നിയമ പഠനത്തിനായി തിരുവനന്തപുരത്ത് കഴിച്ചുകൂട്ടിയ അഞ്ചുവര്ഷങ്ങളാണ് പിന്നീടങ്ങോട്ടുള്ള ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയതെന്ന് പലപ്പോഴും തോന്നാറുണ്ട്. . പ്രീ ഡിഗ്രീ എന്ന കടമ്പയും താണ്ടി ഇനിയുള്ള ശിഷ്ടകാലം കൂടി പാലാ സെന്റ് തോമസ് കോളേജില്‍ കഴിച്ചു കൂട്ടാം എന്നു കരുതി യാതൊരു വമ്പന്‍ മോഹങ്ങളുമില്ലാതെ കഴിഞ്ഞു വന്ന സമയത്താണ് എന്നെ വക്കീലാക്കണമെന്ന് അച്ഛനും അമ്മയ്ക്കും മോഹമുദിച്ചത്.എന്തു ധൈര്യത്തിലാണ് അവരങ്ങിനെ മോഹിച്ചതെന്ന് എത്രയാലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല. വക്കീലു പോയിട്ട് ഒരു ഗുമസ്തന്‍ പോലുമാകാനുള്ള തന്റേടമില്ലാത്ത ഞാനെങ്ങനെ ഈ കറുത്ത കുപ്പയമൊക്കെയിട്ട് കോടതിയില്‍ പോയി വാദിക്കും.പഞ്ചവല്സര എല്‍ എല്‍ ബിയുടെ എന്‍ട്രന്സ് പരീക്ഷ അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധത്തിനു വഴങ്ങി കൊച്ചിയില്‍ പോയി ആഘോഷമായി കറക്കിക്കുത്തി എഴുതി തിരിച്ചു വീട്ടിലെത്തിയതേ അതിനെക്കുറിച്ച് മറന്നു. ഏയ്... അതൊന്നും നമുക്കു പറഞ്ഞിട്ടുള്ളതല്ല.
അങ്ങിനെ ഉപരി പഠനവും ചുറ്റിക്കളിയും സെന്റ് തോമസില്‍ തന്നെയെന്നുറപ്പിച്ചിരിക്കുമ്പോളാണ് ഇടിത്തീ വീണപോലെ എന്‍ട്രന്സ് ഫലം പ്രഖ്യാപിക്കുന്നതും തൊണ്ണൂറ്റി മൂന്നാമനായി ഈയുള്ളവന്‍ അതില്‍ കയറിക്കൂടുന്നതും. റിസള്‍ട്ട് വന്ന പത്രം പലയാവര്ത്തി നോക്കി.. നമ്പര്‍ തെറ്റിപ്പോകാമല്ലോ..പിന്നെ അടുത്ത വീട്ടിലെ പത്രം നോക്കി.. അതിലുമുണ്ട്. ഇനി പത്രക്കാരെല്ലാം കൂടി പ്ലാന്‍ ചെയ്ത് നമ്പര്‍ തിരുകിക്കയറ്റിയതാണോ.. അതോ ഇനി തോറ്റവരുടെ നമ്പര്‍ ആണോ പത്രത്തില്‍ വന്നിരിക്കുന്നത്.. ഒരെത്തും പിടിയും കിട്ടുന്നില്ല..ജയിക്കാനോ.. ഞാനോ.. ഛേ..അതോര്‍ക്കുമ്പോള്‍ തന്നെ അങ്ങിനെയൊരു ഭാവമാണ്. എന്തായാലും കേരളാ ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ എടുക്കേണ്ട സമയത്ത് എന്‍ട്രന്സ് എഴുതിയത് കൊണ്ടാകാം സംഭവിച്ചതെല്ലാം സത്യമായിരുന്നു. എന്‍ട്രന്സ് പരീക്ഷകളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്ത ആ വിജയത്തിനൊടുവില്‍ ഒരു സുപ്രഭാതത്തില്‍ തിരുവനന്തപുരത്തേക്ക് വണ്ടി കയറി.
കുന്നുകുഴി എന്ന തിരുവനന്തപുരത്തിന്റെ അന്ധേരികളിലൊന്നിനടുത്ത് ബാര്‍ട്ടണ്‍ സായിപ്പ് പണികഴിപ്പിച്ച ബംഗ്ലാവാണ് പില്ക്കാലത്ത് ലോ കോളേജ് ആയി രൂപാന്തരം പ്രാപിച്ചത്. ഒരു കുന്നിന്റ ഒത്ത നടുവിലുള്ള ബംഗ്ലാവ്. ആ ബംഗ്ലാവിലേക്കാണ് കുരുവിക്കൂട്ടിനും പാലായ്ക്കും അപ്പുറം ലോകം കണ്ടിട്ടില്ലാത്ത ഞാന്‍ ജീവിതത്തിന്റെ മുന്നോട്ടുള്ള അഞ്ച് വര്ഷം ചിലവഴിക്കാനായി എത്തിപ്പെട്ടത്. . അങ്ങിനെയൊരു ആഗസ്റ്റ് മാസത്തിലെ ശുഭദിനത്തില്‍ ലോ കോളെജിലേക്കുള്ള വഴിയിലെ ഗെയ്റ്റിനു മുമ്പില്‍ നെഞ്ചിടിപ്പോടെ നിന്നു. റാഗിംഗ്.. പീഡനം എന്നൊക്കെ കേട്ടിട്ടുണ്ട്. അതിന്റെ അഖിലേന്ത്യാ കമ്മറ്റി ഓഫീസാണ് ലോ കോളേജ് എന്നാണ് അറിവ്.
പുതിയ അഡ്മിഷനാണോ.. കോളെജിലേക്ക് കയറിപ്പോകുന്ന ഒരുത്തനെ കണ്ട് ചിരിക്കണമോ ചിരിക്കെണ്ടയോ എന്ന് കണ്ഫ്യൂഷനടിച്ചു നിന്ന എന്നോടാണ് ചോദ്യം..
അതെ.. ചേട്ടാ.. ഞാന്‍ പറഞ്ഞു.. ഇരിക്കട്ടേ ഒരു "ചേട്ടന്‍" കൂടീ അവനത്രയും സന്തോഷമായാല്‍ അത്രയും നന്ന്..
ആളിനെക്കണ്ടിട്ട് വലിയ കുഴപ്പമില്ല . വെളുത്ത് മെലിഞ്ഞ് നെറ്റിയില്‍ ഒരു ചന്ദനക്കുറിയുമൊക്കെയായി ആകെ മൊത്തം ഒരു ഡീസന്റ് ലൂക്ക്.
ക്ലാസ് എവിടെയാണെന്നറിയാമോ.. വാ ഞാന്‍ കണിച്ചു തരാം .. ചന്ദനക്കുറിയുടെ ചുണ്ടത്തൊരു അരച്ചിരി.. ഈശ്വരാ നീ ആദ്യം കാണിച്ചു തന്ന ആള്‍ കൊള്ളാം.. ഞാന്‍ എളിമയോടെ പുറകെ നടന്നു.
കോളേജ് കുന്നിന്‍ മുകളിലായതിനാല്‍ ക്ലാസ് റൂമുകള്‍ പലയിടത്തായി ചിതറിക്കിടക്കുകയാണ്. കുറെ കയറ്റങ്ങള്‍ക്കും ഇറക്കങ്ങള്‍ക്കും ഒടുവില്‍ ചന്ദനക്കുറിയും ഞാനും ഒരു ക്ലാസിന്റെ മുമ്പില്‍ എത്തി.
അതാ ക്ലാസ് നീ കയറിയിരുന്നോ..എന്നോടൂപറഞ്ഞു. ക്ലാസ്സില്‍ അധികം പേരൊന്നുമില്ല.. ഞാന്‍ മെല്ലെ ഉള്ളിലേക്കു കയറി രണ്ടാം ബെഞ്ചില്‍ ഇരുപ്പുറപ്പിച്ചു. നെഞ്ചിടിപ്പ് ഒന്നടങ്ങട്ടെ എന്നിട്ടാവാം പരിചയപ്പെടല്‍.
ഡാ.. വിളി കേട്ട് ഞാന്‍ തലയുയര്ത്തി നോക്കി.. ചന്ദനക്കുറിയും കൂടെ വേറെ കുറെ തടിമാടന്മാരും. ഞാന്‍ ചന്ദനക്കുറിയെ നോക്കി ഒന്നു ചിരിച്ചു.
.ഫ.. എന്താടാ......#$^&# ചിരിക്കുന്നത്. നിന്റെ ________ ഇവിടെ തുണിയില്ലാതെ നില്ക്കുന്നോ..കൂട്ടത്തിലെ കറുത്ത തടിമാടന്റെ ശബ്ദം കേട്ട് അറിയാതെ എഴുന്നേറ്റു പോയി.
എന്തിനാടാ ഈ ക്ലാസ്സിലേക്ക് എഴുന്നള്ളിയത് ..അടുത്ത ചോദ്യം.. ഞാന്‍ ചന്ദനക്കുറിയെ ദയനീയമായി നോക്കി.. എവിടെ ..ആലുവാ മണപ്പുറത്തു വെച്ചു കണ്ട പരിചയമില്ല.
ഈ ചേട്ടന്‍ പറഞ്ഞിട്ട്.. ചന്ദനക്കുറിയെ നോക്കി ഞാന്‍ പറഞ്ഞു...
ചേട്ടനോ.. @#&*%$&$ .. ആരാടാ നിന്റെ ചേട്ടന്‍ ...ഇങ്ങനെയാണെങ്കില്‍ പ്രിന്സിപ്പാളിനെ നീ അച്ഛാ എന്നു വിളിക്കുമല്ലോടാ.. തടിമാടന്റെ അടുത്തു നിക്കുന്ന വെള്ള ഷര്‍ട്ടിന്റെ വകയാണ് അടുത്ത തെറി..
ഡാ ഇതു ലോ കോളെജാ.. ഇവിടെ ചേട്ടനും #$&$&% ഒന്നും ഇല്ല എല്ലാം സാറന്മാരാ വിളിയെടാ സാറേന്ന്
ശരി സാര്‍...
ചുറ്റും ആള്‍ കൂടി.. സംഭവം പന്തികേടാണെന്ന് എനിക്കു മനസ്സിലായി.. ..
എന്താടാ നിന്റെ തിരുനാമം..
രഞ്ജിത്... പേരു കേട്ടതും എല്ലാവരും കൂടി ഒരു ചിരി..കര്ത്താവേ ഇതിത്ര മാത്രം മോശമായ പേരാണോ..
നിനക്കീ പേരു ചേരുന്നില്ലല്ലോടാ.. ആകെ ഒരു മന്ദന്‍ ലുക്ക്..
ഇന്നു മുതല്‍ നീ രഞ്ജിത്തല്ല.. പേരു മാറ്റിയിരിക്കുന്നു.. മന്ദിപ്പ്..
മന്ദിപ്പ്... ഞാന്‍ പേര്‍ മുഴുവന്‍ മനസ്സില്‍ പറഞ്ഞു നോക്കി.. മന്ദിപ്പ് വിശ്വം... ഈശ്വരാ അച്ഛനിതറിഞ്ഞാല്‍...
എടാ നിനക്കു പാട്ടു പാടാന്‍ അറിയുമോ..
ഇല്ല ചേട്ടാ.. ആയ്യോ.. ഇല്ല സാര്‍
നിന്നെക്കണ്ടാല്‍ അറിയാമല്ലോ പാട്ട് പാടുമെന്ന് ..ശരി.. പെട്ടെന്നൊരു പാട്ടു പാടിക്കെ,,
ഇല്ല സാര്‍ എനിക്കറിയത്തില്ല..
ഫ.. പാടെടാ..&$@&#....
സന്യാസിനീ... ഞാന്‍ രണ്ടും കലിപിച്ച് ഒരു കീറു കീറി..
ഛീ ..നിര്ത്തടാ നിന്റെ സന്യാസിനി.. തടിമാടന്‍ അലറി... അവള്‍ സന്യാസത്തിനു പോയത് നന്നായി .. അല്ലെങ്കില്‍ ഈ പാട്ടു കേട്ട് നിന്നെ കൊന്നിട്ട് ജയിലില്‍ പോയേനേ..
അങ്ങിനെ പാട്ട് അവസാനിച്ചു..
സാറന്മാരുടെ കൂടെ ഇപ്പോള്‍ കുറെ പെണ്ണുങ്ങളും കൂടി ചേര്ന്നിട്ടുണ്ട്..
അയ്യോ എന്താടാ നീ ഇവന്റെ പാട്ട് നിര്ത്തിച്ചത് .. നല്ല പാട്ടായിരുന്നു എനിക്കിഷ്ടമായി..പച്ച ചൂരിദാറിട്ട ഒരു വീപ്പക്കുറ്റി.. കൂടെ എന്തിനും തയ്യാറായി വേറെ കുറെ ചൂരിദാറുകളും
ഡാ.. അവള്‍ക്കു നിന്നെ ഇഷ്ടപ്പെട്ടെന്ന്.. നിനക്കിതില്‍ ആരെയാ ഇഷ്ടപ്പെട്ടത്.. വെള്ള ഷര്‍ട്ടിന്റെ ചോദ്യം
ഞാന്‍ ധര്മ്മ സങ്കടത്തിലായി.. എന്തു പറയും.. എന്തു പറഞ്ഞാലും തെറി ഉറപ്പാണ്
ഒന്നും മിണ്ടാതെ ദയനീയമായി വീപ്പക്കുറ്റിയെ ഒന്നു നോക്കി.. ഇവള്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ.. ആണുങ്ങളുടെ ചാരിത്ര്യം കളയാനായിട്ട്.
ദാ അവന്റെ നോട്ടം കണ്ടില്ലേ.. എടീ നിന്നെയാ അവന്റെ നോട്ടം.. ഗൊച്ചു ഗള്ളന്‍.... ചന്ദനക്കുറിയുടെ കമന്റ്..
സാമദ്രോഹി.. എന്നെ ഈ ഗ്വണ്ടനാമോയിലേക്ക് നൈസായി കൊണ്ടുതള്ളിയിട്ട് നിന്ന് ഇളിക്കുന്നു..
എന്നാടാ ഞങ്ങളൊന്നും കൊള്ളില്ലേ.. നീലച്ചൂരിദാറിട്ട ഒരു എലുമ്പി..
ഇതൊരു നടയ്ക്കു പോകുന്ന ലക്ഷണമില്ല.. മുഖത്ത് ആകാവുന്നത്ര നിര്‍ഗുണ ഭാവം വരുത്തി എല്ലാം കൊള്ളാം എന്ന രീതിയില്‍ ഞാന്‍ ചെല്ലക്കിളികളെയെല്ലാം നോക്കി ചിരിച്ചു .. ചിരിച്ചു എന്നങ്ങ് പറയാന്‍ പറ്റില്ല ഒരു തരം വ്രുത്തികെട്ട ഇളി....
എന്റെ ധര്മസങ്കടം കണ്ടു നിയമ ദേവതയുടെ മനസ്സലിഞ്ഞെന്നു തോന്നുന്നു അപ്പോള്‍ ബെല്ല് അടിച്ചു..
ഹും.. തല്ക്കാലം വിടൂന്നു.. എപ്പോ വിളിച്ചാലും അപ്പോളിവിടെ കാണണം.. തടിമാടന്‍ മുരണ്ടു
ശരി സാര്‍..
പിന്നെ... നാളെ വരുമ്പോള്‍ ഇവള്‍ക്കുള്ള ലൌവ് ലെറ്റര്‍ കൂടി കൊണ്ടു വരണം.. നിന്റെ ലൈനല്ലേ..
എന്റെ തൊണ്ട വരണ്ടു.. അത്.. ഞാന്‍...
എന്താടാ ബുദ്ധിമുട്ടുണ്ടോ..
ഇല്ല സാര്‍...
എന്നാല്‍ നേരെ നടന്നോ.. അങ്ങേ അറ്റത്താണ് നിന്റെ ക്ലാസ്..
അപ്പോള്‍ ഇതാരുടെ ക്ലാസ്.. ഞാന്‍ മനസ്സിലോര്ത്തു
ആരുടെയെങ്കിലുമാകട്ടെ.. നമുക്കെന്തു കാര്യം..
ഞാന്‍ തലയുയര്ത്താതെ നേരെ നടന്നു.. ഇനി ഒരുത്തനെ നോക്കി ചിരിച്ച് പുലി വാല്‍ പിടിക്കെണ്ടാ.
അങ്ങിനെ നിയമ കലാലയത്തിലെ ജീവിതതിന്റെ പ്രഥമ കാണ്ഡം ആരംഭിച്ചു. ആദ്യ ദിവസമായതിനാല്‍ വൈകിട്ടു വരെ ക്ലാസ് ഉണ്ടായിരുന്നില്ല. രാവിലത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ക്ലാസ് കഴിഞ്ഞതും ഒരു സൈഡ് പറ്റി ഞാന്‍ രക്ഷപെട്ടു.. കോളേജ് ഹോസ്റ്റലില്‍ അഡ്മിഷന്‍ ശരിയായിട്ടില്ല. അതിനാല്‍ പുറത്ത് ഒരു ലോഡ്ജിലാണ് താമസം.തടിമാടന്റെയും വീപ്പക്കുറ്റിയുടേയും കണ്ണില്‍ പെടാതെ പിറ്റേ ദിവസവും ഞാന്‍ മുങ്ങി. പക്ഷെ ആജീവനാന്തം ആരുടെയും കണ്ണില്‍ പെടാതെ കഴിയാന്‍ നമ്മള്‍ ഒസാമ ബിന്‍ ലാദന്‍ ഒന്നും അല്ലല്ലോ. അടുത്ത ദിവസം തടിമാടന്‍ എന്നെ കൈയ്യൊടെ പൊക്കി..
എവിടെടാ ലൌവ് ലെറ്റര്‍..
"അത്.. സാര്‍. ഞാന്‍." ഇവനോടൊന്നും ഒന്നും പറഞ്ഞിട്ടു കാര്യമില്ല. ഇന്നാ എന്നെയങ്ങു മൊത്തമായിട്ടെടുത്തോ എന്ന ലൈനില്‍ ഞാന്‍ മാക്സിമം വളഞ്ഞു കുത്തി അവന്റെ മുമ്പില്‍ നിന്നു.
നീയൊരു കാര്യം ചെയ്യ്.. ദാ ഇവിടെയിരുന്നങ്ങ് എഴുതിക്കോ.. ചൂടാറാതെ കൊടുക്കാം..കോളേജ് ലൈബ്രറിയുടെ പുറത്തെ വരാന്തയില്‍ പിടിച്ചിരുത്തി ഒരു കഷണം പേപ്പറും എന്റെ കയ്യില്‍ തന്ന് തടിമാടന്‍ ക്യാന്റീനിലേക്ക് പോയി.. ജീവപര്യന്തം ശിക്ഷയ്ക്കെതിരെ അപ്പീല്‍ പോയപ്പോള്‍ തൂക്കിക്കൊല്ലാന്‍ വിധി കിട്ടിയവനെപ്പോലെ അന്തം വിട്ട് ഞാനിരുന്നു... ഇനി ഇതെഴുതിയാല്‍ എന്തൊക്കെ പുകിലാണോ.. എഴുതാതെ തടിമാടന്‍ വിടില്ല ... കുറേ നേരത്തെ കൂലങ്കുഷമായ ചിന്തകള്‍ക്കൊടുവില്‍ ഞാനെഴുതിത്തുടങ്ങി.
കഴിഞ്ഞോടാ..?
തടിമാടനും സംഘവും മുന്നില്‍.. ഞാന്‍ മടിച്ചുമടിച്ച് കൈയ്യിലിരുന്ന പേപ്പറ് നീട്ടീ... കത്ത് വായിച്ച തടിമാടന്റെയും സംഘത്തിന്റെയും മുഖത്ത് പ്രത്യക്ഷപ്പെട്ട ഭാവങ്ങളില്‍ നവരസങ്ങള്‍ക്കു പുറമെ ഏറ്റവും കുറഞ്ഞത് ഒരു പത്തിരുപത് പുതിയ ഭാവങ്ങള്‍ കൂടി ഉണ്ടായിരുന്നു. ആ കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.
പ്രിയപ്പെട്ട മാഡം
വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ മാഡത്തെ സ്നേഹിക്കുന്നു. ദയവുചെയ്ത് എന്നെക്കൂടി സ്നേഹിക്കണം എന്നു വിനീതമായി അപേക്ഷിക്കുന്നു.
സ്നേഹപൂര്‍വം
എന്നാ നിനക്ക് ഫ്രമ്മും റ്റുവും സുബ്ജക്‍റ്റും റഫറന്സും കൂടി വെയ്ക്കത്തില്ലായിരുന്നോ.. തടിമാടന്‍ എന്നെ ഒരു വിചിത്ര ജീവിയെ കാണുന്നതു പോലെ നോക്കി.
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ഫോര്മലായ ലൌ ലെറ്ററായി ആ കത്ത് പില്ക്കാലത്ത് വാഴ്ത്തപ്പെട്ടു. അന്നു മുതല്‍ എന്നെ ലൌ ലെറ്റര്‍ എഴുതുവാന്‍ പഠിപ്പിക്കുക എന്ന ദൌത്യം ആ മഹാനുഭാവന്‍ ഏറ്റെടുത്തു. എന്നും കോളേജില്‍ വരുമ്പോള്‍ പ്രണയാര്‍ദ്രമായ ഒരോ കത്ത് ഞാന്‍ അവനു കൊടൂക്കണം. വീപ്പക്കുറ്റിക്ക് നല്കുവാനുള്ള മിനിമം നിലവാരം ആകുമ്പോള്‍ അദ്ദേഹം അറിയിക്കും. അങ്ങിനെ പാഠം ഒന്ന് ലൌ ലെറ്റര്‍ എന്ന നിലയില്‍ ലോകോളേജ് ജീവിതം സമാരംഭിച്ചു.
Sunday, September 27, 2009
Subscribe to:
Post Comments (Atom)
4 comments:
ഇത്രയും നല്ല ഒരു തമാശക്കഥ ഇവിടെ കിടന്നിട്ടും ആരും ഒന്നും എഴുതിയിട്ട് പോയില്ലെന്നോ!! എത്താന്‍ വയ്കിയതില്‍ ക്ഷമാപണം. എല്ലാ പോസ്റ്റുകളും വായിച്ചു.. ഇനി നെടുംതൂണുകള്‍ പോരട്ടെ..ആശംസകള്‍..
dear renjith ninte kodaikkanal katha nannayirikkunnu.
എന്നാ നിനക്ക് ഫ്രമ്മും റ്റുവും സുബ്ജക്‍റ്റും റഫറന്സും കൂടി വെയ്ക്കത്തില്ലായിരുന്നോ- Kidilan.. Sarikkum Chirichu poyi.. Aduthirikkunna TL tamilian ayathu ente bhagyam....
Post a Comment