച് താഴെയിടാന്‍ നോക്കുകയും ചെയ്തതില്‍ പിന്നെ അദ്ദേഹം  "നക്ഷത്രവെടി"  എന്നാണ് നാട്ടില്‍ അറിയപ്പെടുന്നത്..

രാജപ്പന്‍ ചേട്ടന്‍ വീട്ടിലുണ്ട്.. സാജു കാര്യം പറഞ്ഞു.

ഓ .. ഈ കൂട്ടില്‍ കിടക്കുന്ന പന്നിയെ വെടിവെക്കാനൊക്കെ എന്നാടാ ഒരു രസം..വല്ല കാട്ടുപന്നിയോ മറ്റോ ആയിരുന്നെങ്കില്‍ നോക്കാമായിരുന്നു..

പിന്നേ.. കാട്ടുപന്നി ഹൈറേഞ്ചീന്ന് ബസ് കയറി കുരുവിക്കൂട്ടിറങ്ങി നില്ക്കുവല്ലേ.. വെടി വെയ്ക്കാന്‍ ആളെ തിരക്കി..

അല്ല ചേട്ടാ അതിപ്പം ഒരു ചുറ്റിക്കെട്ടിന്റെ വ്യത്യാസമല്ലേ ഉള്ളൂ... അത് കാട്ടു പന്നി.. ഇത് കൂട്ടു പന്നി.. ചേട്ടന്‍ ഒന്നു വന്നേ.. സാജു ഒന്നു തമാശിച്ചു.

രാജപ്പന്‍ ചേട്ടന്‍ എഴുന്നേറ്റു..  അകത്തേക്ക് നോക്കി വിളിച്ചു...മോളേ... ആ തോക്കിങ്ങെടുത്തേ..

ഞാനും സാജുവും പ്രതീക്ഷയോടെ നോക്കി..

ഡാ.. മോളിപ്പം വരും....
സാജു പാലാച്ചന്ത പോല അലങ്കോലമായി കിടക്കുന്ന അവന്റെ ആടയാഭരണങ്ങള്‍ ലുലു സൂപ്പര്‍ മാര്‍ക്കറ്റ് പോലെ ആകര്ഷകമാക്കാന്‍ ആവത് ശ്രമിക്കുന്നുണ്ട്..

അപ്പോള്‍ ദാ തോക്കുമായി വരുന്നു രാജപ്പന്‍ ചേട്ടന്റെ ധര്മപത്നി അമ്മിണിച്ചേച്ചി..
മോള്‍ടെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍..
ഞങ്ങള്‍ നിരാശയോടെ രാജപ്പന്‍ ചേട്ടനെ അനുഗമിച്ചു..

പന്നിക്കൂടിനരികിലെത്തി രാജപ്പന്‍ ചേട്ടന്‍ സംഗതികളാകെയൊന്നു നിരീക്ഷിച്ചു. തോക്കുമായിട്ടുള്ള നില്പും ആലോചനയും കണ്ടാല്‍  അടുത്ത നിമിഷം യുദ്ധം നടക്കുമെന്നും പന്നിയുടെ  കൈയ്യില്‍ എ കെ 47 ഉള്‍പ്പടെ മാരകായുധങ്ങള്‍ ഉണ്ടെന്നും തോന്നും....

കുറെ നേരത്തെ ആലോചനയ്ക്കൊടുവില്‍ രാജപ്പന്‍ ചേട്ടന്‍  വെടി വെയ്ക്കാനുള്ള സ്പോട്ട് ലൊക്കേറ്റ് ചെയ്തു.. പന്നിക്കൂടിന്റെ കിഴക്കേയറ്റം... അവിടെ നിന്നാകുമ്പോള്‍ പന്നിയെ അടുത്തു കിട്ടും.

കൂടിന്റെ സൈഡിലെ ചെറിയ മതിലില്‍ തോക്ക് വെച്ച് അതിനു താഴെ നിലത്തിരുന്ന് ചേട്ടന്‍ ഉന്നം പിടിച്ചു.. പ്രേക്ഷകര്‍ നിശബ്ദരായി.. ഏതാനും നിമിഷങ്ങള്‍ക്കകം അത് സംഭവിക്കും..

ഠേ... വെടിശബ്ദം മുഴങ്ങി.. അടുത്ത മരത്തിലിരുന്ന കാക്കകള്‍  ഉച്ചത്തില്‍ കരഞ്ഞു കൊണ്ടു പറന്നു..പന്നിക്കൂടിന്റെ അരികില്‍ നിന്നിരുന്ന  സാജുവിന്റെ വളര്ത്തുപട്ടി ടോമി.. വെസ്റ്റേണ്‍ മ്യൂസിക്ക് അല്ബത്തിലെ പാട്ടുപോലെയൊരു ശബ്ദം പുറപ്പെടുവിച്ച്  വാലും പൊക്കി പാഞ്ഞു. എല്ലാവരും പന്നിക്കൂട്ടിലേക്ക് ആകാംഷയോടെ  നോക്കി..

ഷേവാസ്നെഗര്‍ യാതൊരു അനക്കവുമില്ലാതെ പഴയപടി നില്ക്കുന്നു.. ദൈവമേ വീഴാന്‍ പോലും സമയം കിട്ടാതെ വെടികൊണ്ട മാത്രയില്‍ നിന്നു തട്ടിപ്പോയോ..

ഞാനും സാജുവും പരസ്പരം നോക്കി..
സാജു ഒരു കല്ലെടുത്ത് കൂട്ടിലേക്ക് എറിഞ്ഞു..
കല്ല് പുറത്ത് കൊണ്ടതും ഷേവാസ്നെഗര്‍ ഒന്നു തിരിഞ്ഞു തലപൊക്കി നോക്കി.. വീണ്ടും പഴയ പടി നില്പ്പു തുടര്ന്നു..

അപ്പോള്‍ ചത്തില്ല.. പിന്നെ വെടി...
രാജപ്പന്‍ ചേട്ടന്‍ ഗൌരവം വിടുന്നില്ല..

എന്തു പറ്റി ചേട്ടാ.. സാജുവിനു ക്ഷമ നശിച്ചു..

ഡാ.. അതുപിന്നെ കുറെ നാളായി തോക്ക് നിറച്ച് വെച്ചിട്ട്.. ഉണ്ട വളിച്ചുപോയെന്നു തോന്നുന്നു.. ശക്തി കിട്ടിയില്ല..

വെടിയുണ്ട..... വളിച്ചു പോയെന്നോ..

സാമ്പാര്‍.. അവിയല്‍.. . തുടങ്ങിയവയൊക്കെ വളിച്ച് പോയത് കണ്ടിട്ടുണ്ട്.. അതുപോലെ വെടിയുണ്ടയും..

വളിക്കാന്‍ ഇനി തേങ്ങായൊക്കെ  അരച്ചു ചേര്ത്താണാവോ ഇതുണ്ടാക്കുന്നത്.. ആര്‍ക്കറിയാം..ഉണ്ടവളിച്ചൂന്ന് രാജപ്പന്‍ ചേട്ടന്‍ പറഞ്ഞാല്‍ വളിച്ചു..

തോക്കില്‍ തിര നിറച്ച് ചേട്ടന്‍ അടുത്ത വെടിക്കുള്ള തയ്യാറെടുപ്പു തുടങ്ങി..

ഠേ..  വീണ്ടും വെടിപൊട്ടി.. കരയാന്‍ കാക്കകളും വാലും പൊക്കി ഓടാന്‍ ടോമിപ്പട്ടിയും ആ പ്രദേശത്തെങ്ങും ഇല്ലാതിരുന്നതിനാല്‍ മറ്റ് പ്രത്യാഘാതങ്ങളൊന്നും ഉണ്ടായില്ല..

ഞങ്ങള്‍ വീണ്ടും ഷെവാസ്നെഗറിനെ നോക്കി.. അദ്ദേഹം നില്പ്പു തുടരുന്നുണ്ട്... 

ഡാ അതു നോക്ക്.. സാജു എന്നെ ചൂണ്ടിക്കാണിച്ചു..

പന്നിയുടെ ഇടത്തെ ചെവിയില്‍ നിന്നും ചോര പൊടി പൊടിയായി വരുന്നുണ്ട്..  അപ്പോള്‍ വെടി ആ കുഞ്ഞിച്ചെവിക്കാണ് കൊണ്ടത്..

ഇതെന്നാതാ ചേട്ടാ.. ഇത്രേം വലിയ പന്നി നിന്നിട്ട് അതിന്റെ ഇത്തിരീം പോന്ന ചെവിയേലാണോ വെടിവെയ്ക്കുന്നത്.. സാജു വയലന്റായി..

എടാ.. ഉന്നം ക്രുത്യമായിരുന്നു.. അവന്‍ തല കുനിച്ചു കളഞ്ഞതാ.. രാജപ്പന്‍ ചേട്ടന്‍ ഗൌരവത്തില്‍  അടുത്ത വെടിക്കുള്ള തിര നിറച്ചു.

എന്നാല്‍ പന്നീടെ തല  ഒരു കുറ്റിയടിച്ച് കെട്ടിവെച്ചിട്ട് വെടിവെയ്ക്കാം അപ്പോള്‍ ഉന്നം തെറ്റില്ലല്ലോ...

രാജപ്പാ എന്നാ ഇനി ഈ കാപ്പി കുടിച്ചിട്ടു വെടി വെയ്ക്കാം..
സാജുവിന്റെ അമ്മ ചിന്നമ്മ ച്ചേച്ചി കാപ്പിയുമായി വന്നു..

തോക്ക്  പന്നിക്കൂടിന്റ മതിലില്‍ ചാരി വെച്ച് രാജപ്പന്‍ ചേട്ടന്‍ കാപ്പി കുടിക്കാന്‍ പോന്നു..

സാജുവിന്റെ കുഞ്ഞനിയന്‍  നാലാം ക്ലാസുകാരന്‍ സിബി തോക്കിന്റെ ചുറ്റും നടപ്പുണ്ട്..

ഡാ അതിലൊന്നും തൊട്ടേക്കരുത്.. അവനെ മാറ്റിവിട്ട് ഞാനും സാജുവും മതിലിന്റെ പുറകിലേക്കു മാറി നിന്നു..
ആരും കാണാതെ ആത്മാവിന് രണ്ട് പുക കൊടുക്കണം.

സിഗരരിന്റെ പുകയൂതി ആരെങ്കിലും കാണുന്നുണ്ടോ എന്ന്  നോക്കുമ്പോഴാണ്  ഞാനത് കണ്ടത്..

സാജുവിന്റനിയന്‍ സിബി അതാ തോക്കുമായി നില്ക്കുന്നു... എടുത്താല്‍ പൊങ്ങാത്ത തോക്ക്  പന്നിക്കൂടിന്റെ മതിലില്‍ താങ്ങി വെച്ച് ഒറ്റക്കണ്ണു കൊണ്ട് നോക്കുന്നുണ്ട്..

ഡാ..എന്നു വിളിച്ച് ഞാന്‍ പന്നിക്കൂടിന്റെ അടുത്തേക്കോടി..സാജു പുറകെയും..
തോക്കു താഴെ വെയ്ക്കെടാ.. സാജു  അലറി..

ഠേ.. വീണ്ടും വെടി ശബ്ദം മുഴങ്ങി..

കാപ്പി കുടിച്ച് ചിന്നമ്മ ച്ചേച്ചിയോട് നായാട്ട്  വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരുന്ന രാജപ്പന്‍ ചേട്ടന്‍ ഞെട്ടി..
കുറച്ച് കൂടി കാപ്പി വേണോ രാജപ്പാ എന്നു ചോദിച്ചു നിന്ന ചിന്നമ്മ ച്ചേച്ചി ഞെട്ടി.
ഞാനും സാജൂം ഒരുമിച്ചു ഞെട്ടി..
വെടിയൊച്ച നിലച്ചു സമാധാനം പുലര്ന്നെന്നു കരുതി തിരിച്ച് വന്ന ടോമിപ്പട്ടി വേറൊരു അടിപൊളിപ്പാട്ടും പാടി വാലും പൊക്കി വീണ്ടും തെക്കോട്ട് വിട്ടു..

ഒരാള്‍ മാത്രം ഞെട്ടിയില്ല.... സിബി..

സാജുച്ചേട്ടാ.. ദാണ്ടെ അവന്‍ വീണു.. അവന്‍ വിളിച്ചു പറഞ്ഞു..

ഞങ്ങള്‍ കൂടിന്റെയരികിലെത്തി നോക്കി..

ശരിയാണ്.. ഷെവാസ്നെഗര്‍ നിലത്ത് വീണു കിടക്കുന്നു.. കഴുത്തില്‍ നിന്നും ചോര ഒഴുകുന്നുണ്ട്..

വലിയ വായില്‍ നിലവിളിച്ചുകൊണ്ട് വന്ന ചിന്നമ്മ ച്ചേച്ചി സംഭവം കണ്ട് അന്തം വിട്ടു നിന്നു..
എനിക്കു പിറക്കാതെ പോയ മകനാടാ നീ എന്നഡയലോഗിന്റെ ഭാവഭിനയവുമായി രാജപ്പന്‍ ചേട്ടന്‍ ചമ്മല്‍ മറച്ച് സിബിയെ കെട്ടിപ്പിടിച്ചു..

അങ്ങിനെ എട്ടാം വയസ്സില്‍ പന്നിയെ വെടിവെച്ചിട്ടവന്‍ എന്ന ക്രെഡിറ്റുമായി സിബി നാട്ടിലെങ്ങും ഞെളിഞ്ഞു നടന്നു..
 പക്ഷെ അവന്റെ പ്രശസ്തിയില്‍ അസൂയ പൂണ്ട ഞാനും സാജുവും അടങ്ങുന്ന ഏഷണിക്കാര്‍ അവന് "പന്നി സിബി" എന്ന പേര്‍ നല്കുകയും അവന്‍ ആ പേരില്‍ നാടു മുഴുവന്‍ അറിയപ്പെടുകയും ചെയ്തു.

*തലക്കെട്ടിന് മൊത്തം ചില്ലറ എന്ന പ്രശസ്ത ബ്ലോഗിന്റെ മുതലാളി ശ്രീ അരവിന്ദിനോട് കടപ്പാട്.

38 comments:

രഞ്ജിത് വിശ്വം I ranji said...

പുതിയ ബ്ലോഗില്‍ പ്രഥമ പോസ്റ്റ് ബ്ലോഗീശ്വരന്മാരെ..കാത്തോളണേ..

കുക്കു.. said...

രഞ്ജിത്ത് ചേട്ടാ അടിപൊളി ആയിട്ടുണ്ട്‌....
ആദ്യ കമന്റ്‌ എന്റെ വക...
ഇതാ പിടിച്ചോ....(((...ട്ടോ...)))
വെടി പൊട്ടി..
;)

VEERU said...

വളരെ മനോഹരമായിട്ടെഴുതിയിരിക്കുന്നു...ശരിക്കും ആസ്വദിച്ചു വായിച്ചു..നല്ല അവതരണം ,നല്ല ഒഴുക്കോടെയുല്ല ഫലിതം പറച്ചിൽ...ഭായ് വീണ്ടും എഴുതുക ...വീണ്ടും വരാം.. തുടക്കം ഇതാണെങ്കിൽ ..?? ഇനിയങ്ങോട്ടു കത്തിക്കയറുമെന്നു പ്രതീക്ഷിക്കുന്നു...
അപ്പോൾ കാണണം ട്ടാ..ബൈ..!!!

വാഴക്കോടന്‍ ‍// vazhakodan said...

ഹും ജാമ്യം എടുത്തത് നന്നായി ഇല്ലെങ്കില്‍ നാലു പറയണം എന്ന് കരുതി വന്നതാ :)

നന്നായി, കിടിലന്‍ എന്നതിനൊക്കെയുള്ള പുതിയ പദങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു :)
മുഖസ്തുതിയാകേണ്ട എന്ന് കരുതിയാ :)

ramanika said...

ശരിക്കും ആസ്വദിച്ചു

ജോണ്‍ ചാക്കോ, പൂങ്കാവ് said...

കൊള്ളാം...രസിച്ചു....

കുമാരന്‍ | kumaran said...

രഞ്ജീ.. വീട്ടിലെ പന്നിയെ തട്ടാന്‍ പോകുവാടാ..

ഓഹോ.. അപ്പോള്‍ നീ രക്ഷപെട്ടോടിയതാണല്ലേ..

ഹഹഹ.. രസായിട്ടുണ്ട്.

കണ്ണനുണ്ണി said...

പകരം വീട്ടാന്‍... പാട്ടും പാടി തിരികെ വന്ന ടോമ്മി പട്ടിയെ കറി കത്തി കേറ്റി അങ്ങ് തട്ടാന്‍ വയ്യരുന്ന്നോ.....
പന്നിയും പട്ടിയും തമ്മില്‍ ഒരു ത യും ന യും തമ്മില്‍ ഒള്ള വിത്യാസം അല്ലെ ഒള്ളു..

ജെ said...

നന്നായ്‌ സുഹൃത്തേ ! തന്ങളുടെ നര്‍മബോധം കൊള്ളാം, നന്നായി ആസ്വദിച്ചു.

ശ്രീ said...

പന്നി ഹണ്ടിങ്ങ് ഗംഭീരമായി. നക്ഷത്രത്തെ വെടി വച്ചിടാന്‍ നോക്കുന്ന നാട്ടുകാരുള്ള സ്ഥലമാണല്ലേ ഈ കുരുവിക്കൂട്... ഭയങ്കരം!
:)

രഞ്ജിത് വിശ്വം I ranji said...

കുക്കൂ വെടി വഴിപാടിന് നന്ദി..
വീരു: നന്ദി ഇനിയും കാണാം
വാഴക്കോടന്‍:ഈ മുഖസ്തുതിക്കാരെക്കൊണ്ട് ഞാന്‍ തോറ്റു :)
രമണിക : നന്ദി
ജോണ്‍ : നന്ദി
കുമാരന്‍: നന്ദി
കണ്ണാ: കൊള്ളാം കൊള്ളാം :)
ജെ : നന്ദി
ശ്രീ: കുരുവിക്കൂട് ഒരു സംഭവമല്ലേ.

അരവിന്ദ് :: aravind said...

രന്‍‌ജിതേ ചിരിച്ചു മറീഞ്ഞു!
കുറേ നാളായി നല്ല ക്വാളിറ്റി റിഫൈന്‍ഡ് കോമഡി വായിച്ചിട്ട്.
തിരക്കൊഴിഞ്ഞിട്ട് ബാക്കി എല്ലാ പോസ്റ്റും വായിക്കണം :-)

ലിങ്ക് റ്റ്വീറ്റിയ (ആ അങ്ങനൊക്കെ ഒരു സംഗതിയുണ്ട്) ധനേഷിനു നന്ദി.

(തലക്കെട്ടിന് കടപ്പാട് എനിക്കോ? പന്നി എന്നത് ഉദ്ദേശിച്ചാണോ?? ;-))

രഞ്ജിത് വിശ്വം I ranji said...

അയ്യോ അരവിന്ദേ.. അല്ല..
താങ്കളുടെ "ദി ഗ്രേറ്റ് സാമ്പാര്‍ റോബറി"എന്ന പോസ്റ്റ് തലക്കെട്ടില്‍ നിന്നും ചൂണ്ടിയതല്ലേ..ഈ തലക്കെട്ട്.. അതാണേ..:)
വന്നതിലും ഇഷ്ടം അറിയിച്ചതിനും വളരെ നന്ദി.

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

സാജു പാലാച്ചന്ത പോല അലങ്കോലമായി കിടക്കുന്ന അവന്റെ ആടയാഭരണങ്ങള്‍ ലുലു സൂപ്പര്‍ മാര്‍ക്കറ്റ് പോലെ ആകര്ഷകമാക്കാന്‍ ആവത് ശ്രമിക്കുന്നുണ്ട്..

ആ പ്രയോഗം കലക്കി മച്ചൂ.
അങ്ങനെ സിബി പുലിസിബി ആയി അല്ലെ, സോറി പന്നി സിബി ആയി അല്ലെ

ബിനോയ്//HariNav said...

ഹ ഹ രഞ്ജിത്ത്‌മാഷേ ചിരിച്ച് തകര്‍ത്തു. ഉഗ്രന്‍ പ്രയോഗങ്ങള്‍. One of the best humour in recent ones :)

Captain Haddock said...

കലക്കി ....

Jenshia said...

ബ്ലോഗ്‌ കലക്കി.....പോസ്റ്റും... :D

ഒരു ദേശത്തിന്റെ കഥ !!!!!!!!!! said...

ആശാനെ , പാലക്കാരനാ അല്ലേ? ചന്തയുടെ കാര്യം പറഞ്ഞപ്പോഴാ മനസ്സിലായത് ,പിന്നെ പന്നീടെ കാര്യോം !!!!!!!!!!
പോസ്റ്റു കൊള്ളാം . ഇതുപോലത്തെത് ഇനിയും പ്രതീക്ഷിക്കുന്നു .

അണ്ണാ
ഇപ്പോഴാ മറ്റു പോസ്റ്റുകള്‍ കണ്ടത് , കൊള്ളാലോ ആശാന്‍ .
ഈ ബൂലോകത്ത് ഒത്തിരി പുലികള്‍ ഒളിച്ചിരുപ്പുണ്ടല്ലോ ?? ഞാന്‍ പോയി വായിക്കട്ടെ ..

രഞ്ജിത് വിശ്വം I ranji said...

കുറുപ്പേ: സിബിയാള് പുലി തന്നെയാ :)
ബിനോയ് : നന്ദി..
ക്യാപ്റ്റന്‍: ഡാങ്ക്സ് :)
ജെന്‍ഷിയാ: നന്ദി.
ദേശത്തിന്റെ കഥ: പുലിയൊന്നുമല്ലിഷ്ടാ വെറും പുഷു.. നന്ദിയുണ്ട് കേട്ടോ

വേദ വ്യാസന്‍ said...

ഹാ അടിപൊളി പന്നക്കഥ ശോ തെറ്റി , പന്നിക്കഥ :)

Areekkodan | അരീക്കോടന്‍ said...

കലക്കന്‍ പ്രയോഗങളും ഫലിതങളും....അടിപൊളി കഥ.അഭിനന്ദനങ്ങള്‍

വാഴക്കാവരയന്‍ said...

അപ്പോള്‍ തകര്‍ക്കാന്‍ തീരുമാനിച്ചു അല്ലേ? ഇനി കുരുവിക്കൂടുകാര്‍ക്ക് രക്ഷയില്ല.
പോരട്ടെ പോരട്ടെ.........

സ്വപ്ന ജീവി said...

തകര്‍ത്തു വക്കീല തകര്‍ത്തു, ഇനി ഓരോന്നായി പോരട്ടെ. ശരിക്കും ചിരിച്ചു രസിച്ചു. സജു നമ്മുടെ പഴയ സഞുവാണോ? ആണെങ്കില്‍ അവന്റെ നാവു മതിയല്ലോ പന്നിയെ കൊല്ലാന്‍. അപ്പോള്‍ എഴുത്തിന്റെ ഭാലപാടം വിട്ടു സീരിയസ് ആയി തുടങ്ങി അല്ലെ. നല്ല ഒഴുക്ക് നല്ല ഭാഷ, എന്റെ എല്ലാവിധ ഭാവുകങ്ങളും, ഞാന്‍ ലിങ്ക് എല്ലാവര്ക്കും അയച്ചു കൊടുക്കാം.

കൂട്ടുകാരന്‍ said...

മാഷെ, നല്ല രസമുള്ള എഴുത്ത്...നേരില്‍ കണ്ട പോലുള്ള അനുഭവം..

Tomkid! said...

ഡാ.. അതുപിന്നെ കുറെ നാളായി തോക്ക് നിറച്ച് വെച്ചിട്ട്.. ഉണ്ട വളിച്ചുപോയെന്നു തോന്നുന്നു..

കിടിലന്‍...:)

ധനേഷ് said...

മാഷേ,
നേരത്തെ വായിച്ചെങ്കിലും, കമന്റാന്‍ കഴിഞ്ഞില്ല..

അന്യായ എഴുത്ത് തന്നെ, കേട്ടോ...
അടുത്തകാല ബ്ലോഗ്‌പോസ്റ്റുകളില്‍ താങ്കളുടെ അത്ര ഒഴുക്കുള്ള, സ്വാഭാവികതയുള്ള നര്‍മ്മകഥകള്‍ ഞാന്‍ കണ്ടിട്ടില്ല.

എഴുതി തകര്‍ക്കൂ‍...

വിഷ്ണു said...

"ഉണ്ട വളിച്ചുപോയെന്നു തോന്നുന്നു" അത് മാത്രം എന്നെ ഒന്നൊന്നര മിനിറ്റ് തലകുത്തി ചിരിപ്പിച്ചു!! മുഴുവന്‍ വായിച്ചപ്പോള്‍ ഒരു സിദ്ധിഖ് ലാല്‍ പടം കണ്ട ഇഫക്ട്!! ജോറായിട്ടുണ്ട്

Deepu said...

കലക്കന്‍ അവതരണം....
:):)

രഞ്ജിത് വിശ്വം I ranji said...

വേദവ്യാസന്‍, അരീക്കോടന്‍, വാഴക്കാവരയന്‍
സ്വപ്ന ജീവി, കൂട്ടുകാരന്‍, ടോം കിഡ്, ധനേഷ്
വിഷ്ണു, ദീപു..
ഈ പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ ഏറെ സന്തോഷം
ഒപ്പം ഇതു വായിക്കാന്‍ കാണിച്ച സന്മനസ്സിനു നന്ദി..

Jimmy said...

എന്‍റെ ദൈവമേ എന്താ ഞാനീ കാണുന്നത്... മനോഹരം എന്ന് പറഞ്ഞാല്‍ പോര അതി മനോഹരം... ഇനി പാവപ്പെട്ട കുരുവിക്കൂട്ടുകാര്‍ക്ക് കിടന്നുറങ്ങാന്‍ പറ്റില്ലായിരിക്കും അല്ലെ... ഈ അടുത്ത കാലത്ത് ഇത്രയധികം ചിരിച്ച ബ്ലോഗുകള്‍ വേറെ ഇല്ല... പ്രത്യേകിച്ചും കഥാപാത്രങ്ങള്‍ എല്ലാവരും നേരിട്ട് പരിചയമുള്ള ആള്‍ക്കാര്‍ ആയതുകൊണ്ട്... ഏറ്റവും ഇഷ്ടപ്പെട്ടത് പാലാ മാര്‍ക്കറ്റിനെ ലുലു ആക്കിയത്... പാവം ഹരിലാലിനെ ഇനി ആള്‍ക്കാര്‍ അന്വേഷിച്ചു ചെല്ലാന്‍ തുടങ്ങുമല്ലോ... ശിക്കാരി ശംഭുവും കലക്കി... വിഷ്ണു പറഞ്ഞപോലെ ഒരു സിദ്ധിഖ് ലാല്‍ പടം കണ്ട ഇഫക്ട്!

അനിത / ANITHA said...

good...........

Murali Nair I മുരളി നായര്‍ said...

ഉഗ്രനായി കേട്ടോ...
നല്ല ഒഴുക്കുള്ള കഥ....നര്‍മം നന്നായി വഴങ്ങുന്നുണ്ട്..
പിന്നെ ഈ സിബിയെ കിട്ടാന്‍ എന്താ ഒരു വഴി..??
ഇവിടെയും കുറെ പന്നികളെ വെടിവച്ചിടാന്‍ ഉണ്ടായിരുനു‌..
:) :)

:: VM :: said...

അദ്ദേഹം "നക്ഷത്രവെടി" എന്നാണ് നാട്ടില്‍ അറിയപ്പെടുന്നത്.. ऽ

ഡബില്‍ മീനിങ്ങ് ആണല്ലോ ആശാനേ :) സാബുക്കുട്ടന്‍ തോക്കെടുത്തതേ ക്ലൈമാക്സ് കത്തി!

നട്ടപിരാന്തന്‍ said...

പ്രിയപ്പെട്ട രഞ്ജിത്ത്,

ഒരു പോസ്റ്റില്‍ നിന്നും, മറ്റോരു പോസ്റ്റിലേക്കുള്ള ദൂരമാണ് ഒരു ബ്ലോഗരുടെ വിജയം, അതായത് കഥയില്‍, സമീപനത്തില്‍,ശൈലിയില്‍ എല്ലാം അയാള്‍ പുലര്‍ത്തുന്ന നവീനമായ കയ്യടക്കമാണ് ഒരു എഴുത്ത്കാരനില്‍ വേണ്ടത്.

അതുപോലെ ഏതോരു ബ്ലോഗരുടെയും പരാജയത്തിനു കാരണം ആരാധകരുടെ കമന്റുകള്‍ക്കനുസരിച്ച് അയാള്‍ തന്റെ എഴുത്തിനെ ഫില്‍ട്ടര്‍ ചെയ്യുമ്പോഴാണ്.അത്തരം ഒരു ഫില്‍ട്ടറിംഗ് ആദ്യം മുതല്‍ അവസാനം വരെയുള്ള പോസ്റ്റുകള്‍ വായിക്കുമ്പോള്‍ അറിയാതെ രഞ്ജിത്തില്‍ രൂപം കൊള്ളുന്നതായി തോന്നുന്നു.

അറിയപ്പെടുന്ന, നല്ലോരു ബ്ലോഗറാവാനുള്ള കഴിവുണ്ട് രഞ്ജിത്തിനു; അതിനാല്‍ സ്വയം വിമര്‍ശാനത്മകമായി വിലയിരുത്തി, എഴുത്തിന്റെ ശൈലി, വിഷയം എല്ലാം മാറ്റി മാറ്റി എഴുതുക.

ഓര്‍ക്കുക : കമന്റുകള്‍ക്കള്‍ക്ക് വേണ്ടി എഴുത്തിനെ വളയ്ക്കാതിരിക്കുക.

സ്നേഹത്തോടെ........നട്ട്സ്

രഞ്ജിത് വിശ്വം I ranji said...

പ്രിയ നട്ട്സ്..
താങ്കളുടെ നിരീക്ഷണം നൂറു ശതമാനം ശരിയാണ്.ബ്ലോഗ് വായനയില്‍ ഏറ്റവും പോപ്പുലര്‍ ആയത് നര്മ്മം കലര്ന്ന ഓര്മ്മക്കുറിപ്പുകളായതിനാല്‍ അതിലൊരു കൈവെച്ചതാണ്. വായനക്കാര്‍ക്ക് അതിഷ്ടപ്പെടുന്നുവെന്നറിഞ്ഞപ്പോള്‍ തുടര്‍ന്നുവെന്നു മാത്രം. ഇതെഴുതാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണു താനും.. വായിച്ച് ആള്‍ക്കാര്‍ക്ക് ചിരി വന്നില്ലെങ്കില്‍ പിന്നെ അവര്‍ ഈ വഴിയേ വരില്ല..
എഴുതുന്നത് കൂടുതല്‍ പേര്‍ക്ക് ഇഷ്ടമാകണം എന്നൊരാഗ്രഹം നമുക്കെല്ലാവര്‍ക്കുമില്ലേ..
എന്നു കരുതി ഇതില്‍ തളച്ചിടപ്പെടുവാന്‍ ഞാനാഗ്രഹിക്കുന്നില്ല താനും.
തീര്‍ച്ചയായും വ്യത്യസ്തമായ കഥകളെഴുതാന്‍ ശ്രമിക്കാം..
എന്റെ എഴുത്തിനെ നിരീക്ഷിച്ചതിനും അഭിപ്രായം അറിയിച്ചതിനും സ്നേഹം നിറഞ്ഞ നന്ദി..
ഇനിയും കൂടെ ഉണ്ടാകണം..

arun prakash said...

ranjith chetta nice blog.malayalam typing ariyilla.athanu manglishil type cheythathu.

വിജയലക്ഷ്മി said...

kollaam rasakaramaaya post..thudaruka...

കിഷോര്‍ലാല്‍ പറക്കാട്ട് said...

രാത്രിയില്‍ മരത്തിന്റ ശിഖരത്തിനിടയിലൂടെ കണ്ട നക്ഷത്രത്തെ വവ്വാലിന്റെ കണ്ണ് തിളങ്ങുന്നാതാണെന്ന് പറഞ്ഞ് വെടി വച്ച് താഴെയിടാന്‍ നോക്കുകയും ചെയ്തതില്‍ പിന്നെ അദ്ദേഹം "നക്ഷത്രവെടി" എന്നാണ് നാട്ടില്‍ അറിയപ്പെടുന്നത്..

kalakki.. super..